ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. സങ്കീർത്തനം 20:7

ഒരു മനുഷ്യൻ മുപ്പത്തിരണ്ട് വർഷം ഭയത്തിന് അടിമയായി ജീവിച്ചു. തന്റെ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുമെന്ന് ഭയന്ന്, അവൻ എവിടെയും പോകാതെയും, ആരെയും സന്ദർശിക്കാതെയും, അമ്മയുടെ ശവസംസ്കാരം പോലും കാണാതെയും സഹോദരിയുടെ കളപ്പുരയിൽ ഒളിച്ചിരുന്നു. അറുപത്തിനാലു വയസ്സായപ്പോൾ, തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് അവൻ മനസ്സിലാക്കി. സാധാരണ ജീവിതം പുനരാരംഭിക്കാൻ ആ മനുഷ്യന് സ്വാതന്ത്ര്യം ലഭിച്ചു. ശിക്ഷിക്കപ്പെടുമെന്ന ഭയം അവനെ നിയന്ത്രിക്കാൻ അവൻ അനുവദിച്ചു.

അതുപോലെ, ഏലാ താഴ്‌വരയിൽ വച്ച് ഫെലിസ്‌ത്യർ അവരെ വെല്ലുവിളിച്ചപ്പോൾ ഭയം യിസ്രായേല്യരെ കീഴടക്കി. ഭീഷണി യഥാർത്ഥമായിരുന്നു. അവരുടെ ശത്രുവായ ഗൊല്യാത്തിന് 9 അടി 9 ഇഞ്ച് ഉയരവും, പടച്ചട്ടയ്ക്ക് മാത്രം 57 കിലോ ഭാരവും ഉണ്ടായിരുന്നു (1 ശമൂവേൽ 17:4-5). എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും, നാല്പതു ദിവസം, തന്നോട് യുദ്ധം ചെയ്യാൻ ഗൊല്യാത്ത് യിസ്രായേൽ സൈന്യത്തെ വെല്ലുവിളിച്ചു. എന്നാൽ ആരും മുന്നോട്ടുവരാൻ ധൈര്യപ്പെട്ടില്ല. ദാവീദ് യുദ്ധക്കളം സന്ദർശിക്കുന്നതുവരെ ആരും ഉണ്ടായിരുന്നില്ല. അവൻ പരിഹാസം കേൾക്കുകയും കാണുകയും ചെയ്തു, ഗൊല്യാത്തിനോട്യു ദ്ധം ചെയ്യാൻ സന്നദ്ധനായി.

ഗൊല്യാത്തിനോട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് യിസ്രായേൽ സൈന്യത്തിലെ എല്ലാവരും കരുതിയപ്പോൾ, ഗൊല്യാത്ത് ദൈവത്തെക്കാൾ വലുതല്ലെന്ന് ഇടയബാലനായ ദാവീദിന് അറിയാമായിരുന്നു. അവൻ പറഞ്ഞു, “യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും” (വാക്യം 47).

ഭയം നമ്മെ വരിഞ്ഞുമുറുക്കുമ്പോൾ, നാം ദാവീദിന്റെ മാതൃക പിൻപറ്റുകയും, പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ലഭിക്കുന്നതിന് ദൈവത്തിലേക്ക് നോക്കുകയും ചെയ്യണം. ഭീഷണി യഥാർത്ഥമാകാം, എന്നാൽ നമ്മോടുകൂടെയുള്ളവൻ നമുക്കെതിരെയുള്ളവനേക്കാൾ വലിയവനാണ്.

– ആൽബർട്ട് ലീ

ചിന്തയ്ക്കായിട്ടുള്ളത്

ഭയത്താൽ നിങ്ങളെ തളർത്തുന്ന ഏത് വലിയ പോരാട്ടമാണ് നിങ്ങൾ നേരിടുന്നത്? ജീവനുള്ള ദൈവത്തിൽ നിങ്ങളുടെ കണ്ണുകൾ എങ്ങനെ ഉറപ്പിക്കാൻ കഴിയും?
ദൈവമേ, എന്റെ ജീവിതത്തിലെ ഏതൊരു ശത്രുവിനെക്കാളും അങ്ങ് വലിയവനായതിന് നന്ദി. ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

 

 

 

banner image