ദൂതൻ അവരോടു: “ഭയപ്പെടേണ്ടാ.” ലൂക്കൊസ് 2:10
ബൈബിളിൽ ഒരു ദൂതൻ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം, അവൻ ആദ്യം പറയുന്ന വാക്കുകൾ, “ഭയപ്പെടേണ്ടാ” എന്നാണ് (ദാനി. 10:12, 19; മത്താ. 28:5; വെളി. 1:17). അതിൽ അത്ഭുതമില്ല. ദൈവദൂതന്മാർ ഭൂമിയുമായി സമ്പർക്കം പുലർത്തുമ്പോഴെല്ലാം, അത് കാണുന്ന വ്യക്തികൾ മൃതപ്രായരായി സാഷ്ടാംഗം വീഴുന്നു. എന്നാൽ ഭയപ്പെടുത്താത്ത രൂപത്തിൽ ദൈവം ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതായി ലൂക്കൊസ് പറയുന്നു. ഒരു കാലിത്തൊഴുത്തിൽ ജനിച്ച് പശുത്തൊട്ടിയിൽ കിടന്ന യേശുവിലൂടെ ഒടുവിൽ, നാം ഭയപ്പെടേണ്ട ആവശ്യമില്ലാത്ത രീതിയിൽ ദൈവം നമ്മെ സമീപിക്കുന്നു. ഒരു നവജാത ശിശുവിനെക്കാൾ ഭയക്കേണ്ട ആവശ്യമില്ലാത്ത എന്താണ് ഉള്ളത്?
ആശയക്കുഴപ്പത്തിലായ സംശയാലുക്കൾ യേശുവിന്റെ ശുശ്രൂഷയിലുടനീളം അവനെ പിന്തുടർന്നു. ആശാരിയുടെ മകനായ ബെത്‌ലഹേമിലെ ഒരു ശിശുവിന് എങ്ങനെ ദൈവത്തിൽ നിന്നുള്ള മിശിഹാ ആകാൻ കഴിയും? എന്നാൽ ഒരു വയലിലെ ഒരു കൂട്ടം ഇടയന്മാർക്ക് അവൻ ആരാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായില്ല, കാരണം അവർ ദൂതന്മാരുടെ ഒരു ഗായകസംഘത്തിൽ നിന്ന് സുവാർത്തയുടെ സന്ദേശം നേരിട്ട് കേട്ടു (2:8-14).
എന്തുകൊണ്ടാണ് ദൈവം മനുഷ്യരൂപം സ്വീകരിച്ചത്? ബൈബിളിൽ പല കാരണങ്ങൾ കാണുന്നു. ചിലത് ആഴമായ ദൈവശാസ്ത്രപരവും, ചിലത് തികച്ചും പ്രായോഗികവുമാണ്; എന്നാൽ യേശു ഒരു കൗമാരക്കാരനായി ദൈവാലയത്തിൽ റബ്ബിമാർക്ക് പ്രഭാഷണം നടത്തുന്ന രംഗം ഒരു സൂചന നൽകുന്നു (വാക്യം 46). ആദ്യമായി, സാധാരണക്കാർക്ക് ദൃശ്യരൂപത്തിൽ ദൈവവുമായി ഒരു സംഭാഷണം, ഒരു സംവാദം നടത്താൻ കഴിഞ്ഞു. “ഭയപ്പെടേണ്ടാ” എന്ന് ആദ്യം പറയാതെ തന്നെ യേശുവിന് ആരുമായും-തന്റെ മാതാപിതാക്കളോടും, ഒരു റബ്ബിയോടും, ഒരു പാവപ്പെട്ട വിധവയോടും-സംസാരിക്കാൻ സാധിച്ചു.
യേശുവിലൂടെ ദൈവം നമ്മോട് അടുക്കുന്നു.
– ഫിലിപ്പ് യാൻസി
ചിന്തയ്ക്കായിട്ടുള്ളത്
കർത്താവേ, നീ എന്റെ അടുക്കൽ വരുന്നു എന്നുള്ളത് എന്നെ വിനീതനാക്കുന്നു. പക്ഷേ ഞാൻ കൃതജ്ഞതയുള്ളവനാണ്. അങ്ങേയ്ക്ക് നന്ദി.
ഭയത്തിന്റെ അവസാനമാണ് മനുഷ്യാവതാരം ചെയ്ത ദൈവം. എഫ്.ബി.മേയർ
|
|