ഒരു മാസം മുമ്പ് ജീവിതം പൂര്‍ണ്ണമായും സാധാരണമായിരുന്നു. ട്രാഫിക്കിനെ വെല്ലുവിളിച്ച് ജോലിസ്ഥലത്തേക്ക് ഓടുന്ന ആളുകള്‍, മടിയാണെങ്കിലും സ്വയം നിര്‍ബന്ധിച്ച് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍, ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധ്വാനിക്കുന്ന ദിവസ കൂലിക്കാര്‍, ആളുകള്‍ തിങ്ങിനിറഞ്ഞ ബസുകള്‍, ട്രെയിനുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ചിരിയും വിനോദവും നിറഞ്ഞ റെസ്റ്റോറന്റുകള്‍, ആ പട്ടിക നീളുകയാണ്. എന്നിരുന്നാലും, ലോകത്തെ മുഴുവന്‍ മുട്ടുകുത്തിച്ച കൊറോണ കാരണം കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറി. തീര്‍ത്തും സാധാരണമായ കാര്യങ്ങള്‍ എങ്ങനെയാണ് നിമിഷനേരംകൊണ്ടു തലകീഴായി മറിയുന്നതെന്ന് ഞാന്‍ ആലോചിച്ചപ്പോള്‍, ബൈബിളില്‍ പ്രതിപാദിക്കുന്ന ഇയ്യോബിനെക്കുറിച്ച് എന്റെ ഓര്‍മ്മയില്‍വന്നു.

ഇയ്യോബ് നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു എന്ന് ഇയ്യോബ് 1:1-ല്‍ തിരുവെഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവന്റെ ജീവിതം പൂര്‍ണ്ണമായും സാധാരണമായിരുന്നു, സമൂഹത്തില്‍ അവന്‍ ഏറ്റവും ബഹുമാനിതനും ധാരാളം സുഹൃത്തുക്കളുള്ളവനുമായിരുന്നു. ആയിരക്കണക്കിന് കന്നുകാലികളും മറ്റ് മൃഗങ്ങളും അവനുണ്ടായിരുന്നു. അവന് ധാരാളം മക്കളും അവനെ പിന്തുണയ്ക്കുന്ന ഒരു ഭാര്യയും ഉണ്ടായിരുന്നു. അവന്‍ ആരോഗ്യവാനായിരുന്നു, നല്ല ജീവിതം നയിക്കുകയും ദൈനംദിന ജോലികളില്‍ വ്യാപൃതനാകുകയും ചെയ്തു.

ആഘാതം #1: സാമ്പത്തിക നഷ്ടം

ഇയ്യോബ് 1:14-17 ല്‍, ശെബായര്‍ വന്ന് അവന്റെ കാളകളെയും കഴുതകളെയും പിടിച്ചുകൊണ്ടുപോകുകയും അവയെ മേയിച്ചിരുന്ന ജോലിക്കാരെ കൊന്നുകളയുകയും ചെയ്തതായി ഒരാള്‍ വന്ന് ഇയ്യോബിനെ അറിയിക്കുന്നതായി നാം വായിക്കുന്നു. ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയതായി മറ്റൊരാള്‍ അവനെ അറിയിക്കുന്നു. കല്ദയര്‍ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തതായ വാര്‍ത്ത പിന്നീടവന്‍ കേള്‍ക്കുന്നു. അതിസമ്പന്നനായിരുന്ന ഇയ്യോബിന് ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടു

ആഘാതം #2: വ്യക്തിപരമായ നഷ്ടം

ഇയ്യോബ് 1:18-19-ല്‍, മരുഭൂമിയില്‍ വലിയൊരു കാറ്റ് വീശുകയും അത് വീടിന്റെ നാലു കോണിലും അടിച്ച് വീടിനെ തകര്‍ക്കുകയും അതിനുള്ളിലുണ്ടായിരുന്ന അവന്റെ എല്ലാ മക്കളും കൊല്ലപ്പെടുകയും ചെയ്തു എന്നു കാണുന്നു. ഇത് ഇയ്യോബിനെ സംബന്ധിച്ച് അവിശ്വസനീയമാംവിധം ഭയങ്കരമായ നഷ്ടം തന്നെയായിരുന്നു. ഞാന്‍ ഇയ്യോബിന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍, അത്തരം ഭയാനകമായ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും എന്റെ ഹൃദയത്തെ ഛിന്നഭിന്നമാക്കുമായിരുന്നു. എന്നാല്‍ താല്പര്യജനകമായ വസ്തുത, ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി, തല മുണ്ഡനം ചെയ്തു, നിലത്തു വീണു ‘നമസ്‌കരിച്ചു.’ അവന്‍ ദൈവത്തെ കുറ്റപ്പെടുത്തിയില്ല.

ആഘാതം #3: ആരോഗ്യ നഷ്ടം

ഇയ്യോബ് 2:7-ല്‍, സാത്താന്‍ ഇയ്യോബിനെ ഉള്ളംകാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചതായി കാണുന്നു. സാമ്പത്തികവും വ്യക്തിപരവുമായ നഷ്ടത്തോടു പൊരുത്തപ്പെടാന്‍ ഇയ്യോബ് ഇതിനകം തന്നെ ശ്രമിച്ചുകൊണ്ടിരിക്കയും ഇതിലധികം വരാനില്ലെന്ന് ആശ്വസിക്കയും ചെയ്തുകൊണ്ടിരിക്കെയാണ് ഇതു സംഭവിച്ചത്. ഇപ്പോളവന്‍ വൈകാരിക ആഘാതത്തിനധീനനായെന്നു മാത്രമല്ല ശാരീരിക വേദനയും സഹിക്കേണ്ടിവരുന്നു.

ആഘാതം #4: സാമൂഹിക അകലം

ഇയ്യോബ് 2:9 ല്‍, ഇയ്യോബിന്റെ ഭാര്യ അവനോടു പറയുന്നത് ‘നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയുക” എന്നാണ്. ഇയ്യോബിന് സംഭവിച്ച എല്ലാ കാര്യത്തിലും, അവന്‍ ദൈവത്തെ കുറ്റപ്പെടുത്താതെ, ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും അവന്‍ മുറുകെപ്പിടിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. 10- ാം വാക്യം ഇപ്രകാരം പറയുന്നു: ‘ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല.

ഇയ്യോബിന്റെ ഉറ്റസുഹൃത്തുക്കളായ എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവര്‍ അവന്റെ അടുത്തെത്തി, അവനോട് സഹതാപം കാണിക്കുകയും അവരുടെ സാന്നിധ്യത്താല്‍ അവനെ പിന്തുണയ്ക്കുകയും ചെയ്തു എങ്കിലും പിന്നീട് അവര്‍ സാമൂഹികമായി അവനില്‍ നിന്ന് അകന്നു നില്‍ക്കുകയും അവനെതിരെ കഠിനമായ വാക്കുകള്‍ പ്രസ്താവിക്കുകയും ചെയ്തു. അവന്‍ കഠിനമായ തെറ്റുകള്‍ ചെയ്തുവെന്ന് അവര്‍ അനുമാനിക്കുകയും തെറ്റുകള്‍ ഏറ്റുപറഞ്ഞു മാനസാന്തരപ്പെടാന്‍ അവനോടാവശ്യപ്പെടുകയും ചെയ്തു. അവര്‍ അവന്റെ കൂടെയായിരുന്നു, എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല.

സാമ്പത്തിക പ്രതിസന്ധി, വ്യക്തിപരമായ കനത്ത നഷ്ടം, കഠിനമായ ആരോഗ്യപ്രശ്‌നങ്ങള്‍, പ്രിയപ്പെട്ടവരില്‍ നിന്നുള്ള തിരസ്‌കരണം എന്നിവ നേരിടേണ്ടിവന്നെങ്കിലും, അവന്‍ ഒരിക്കലും ദൈവത്തെ കൈവിട്ടില്ലെന്ന് ഇയ്യോബിന്റെ പുസ്തകത്തില്‍നിന്നു നാം മനസ്സിലാക്കുന്നു. തന്റെ വലിയ ദുഃഖത്തിനിടയിലും ഇയ്യോബ് ദൈവത്തെ നമസ്‌കരിക്കുകയും കര്‍ത്താവിനെ തുടര്‍ന്നും സ്തുതിക്കുകയും തന്റെ സത്യസന്ധത കൈവിടാതെ ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. തല്‍ഫലമായി, യഹോവ ഇയ്യോബിന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി അനുഗ്രഹങ്ങള്‍ നല്‍കിയതായി ഇയ്യോബ് 42:10-16 ല്‍ നാം വായിക്കുന്നു. യഹോവ ഇയ്യോബിന്റെ പിന്‍കാലത്തെ അവന്റെ മുന്‍കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു

നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ പെട്ടെന്ന് തലകീഴായി മറിഞ്ഞേക്കാമെങ്കിലും, എന്താണ് സംഭവിക്കുന്നതെന്ന് കര്‍ത്താവിന് അറിയാമെന്നതിനാല്‍ നമുക്കു ധൈര്യപ്പെടാം. നമുക്ക് ധാരാളം ചോദ്യങ്ങളുണ്ടാകാം, ഉത്തരം ലഭിച്ചില്ലെന്നും വന്നേക്കാം. ‘എന്തുകൊണ്ട്’ എന്ന് നമുക്ക് മനസ്സിലാകണമെന്നില്ല, പക്ഷേ ദൈവം മനസ്സിലാക്കുന്നു. ഇയ്യോബിന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കര്‍ത്താവിന് അറിയാമായിരുന്നു, നമ്മുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും കര്‍ത്താവിന് അറിയാം.

ഇയ്യോബിനെപ്പോലെ, ദൈവം നല്ലവനാണെന്നും പൗലൊസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതുപോലെ, ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നും നമുക്കു തുടര്‍ന്നും വിശ്വസിക്കാം. നമ്മോടുള്ള ദൈവസ്‌നേഹത്തിലും അവിടുത്തെ വാഗ്ദത്തങ്ങളിലും ആശ്രയിക്കുന്നത് നമുക്കു തുടരാം. ദൈവം ഇയ്യോബിന് നന്മകള്‍ ഇരട്ടിയായി പുനഃസ്ഥാപിച്ചതുപോലെ, ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഈ സമയത്തേക്കാള്‍ നമ്മുടെ അവസാന നാളുകള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടും എന്നതില്‍ സംശയമില്ല.

-ബെന്‍ വിജയ്