കോവിഡിന്റെ രണ്ടാം തരംഗം അഗ്‌നിപോലെ  നമ്മുടെ രാജ്യത്തു പടരുമ്പോൾ അതിനാൽ ബാധിക്കപ്പെടാതിരിക്കുക പ്രയാസകരമാണ്. ടെലിവിഷനിലെ സകല വാർത്താ ചാനലുകളും സമൂഹമാധ്യമങ്ങളും നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത് വേദനാജനകമായ ചിത്രങ്ങളാണ്; അവ ഉൾക്കൊള്ളാൻ നാം വിഷമിക്കുകയാണ്. കോവിഡിനാൽ  ബാധിക്കപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും നിലവിളി, ഉണർന്നിരിക്കുന്ന ഓരോ നിമിഷവും നമ്മെ വേട്ടയാടുമ്പോൾ, മുൻപൊരിക്കലും അനുഭവിച്ചിട്ടല്ലാത്തവിധത്തിലുള്ള ഹൃദയം വേദന നാം അനുഭവിക്കുന്നു. ഇപ്പോൾ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്ന ഈ ഉന്മാദാവസ്ഥയിൽ, ഈ പേടിസ്വപ്‌നം എന്നവസാനിക്കുമെന്നു നിശ്ചയിക്കുക അസാധ്യമായിരിക്കുന്നു. ഭീതിയുടെ അന്തരീക്ഷം രാജ്യത്തെ മൂടിയിരിക്കുന്നു, പ്രത്യാശയുടെ രജതരേഖ എങ്ങും  കാണുന്നില്ല. ചുറ്റുപാടുമുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവിധം കൈകാലുകൾ ബന്ധിക്കപ്പെട്ടവരായി നമുക്ക് തോന്നുന്നു. പ്രതീക്ഷയ്ക്കുള്ള മാർഗ്ഗം നാം ഭ്രാന്തമായി തിരയുമ്പോൾ,  ഈ സാഹചര്യത്തെ നേരിടാനുള്ള അഞ്ചു വഴികൾ ഞങ്ങൾ നിങ്ങൾക്ക്  പരിചയപ്പെടുത്തട്ടെ.

 

ആധികാരികമായി പ്രാർത്ഥിക്കുക

എന്റെ വല്യപ്പച്ചന്റെ സുഹൃത്തായിരുന്ന, പ്രായം  ചെന്ന ഒരു സുവിശേഷകൻ, പലപ്പോഴും ഞങ്ങളുടെ  കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ നിശബ്ദപ്രാർത്ഥന കുപ്രസിദ്ധമായിരുന്നു. കാരണം ചിലനേരങ്ങളിൽ അദ്ദേഹം ഉച്ചത്തിൽ പോരാടുന്നതുപോലെ ശബ്ദമുണ്ടാക്കുകയും മറ്റു ചിലപ്പോൾ പാടുകയും ചെയ്യുമായിരുന്നു. ഇപ്രകാരം ദൈവവുമായുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ വികാരങ്ങളുടെ ആധികാരിക പ്രകടനങ്ങൾ അദ്ദേഹത്തിന്റെ പ്രാർത്ഥനയെ വിഷയങ്ങളോടു ബന്ധിപ്പിക്കുന്നതും ഫലകരവുമാക്കി മാറ്റി. 1 ദിനവൃത്താന്തം 16:11 പറയുന്നു, ”യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.” നമ്മുടെ വികാരങ്ങൾ ശക്തമായി ആടിയുലയുന്ന ഈ ദിവസങ്ങളിൽ, നമുക്കു കർത്താവിങ്കലേക്കും അവിടുന്നു പകരുന്ന ബലത്തിലേക്കും എപ്പോഴും നോക്കാം. നിങ്ങളുടെ പ്രാർത്ഥന, ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള സ്തുതിഗീതങ്ങളോ, നിങ്ങൾക്കു നഷ്ടപ്പെട്ടവയെക്കുറിച്ചുള്ള വിലാപമോ ആയിരുന്നാലും ദൈവം നമ്മെ  അറിയുകയും നമ്മുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യുന്നു. നാം യഥാർത്ഥ അവസ്ഥ അവിടുത്തോടു പറയുക എന്നതു മാത്രമാണ് അവിടുന്നാവശ്യപ്പെടുന്നത്.

 

ഉദാരമായി ജീവിക്കുക

കഴിഞ്ഞ വർഷം ഇതേ സമയത്തു നടന്ന ലോക്ഡൗൺ ദിവസങ്ങളിൽ, വളരെ തുച്ഛമായ വരുമാനം മാത്രമുള്ള എന്റെ ഒരു സുഹൃത്ത്, ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി തീരുമാനിച്ചു. അവർ ഒരു നേരത്തെ ആഹാരം വെടിഞ്ഞ്, ആ തുകകൊണ്ട് ജോലിയില്ലാത്ത സഭയിലുള്ളവരെയും അയൽവാസികളെയും സഹായിച്ചു. 1 യോഹന്നാൻ 3:17 പറയുന്നു, ”എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്‌നേഹം അവനിൽ എങ്ങനെ വസിക്കും?” ഔദാര്യം ചെയ്യുന്നതിലൂടെ ദൈവത്തെ സേവിക്കുന്നത്, യേശു അവരെ സ്‌നേഹിക്കുന്നു എന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നതിൽ നിർണ്ണായകമാണ്. നിങ്ങളുടെ ഔദാര്യം വസ്തുവകകളോ സാമ്പത്തികമോ നല്കുന്നതോ, നിങ്ങൾ അവരെ കരുതുന്നു എന്ന് ഒരു ഫോൺ വിളിയിലൂടെ അവരെ അറിയിക്കുന്നതോ ആകാം. നിങ്ങളുടെ ഔദാര്യത്തിന്റെ രൂപം എന്തുതന്നെയായിരുന്നാലും അതു ചെയ്യാനുള്ള സമയം ഇതാണ്.

 

ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക

രാജ്യത്തുടനീളം ഉത്തരവാദിത്തമില്ലാതെ ജനങ്ങൾ കൂട്ടംകൂടിയതാണ് കോവിഡിന്റെ രണ്ടാം തരംഗം ഇത്രയും സ്‌ഫോടനാത്മകമായതിന്റെ കാരണമെന്നാണ് മാധ്യമങ്ങൾ ആരോപിക്കുന്നത്. കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊലചെയ്തശേഷം  യഹോവ കയീനോട്, ”നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?” എന്ന് കയീൻ മറുപടി  പറഞ്ഞു (ഉല്പത്തി 4:9). ഈ മഹാമാരിയുടെ സാഹചര്യത്തിലുള്ള നമ്മുടെ ഉത്തരവാദിത്വമില്ലായ്മ പലപ്പോഴും കയീന്റെ മറുപടിക്കു തുല്യമാണ്. നാം കൂട്ടം കൂട്ടുന്നതിനെ മനഃപൂർവ്വം പ്രോത്സാഹിപ്പിക്കുകയും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും ശുചിത്വവും  പാലിക്കുന്നതും മറക്കുകയും ചെയ്യുമ്പോൾ, നാം നമ്മുടെ ”സഹോദരന്റെ കാവൽക്കാരൻ” എന്ന ഉത്തരവാദിത്വത്തിൽ പരാജയപ്പെടുകയാണ്. യേശു ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും രണ്ട് കല്പനകളിലാക്കി ചുരുക്കി,  അതിൽ ഒന്ന്  ”കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (മർക്കൊസ് 12:31) എന്നത്രേ. നാം  ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും നമ്മുടെ സഹോദരങ്ങളുടെ കാവൽക്കാരായിരിക്കാൻ ഉദ്യമിക്കുകയും ചെയ്യുമ്പോൾ തന്നേ, നമ്മുടെ  അയല്ക്കാരോടുള്ള നമ്മുടെ കരുതൽ നമ്മുടെ പ്രവൃത്തികളിലൂടെ പ്രകടമാകട്ടെ.

 

എല്ലാവിധത്തിലും  വിലകല്പിക്കുക

നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ വേർപാട് നമ്മിൽ ഉണ്ടാക്കുന്ന ആദ്യ  തിരിച്ചറിവ്, ”ഓ! ഞങ്ങൾക്ക് ഒന്നിച്ചു കൂടുതൽ സമയം കിട്ടിയിരുന്നെങ്കിൽ” എന്നതാണ്. വാസ്തവത്തിൽ സമയത്തേക്കാൾ വേഗം നീങ്ങിപ്പോകുന്ന മറ്റൊന്നുമില്ല. സ്്മരണികകൾ സൃഷ്ടിക്കുന്നതോ, പിണക്കങ്ങൾ പരിഹരിക്കുന്നതോ എന്തുതന്നെയായാലും സമയം  വിലയേറിയതാണ് എന്ന് ഈ അസ്ഥിരതയുടെ നാളുകൾ നമ്മെ പഠിപ്പിക്കുന്നു. പകകൾ വെച്ചു പുലർത്തുന്നതിനും ക്ഷമിക്കാത്ത മനസ്സിനെ താലോലിക്കുന്നതിനും ഇനി സമയമില്ല. യേശു  തന്റെ അവസാന ശ്വാസം എടുക്കുമ്പോൾ പറഞ്ഞു, ”പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” (ലൂക്കൊസ് 23:34). ക്രൂശിൽ  കിടക്കുമ്പോഴുള്ള  യേശുവിന്റെ മനോഭാവം ഇതായിരുന്നങ്കിൽ, നമ്മെ അലട്ടുന്ന പ്രശ്‌നങ്ങൾ എത്രയോ നിസ്സാരം. മറ്റൊന്നുമില്ലെങ്കിലും,  ബലവന്മാർ പോലും നാം ചിന്തിക്കുന്നതിനെക്കാളും ബലഹീനരാണെന്ന് ഈ മഹാമാരി കാണിച്ചുതന്നു. അതിനാൽ, കാര്യങ്ങളെ ക്രമത്തിലാക്കാൻ നമുക്കു ധൃതിപ്പെടുകയും, ആളുകളോടൊപ്പം നമുക്കു ലഭിക്കുന്ന സമയം, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ലഭിക്കുന്ന സമയം, സകലവിധത്തിലും വിലമതിക്കുകയും ചെയ്യാം.

 

ആഴമായി സ്‌നേഹിക്കുക

എന്റെ സുഹൃത്തിന്റെ മകൾ അവളുടെ അമ്മയോട് പറഞ്ഞു, ”അമ്മേ, എനിക്കു കോവിഡ് ബാധിക്കുകയാണെങ്കിൽ എന്റെ പാവക്കുട്ടിയെ എന്റെ അനുജത്തിക്ക് നൽകണം.” 6 വയസ്സുകാരിയുടെ സംസാരത്തിൽ അതിശയംപൂണ്ട മാതാവ്, ഇപ്രകാരം ചിന്തിക്കാൻ അവളെ പ്രേരിപ്പിച്ചതെന്താണെന്ന് അവളോടു ചോദിച്ചതിന് അവളുടെ മറുപടി, ”അമ്മേ അവൾ ചെറുപ്പമാണ്, അവൾക്ക് സ്‌നേഹിക്കാൻ എന്തെങ്കിലും ആവശ്യമാണ്” എന്നായിരുന്നു. മനുഷ്യ വികാരങ്ങളുടെ കാതലാണ് സ്‌നേഹം, നാം എല്ലാവരും അതിനായി  കൊതിക്കുന്നു. 1 പത്രൊസ്  4:8 പറയുന്നു, ”സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” ഈ മഹാമാരിയുടെ കാലത്ത്, നമ്മുടെ മനസ്സിനെ സ്‌നേഹവും കരുണയും ഉള്ളതാക്കി മാറ്റാം, പ്രത്യേകാൽ നമ്മോടൊരുമിച്ച് പാർക്കുന്നവരോട്. ഇന്നത്തെ  സാഹചര്യത്തിൽ നാം അധികസമയം ഒരേ ആളുകളോടൊരുമിച്ച് സമയം ചിലവിടുന്നതിനാൽ നിസ്സാര കാര്യങ്ങൾക്കുപോലും നാം ക്ഷുഭിതരാകാൻ സാധ്യതയുണ്ട്. ഭവനത്തിലിരുന്നുള്ള ജോലിയും പ്രതിദിന ജീവിതത്തിന്റെ വിരസതയും നിമിത്തം നമ്മുടെ പ്രിയപ്പെട്ടവരോടുപോലും സ്‌നേഹം പ്രകടിപ്പിക്കാൻ നാം മറക്കുന്നു. നിങ്ങളുടെ മനപ്പൂർവ്വമായ സ്‌നേഹ മനോഭാവത്തിലൂടെ, നിങ്ങളുടെ ഏറ്റവുമടുത്ത പ്രിയപ്പെട്ടവരിൽ വലിയ മാറ്റമുണ്ടാക്കാൻ നമുക്കു സാധിക്കും. ആകയാൽ ആഴമായി സ്‌നേഹിക്കുക.

 

ഈ അപരിചിതമായ പ്രതിസന്ധികളിലൂടെ നാം സഞ്ചരിക്കുമ്പോൾ, ഓരോ ദിവസവും ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ പ്രവൃത്തികൾ അവിടുത്തെ സ്വഭാവത്തെ പ്രദർശിപ്പിക്കുന്നതാകട്ടെ, പ്രതിസന്ധിയെ തരണം ചെയ്യാൻ പോരാടുന്നവർക്ക് പ്രത്യാശ പകരാൻ നമുക്ക് ഇടയാകട്ടെ.