“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; മത്തായി 6:1
ശാരീരിക വൈകല്യമുള്ള ഒരു വിമുക്തഭടനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീർന്നു, പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു, അത് അവന്റെ വേദന വർധിപ്പിച്ചു. എന്നിട്ടും തന്റെ ഭാര്യയെയും കുഞ്ഞിനെയും ശുശ്രൂഷിക്കാൻ അവൻ പരമാവധി ശ്രമിച്ചു. എല്ലാ ആഴ്ചയും ഒരു പുഷ്-മോവർ (പുല്ല് അരിയുന്ന ഉപകരണം) ഉപയോഗിച്ച് പുൽത്തകിടി മുറിക്കുന്നത് വഴിയാത്രക്കാർക്ക് കാണാമായിരുന്നു.
ഒരു ദിവസം ഒരു അജ്ഞാതനായ ദാതാവിൽ നിന്ന് ക്രിസ്റ്റഫറിനു ഒരു കത്ത് ലഭിച്ചു-കൂടെ ഒരു വിലകൂടിയ ലോൺമോവറും (പുല്ല് അരിയുന്ന യന്ത്രം). ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കുന്നതിലൂടെയാണ് ആ രഹസ്യ ദാതാവിനു സംതൃപ്തി ലഭിച്ചത്.
എല്ലാ ദാനങ്ങളും രഹസ്യത്തിൽ ആയിരിക്കണം എന്നല്ല യേശു പറഞ്ഞത്, മറിച്ച് കൊടുക്കുമ്പോൾ നമ്മുടെ മനോഭാവത്തെ പരിശോധിക്കണം എന്നാണ് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നത് (മത്തായി 6:1). വീണ്ടും അവൻ പറയുന്നത് “ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു” (വാ. 2) എന്നാണ്. നാം ഉദാരമായി നൽകുന്നവരായിരിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അംഗീകാരങ്ങൾക്കോ പ്രത്യേക അംഗീകാരത്തിനോ വേണ്ടി ആളുകൾക്ക് മുന്നിൽ നല്ല പ്രവൃത്തികൾ ചെയ്യുന്നത് ഒഴിവാക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. (വാ. 3)
നമുക്കുള്ളതെല്ലാം ദൈവത്തിൽനിന്നുള്ളതാണെന്ന് തിരിച്ചറിയുമ്പോൾ, സ്വയം പ്രശംസിക്കുകയോ മറ്റുള്ളവരുടെ പ്രശംസ നേടുകയോ ചെയ്യാത്ത രഹസ്യ ദാതാക്കളാകാൻ നമുക്ക് കഴിയും. എല്ലാ നല്ല ദാനങ്ങളുടേയും എല്ലാം അറിയുന്ന നമ്മുടെ ദാതാവ് തന്റെ ജനത്തിന്റെ യഥാർത്ഥ ഔദാര്യത്തിൽ സന്തോഷിക്കുന്നു. അവന്റെ അംഗീകാരത്തിന്റെ പ്രതിഫലത്തേക്കാൾ മറ്റൊന്നും ഇല്ല.
-സോചിൽ ഡിക്സൺ
ചിന്തയ്ക്കായിട്ടുള്ളത്
മറ്റൊരാളുടെ രഹസ്യ ദാനത്തിലൂടെ ദൈവം നിങ്ങളെ എങ്ങനെ സഹായിച്ചിട്ടുണ്ട്? ഇന്ന് ഒരു രഹസ്യ സമ്മാനവുമായി നിങ്ങൾക്ക് ഇന്ന് ആരെ സഹായിക്കാനാകും?
സ്‌നേഹമുള്ള ദൈവമേ, അങ്ങ് എനിക്ക് നൽകിയതുപോലെ നിസ്വാർത്ഥമായും ത്യാഗത്തോടെയും നൽകാനുള്ള അവസരങ്ങൾ നൽകി എന്നെ അനുഗ്രഹിക്കണമേ
|
|
|