banner image

അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു. 1 യോഹന്നാൻ 3:16

ഒരു വേനൽക്കാല പഠന പരിപാടിയിൽ, എന്റെ മകൻ വായിച്ച ഒരു പുസ്തകം സ്വിറ്റ്സർലന്റിലെ ആൽപൈൻ മല കയറാൻ ആഗ്രഹിച്ച ഒരു കുട്ടിയുടെ കഥയാണ്. കൊടുമുടിയുടെ അവസാനമെത്താറായപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. സംഘാംഗങ്ങളിൽ ഒരാൾക്ക് സുഖമില്ലാതെയായി; ഈ കുട്ടി അവന്റെ വലിയ ലഷ്യം മാറ്റിവച്ചിട്ട് രോഗിയായ ആളുടെ സഹായത്തിനായി കൂടെ നിന്നു.

ക്ലാസ്സ് റൂമിൽ എന്റെ മകന്റെ ടീച്ചർ ചോദിച്ചു, “കഥാനായകന് മലകയറാൻ സാധിക്കാത്തതിനാൽ അവൻ ഒരു പരാജയമായിരുന്നോ?” ഒരു കുട്ടി പറഞ്ഞു, “അതെ, പരാജയം അവന്റെ DNA യിൽ രേഖപ്പെടുത്തിയിരുന്നു.” മറ്റൊരു കുട്ടി, പക്ഷെ, വിയോജിച്ചു. കാരണം അവൻ അതിപ്രധാനമായ ആ കാര്യം ത്യജിച്ചത് മറ്റൊരാളെ സഹായിക്കാനായിരുന്നതുകൊണ്ട് അവനൊരു പരാജയമായിരുന്നില്ല എന്ന് ആ കുട്ടി സമർത്ഥിച്ചു.

മറ്റൊരാളെ സഹായിക്കാൻ വേണ്ടി നാം നമ്മുടെ പദ്ധതികൾ മാറ്റിവയ്ക്കുമ്പോൾ നാം യേശുവിനെപ്പോലെ പ്രവർത്തിക്കുകയാണ്. യേശു ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുന്നതിനായി ഒരു നല്ല വീടുണ്ടാക്കുന്നതും ജീവിക്കാൻ വരുമാനം ഉണ്ടാക്കുന്നതും സാമൂഹ്യാംഗീകാരത്തോടെ സഞ്ചരിക്കുന്നതും എല്ലാം ത്യജിച്ചു. സർവ്വോപരി, അവൻ തന്റെ ജീവനെത്തന്നെ നല്കി നമ്മെ പാപത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും ദൈവസ്നേഹത്തെ വെളിപ്പെടുത്തുകയും ചെയ്തു (1 യോഹന്നാൻ 3:16).

ലോകപ്രകാരമുള്ള വിജയത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ദൈവത്തിന്റെ കാഴ്ചപ്പാടിൽ വിജയം. അവഗണിക്കപ്പെട്ടവരെയും വേദനയനുഭവിക്കുന്നവരെയും രക്ഷിക്കുന്നതിനായി കരുണയോടെ പ്രവർത്തിക്കുന്നതിനെ ദൈവം വിലമതിക്കുന്നു (വാ.17). ജനത്തെ സംരക്ഷിക്കുന്നതിനായി എടുക്കുന്ന തീരുമാനങ്ങളെ ദൈവം അംഗീകരിക്കുന്നു. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് നമ്മുടെ മൂല്യങ്ങളെ ദൈവികമൂല്യങ്ങളോട് സമരസപ്പെടുത്തി, ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നതിനായി സ്വയം സമർപ്പിക്കാനാകും; ഇതാണ് ഏറ്റവും പ്രസക്തമായ ജീവിത നേട്ടം.
രചയിതാവ്: ജെന്നിഫർ ബെൻസൺ ഷുൾട്ട്

ധ്യാനം
വിജയത്തിനായുള്ള ത്വര നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്? നമ്മുടെ മൂല്യങ്ങളെ ചിലപ്പോഴൊക്കെ ദൈവികമൂല്യങ്ങളുമായി പൊരുത്തപ്പെടുത്താൻ കഴിയാതെ വരുന്നത് എന്തുകൊണ്ട്?
സ്വർഗീയ പിതാവേ, എനിക്ക് അങ്ങയുടെ നോട്ടത്തിൽ വിജയിക്കുന്നവനായി മാറണം. അവിടുന്ന് മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ.