വിശ്വസിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുന്നില്ലെന്ന് കാണുമ്പോൾ. നിങ്ങളുടെ വിശ്വാസയാത്രയിൽ നിങ്ങളെ സഹായിക്കുന്നതിനായി പ്രത്യേകം ചില ധ്യാനചിന്തകൾ ഇവിടെ നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നു—നിങ്ങൾ വ്യക്തിപരമായ നഷ്ടം നേരിടുകയാണെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങളുണ്ടെങ്കിലും, ഇപ്പോഴും ലഭിച്ചിട്ടില്ലാത്ത ദൈവിക വാഗ്ദാനങ്ങളുണ്ടെങ്കിലും, ദൈവവുമായി ചേർന്ന് നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വിശ്വാസം ശക്തമായിരിക്കണമെന്നില്ല, മറിച്ച് യഥാർത്ഥമായിരുന്നാൽ മതിയെന്ന് ഈ ലേഖനങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങൾ തുടർന്ന് വായിക്കുമ്പോൾ, നിങ്ങളുടെ വിശ്വാസം വർദ്ധിക്കുവാനും, അതിലൂടെ ആത്മീയ ജീവിതം പടുത്തുയർത്തുവാനും ഇടയാകട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
▼ തകർക്കാനാവാത്ത വിശ്വാസം
തങ്ങളുടെ ആദ്യജാതനായ മകന് ഓട്ടിസം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെത്തുടർന്ന്, കാര്യങ്ങൾ ഗ്രഹിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ ജീവിതകാലം മുഴുവൻ പരിചരിക്കേണ്ടിവരുമല്ലോ എന്നോർത്ത് ഡയാനും ഭർത്താവും ദുഃഖിച്ചു. അൺബ്രോക്കൺ ഫെയ്ത്ത് എന്ന തന്റെ പുസ്തകത്തിൽ, തങ്ങളുടെ പ്രിയപ്പെട്ട മകന്റെ ഭാവിക്കായി തങ്ങളുടെ ആഗ്രഹങ്ങളിലും പ്രതീക്ഷകളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നതിൽ അവർക്ക് ബുദ്ധിമുട്ടുന്നുണ്ടെന്ന് ഡയാൻ സമ്മതിക്കുന്നു. എന്നിരുന്നാലും, ഈ വേദനാജനകമായ പ്രക്രിയയിലൂടെ, ദൈവത്തിന് അവരുടെ കോപം, സംശയങ്ങൾ, ഭയങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി. ഇപ്പോൾ, അവരുടെ മകൻ പ്രായപൂർത്തിയെത്തുന്നതോടെ, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാൻ ഡയാൻ തന്റെ അനുഭവങ്ങൾ ഉപയോഗിക്കുന്നു. ദൈവത്തിന്റെ അഭേദ്യമായ വാഗ്ദാനങ്ങൾ, അളവില്ലാത്ത ശക്തി, സ്നേഹനിർഭരമായ വിശ്വസ്തത എന്നിവയെക്കുറിച്ച് അവൾ മറ്റുള്ളവരോട് പറയുന്നു. ഒരു സ്വപ്നമോ, ഒരു പ്രതീക്ഷയോ, ഒരു മാർഗ്ഗമോ, ജീവിതത്തിന്റെ ഒരു കാലഘട്ടമോ നഷ്ടപ്പെടുമ്പോൾ ദുഃഖിക്കാൻ ദൈവം നമുക്ക് അനുവാദം നൽകുന്നുവെന്ന് അവൾ ആളുകൾക്ക് ഉറപ്പുനൽകുന്നു.
യെശയ്യാവ് 26-ൽ, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ…” (വാക്യം 4) ദൈവജനത്തിന് എന്നേക്കും കർത്താവിൽ ആശ്രയിക്കാൻ കഴിയുമെന്ന് പ്രവാചകൻ പ്രഖ്യാപിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അമാനുഷികമായ സമാധാനത്തോടെ നമ്മെ നിലനിർത്താൻ അവന് കഴിയും (വാക്യം 12). അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രയാസകരമായ സമയങ്ങളിൽ അവനോട് നിലവിളിക്കുകയും ചെയ്യുന്നത് നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു (വാക്യം 15).
നമുക്ക് എന്തെങ്കിലും നഷ്ടം, നിരാശ, അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള സാഹചര്യം നേരിടുമ്പോൾ, ദൈവത്തോട് സത്യസന്ധത പുലർത്താൻ അവൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങളെയും ചോദ്യങ്ങളെയും കൈകാര്യം ചെയ്യാൻ അവന് കഴിയും. അവൻ നമ്മോടൊപ്പമുണ്ട്, നിലനിൽക്കുന്ന പ്രത്യാശയാൽ നമ്മുടെ ആത്മാവിനെ ഉന്മേഷഭരിതമാക്കുന്നു. നമ്മുടെ ജീവിതം തകർന്നുവീഴുന്നതായി നമുക്ക് തോന്നുമ്പോഴും, ദൈവത്തിന് നമ്മുടെ വിശ്വാസത്തെ തകർക്കാനാവാത്തതാക്കാൻ കഴിയും.
— എഴുതിയത്: സോച്ചീൽ ഡിക്സൺ
▼വിശ്വാസത്തിന്റെ കുതിച്ചുചാട്ടം
പശ്ചിമ അന്റാർട്ടിക്കയിലെ, വെറും ആറുമാസം പ്രായമുള്ള, ഏകദേശം എഴുനൂറ് എംപറർ പെൻഗ്വിനുകൾ, കൊടും തണുപ്പുള്ള വെള്ളത്തിന് അമ്പത് അടി മുകളിലുള്ള കിഴുക്കാംതൂക്കായ ഒരു മഞ്ഞുമൂടിയ പാറക്കെട്ടിന്റെ വക്കിൽ ഒത്തുകൂടി. ഒടുവിൽ ഒരു പെൻഗ്വിൻ മുന്നോട്ട് ചാഞ്ഞ് “വിശ്വാസത്തിന്റെ ഒരു കുതിച്ചുചാട്ടം” നടത്തിക്കൊണ്ട്, താഴെയുള്ള തണുത്ത വെള്ളത്തിലേക്ക് എടുത്തുചാടി, വെള്ളത്തിലൂടെ നീന്തുവാൻ തുടങ്ങി. താമസിയാതെ നിരവധി പെൻഗ്വിനുകൾ ചാടി.
സാധാരണയായി കുഞ്ഞു പെൻഗ്വിനുകൾ ആദ്യമായി നീന്താൻ വേണ്ടി വെള്ളത്തിലേക്ക് വെറും രണ്ട് അടി ഉയരത്തിൽ നിന്ന് മാത്രമേ ചാടാറുള്ളൂ. എന്നാൽ, ഈ പെൻഗ്വിൻ കൂട്ടത്തിന്റെ മരണത്തെ വെല്ലുവിളിക്കുന്ന ചാട്ടം ആദ്യമായിട്ടാണ് ക്യാമറയിൽ പതിഞ്ഞത്.
ആ പെൻഗ്വിനുകൾ കണ്ണടച്ച് അറിയാത്ത വെള്ളത്തിലേക്ക് ചാടുന്നതുപോലെയാണ് രക്ഷയ്ക്കായി യേശുവിൽ ആശ്രയിക്കുമ്പോൾ സംഭവിക്കുന്നത് എന്ന് ചിലർ പറയുമായിരിക്കും. എന്നാൽ, യേശുവിലുള്ള വിശ്വാസം നേരെ വിപരീതമാണ്. എബ്രായ ലേഖനകർത്താവ് പറഞ്ഞു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രായർ 11:1).
ഹാനോക്കിന്റെ വിശ്വാസം ദൈവത്തെ പ്രസാദിപ്പിച്ചു. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല” (എബ്രായർ 11: 6). ലോകത്ത് മഹാപ്രളയം പോലെയുള്ള ഒന്നും ഉണ്ടായിട്ടില്ലായിരുന്നു, എന്നിട്ടും “വിശ്വാസത്താൽ നോഹ… ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു” (വാക്യം 7). വിശ്വാസത്താൽ അബ്രഹാം ദൈവത്തെ അനുസരിച്ചു “എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (വാക്യം 8).
നാം വിശ്വാസത്താലാണ് ആദ്യം യേശുവിൽ ആശ്രയിക്കുന്നത്. നാം അവനെ അനുഗമിക്കുകയും നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, ദൈവം ഈ മനുഷ്യരെ എങ്ങനെ സഹായിച്ചുവെന്ന് നമുക്ക് ഓർമ്മിക്കാൻ കഴിയും. “എന്തുകൊണ്ട്?”, “എങ്ങനെ?” എന്ന് നമുക്കറിയില്ലെങ്കിലും, സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.
— എഴുതിയത്: നാൻസി ഗാവിലാൻസ്
▼ വിശ്വാസത്തിന്റെ പരീക്ഷണം
നമ്മുടെ വിശ്വാസത്തിന് ദൈവം നമുക്ക് പ്രതിഫലം നൽകുമെന്ന ഒരു ധാരണ നമുക്കുണ്ട്, അത് പ്രാരംഭ ഘട്ടങ്ങളിൽ അങ്ങനെയായിരിക്കാം. എന്നാൽ വിശ്വാസത്തിലൂടെ നമുക്ക് ഒന്നും നേടാനാവില്ല – വിശ്വാസം നമ്മെ ദൈവവുമായുള്ള ശരിയായ ബന്ധത്തിലേക്ക് കൊണ്ടുവരികയും അവനു പ്രവർത്തിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, തന്റെ വിശുദ്ധരെന്ന നിലയിൽ ദൈവവുമായി നേരിട്ട് ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കുന്നതിന്, ദൈവത്തിന് നിങ്ങളെ തകർച്ചയുടെ അനുഭവത്തിലൂടെ കൊണ്ടുപോകേണ്ടിവരുന്നു. ദൈവം ആഗ്രഹിക്കുന്നത് വിശ്വാസജീവിതമാണ്, അല്ലാതെ ദൈവാനുഗ്രഹങ്ങളുടെ വൈകാരിക ആസ്വാദനമല്ല. നിങ്ങളുടെ വിശ്വാസജീവിതത്തിന്റെ തുടക്കം വളരെ ഇടുങ്ങിയതും തീവ്രവുമായിരുന്നു, വിശ്വാസത്തോടുകൂടെ വികാരഭരിതമായ ഒരു ചെറിയ അനുഭവവും ഉണ്ടായിരുന്നു. അത് ആവേശവും മാധുര്യവും നിറഞ്ഞതായിരുന്നു. പിന്നെ നിങ്ങളെ “വിശ്വാസത്താൽ നടക്കാൻ” പഠിപ്പിക്കാൻ വേണ്ടി ദൈവം തന്റെ ബോധപൂർവ്വമായ അനുഗ്രഹങ്ങൾ പിൻവലിക്കുന്നു (2 കൊരിന്ത്യർ 5:7). നിങ്ങളുടെ ആവേശകരമായ സാക്ഷ്യത്താൽ നിങ്ങൾക്ക് ആനന്ദം ഉണ്ടായ നാളുകളിൽ നിങ്ങൾ ആയിരുന്നതിനേക്കാൾ ഇപ്പോൾ നിങ്ങൾ അവന് വളരെയധികം വിലമതിക്കപ്പെട്ടവരാണ്.
വിശ്വാസം എന്നത് സ്വഭാവികമായും പരീക്ഷിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യേണ്ട കാര്യമാണ്. വിശ്വാസത്തിന്റെ യഥാർത്ഥ പരീക്ഷണം ദൈവത്തിൽ വിശ്വസിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുന്നതല്ല, മറിച്ച് ദൈവത്തിന്റെ സ്വഭാവം വിശ്വസനീയമാണെന്ന് നമ്മുടെ സ്വന്തം മനസ്സിൽ തെളിയിക്കപ്പെടണം എന്നതാണ്. നിരന്തരമായ ഒറ്റപ്പെടലിന്റെ അനുഭവത്തിലൂടെ കടന്നുപോകയാൽ മാത്രമേ യഥാർത്ഥ ജീവിതത്തിൽ വിശ്വാസം ഉടലെടുക്കുകയുള്ളൂ. അനുദിന ജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന പ്രതിസന്ധികൾ വിശ്വാസത്തിന്റെ പരീക്ഷണമായി തെറ്റിദ്ധരിക്കരുത്, കാരണം, വിശ്വാസത്തിന്റെ പരീക്ഷണം എന്ന് നമ്മൾ വിളിക്കുന്ന മിക്കവാറും കാര്യങ്ങൾ ജീവിത്തിലെ അനിവാര്യമായ കാര്യങ്ങളാണ്. ബൈബിൾ പഠിപ്പിക്കുന്നതുപോലെയുള്ള വിശ്വാസം എന്നത്, ദൈവത്തിന്റെ സ്വഭാവത്തിന് വിരോധമായി ദൈവം തന്നെ പ്രവർത്തിക്കുന്നു എന്ന് തോന്നുമ്പോഴും ദൈവത്തെ വിശ്വസിക്കുക എന്നതാണ്—”ദൈവം എന്ത് ചെയ്താലും ഞാൻ അവന്റെ സ്വഭാവത്തോട് വിശ്വസ്തത പുലർത്തും” എന്ന് പറയുന്ന വിശ്വാസം. ബൈബിളിലെ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്നതും വലുതുമായ പ്രഖ്യാപനം ഇതാണ് – “അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും;” (ഇയ്യോബ് 13:15).
“My Utmost For His Highest“ – ൽ നിന്ന് എടുത്തത്.
▼കാണാൻ കഴിയാത്തത്
1945ജൂലൈ 16 ന് ന്യൂ മെക്സിക്കോയിലെ ഒരു വിദൂര മരുഭൂമിയിൽ ആദ്യത്തെ ആണവായുധം പൊട്ടിത്തെറിച്ചതോടെയാണ് ആറ്റോമിക് യുഗം ആരംഭിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസ് (c. 460–370 BC) പ്രപഞ്ചത്തിന്റെ ഈ ചെറിയ നിർമ്മാണ ഘടകങ്ങളെപ്പോലും കാണാൻ കഴിയുന്ന എന്തെങ്കിലും ഉപകരണം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ ആറ്റത്തിന്റെ നിലനിൽപ്പിനെയും ശക്തിയെയും കുറിച്ച് പര്യവേക്ഷണം നടത്തുകയായിരുന്നു. ഡെമോക്രിറ്റസിന് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു, അതിന്റെ ഫലമായിരുന്നു ആറ്റോമിക് സിദ്ധാന്തം.
കാണാൻ കഴിയാത്തതിനെ സ്വീകരിക്കുക എന്നതാണെന്ന് വിശ്വാസത്തിന്റെ സാരാംശം എന്ന് തിരുവെഴുത്തുകൾ നമ്മോട് പറയുന്നു. എബ്രായർ 11:1 അത് സ്ഥിരീകരിക്കുന്നു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” ഈ ഉറപ്പ് വെറും ശുഭാപ്തിവിശ്വാസത്തിന്റെ ഫലമായി ഉണ്ടാകുന്നതല്ല. നമുക്ക് കാണാൻ കഴിയാത്ത ദൈവത്തിലുള്ള വിശ്വാസമാണിത്. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും സത്യമായ യാഥാർത്ഥ്യമായ അവന്റെ അസ്തിത്വം അവന്റെ സൃഷ്ടിപരമായ പ്രവൃത്തികളിൽ പ്രദർശിപ്പിച്ചിരിക്കുന്നു (സങ്കീർത്തനം 19:1) പിതാവിന്റെ സ്നേഹം നമുക്ക് കാണിച്ചുതരാൻ വന്ന പുത്രനായ യേശുവിൽ അവന്റെ അദൃശ്യ സ്വഭാവവും വഴികളും വെളിപ്പെടുത്തുന്നതിലൂടെ അത് ദൃശ്യമാക്കുന്നു (യോഹന്നാൻ 1:18).
— എഴുതിയത്: ബിൽ ക്രൗഡർ
🍃❋🍃❋🍃
നിങ്ങൾ വായിച്ചതുപോലെ, ഇന്ന് ദൈവം തന്നിൽ വിശ്വസിക്കാൻ നിങ്ങളുടെ ഹൃദയത്തിൽ എങ്ങനെയാണ് പ്രേരിപ്പിക്കുന്നത്?
കാഴ്ചയാൽ നടക്കുന്നതിനു പകരം വിശ്വാസത്താൽ നടക്കാൻ വെല്ലുവിളിക്കപ്പെടുന്ന ഒരു മേഖല നിങ്ങളുടെ ജീവിതത്തിലുണ്ടോ?
പരിശുദ്ധാത്മാവിന് നിങ്ങളെ സഹായിക്കുവാനും വഴിനടത്തുവാനും കഴിയേണ്ടതിന്, നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന വിശ്വാസത്തിന്റെ ഒരു ചെറിയ ചുവടുവയ്പ്പിനെക്കുറിച്ച് ചിന്തിക്കുക.
🍃❋🍃❋🍃