രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; 2 കൊരിന്ത്യർ 2 :15
നിരവധി കാരണങ്ങളാൽ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഘോഷവേളയാണ് ക്രിസ്തുമസ്. അവയിൽ ഒന്ന് തീർച്ചയായും സാധാരണയായി ഇന്ത്യൻ വീടുകളിൽ ഉണ്ടാക്കാറുള്ള രുചിയേറിയതും, വാസനയുള്ളതുമായ മധുരപലഹാരങ്ങളാണ്. ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും സ്വർഗ്ഗീയമായ വാസനയും, രുചിയുമുള്ള പലഹാരങ്ങളുടെ നറുമണവും കൊണ്ട് നിറഞ്ഞിരിക്കും. വെളുത്തതോ പിങ്ക് നിറമോ ആയ
“കോക്കനട്ട് ബർഫിസ്”, ചുരുണ്ട ആകൃതിയിലുള്ള “കുൾ – കുൾസ്”, മഞ്ഞുകട്ടയുടെ ആകൃതിയിലുള്ള” റോസ് കുക്കീസ്” അല്ലെങ്കിൽ “പഞ്ചസാര നിറച്ച ലഡ്ഡുകൾ….” –
ഈ മധുരപലഹാരങ്ങൾ എല്ലാംതന്നെ ഇന്ദ്രിയങ്ങൾക്ക് ഒരു യഥാർത്ഥ വിരുന്നാണ്, വെണ്ണയും എരിവ് ഉള്ള മസാല ചേർത്തുണ്ടാക്കുന്ന “മുറുക്കുസ് ” ആണ് ഈ മധുരങ്ങളിൽ നിന്നും ഉള്ള ഏക ആശ്വാസം. പാരമ്പര്യമനുസരിച്ച്, വീട്ടിലുണ്ടാക്കിയ ഈ പലഹാരങ്ങൾ കൂട്ടുകാർക്കും, അയൽക്കാർക്കും, വീട്ടിൽ വരുന്ന സന്ദർശകർക്കും വിതരണം ചെയ്യാറുണ്ട്. ഈ പലഹാരങ്ങളൊക്കെ കഠിനാധ്വാനികളായ അമ്മമാരും, മുത്തശ്ശിമാരും, ആന്റിമാരും ചേർന്ന് സ്നേഹപൂർവ്വം ഉണ്ടാക്കുന്നതാണ്.
ഒരു കൊച്ചു പെൺകുട്ടി ആയതുകൊണ്ട്, ഈ പലഹാരങ്ങളുടെ ശേഖരം ഒരു ഭംഗിയുള്ള ട്രേയിൽ അടുക്കിവെച്ച്, ക്രിസ്തുമസ് ടവൽ കൊണ്ട് അതിനെ മൂടിവെച്ച് അമ്മയെ സഹായിക്കുന്ന ജോലി എനിക്കായിരുന്നു; ഞാനാകട്ടെ അത് ഏറെ ആസ്വദിച്ചു ചെയ്യാറുമുണ്ട് . ഈ പലഹാരങ്ങൾ ഞങ്ങളുടെ അയൽക്കാരുടെ കൈകളിൽ എത്തുന്നതു വരെയും സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും എനിക്കായിരുന്നു. ഒരു വീട്ടിൽ കൊടുത്തിട്ട് തിരികെ വരുമ്പോഴേക്കും അടുത്ത വീട്ടിൽ കൊടുക്കാനുള്ള പലഹാരപ്പൊതി തയ്യാറായിരിക്കും, ഈ ആനന്ദം ചുറ്റുമുള്ള എല്ലാ വീട്ടിലും കൈമാറ്റം ചെയ്തു. കാലക്രമേണ, വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾക്ക് പകരം കടയിൽനിന്നും വാങ്ങിയാണ് വീടുകളിൽ കൊടുത്തിരുന്നത്. എങ്കിലും, പങ്കിടുന്നതിന്റെ സന്തോഷം ഇന്നും നിലനിൽക്കുന്നു.
ക്രിസ്തുമസ്, പങ്കിടുവാനുള്ള മികച്ച സമയമാണ്; അത് കേവലം മധുരപലഹാരങ്ങൾ കൊണ്ട് മാത്രമല്ല പിന്നെയോ, ക്രിസ്തുമസിന്റെ യഥാർത്ഥ കാരണം കൂടി നമ്മൾ പങ്കിടണം. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറയുന്നു:” നാം ക്രിസ്തുവിന്റെ സൗരഭ്യവാസനയാണ് “. നാം യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ സുഗന്ധം അനുഭവിക്കുകയും, അവന്റെ സ്നേഹവും കൃപയും രുചിച്ചിട്ടുള്ളവരും ആണ്. നമ്മുടെ രക്ഷകന്റെ ആ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കുവാനുള്ള ഒരു നല്ല ഓർമപ്പെടുത്തലാണ് ക്രിസ്തുമസ്. ക്രിസ്തുവിന്റെ സ്നേഹവും, നിത്യതയുടെ പ്രത്യാശയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കിടുവാൻ വിളിക്കപ്പെട്ടവരാണ് നാം. ഈ ക്രിസ്തുമസ് വേളയിൽ നമുക്ക് ആ സൗരഭ്യവാസനയായിരിക്കാനും, യേശുവിന്റെ സുഗന്ധം നമ്മുടെ ജീവിതത്തിലൂടെ പരത്തുവാനും കഴിയുമോ? യേശുക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കുന്ന മനോഭാവം കേവലം ക്രിസ്തുമസ് വേളയിൽ മാത്രമല്ല വർഷം മുഴുവനും നമ്മുടെ ജീവിതശൈലിയായി മാറട്ടെ.
– സൂസന്ന ദീപ്തി
പ്രിയ പിതാവേ, ഈ ക്രിസ്തുമസ് വേളയിലെ സന്തോഷങ്ങൾ എന്റെ സുഹൃത്തുക്കൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരുമായി പങ്കിടുമ്പോൾ അങ്ങയുടെ സ്നേഹത്തെക്കുറിച്ചും അവരോട് പങ്കിടുവാൻ എനിക്ക് കൃപ നല്കണമേ. ആമേൻ.