ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. യോഹന്നാൻ 12:46 6

ഞങ്ങളുടെ പള്ളിയിലെ ക്രിസ്തുമസ് രാവ് ശുശ്രൂഷയിൽ, ഒരു കത്തിച്ച മെഴുകുതിരി അൾത്താരയിൽ തിളങ്ങി. ജനങ്ങൾ ഒരുമിച്ച് കരോൾ പാടുകയും ക്രിസ്തുവിന്റെ ജനന കഥ കേൾക്കുകയും ചെയ്തശേഷം ലൈറ്റുകൾ അണച്ചു, ഇരുട്ട് മുറിയിൽ തങ്ങി. “സൈലന്റ് നൈറ്റ്” എന്ന സംഗീതം ദൈവാലയത്തെ നിറച്ചപ്പോൾ, അൾത്താരയിലെ മെഴുകുതിരിയിൽ നിന്ന് മുറിയിലുടനീളം മെഴുകുതിരികൾ ഓരോന്നായി കത്തിച്ചുകൊണ്ട് ഇരുണ്ട മുറി വെളിച്ചത്താൽ തിളങ്ങി.

മിന്നുന്ന വെളിച്ചം ഇരുട്ടിനെ ഒന്നൊന്നായി അകറ്റിക്കളയുന്നത് കാണുന്നതിന്റെ അത്ഭുതം കാരണം പാതിരാ ശുശ്രൂഷ എന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് പാരമ്പര്യങ്ങളിൽ ഒന്നാണ്. ക്രിസ്തുമസ് രാവിൽ നാം ആഘോഷിക്കുന്ന ഉണ്ണിയേശു “ഈ ഇരുണ്ട ലോകത്ത് പ്രകാശിക്കുന്ന വെളിച്ചമായി” (യോഹ 12:46) ലോകത്തിൽ വന്നു എന്നതിന്റെ മനോഹരമായ ഒരു ഓർമ്മപ്പെടുത്തലാണ്. “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു”(വാക്യം 46) എന്നു ക്രിസ്തു തന്നെ ഭൂമിയിലേക്ക് താൻ വന്നതിന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചു.

ഒരു ഇരുണ്ട ആലയത്തിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന വികാരം പോലെയാണ്, ഇരുട്ടിൽ ജീവിക്കുന്നതിന്റെ കഠിനമായ യാഥാർത്ഥ്യം: : ഏകാന്തത അനുഭവപ്പെടുന്നതിന്റെ ആശയക്കുഴപ്പം, കഷ്ടപ്പാടുകളുടെ നിരുത്സാഹവും വേദനയും, എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോകുന്ന അവസ്ഥ. ആ അന്ധകാരത്തിൽ ആരും വസിക്കരുതെന്ന് അവൻ ആഗ്രഹിച്ചതുകൊണ്ടാണ് യേശു ഒരു മനുഷ്യനായി വന്നത് (1:9; 12:46). അവനുമായുള്ള ബന്ധത്തിന്റെ രൂപത്തിൽ അവൻ നമുക്ക് പ്രകാശം നൽകുന്നു, അങ്ങനെ നമുക്ക് സമാധാനവും സന്തോഷവും അറിയാൻ കഴിയും. ഒരിക്കൽ അവന്റെ പ്രകാശം നമ്മിൽ വസിച്ചാൽ, വേദനിക്കുന്ന ഒരു ലോകത്ത് വെളിച്ചമായി നാം പ്രകാശിക്കും (മത്തായി 5:14). – ലിസ എം. സമ്ര

വെളിച്ചം ഇരുട്ടിനെ അകറ്റികയറുന്നത് നിങ്ങൾ എപ്പോഴാണ് അനുഭവിച്ചത്? യേശുവിനെ അറിയുന്നത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ പ്രകാശിപ്പിച്ചു?

യേശുവേ, എന്നിൽ വസിക്കുന്ന നിന്റെ പ്രകാശം മറ്റുള്ളവർക്ക് പ്രകാശിപ്പിക്കുവാൻ എന്നെ സഹായിക്കണമേ

യോഹന്നാൻ 12:44-46

യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.