ഉപസംഹാരം | ജെയിംസ് ബാങ്ക്സ്, നമ്മുടെ പ്രതിദിന ആഹാരം എഴുത്തുകാരൻ
സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവിക വാഗ്ദത്തം
“ദൈവത്തിന്റെ സ്നേഹം എത്ര ശക്തമാണെന്ന് നിനക്കറിയാമോ” എന്ന് എന്റെ സുഹൃത്ത് മാർക്ക് എന്നോടൊരുദിവസം ചോദിച്ചു. “ഞാൻ എന്റെ ജീവിതം അവനിൽ സമർപ്പിച്ചതു മുതൽ കഴിഞ്ഞ 16 വർഷം ആ സ്നേഹം എന്നെ പുലർത്തി.”
ഞാൻ ആദ്യമായി കാണുമ്പോൾ മാർക്ക് ഒരു പാസറ്ററാണ്. ഇരുണ്ടതും അപകടകരവുമായ ഒരു ഭൂതകാലത്തിൽ നിന്നാണ് ദൈവം അദ്ദേഹത്തെ വിടുവിച്ചതെന്ന് ഞാൻ ഒരിക്കലും ഊഹിച്ചുപോലുമില്ല. പതിമൂന്നാം വസസ്സിൽ മയക്കുമരുന്നു ഉപയോഗിക്കാൻ തുടങ്ങിയ മാർക്ക് തന്റെ മുപ്പതുകളിൽ വരെ അതു തുടർന്നു. കറുപ്പിൽ തുടങ്ങി അവസാനം ഹെറോയിനു വരെ അടിമയായി. മയക്കുമരുന്ന് ഉപയോഗിച്ചു തന്റെ അർദ്ധ സഹോദരൻ മരണപ്പെട്ടത് തന്നെ വല്ലാതെ ഉലച്ചുവെങ്കിലും മാർക്ക് ആ വഴി തന്നെ തുടർന്നു. പിന്നീട് തന്റെ സഹോദരിയും ഈ ദുശ്ശീലത്താൽ മരണപ്പെട്ടു.
ഈ ആസക്തിയെ പരിപോഷിക്കാനാക്കുന്നതെല്ലാം മാർക്ക് ചെയ്തു. “നമ്മൾ തമ്മിൽ ആ സമയത്തു കണ്ടു മുട്ടിയിരുന്നെങ്കിൽ സ്ഥിതി വളരെ മോശമാകുമായിരുന്നു” എന്ന് മറ്റൊരു സുഹൃത്തിനോട് അദ്ദേഹം പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഇന്നു മാർക്ക് ഒരു പരിവർത്തനം വന്ന മനുഷ്യനാണ്, തന്റെ ഹൃദയത്തിലും ജീവിതത്തിലും പ്രവർത്തിച്ച ദൈവസ്നേഹത്തിന്റെ പ്രവൃത്തിയാൽ സ്വതന്ത്രനാക്കപ്പെട്ടയാൾ. നൂറുകണക്കിനു പേരെ ഹെറോയിൻ ഉപേക്ഷിക്കാൻ സഹായിക്കാൻ മാർക്കിനെ ദൈവം ഉപയോഗിച്ചു. അതിൽ എന്റെ മകൻ ജെഫും ഉൾപ്പെടുന്നു. അവനെ ഹെറോയിൻ ഉപയോഗത്തിൽ നിന്നും പുറത്തുകടക്കാനും ക്രിസ്തുവിൽ പുതുജീവൻ കണ്ടെത്തുവാനും മാർക്ക് സഹായിച്ചു.
ദൈവം തന്റെ പുത്രനിലൂടെ നമ്മുടെ പാപങ്ങളെ ക്ഷമിക്കുമ്പോൾ അവൻ നമ്മിൽ പുതുജീവൻ പകരുന്നു. അവന്റെ ക്ഷമ സമ്പൂർണമാണ്—അവൻ ഊനമില്ലാതെ സ്നേഹിക്കുകയും സമ്പൂർണമായി ക്ഷമിക്കുകയും ചെയ്യുന്നു. ഭൂതകാലത്തെ പൂർണമായും വിട്ടുകളഞ്ഞ് നമുക്ക് ഒരു പുതിയ തുടക്കം ഉണ്ടാകുവാൻ തക്കവണ്ണം ദൈവം ഭൂതകാലത്തെ പൂർണമായും വിട്ടുകളയുന്നു. അവനിലേക്ക് വരുന്ന ഏവർക്കും—അവരെവിടെയായിരുന്നാലും എന്തു ചെയ്തിട്ടാണെങ്കിലും — “ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല” എന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.
യേശുവിനെ സ്വീകരിക്കുന്ന ഓരോരുത്തരും ഒരു “പുതിയ വ്യക്തി” (ആക്ഷരികമായി ഒരു “പുതിയ സൃഷ്ടി”) ആയിത്തീരുന്നു എന്ന് വേദപുസ്തകം പറയുന്നു. “പഴയ ജീവിതം കഴിഞ്ഞുപോയി പുതിയ ജീവിതം ആരംഭിക്കുന്നു!” (2 കൊരിന്ത്യർ 5:17). നുറുങ്ങിയ ഭൂതകാലത്തെ വിട്ടു ഒരു പുതിയ ജീവിതം നമ്മുടെ മുൻപിൽ മലർക്കെ തുറക്കുന്നു. ദൈവം നമുക്ക് നൽകുന്ന പുതിയ തുടക്കത്തെ നോക്കി അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറയുന്നു. “കാൺമിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെതന്നെ നാം ആകുന്നു!” (1 യോഹന്നാൻ 3:1). രാജാവിന്റെ മകനും മകളുമെന്ന പുതിയൊരു വ്യക്തിത്വം നമുക്കു ലഭിക്കുകയും തന്റെ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്ന് തിരിച്ചറിയുവാനായി നിത്യതയും ലഭിക്കുന്നു (എഫേസ്യർ 3:18).
വചനം പറയുന്നതുപോലെ ഈസ്റ്റർ ദിനം മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ബാക്കി വെച്ച ഒഴിഞ്ഞ കല്ലറയിൽ ഒതുങ്ങുന്നതല്ല ഈ സ്നേഹത്തിന്റെ വ്യാപ്തി. യേശുവിന്റെ ഉയിർപ്പ് എന്ന ചരിത്ര സത്യം ചൂണ്ടിക്കാണിക്കുന്നത്, നമുക്കായി യേശു ജീവിച്ച നീതി ജീവിതം, നമുക്കായുള്ള ത്യഗ മരണം, മരണത്തിനുമേൽ ജയം പ്രാപിച്ച മഹത്വത്തിന്റെ ശക്തി എന്നിവയുടെ മേലുള്ള ദൈവത്തിന്റെ അംഗീകാരവും ഉറപ്പുമാണ്. ജീവിക്കുന്ന ദൈവം മരണത്തിന്റെ മണ്ഢലത്തെ തകർത്ത് ഒരു പുതിയ യാഥാർത്ഥ്യം സൃഷ്ടിച്ചിരിക്കുന്നു. പുതുജീവനോടെയുള്ള ഈ യാഥാർഥ്യം മാനസാന്തരപ്പെടുന്ന ഏവരെയും ഇന്ന് പാപത്തിൽ നിന്നും, ദോഷത്തിൽ നിന്നും മരണത്തിൽ നിന്നും വിടുവിക്കുന്നു. ഈസ്റ്ററിന്റെ സുവാർത്ത വിശ്വസിച്ചു പാപത്തിൽ നിന്നും പിൻതിരിയുന്ന ഏവർക്കും ദൈവത്തിന്റെ പാപക്ഷമ ലഭിക്കുന്നു. യേശു ഉയർത്തെഴുന്നേറ്റതിനാൽ ദൈവത്തിന്റെ അളവുകൂടാത്ത സ്നേഹം പരിശുദ്ധാത്മാവിനാൽ അവരുടെ ഹൃദയത്തിലേക്ക് പകരുന്നു. സന്തോഷവും സമാധാനവും പ്രത്യാശയും നിറഞ്ഞ സമൃദ്ധിയായ നിത്യമായ സൗജന്യ ജീവൻ—ക്രിസ്തുവിലെ പുതു ജീവൻ തന്നേ പ്രാപിക്കുകയും ചെയ്യുന്നു.
വീതിയും. . .നീളവും. . .ഉയരവും. . .ആഴവും—ഈ വാക്കുകൾ അർത്ഥ സമ്പുഷ്ടമാണ്. ഈ നാലു വാക്കുകളിൽ അടങ്ങിയിരിക്കുന്ന ദൈവ സ്നേഹത്തിന്റെയും പാപക്ഷമയുടേയും രൂപം ഇങ്ങെനെയാണ്:നക്ഷത്രങ്ങളെ വചനത്താൽ ഉളവാക്കിയ ദൈവം ഒരു ഭ്രൂണമാകുവാനും നമ്മെ അവനിലേക്ക് മടക്കി വരുത്തുവാൻ തക്കവണ്ണം അത് വളർച്ചപ്രാപിച്ച് മനുഷ്യനാകുവാനും തയ്യാറായി. കുരിശിൽ തന്റെ കൈകളെ നിവർത്തുവാൻ തക്കവണ്ണം വിശാലമാണ് ദൈവത്തിന്റെ സ്നേഹം, നാം ചെയ്ത സകല തെറ്റുകളുടേയും ഭാരം നീക്കുവാനായി സ്വയം പാപമാക്കപ്പെടുവാൻ തക്കവണ്ണം വലിയത്: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി” (1 പത്രോസ് 2:24). നമുക്കൊരിക്കലും അറ്റം കാണാൻ സാധിക്കാത്തത്തത്ര നീളമുള്ളതാണ് ദൈവസ്നേഹം—അവൻ നമ്മെ കണ്ടെത്താൻ കഴിയാതെ നമുക്ക് ഓടാൻ ഒരിടവുമില്ല, നാം ചെയ്ത യാതൊരു പ്രവർത്തിയും തനിക്ക് നമ്മെ അപ്രാപ്യമാക്കുന്നില്ല. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഉയരം വിലമതിക്കാവുന്നതിലും എത്രയോ ഉന്നതമാണ്, നമുക്ക് സംഭവിക്കാവുന്ന ഏറ്റുവും നല്ല കാര്യം: “അവിടുത്തെ മഹത്തായ കൃപയ്ക്കും അവിടുത്തെ പുത്രൻ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം. ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു” (എഫെസ്യർ 1:7). യേശുവിലൂടെ ദൈവം നമ്മോട് കാണിച്ച സ്നേഹത്തിന്റെ ആഴം എത്രയോ വലിയതാണ്, നമ്മുടെ തിരഞ്ഞെടുപ്പുകളും തെറ്റുകളും നമ്മെ എത്ര താഴ്ചയിലേക്ക് കൊണ്ടുപോയാലും അതിലും അടിയിലേക്ക് താഴ്ന്ന് നമ്മെ പിടിച്ചുയർത്തി അവനോടു ചേർക്കാൻ ആ സ്നേഹത്തിനു കഴിയും. തകർന്നയിടങ്ങളിൽ നമ്മെ ശക്തരാക്കുവാൻ അവനു കഴിയും, അതിലൂടെ വീണ്ടെടുക്കാൻ സാധ്യമല്ലെന്ന് തോന്നുന്ന ഇടങ്ങളിൽ നിന്നും നന്മയുളവാക്കുവാനും.
എന്റെ സുഹൃത്ത് മാർക്കിനോട് ചെയ്തതു പോലെ. “ദൈവത്തിന്റെ പാപക്ഷമയെ നിങ്ങളെങ്ങനെ കാണുന്നു?” ഒരിക്കൽ ഞാൻ മാർക്കിനോടു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞു, “ഞാൻ അനുഭവിച്ച വേദനയെക്കുറിച്ച് ഞാൻ ദൈവത്തോട് തുറന്നു പറയുകയും അവനോട് പരമാര്‍ത്ഥമായിരിക്കുകയും ചെയ്തപ്പോൾ, എന്റെ വേദനയുടെ നടുവിൽ അവൻ എനിക്ക് ഈ ലോകത്തിലൊന്നുമായും താരതമ്യം ചെയ്യാനാകാത്ത സ്നേഹം കാണിച്ചു. അവൻ ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹമെന്നെ കാണിച്ചു. അതാണ് കുരിശിന്റെ അർഥം.”
വേദപുസ്തകം അതിനെ ഇങ്ങനെ കാണിക്കുന്നു: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” ( 1 യോഹന്നാൻ 1:9). ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, നാം അവനിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ നഷ്‌ടത്തിലും പാപത്തിലും തകർച്ചയിലും അവൻ നമ്മെ തുറന്ന കരങ്ങളാൽ എതിരേൽക്കുകയും ജീവൻ നൽകുകയും ചെയ്യുന്നു.
∼∼∼∼∼∼∼∼∼∼∼∼∼∼∼∼∼∼
നമ്മുടെ വികാരങ്ങൾ ക്ഷണികമാണെങ്കിലും ദൈവത്തിന്റെ
ക്ഷമ സ്ഥായിയാണെന്ന് വേദപുസ്തകം ധൈര്യപ്പെടുത്തുന്നു.
നാം നമ്മുടെ പാപങ്ങളെ അവനോട് ഏറ്റു പറഞ്ഞാൽ അവൻ നമ്മോട് ക്ഷമിക്കും.
ഇത് ആശ്രയിക്കാൻ കഴിയുന്നോരു വാഗ്ദാനമാണ്.
സാറാ എം ഹുപ്പ്
ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം
മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻപ്രകാരം
മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു
1 കൊരിന്ത്യർ 15:3-4
∼∼∼
നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
വചനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ… പൂർണമായി നീക്കപ്പെട്ടു,
ദൈവത്തിന്റെ പുറകിൽ എറിഞ്ഞു,
മായിച്ചു കളഞ്ഞു, ഇനി ഓർക്കയുമില്ല, അത് സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
ജെറി ബ്രിഡ്ജസ്
∼∼∼
യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും
ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു
എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
റോമർ 10:9
∼∼∼
“അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു!”
ലൂക്കോസ് 24:6-7
∼∼∼