ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി:

യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്, ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു.

അവർ അവനോടു: യെഹൂദ്യയിലെ ബേത്‍ലഹേമിൽ തന്നെ:

“യെഹൂദ്യദേശത്തിലെ ബേത്‍ലഹേമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.

രാജാവ് പറഞ്ഞതു കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.

നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു:

ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു.

ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് അവർ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. ~ മത്തായി 2

ക്രിസ്തുമസ് ആഘോഷിക്കുന്ന ഞങ്ങളുടെ ഓസ്‌ട്രേലിയൻ സുഹൃത്തുക്കളുടെ ചിത്രങ്ങൾ എനിക്കിഷ്ടമാണ്. അത്, അവർക്ക് കൂടുതൽ ക്രിയാത്മകമായ അലങ്കാരങ്ങളോ മനോഹരമായ ക്രിസ്തുമസ്ട്രീയോ ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ ക്രിസ്തുമസ്, ബീച്ചിൽ ആഘോഷിക്കുന്നതിനാലാണ്! തെക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങൾ, വേനൽക്കാല മാസങ്ങളിലാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന് വടക്കൻ അർദ്ധഗോളത്തിൽ താമസിക്കുന്ന ആളുകൾക്ക് മനസ്സിലാക്കുവാൻ അത്ര എളുപ്പമല്ല. ക്രിസ്തുമസ്സിന്റെ സമയത്ത് നാം അതല്ല പ്രതീക്ഷിക്കുന്നത്.

വേനൽക്കാല ക്രിസ്തുമസ് ആഘോഷങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ആദ്യത്തെ ക്രിസ്തുമസും അപ്രതീക്ഷിതമായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ്. യേശുവിന്റെ ജനനസമയത്ത്, ഇസ്രായേലിന്റെ കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒരു നക്ഷത്രം കാണുകയും ഇസ്രായേലിന്റെ വാഗ്ദത്ത ഭരണാധികാരി ജനിച്ചതിന്റെ അടയാളമായി അത് തിരിച്ചറിയുകയും ചെയ്തു (മീഖാ 5:2).

അങ്ങനെ ഉന്നതവിദ്യാഭ്യാസമുള്ള ഈ പണ്ഡിതന്മാർ തങ്ങളുടെ വീടുവിട്ടിറങ്ങി, ഇസ്രായേലിൽ എത്തിയശേഷം, ഒരു പുതിയ രാജാവിനെ കണ്ടെത്തുവാൻ അവർ പ്രതീക്ഷിച്ച സ്ഥലത്തേക്ക് പോയി – കൊട്ടാരം. എന്നാൽ യേശു അവിടെ ഉണ്ടായിരുന്നില്ല. തങ്ങൾക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയ അവർ ബെത്‌ലഹേമിലെ ഒരു എളിയ ഭവനത്തിൽ എത്തുന്നതുവരെ നക്ഷത്രത്തിന്റെ മാർഗ്ഗനിർദേശം തുടർന്നു.

അവിടെ വച്ചാണ് അവർ യേശുവിനെ ആദ്യമായി കണ്ടെത്തിയത് (മത്തായി 2:10-11). നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് വെയിലിലാണെങ്കിലും
മഞ്ഞിലാണെങ്കിലും, ക്രിസ്തുമസ് കാലത്ത്, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും, അവനുമായുള്ള ബന്ധം എന്ന ഏറ്റവും അത്ഭുതകരമായ സമ്മാനം വാഗ്ദാനം ചെയ്യുവാനുമായി വളർന്ന ഒരു കുഞ്ഞിന്റെ ജനനം നാം ഓർക്കുന്നു. ജ്ഞാനികളെപ്പോലെ, നാം അവനെ അന്വേഷിക്കുകയും ഈ സമ്മാനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ എല്ലാ പ്രതീക്ഷകൾക്കും അതീതമായ സമാധാനവും സന്തോഷവും നാം കണ്ടെത്തുന്നു.

—ലിസ എം. സമ്ര

യേശുവിന്റെ ജനനത്തിന്റെ മറ്റ് അപ്രതീക്ഷിത വശങ്ങൾ എന്തായിരുന്നു? എങ്ങനെയാണ് യേശു ആളുകളുടെ പ്രതീക്ഷകളെ തകിടം മറിച്ചത്?

യേശുവേ, ഒരു പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത്, ദൈവവുമായി ഞങ്ങൾക്ക് സമാധാനം കൊണ്ടുവരുവാൻ നീ ഭൂമിയിലേക്ക് വന്നതിനായി നന്ദി.