അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്റെ അടുക്കൽ ചെന്നു.

ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്‍ടിയില്ലാത്തവർ എന്നീ വകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറു പേർ ഉണ്ടായിരുന്നു.

അനന്തരം ദാവീദ് അവിടം വിട്ട് മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്‍രാജാവിനോട്: ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാർപ്പാൻ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചു.

അവൻ അവരെ മോവാബ്‍രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുർഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു.

എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: ദുർഗ്ഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു ~1 ശമൂവേൽ 22

കുട്ടിക്കാലത്ത്, ക്രിസ്തുമസ് രാവ് വർഷത്തിലെ ഏറ്റവും ആവേശകരമായ ദിവസങ്ങളിലൊന്നായി ഞാൻ കരുതി. രാവിലെ സമ്മാനങ്ങളും രാത്രി വിരുന്നും പള്ളിയിൽ മെഴുകുതിരി ശുശ്രൂഷയും ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അത് ആവേശകരമാകാൻ കാരണം ആരാണ് അത്താഴത്തിന് ഞങ്ങളുടെ വീട്ടിൽ എത്തുവാൻ പോകുന്നതെന്ന് എനിക്കറിയാത്തതുകൊണ്ടായിരുന്നു. ഏകാന്തരായ അല്ലെങ്കിൽ പോകുവാൻ ഒരിടമില്ലാത്ത ആളുകളെ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുവാൻ ക്ഷണിക്കുന്നത് എന്റെ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നു. പള്ളിയിൽ നിന്നുള്ള ആളുകൾ, അവരുടെ ജോലിസ്ഥലങ്ങളിൽ നിന്നുള്ളവർ, സ്കൂളിൽ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ-അത് എപ്പോഴും വ്യത്യസ്തമായ അതിഥികളായിരുന്നു.

ദാവീദ് ശൗൽ രാജാവിൽ നിന്ന് ഒളിച്ചോടുന്ന സമയത്ത് ചുറ്റും ഉണ്ടായിരിക്കുവാൻ അദ്ദേഹത്തിന് നല്ല സുഹൃത്തുക്കളെ ആവശ്യമായിരുന്നു (1 ശമൂവേൽ 22:1-2). തന്റെ പ്രതിസന്ധിയിൽ അവനെ സഹായിക്കുവാൻ ശരിയായ സമൂഹം ആവശ്യമായിരുന്നു. പകരം, അവൻ കണ്ടെത്തിയത് നൂറുകണക്കിനു കഷ്ടതയിൽ ഇരുന്ന മനുഷ്യരെ ആയിരുന്നു—“ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്‍ടിയില്ലാത്തവർ എന്നീ വകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി” (വാ. 2). എന്നിരുന്നാലും, വൈവിധ്യമാർന്ന ജനക്കൂട്ടത്തിന്റെ നായകനായി ദാവീദ് മാറി, അവർ അവനെ വിശ്വസിച്ചു.

യേശു – ശരിയായ ഉത്തമനായ ദാവീദ് – സമൂഹം തള്ളിക്കളഞ്ഞവരെ തന്റെ ചുറ്റും കൂട്ടിയ വ്യക്തിയാണ്. സുവിശേഷങ്ങളിൽ ഉടനീളം, പലപ്പോഴും രോഗികളും വികലാംഗരും ബഹിഷ്‌കൃതരും പാപികളുമാണ് യേശുവിൽ സ്വാന്തനവും സൗഖ്യവും കണ്ടെത്തുന്നത്. സഭ ഒരുതരം അദുല്ലാം ഗുഹയാണ് (വാ. 1). പലപ്പോഴും ഇത് എല്ലാം തികഞ്ഞ ഒരു സമൂഹമല്ല; മറിച്ച് സ്‌നേഹവാനും സൗഖ്യദായകനുമായ ഒരു നേതാവിനെ ആവശ്യമുള്ള വൈവിധ്യമാർന്ന സമൂഹമാണ്.

—ഗ്ലെൻ പാക്കിയം

യേശു നിങ്ങളുടെ ജീവിതത്തിൽ പ്രതിഷ്ഠിച്ച ആളുകൾ ആരൊക്കെയാണ്? പ്രശ്‌നസമയത്ത് അവർ നിങ്ങൾക്ക് എങ്ങനെ അപ്രതീക്ഷിതമായ സൗഹൃദവും സമാധാനവും പ്രദാനം ചെയ്‌തു?

പ്രിയ യേശുവേ, അങ്ങ് എന്നെ നിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതിനായി നന്ദി. എനിക്ക് ചുറ്റുമുള്ള ആളുകളെ എന്റെ അപ്രതീക്ഷിത സമ്മാനങ്ങളായി തിരിച്ചറിയുവാൻ എന്നെ സഹായിക്കൂ.