അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും

ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ.

എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.

ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ ~കൊലൊസ്സ്യർ 3

നമ്മുടെ പ്രിയപ്പെട്ട ക്രിസ്തുമസ് കരോളിന്റെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ചരണങ്ങൾക്കപ്പുറത്തേക്ക് നാം വിരളമായേ പോകാറുള്ളൂ. പക്ഷേ, ഒരു ക്രിസ്തുമസ് ഗാനത്തിന്റെ ഏഴാം ചരണത്തിൽ ആഴത്തിൽ ഒളിച്ചിരിക്കുന്നത് നമ്മുടെ കാലവുമായി പൊരുത്തപ്പെടുന്ന വരികളാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതിയ “ഓ വരൂ, ഓ ഇമ്മാനുവേലെ വരൂ” എന്ന ഗാനം നമ്മോട് അപേക്ഷിക്കുന്നു:
എല്ലാ ജനതകളുടെയും രാജാവേ, വരൂ, ബന്ധിക്കൂ
എല്ലാ മനുഷ്യരാശിയുടെയും ഹൃദയങ്ങൾ ഒന്നായി.
ഞങ്ങളുടെ എല്ലാ വിഭജനങ്ങളും അവസാനിപ്പിക്കൂ
നീ തന്നെ ഞങ്ങളുടെ സമാധാന രാജാവാകൂ.

നമ്മുടെ ശിഥിലമായ തലമുറയ്ക്ക് ഇതിൽ കൂടുതൽ ഉചിതമായ ഒരു പ്രാർത്ഥന എനിക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്നില്ല പൊതുസംവാദത്തിന്റെയും സ്വകാര്യവിയോജിപ്പിന്റെയും സ്വരം എക്കാലത്തെകളും ഉയർന്ന കോപവും അക്രമവും നിറഞ്ഞതായി തോന്നുന്ന ഈ കാലത്ത്, സമാധാനത്തിന്റെ രാജാവ് വരേണ്ടത് എത്രമാത്രം ആവശ്യമാണ്. നമ്മുടെ സമൂഹങ്ങളിലും പള്ളികളിലും ജോലിസ്ഥലങ്ങളിലും ബന്ധങ്ങളിലും കുടുംബങ്ങളിലും നാം പ്രകടിപ്പിക്കുന്ന “ദുഃഖകരമായ വിഭജനങ്ങൾ,” ക്ഷമിക്കാനും സുഖപ്പെടുത്താനും പുനഃസ്ഥാപിക്കാനും വന്നവന്റെ സഹായത്താൽ മാത്രമേ മറികടക്കുവാൻ കഴിയൂ. ” സമാധാനപ്രഭു ” (യെശയ്യാവ് 9:6) എന്ന് വിളിച്ചുകൊണ്ട് വരാനിരിക്കുന്ന യേശുവിനെ യെശയ്യാവ് മുൻകൂട്ടി കണ്ടതിൽ അതിശയിക്കാനില്ല.

ഇത് പ്രായോഗികമാക്കുവാൻ പൗലോസ് അപ്പോസ്തലൻ നമ്മെ ഉദ്ബോധിപ്പിച്ചു. “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ,” അവൻ എഴുതി. “അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത് ” (കൊലോ. 3:15). ഈ സമാധാനപ്രിയനായ രാജകുമാരനെ നമ്മുടെ ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാൻ നാം അനുവദിക്കുമ്പോൾ, നാം തന്നെ അവന്റെ സമാധാനത്തിന്റെ ഏജന്റുമാരായിത്തീരുന്നു.

– ബിൽ ക്രൗഡർ

എന്റെ ജീവിതത്തിൽ തകർന്ന ബന്ധങ്ങളോ ഭിന്നിപ്പുള്ള പെരുമാറ്റമോ ഞാൻ എവിടെയാണ് കാണുന്നത്? തകർച്ചയിലേക്കുള്ള എന്റെതന്നെ സംഭാവനയ്ക്ക് ഞാൻ ആരോടാണ് ക്ഷമ ചോദിക്കേണ്ടത്? മറ്റുള്ളവരുമായി അനുരഞ്ജനം തേടുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?

പിതാവേ, ഞങ്ങളെ രക്ഷിക്കുവാൻ സമാധാനപ്രഭുവിനെ അയച്ചതിനായി നന്ദി. ഞങ്ങളുടെ ഹൃദയങ്ങളിൽ മാത്രമല്ല, ഞങ്ങളുടെ ബന്ധങ്ങളിലും അവിടുത്തെ സമാധാനം അനുഭവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. സമാധാനപ്രേമികളാകുവാൻ ഞങ്ങളെ പ്രാപ്തരാക്കുക – അവന്റെ സമാധാനം പരത്തുന്ന സ്നേഹത്തിന്റെ ഏജന്റുമാർ.