വായിക്കുക: 1 ശമുവേൽ 24:1-22

ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 29:8)

“നിങ്ങളുടെ ദേഷ്യം എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ നിസ്സഹായനാണ്. നിങ്ങളുടെ ആയുധം എടുക്കുക! നിങ്ങളുടെ എല്ലാ വിദ്വേഷവും കൊണ്ട് എന്നെ അടിക്കുക, ഇരുട്ടിലേക്കുള്ള നിങ്ങളുടെ യാത്ര പൂർത്തിയാകും!”

സ്റ്റാർ വാർസ്: റിട്ടേൺ ഓഫ് ദി ജെഡിയിൽ ചക്രവർത്തിയുടെ വേഷം ചെയ്തപ്പോൾ സ്‌കോട്ടിഷ് നടൻ ഇയാൻ മക്‌ഡിയാർമിഡ് ഈ ഭീകരമായ വാക്കുകൾ പറഞ്ഞു. അവിസ്മരണീയമായ ഈ രംഗത്തിൽ, തിന്മയുടെ ഇരുണ്ട വശത്തേക്ക് തന്നോടൊപ്പം ചേരാൻ സിനിമയുടെ നായകനായ ലൂക്ക് സ്കൈവാക്കറെ വശീകരിക്കാൻ ചക്രവർത്തി നിഷ്ഫലമായി ശ്രമിച്ചു. എന്നാൽ ലൂക്കിനെ ദുഷ്ടനാക്കാൻ കോപം മാത്രം മതിയായിരുന്നില്ല. ആ പ്രവൃത്തി ചെയ്യുംവിധം ക്രോധം തന്നെ സ്വാധീനിക്കാൻ അനുവദിച്ചപ്പോഴാണ് അത് സംഭവിച്ചത്.

ദാവീദിന് ശൗലിന്റെ കൊല്ലാനുള്ള ക്രോധത്തോട് എതിർക്കുവാനും, കോപത്തോടെ പ്രതികാരം ചെയ്യുവാനും കഴിയുമായിരുന്നു (1 ശമുവേൽ 23:15). തന്നെ കൊല്ലാൻ ശ്രമിച്ച രാജാവിനെ ദാവീദിന് കൊല്ലാമായിരുന്നു (24:4). എന്നാൽ അവൻ ശൗലിനെ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചു, അവനെ ദ്രോഹിക്കാൻ സ്വന്തം കൈകൾ ഉപയോഗിക്കാൻ തയ്യാറായില്ല (വാ. 10). നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം, യേശു ദേവാലയ പരിസരം ദുരുപയോഗം ചെയ്യുന്നവരെ പുറത്താക്കാൻ ചാട്ടവാറുപയോഗിക്കുകയും മേശകൾ മറിച്ചിടുകയും ചെയ്തുകൊണ്ട് ദൈവികവും, നീതിയുക്തവുമായ കോപം പ്രകടിപ്പിച്ചു. (മത്തായി 21:12-13; യോഹന്നാൻ 2:13-22). യേശുവിനെ ഭരിച്ചത് കോപമല്ല; അവൻ തന്റെ വിശുദ്ധവും ദോഷമറ്റതുമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു. കോപം മോശമാകാം (ലൂക്ക് സ്കൈവാക്കറിന്റേത് പോലെ), അല്ലെങ്കിൽ നല്ലതുമാകാം (ക്രിസ്തുവിൻ്റേത് പോലെ).

ആരുടെയെങ്കിലും കോപം നേരിടുന്നത് സുഖകരമല്ല, പ്രത്യേകിച്ച് ദൈവത്തിന്റെ നീതിയുള്ള കോപം. എന്നിരുന്നാലും, കോപം അതിൽത്തന്നെ പാപമല്ലെന്ന് അറിയുന്നത് ആശ്വാസകരമായിരിക്കും. എന്നാൽ, നമ്മുടെ കോപം മൂലം നാം വെറുപ്പോടെ പെരുമാറുമോ, ഇല്ലയോ എന്നതാണ് പ്രധാനം.

ഇന്ന്, നമ്മുടെ ജീവിതത്തിൽ ആരെങ്കിലുമോ എന്തെങ്കിലുമോ ഒക്കെ നമുക്ക് പ്രകോപനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ നമുക്ക് ദൈവശക്തിയാൽ ഈ വചനസത്യം പ്രാവർത്തികമാക്കാം: “ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു” (സദൃശവാക്യങ്ങൾ 29:8). സ്നേഹം, ദീർഘക്ഷമ, ഇന്ദ്രിയജയം എന്നിവ കൂടുതലായി നമുക്ക് ഉണ്ടാകുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കാം (ഗലാത്യർ 5:22-24).

—ആൻഡി റോജേഴ്സ്

ചെയ്യാം

മത്തായി 5:21-25, യോഹന്നാൻ 2:13-22 എന്നിവ വായിക്കുക. കോപത്തെക്കുറിച്ചും, താൻ നീതിപൂർവ്വം കോപാകുലനായതിന്റെ കാരണങ്ങളെക്കുറിച്ചും യേശു വെളിപ്പെടുത്തുന്നത് മനസ്സിലാക്കുക.

ചിന്തിക്കാം

നിങ്ങൾ ആരോടെങ്കിലും ക്രോധം പ്രകടിപ്പിച്ചപ്പോളോ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ശകാരിച്ചപ്പോളോ, നിങ്ങളുടെ പ്രതികരണം ഉചിതമായിരുന്നോ? ആ അനുഭവത്തിൽ നിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും?