വായിക്കുക: എഫെസ്യർ 4:17-29
നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ (സങ്കീർത്തനങ്ങൾ 4:4).
“റോഡിൽ ദേഷ്യപ്പെട്ട് ഒരാളെ ഉപദ്രവിച്ചതായി പാസ്റ്റർക്കെതിരെ ആരോപണം” എന്ന തലക്കെട്ട് വായിച്ചപ്പോൾ ഞാൻ ഉടനെ ചിന്തിച്ചു, “യേശുവിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ, എന്തുകൊണ്ടാണ് പാസ്റ്റർ കൂടുതൽ ക്ഷമ കാണിക്കാതിരുന്നത്? പ്രകോപിതനായപ്പോൾ എന്തുകൊണ്ടാണ് ആത്മനിയന്ത്രണം കാണിക്കാതിരുന്നത്?” എന്നാൽ, ഞാനും അത്തരം തെറ്റുകൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. “ഒന്ന് തണുക്ക്, ഡാഡീ,” എന്ന് ഞാൻ വാഹനമോടിക്കുമ്പോൾ പലപ്പോഴും എന്റെ മകൾക്ക് പറയേണ്ടി വന്നിട്ടുണ്ട്.
റോഡിലുള്ള ദേഷ്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു: യഥാർത്ഥ ക്രിസ്തീയ വിശ്വാസികൾക്ക് ദേഷ്യപ്പെടാൻ കഴിയുമോ? കോപം പാപമാണോ?
അവിശ്വാസികളെപ്പോലെ ജീവിക്കരുതെന്ന് എഫെസ്യ വിശ്വാസികളോട് പറഞ്ഞതിന് ശേഷം (എഫേസ്യർ 4:17), കോപനിയന്ത്രണത്തെക്കുറിച്ച് പൗലോസ് സമയോചിതമായ ചില ഉപദേശങ്ങൾ നൽകുന്നു. കോപം അതിൽത്തന്നെ പാപമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ അത് പാപത്തിലേക്ക് നയിച്ചേക്കാം. കോപിക്കാനും അതേസമയം പാപം ചെയ്യാതിരിക്കാനും കഴിയുന്ന വ്യക്തി ദൈവം മാത്രമായതിനാൽ നാം പ്രകോപിതരാകുമ്പോൾ പാപം ചെയ്ത് പോകാനുള്ള നമ്മുടെ പ്രവണതയെക്കുറിച്ച് പൗലോസ് മുന്നറിയിപ്പ് നൽകുന്നു (വാ. 26). നമ്മുടെ ഉള്ളിൽ കോപം കത്തിപ്പടരാൻ അനുവദിക്കുന്നത് തീക്കളിയാണ്. കോപം നമ്മെ നിയന്ത്രിക്കാൻ അനുവദിക്കുമ്പോൾ, നാം തിന്മക്കായി സാത്താന് വാതിൽ തുറന്നു കൊടുക്കുന്നു (വാ. 27). കോപത്തെ നല്ലതോ ചീത്തയോ എന്ന് പൗലോസ് വേർതിരിക്കുന്നില്ല. നാം കോപിക്കുമ്പോൾ, പാപം ചെയ്യാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ലളിതമായി പ്രസ്താവിക്കുന്നു.
കോപം നിയന്ത്രിക്കാത്ത ഒരു വ്യക്തിയുടെ ഉത്തമ ഉദാഹരണമാണ് കയീൻ (ഉല്പത്തി 4:3-8). അവൻ തെറ്റായ കാരണം കൊണ്ട് ദൈവത്തോട് കോപിച്ചു (വാ. 3-5). തന്റെ കോപം അടക്കിനിർത്താനും അതിനെ കീഴ്പ്പെടുത്താനും അല്ലെങ്കിൽ അത് അവനെ നിയന്ത്രിച്ച് പാപം ചെയ്യിക്കും എന്നും ദൈവം കയീന് മുന്നറിയിപ്പ് നൽകി (വാ. 7). എന്നാൽ കയീൻ തന്റെ കോപത്തെ തണുപ്പിക്കുവാൻ മെനക്കെടാതെ തന്റെ സഹോദരനെ കൊലപ്പെടുത്തി (വാ. 8).
അനിയന്ത്രിതമായ കോപം മൂലം ഉണ്ടാകുന്ന തിന്മ എത്ര വലുതാണെന്ന് തിരിച്ചറിയുക. തിന്മയിലേക്ക് നയിക്കുന്ന കോപവും ക്രോധവും ഒഴിവാക്കുവാൻ പരിശുദ്ധാത്മാവിന്റെ സഹായം തേടുക (സങ്കീർത്തനം 37:8). കോപം വന്ന് വിളിക്കുുമ്പോൾ ദൈവത്തിന്റെ ശക്തിയിലും ഉപദേശത്തിലും ആശ്രയിക്കാം!
—കെ.ടി.സിം
ചെയ്യാം
കോപത്തെക്കുറിച്ചും പാപത്തെക്കുറിച്ചും യേശു എന്താണ് പറഞ്ഞതെന്ന് കാണാൻ മത്തായി 5:21-22 വായിക്കുക.
ചിന്തിക്കാം
നിങ്ങളെ പ്രകോപിപ്പിച്ച ഒരാളെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ എന്താണ് ചെയ്യേണ്ടിയിരുന്നത്? അല്ലെങ്കിൽ, നിങ്ങളുടെ കോപത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? മനസ്സ് ശാന്തമാക്കുവാനും ശരിയായ കാര്യങ്ങൾ ചെയ്യാനും പരിശുദ്ധാത്മാവ് നിങ്ങൾക്ക് എങ്ങനെ ശക്തി നൽകും?
|
|
|