അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.

അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽതന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.

ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.

വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്‍ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.

“റാമായിൽ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”

എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.

എന്നാൽ ഹെരോദാവ് കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽവച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി:

ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.

അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു ~മത്തായി 2

ഇർവിംഗ് ബെർലിനെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് സന്തോഷമല്ല, സങ്കടമായിരുന്നു. 1928-ലെ ക്രിസ്തുമസ് ദിനത്തിൽ “വൈറ്റ് ക്രിസ്തുമസ്” എന്ന ഗാനത്തിന്റെ രചയിതാവിന് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. കഴിഞ്ഞനാളുകളിലെ അവധിക്കാലത്തെ സന്തോഷങ്ങൾക്കായി കൊതിക്കുന്ന അദ്ദേഹത്തിന്റെ തീവ്രമായ ഗാനം, രണ്ടാം ലോകമഹായുദ്ധസമയത്ത് വൻജനപ്രീതി നേടി, നാട്ടിൽ ക്രിസ്തുമസ് സ്വപ്നം കാണുന്ന വിദേശ സൈനികർക്കിടയിൽ അത് പ്രതിധ്വനികൾ സൃഷ്ടിച്ചു.

ക്രിസ്തുമസ് കഥയുടെ നിർണായക വിഷയങ്ങളാണ് സ്വപ്നങ്ങളും സങ്കടങ്ങളും. അക്ഷരാർത്ഥത്തിൽ ഒരു സ്വപ്നത്തിൽ, ഒരു ദൂതൻ യേശുവിന്റെ അത്ഭുതകരമായ ജനനത്തെ ജോസഫിന് വിശദീകരിച്ചു കൊടുത്തു (മത്തായി 1:20). മറ്റൊരു സ്വപ്നം കൊലപാതകിയായ ഹെരോദാവിനെ ഒഴിവാക്കുവാൻ വിദ്വാന്മാർക്ക് മുന്നറിയിപ്പ് നൽകി (2:12). കുഞ്ഞായ യേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്യുവാൻ ഒരു ദൂതൻ ജോസഫിനോട് സ്വപ്നത്തിൽ പറഞ്ഞു (വാക്യം 13).

ക്രിസ്തുമസ്സിന്റെ സ്വപ്നങ്ങളെ നാം സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും, ചിലപ്പോൾ സങ്കടം ഒരു പരുഷമായ അതിഥിയെപ്പോലെ കടന്നുവരുന്നു. റാഹേൽ മക്കളെച്ചൊല്ലി കരയുന്നു (വാക്യം 18). ആ ആദ്യ ക്രിസ്തുമസ്സിന് ശേഷം തന്നെ ഒരു ഭ്രാന്തൻ രാജാവ് നിസ്സഹായരായ കുട്ടികളെ കൊല്ലുന്നു (വാ. 16). മത്തായിയുടെ സുവിശേഷത്തിൽ, ഇസ്രായേലിലെ ഒരു മാതാവായ റാഹേൽ, ഒരു ജനതയുടെ ആശ്വാസമില്ലാത്ത ദുഃഖത്തെ പ്രതിനിധീകരിക്കുന്നു.കഥയിൽ നിന്ന് നീക്കം ചെയ്യുവാൻ നാം കൊതിക്കുന്ന ഒരു രംഗമാണിത്. എല്ലാ കഥകളിലും ഏറ്റവും മഹത്തായ ഈ കഥയിൽ, എന്തിനാണ് ഇത്ര വലിയ സങ്കടം ഉൾപ്പെട്ടിരിക്കുന്നത്?

ആ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം യേശു തന്നെയാണ്. ബെത്‌ലഹേം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞ്, നമുക്കെല്ലാവർക്കും വേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുകൊണ്ട് അത്തരം എല്ലാ ദുരന്തങ്ങളെയും, മരണത്തെയും പോലും കീഴടക്കി വളർന്നു. മറ്റൊരു ക്രിസ്തുമസ് കരോൾ അവനെക്കുറിച്ച് പറയുന്നതുപോലെ: എല്ലാ വർഷങ്ങളിലെയും, പ്രതീക്ഷകളും ഭയങ്ങളും ഇന്ന് രാത്രി അങ്ങയിൽ സംഗമിക്കുന്നു.

– ടിം ഗസ്റ്റാഫ്സൺ

ഏതൊക്കെ ക്രിസ്തുമസ് ഗാനങ്ങളാണ് നിങ്ങളോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്, എന്തുകൊണ്ട്? ഈ ക്രിസ്തുമസ്, നിങ്ങൾ ആനന്ദങ്ങൾ ആഘോഷിക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടങ്ങളെ എങ്ങനെ അംഗീകരിക്കാനാകും?

സ്വർഗ്ഗസ്ഥനായ പിതാവേ, ക്രിസ്തുമസ് പലപ്പോഴും ദുഃഖത്തിൽ പൊതിഞ്ഞതായി ഞങ്ങൾ കണ്ടെത്തുന്നു. ഈ ക്രിസ്തുമസ്, ഇതുവരെ ഞങ്ങൾ അറിഞ്ഞിട്ടില്ലാത്ത വിധത്തിൽ ഞങ്ങളിൽ യാഥാർത്ഥ്യമാകട്ടെ.