നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. സങ്കീർത്തനങ്ങൾ 63:3

എന്റെ മകൻ സേവ്യർ വർഷങ്ങളായി കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളും മുത്തശ്ശി അവന് അയച്ചുകൊടുത്ത പൊരുത്തമില്ലാത്ത വർണ്ണഗോളങ്ങളും കാണുമ്പോൾ, ഞങ്ങളുടെ ക്രിസ്തുമസ് ട്രീ അലങ്കാരങ്ങളിൽ ഞാൻ തൃപ്തനാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. ആ ഓരോ അലങ്കാരങ്ങളും കാഴ്ചവയ്ക്കുന്ന സർഗ്ഗാത്മകതയെയും ഓർമ്മകളെയും ഞാൻ വിലമതിക്കുന്നു. എന്നാൽ, റീട്ടെയിൽ സ്റ്റോറുകളുടെ തിളങ്ങുന്ന ക്രിസ്തുമസ് വസ്തുകളുടെ പ്രദർശനം, പൊരുത്തമാർന്ന മനോഹരമായ ബൾബുകൾ, തിളങ്ങുന്ന ഓർബുകൾ, സാറ്റിൻ റിബണുകൾ എന്നിവയാൽ അലങ്കരിച്ച ഒരു മരം വാങ്ങിക്കുവാൻ എന്നെ ആകർഷിച്ചതെന്ത്?

ഞങ്ങളുടെ വിനീതമായ ക്രിസ്തുമസ് അലങ്കാരങ്ങളിൽ നിന്ന് ഞാൻ മുഖം തിരിച്ചപ്പോൾ, ഒരു ചുവന്ന ഹൃദയാകൃതിയിലുള്ള ആഭരണവും അതിൽ ലളിതമായി എഴുതിയിരിക്കുന്ന ഒരു വാചകവും എന്റെ കണ്ണിൽപ്പെട്ടു-യേശു, എന്റെ രക്ഷകൻ. ക്രിസ്തുമസ് ആഘോഷിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം എനിക്കും എന്റെ കുടുംബത്തിനും ക്രിസ്തുവിലുള്ള പ്രതീക്ഷ ആണെന്ന് ഞാൻ എങ്ങനെ മറക്കും? ഞങ്ങളുടെ ലളിതമായ ക്രിസ്തുമസ് ട്രീ, കടകളുടെ മുൻപിലെ അലങ്കരിച്ച മരങ്ങൾ പോലെയൊന്നും ആയിരുന്നില്ല, എന്നാൽ അതിലെ ഓരോ അലങ്കാരത്തിനും പിന്നിലെ സ്നേഹം അതിനെ മനോഹരമാക്കി.

ഞങ്ങളുടെ എളിയ വൃക്ഷം പോലെ, മിശിഹാ ലോകത്തിന്റെ പ്രതീക്ഷകൾ ഒരു തരത്തിലും നിറവേറ്റിയില്ല (യെശയ്യാവ് 53:2). യേശു “നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും” ഇരുന്നു (വാക്യം 3). എങ്കിലും, സ്‌നേഹത്തിന്റെ അതിശയകരമായ പ്രകടനം പോലെ “അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർക്കപ്പെടാനും” എൽപ്പിച്ച് കൊടുത്തു (വാ. 5). നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി (വാക്യം 5). അതിലും മനോഹരമായ മറ്റൊന്നില്ല.

ഞങ്ങളുടെ അപൂർണ്ണമായ അലങ്കാരങ്ങൾക്കായും നമ്മുടെ പരിപൂർണ്ണനായ രക്ഷകനായും ഉള്ള പുതുക്കിയ നന്ദിയോടെ, ഞാൻ തിളക്കങ്ങൾക്കായി വാഞ്‌ഛിക്കുന്നത് നിർത്തി; അവന്റെ മഹത്തായ സ്‌നേഹത്തിനായി ദൈവത്തെ സ്തുതിച്ചു. തിളങ്ങുന്ന അലങ്കാരങ്ങൾ ഒരിക്കലും യേശുവിന്റെ ത്യാഗപരമായ ദാനത്തിന്റെ സൗന്ദര്യവുമായി പൊരുത്തപ്പെടുന്നില്ല. സൊക്സിഥെൽ ഡിക്സൺ

യേശുവിനെ സ്തുതിക്കുന്നത് നിങ്ങളുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമാക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അവന്റെ കുരിശിലെ യാഗം നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്?

സ്നേഹമുള്ള ദൈവമേ, അങ്ങയുടെ ത്യാഗത്തിന്റെ വ്യാപ്തിയിൽ പ്രതിഫലിക്കുന്ന മനോഹരമായ സ്നേഹം കാണാൻ എന്നെ സഹായിക്കൂ.

യെശയ്യാ 53:1–9

1 ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? 2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളയ്ക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. 3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. 4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. 6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. 7 തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതിരുന്നു. 8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു? 9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചന ഒന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടെ ആയിരുന്നു.