banner image

അവർക്കു പാപമോചനവും… ലഭിക്കേണ്ടതിന് അവരുടെ കണ്ണു തുറപ്പാനും… ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു…
പ്രവൃത്തികൾ 26:17-18

പുതിയ നിയമത്തിലെല്ലാം വച്ച്, യേശു ക്രിസ്തുവിൻ്റെ ഒരു ശിഷ്യൻ്റെ സന്ദേശത്തിൻ്റെ യഥാർത്ഥ സത്തയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വാക്യം.

ദൈവത്തിൻ്റെ ആദ്യത്തെ പരമാധികാര കൃപാപ്രവൃത്തി, “അവർക്കു പാപമോചനവും… ലഭിക്കേണ്ടതിന്” എന്ന വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്നു. ഒരു വ്യക്തി തൻ്റെ വ്യക്തിപരമായ ക്രിസ്തീയ ജീവിതത്തിൽ പരാജയപ്പെടുമ്പോൾ, അത് സാധാരണയായി അവന് ഒന്നും ലഭിച്ചിട്ടില്ലാത്തതു കൊണ്ടാണ്. ഒരു വ്യക്തി രക്ഷിക്കപ്പെട്ടു എന്നതിൻ്റെ ഒരേയൊരു അടയാളം അവൻ യേശുക്രിസ്തുവിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്നതാണ്. ദൈവത്തിനു വേണ്ടി വേല ചെയ്യുന്നവർ എന്ന നിലയിൽ നമ്മുടെ ജോലി മനുഷ്യരുടെ കണ്ണുകൾ തുറക്കുക എന്നതാണ്, അങ്ങനെ അവർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് സ്വയം തിരിയുന്നു. എന്നാൽ അത് രക്ഷയല്ല; പരിവർത്തനമാണ്- ഉണർത്തപ്പെട്ട ഒരു മനുഷ്യൻ്റെ പരിശ്രമം മാത്രം. ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ഇതുപോലെയാണെന്ന് പറയുന്നത് വളരെ വിശാലമായ ഒരു പ്രസ്താവനയാണെന്ന് ഞാൻ കരുതുന്നില്ല. അവരുടെ കണ്ണുകൾ തുറന്നിരിക്കുന്നു, പക്ഷേ അവർക്ക് ഒന്നും ലഭിച്ചിട്ടില്ല. പരിവർത്തനം പുനരുജ്ജീവനമല്ല. ഇന്നത്തെ നമ്മുടെ പ്രബോധനങ്ങളിൽ അവഗണിക്കപ്പെടുന്ന ഒരു വസ്തുതയാണിത്. ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ, അത് സർവ്വശക്തനായ ദൈവത്തിൽ നിന്ന് എന്തെങ്കിലും ദാനമായി ലഭിച്ചതുകൊണ്ടാണെന്നും സ്വന്തം തീരുമാനം കൊണ്ടല്ലെന്നും അവനറിയാം. ആളുകൾ നേർച്ചകളും വാഗ്ദാനങ്ങളും ചെയ്തേക്കാം, അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്തേക്കാം, എന്നാൽ ഇതൊന്നും രക്ഷയല്ല. രക്ഷയെന്നാൽ, യേശുക്രിസ്തുവിൻ്റെ അധികാരത്തിൽ ദൈവത്തിൽ നിന്ന് എന്തെങ്കിലും – അതായത് പാപമോചനം – സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് നാം കൊണ്ടുവരപ്പെടുന്നതാണ്.

ഇതിനെ തുടർന്നാണ് ദൈവത്തിൻ്റെ രണ്ടാമത്തെ മഹത്തായ കൃപാപ്രവൃത്തി: “ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശം.” വിശുദ്ധീകരണത്തിൽ, വീണ്ടും ജനിച്ചവൻ മനഃപൂർവം തനിക്ക് തന്നോടുള്ള അവകാശം ഉപേക്ഷിച്ച് യേശുക്രിസ്തുവിന് നൽകുകയും പൂർണമായും മറ്റുള്ളവരോടുള്ള ദൈവത്തിൻ്റെ ശുശ്രൂഷയിൽ സ്വയം തിരിച്ചറിയുകയും ചെയ്യുന്നു.