ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു. 1 ശമൂവേൽ 13:14
“അയ്യോ… ഞാനിനി പൂർണനല്ല.” ഞാൻ ഉള്ളിൽ ഞരങ്ങി. വീട്ടിൽ 42 ഇഞ്ച് ടെലിവിഷൻ സ്ഥാപിച്ചപ്പോഴാണ് ഈ തിരിച്ചറിവ് എനിക്കുണ്ടായത്. നിറം നന്നായിരിക്കുന്നു, ശബ്ദവും തികഞ്ഞതായിരുന്നു പക്ഷേ സബ്ടൈറ്റിലിന് എന്ത് പറ്റി? എന്തുകൊണ്ടാണത് ഇത്രക്ക് മങ്ങിയിരിക്കുന്നത്? എനിക്കെന്റെ സാധാരണ കാഴ്ച നഷ്ടപ്പെട്ടു! എന്റെ ഇടതുകണ്ണിന്റെ കാഴ്ച കുറച്ചു കുറവാണെന്ന് എന്റെ ഡോക്ടർ എന്നെ അറിയിച്ചു.
അപ്പോഴാണെനിക്കാ തിരിച്ചറിവ് ഉണ്ടായത്, ചില കാര്യങ്ങൾ തീരെ ചെറുതായി മാറുമ്പോൾ നാമത് ശ്രദ്ധിക്കാറില്ല. കാരണം അത് കൈകാര്യം ചെയ്യുന്നതിനേക്കാൾ വെറുതെ വിടുന്നതാണ് കൂടുതൽ സൗകര്യപ്രദം. എന്നിരുന്നാലും, ഈ മനോഭാവം, പാപത്തെ നാം കൈകാര്യം ചെയ്യുന്ന രീതിയിലേക്കും വ്യാപിപ്പിച്ചാൽ അത് വിനാശകരമായിരിക്കും. ശൗൽ ഒരു ഉത്തമ ഉദാഹരണമാണ്.
നാം ശരിക്കും നമ്മോടുതന്നെ സത്യസന്ധരാണെങ്കിൽ ശൗലിന്റെ പ്രവർത്തികൾ അത്ര മോശമാണെന്ന് തോന്നുന്നില്ലെന്ന് നാം സമ്മതിക്കും (1 ശമുവേൽ 10:8, 13.9). പുറമേ നോക്കിയാൽ ശമുവേൽ എത്താൻ വൈകിയതായും ആരെങ്കിലും ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ശൗലിന്റേയും രാജ്യത്തിന്റേയും നിൽനില്പ് തന്നെ അപകടത്തിലേകുമായിരുന്നു എന്നും തോന്നാം (1 ശമുവേൽ 13:8). അതു ചെയ്യാൻ പ്രാപ്തനായ ആൾ ശൗൽ തന്നെയായിരുന്നു.
അയാൾ ഹോമയാഗം കഴിച്ചതിൽ ഇത്ര തെറ്റെന്താണ്? (1 ശമുവേൽ 13:10-11). ശൗൽ തന്റേതല്ലാത്ത ഒരു ജോലി സ്വയം ഏറ്റെടുത്തു. താൻ യാഗം അർപ്പിച്ചത് ദൈവത്തോട് നേരിട്ടുള്ള അനുസരണക്കേടാണ്. (1 ശമുവേൽ 13:13). ദൈവത്തിന്റെ സമയത്തിനു കാത്ത് നിൽക്കുന്നതിനു പകരം ശൗൽ ഒരു പുരോഹിതന്റെ കർത്തവ്യത്തെ അതിലംഘിക്കുകയാണ് ചെയ്തത് (ലേവ്യ 6:8-13).
ശൗലിന്റെ വീക്ഷണത്തിലെ പിഴവുകളെ ഈ സന്ദർഭം വ്യക്തമാക്കുന്നു. തന്റെ ദൃഷ്ടി ദൈവത്തെ അനുസരിക്കുന്നതിൽ പൂർണമായും ഉറപ്പിച്ചിരുന്നില്ല. അതിനായി അവൻ എന്തെങ്കിലും ചെയ്തോ? ഇല്ല. 1 ശമുവേൽ 15ൽ നാം മറ്റൊരു യുദ്ധത്തേക്കുറിച്ചും അനുസരണക്കേടിന്റെ മറ്റൊരു പ്രവൃത്തിയേക്കുറിച്ചും വായിക്കുന്നു. ഒരിക്കൽക്കൂടി ശൗൽ ഭക്തിയെ മറയായി ഉപയോഗിച്ചു (1 ശമുവേൽ 15:20). പക്ഷേ ദൈവത്തിന്റെ വക്താവായ ശമുവേൽ പറഞ്ഞു “നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു” (1 ശമുവേൽ 15:26).
ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതിൽ അല്പം കുറവുള്ളവരാകുക എന്നൊരു കാര്യം തന്നെയില്ല. നമുക്കിന്ന് അവന്റെ വിശുദ്ധിയെ പിന്തുടരാം.
ചിന്തയ്ക്കായിട്ടുള്ളത്
ദൈവത്തിന്റെ തികഞ്ഞ ധാർമിക നിലവാരവുമായി നിങ്ങളുടെ ജീവിതത്തിലെ ഏതൊക്കെ മേഖലകളാണ് യോജിക്കേണ്ടിയിരിക്കുന്നത്? അവനെക്കുറിച്ചുള്ള വ്യക്തമായ ദർശനം നിങ്ങൾക്ക് എങ്ങനെ നിലനിർത്താനാകും?
|
|
|