banner image

ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. 2 കൊരിന്ത്യർ 12:15

“ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നതിനാൽ” യേശുക്രിസ്തുവിന് മറ്റുള്ളവരുടെ ജീവിതത്തിൽ ഉള്ള താല്പര്യങ്ങളും ഉദ്ദേശ്യങ്ങളും നമ്മുടേതുമാകാൻ നാം ബോധപൂർവം പരിശ്രമിക്കണം (റോമർ 5:5). യേശുവിന് ഓരോ വ്യക്തിയുടെ ജീവിതത്തിലും താല്പര്യമുണ്ട്. ക്രിസ്തീയ ശുശ്രൂഷയിൽ നമ്മുടെ സ്വന്ത താല്പര്യത്തിലും ആഗ്രഹത്തിലും പ്രവർത്തിക്കാൻ നമുക്ക് അവകാശമില്ല. യഥാർത്ഥത്തിൽ, നമുക്ക് യേശുക്രിസ്തുവിനോടുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ പരിശോധനകളിൽ ഒന്ന് ഇതാണ്. ത്യാഗത്തിലെ ആനന്ദം ഞാൻ എന്റെ ജീവൻ എന്റെ സ്നേഹിതനായ യേശുവിനു വേണ്ടി നല്കുന്നതാണ്. (യോഹന്നാൻ 15:13 കാണുക). ഞാൻ എന്റെ ജീവനെ വലിച്ചെറിയുന്നതല്ല, ബോധപൂർവ്വം അതിനെ യേശുവിനും അവന്റെ മറ്റുള്ളവരിലുള്ള താല്പര്യത്തിനും വേണ്ടി സമർപ്പിക്കുന്നതാണ്. അത് എന്റേതായ ഏതെങ്കിലും താല്പര്യത്താലോ കാരണത്താലോ അല്ല. പൗലൊസ് തന്റെ ജീവനെ ചെലവഴിച്ചത് ഒരേയൊരു ഉദ്ദേശ്യത്തിലാണ് – ആളുകളെ യേശുക്രിസ്തുവിനായി നേടുന്നതിനായി. പൗലൊസ് എപ്പോഴും കർത്താവിലേക്കാണ് ആളുകളെ ആകർഷിച്ചത്, തന്നിലേക്കല്ല. അവൻ പറഞ്ഞു, “ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു” (1 കൊരിന്ത്യർ 9:22).

വിശുദ്ധജീവിതം നയിക്കുന്നതിന് എപ്പോഴും ദൈവത്തോടുകൂടെ ഏകാന്ത ജീവിതം നയിക്കണം എന്ന് കരുതുന്ന ഒരാൾ മറ്റുള്ളവർക്ക് ഒരു പ്രയോജനവും ആകില്ല. ഇത് തന്നെത്തന്നെ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിട്ട് സമൂഹത്തിൽ നിന്ന് സ്വയം ഒറ്റപ്പെടുന്നതു പോലെയാണ്. പൗലൊസ് ഒരു വിശുദ്ധനായിരുന്നു, എന്നാൽ താൻ പോയ ഇടങ്ങളിലെല്ലാം യേശുക്രിസ്തുവിനെ തന്റെ ജീവിതത്തിലൂടെ ഇടപെടാൻ അനുവദിച്ചിരുന്നു. നമ്മിൽ അനേകരും സ്വന്ത ലക്ഷ്യങ്ങളിൽ താല്പര്യമുള്ളവരായതിനാൽ യേശുവിന് നമ്മുടെ ജീവിതത്തിലൂടെ പ്രവർത്തിക്കാൻ കഴിയുന്നില്ല. എന്നാൽ നാം സമ്പൂർണ്ണമായി യേശുവിന് സമർപ്പിച്ചവരാണെങ്കിൽ, നമുക്ക് ശുശ്രൂഷയിൽ സ്വന്തമായ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടാകുകയില്ല. എങ്ങനെയാണ് യാതൊരു നീരസവും കൂടാതെ ഒരു “ചവിട്ടി” ആയിരിക്കാൻ കഴിയുന്നത് എന്ന് തനിക്ക് അറിയാമെന്ന് പൗലൊസ് പറഞ്ഞു; കാരണം, തന്റെ ജീവിതത്തിന്റെ പ്രചോദനം യേശുവിനോടുള്ള ആരാധനയായിരുന്നു. യേശുക്രിസ്തുവിനേക്കാൾ മറ്റ് കാര്യങ്ങളോട് കൂടുതൽ പ്രതിപത്തിയുള്ളവരായിരിക്കാൻ നമുക്ക് പ്രലോഭനം ഉണ്ടാകാം; അവനോടുള്ള സമ്പൂർണ്ണ സമർപ്പണത്തിന് പകരം കൂടുതൽ ആത്മീയ സ്വാതന്ത്ര്യം തേടാൻ. സ്വാതന്ത്ര്യം എന്നത് പൗലൊസിൻ്റെ ലക്ഷ്യമേ ആയിരുന്നില്ല. സത്യത്തിൽ അവൻ പറഞ്ഞത്, “എൻ്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നെ ക്രിസ്തുവിനോടു വേർവിട്ട് ശാപഗ്രസ്തനാകുവാൻ ഞാൻ ആഗ്രഹിക്കുന്നു” (റോമർ 9:3) എന്നാണ്. പൗലൊസിൻ്റെ സുബോധം നഷ്ടപ്പെട്ടോ? ഒരിക്കലുമില്ല! സ്നേഹത്തിൽ ആമഗ്നനായ ഒരാൾ ഇങ്ങനെ പറയുന്നതിൽ അതിശയമില്ല. പൗലൊസ് യേശുവിനോടുള്ള സ്നേഹത്തിൽ ആമഗ്നനായിരുന്നു.
രചയിതാവ്: ഓസ്വാൾഡ് ചേമ്പേഴ്‌സ്

ധ്യാനം
ദൈവഭയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു കാര്യം: നിങ്ങൾ ദൈവത്തെ ഭയപ്പെടുമ്പോൾ മറ്റൊന്നിനെയും ഭയപ്പെടുന്നില്ല, എന്നാൽ ദൈവത്തെ ഭയപ്പെടുന്നില്ലെങ്കിൽ മറ്റെല്ലാറ്റിനെയും നിങ്ങൾ ഭയപ്പെടും. “കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ”.