എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുവിൻ ( വാ:31, 32 ). (എഫേസ്യർ 4:17-32)

ഞാൻ എന്റെ വണ്ടി മെക്കാനിക്കിന്റെയടുത്ത് സ്വീകരണ മുറിയിലിരിക്കുമ്പോൾ ടെലവിഷനിൽ ഒരു ” രഹസ്യ സാന്താക്ലോസ്” നെക്കുറിച്ചുള്ള വാർത്ത ശ്രദ്ധിച്ചു. ഓരോ വർഷവും അദ്ദേഹം അപരിചിതർക്ക് ഒരു വലിയ തുക വിതരണം ചെയ്യും. ഒരിക്കൽ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ച് പ്രായമായ ഒരു സ്ത്രീക്ക് കുറെ പണം നല്കി. ആ സ്ത്രീ നാലാം ഘട്ടത്തിലെത്തിയ കാൻസറിനോട് മല്ലടിക്കുന്നയാളായിരുന്നു. ഈ ” രഹസ്യ സാന്ത” യുടെ സമ്മാനം മാത്രമല്ല, ഇയാളുടെ ദയയും ആ സ്ത്രീയെ അത്ഭുതപരതന്ത്രയാക്കി.

ഇന്നത്തെ ലോകത്തിൽ ക്രിസ്തു വിശ്വാസികളുടെയിടയിലും ” കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും” പെരുകുകയും ദയ അപൂർവമായിരിക്കുകയും ആണ് (എഫെ. 4:31). അതുകൊണ്ടാണ് ഈ സ്ത്രീയും ഇതുപോലെ ” രഹസ്യ സാന്ത ” യുടെ ദയ അനുഭവിക്കുന്ന മറ്റനേകരും ഈ ഉദാരമനസ്കതയിൽ അതിശയിച്ചു പോകുന്നത്. ദയയും മനസ്സലിവും ക്ഷമയും താഴ്ചയും ഉള്ള മനസ്സ് ഈ കാലഘട്ടത്തിന്റെ അപൂർവതയാണ് (വാ.32 ). ക്ഷീണിച്ചും മടുത്തും ഇരിക്കുമ്പോഴും ദയയും മനസ്സലിവും കാണിക്കുന്ന ആളുകളോട് എനിക്ക് വലിയ ബഹുമാനമാണ്. എന്നാൽ ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഞാൻ അപരിചിതരോട് കാണിക്കുന്ന ദയ സ്വന്തം ഭവനത്തിൽ കാണിക്കാറുണ്ടോ ? ആളുകളൊക്കെ എന്നെ ദയയുള്ളയാൾ എന്ന് കണക്കാക്കുമായിരിക്കും, എങ്കിലും ഞാൻ ക്ഷീണിച്ചിരിക്കുമ്പോൾ എന്റെ മക്കളോടോ ഭർത്താവിനോ ദയാപൂർവ്വം പെരുമാറാൻ എനിക്ക് കഴിയാറില്ല; ഞാനപ്പോഴാക്കെ പെട്ടെന്ന് പ്രകോപിതയാകാറുണ്ട്.

യേശുവിന്റെ മനസ്സലിവ് നിറഞ്ഞ ദയയിൽ ശിഷ്യന്മാർ അതിശയിച്ചിട്ടുണ്ട്. സിനഗോഗിലെ ദീർഘമായ പ്രസംഗത്തിനും അനേകരെ സൗഖ്യമാക്കിയതിനും ശേഷവും യേശു ” പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു” എന്നാണ് മത്തായി (9:35,36 ) എഴുതിയത്.

യേശു നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, ക്ഷീണിച്ചിരിക്കുമ്പോഴും ദയയും മനസ്സലിവും പ്രദർശിപ്പിക്കാൻ നമുക്കാകും.

എഴുതിയത് ടിം: മാർലീന ഗ്രേവ്സ്

ചിന്തയ്ക്കായിട്ടുള്ളത്

കൊലൊസ്യർ 3:14 – 17 വായിച്ചിട്ട് ദയയും സ്നേഹവും ധരിക്കുന്നത് എങ്ങനെ എന്ന് ധ്യാനിക്കുക.
യേശുവിന്റെ ദയയുടെ മനോഹാരിത പ്രതിഫലിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? ഇതിന് യേശു നിങ്ങളെ എങ്ങനെ സഹായിച്ചു ?

 

 

 

banner image