നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

ദൈവത്തിന്റെ ജ്ഞാനപൂർണ്ണ ഉദ്ദേശ്യങ്ങൾ

ചരിത്ര സംഭവങ്ങൾ നിറഞ്ഞതാണ് ഇന്ത്യ. നിങ്ങൾ പോകുന്നിടത്തെല്ലാം, ചരിത്രപ്രാധാന്യമുള്ള വ്യക്തികളെ ബഹുമാനിക്കുന്ന സ്മാരകങ്ങളോ, പ്രധാനപ്പെട്ട സംഭവങ്ങളുടെ സ്മാരകങ്ങളോ നിങ്ങൾ കാണുന്നു. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ഹോട്ടലിൽ രസകരമായ ഒരു സന്ദേശം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ഹോട്ടലിന് പുറത്തുള്ള പഴക്കമുള്ള ഫലകത്തിൽ, “ഈ സ്ഥലത്ത് 1782 സെപ്തംബർ 5 ന് ഒന്നും സംഭവിച്ചില്ല” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് നമുക്ക് തോന്നാറുണ്ട്. നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു, നമ്മുടെ അപേക്ഷകൾ പിതാവിന്റെ അടുക്കൽ എത്തിക്കുന്നു — അവൻ ഇപ്പോൾ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ നിരാശ പ്രകടിപ്പിച്ചു: “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? ” (സങ്കീർത്തനം 13:1). അതേ ചിന്തകൾ നമുക്ക് എളുപ്പത്തിൽ പ്രതിധ്വനിപ്പിക്കാൻ കഴിയും: കർത്താവേ, അങ്ങ് പ്രതികരിക്കുന്നതിന് എത്രനാൾ?

എന്നിരുന്നാലും, നമ്മുടെ ദൈവം ജ്ഞാനത്തിൽ തികഞ്ഞവനാണ്. അവൻ തക്ക സമയത്ത് പ്രവർത്തിക്കുന്നവനുമാണ്. ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു, “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും” (സങ്കീ. 13:5). സഭാപ്രസംഗി 3:11 നമ്മെ ഓർമ്മിപ്പിക്കുന്നു: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു.” ഭംഗിയായി എന്ന വാക്കിന്റെ അർത്ഥം “ഉചിതം” അല്ലെങ്കിൽ “ആനന്ദത്തിന്റെ ഉറവിടം” എന്നാണ്. നാം ആഗ്രഹിക്കുമ്പോൾ ദൈവം എല്ലായ്പ്പോഴും നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കണമെന്നില്ല, പക്ഷേ അവൻ എല്ലായ്പ്പോഴും തന്റെ ജ്ഞാനപ്രകാരമുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. അവൻ ഉത്തരം നൽകുമ്പോൾ അത് ശരിയും നല്ലതും മനോഹരവുമായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം. 

ദൈവത്തെ അനുഗമിക്കാൻ തീരുമാനിക്കുക

“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 773,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 143,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങളെ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും — പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തര ഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽമക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു ആഹ്വാനം നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. “നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ” (യോശു. 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” (വാ. 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം. 

- ബിൽ ക്രൗഡർ

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വാഗ്ദത്തം

1962 നവംബറിൽ, ഭൗതികശാസ്ത്രജ്ഞനായ ജോൺ ഡബ്ല്യു. മൗച്ച്‌ലി പറഞ്ഞു, “ഒരു ശരാശരി ആൺകുട്ടിക്കോ പെൺകുട്ടിക്കോ ഒരു പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ മാസ്റ്റർ ആകാൻ കഴിയില്ലെന്ന് ഊഹിക്കാൻ ഒരു കാരണവുമില്ല.’’ മൗച്ച്‌ലിയുടെ പ്രവചനം അക്കാലത്ത് ശ്രദ്ധേയമായി തോന്നിയെങ്കിലും അത് അതിശയകരമാംവിധം കൃത്യമാണെന്ന് തെളിഞ്ഞു. ഇന്ന്, ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നത് ഒരു കുട്ടി പഠിക്കുന്ന ആദ്യകാല കഴിവുകളിൽ ഒന്നാണ്. 
മൗച്ച്‌ലിയുടെ പ്രവചനം സത്യമായതുപോലെ, ക്രിസ്തുവിന്റെ വരവിനെപ്പറ്റി തിരുവെഴുത്തുകളിൽ പ്രവചിച്ചിരിക്കുന്ന, അതിലേറെ പ്രധാനപ്പെട്ട പ്രവചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, മീഖാ 5:2 പ്രഖ്യാപിച്ചു, ''നീയോ, ബേത്ത്‌ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.’’ ചെറിയ ബെത്‌ലഹേമിൽ പിറന്ന യേശുവിനെ ദൈവം അയച്ചതാണ് - ദാവീദിന്റെ രാജവംശത്തിൽ നിന്നാണ് അവൻ ഉ്ഭവിച്ചതെന്ന് അതു തെളിയിച്ചു (ലൂക്കൊസ് 2:4-7 കാണുക). 
യേശുവിന്റെ ആദ്യ വരവ് കൃത്യമായി പ്രവചിച്ച അതേ ബൈബിൾ തന്നേ അവന്റെ മടങ്ങിവരവും വാഗ്ദാനം ചെയ്യുന്നു (പ്രവൃത്തികൾ 1:11). യേശു തന്റെ ആദ്യ അനുഗാമികളോട് താൻ അവർക്കുവേണ്ടി മടങ്ങിവരുമെന്ന് വാഗ്ദത്തം ചെയ്തു (യോഹന്നാൻ 14:1-4). 
ഈ ക്രിസ്മസിൽ യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള കൃത്യമായി പ്രവചിക്കപ്പെട്ട വസ്തുതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് അവന്റെ വാഗ്ദത്തമായ മടങ്ങിവരവിനെയും കുറിച്ചു ചിന്തിക്കാം, നാം അവനെ മുഖാമുഖം കാണുന്ന ആ മഹത്തായ നിമിഷത്തിനായി നമ്മെ ഒരുക്കുവാൻ അവനെ അനുവദിക്കുക!  

നിർബന്ധബുദ്ധിയായ പിസ്സ

പന്ത്രണ്ടാം വയസ്സിൽ, ഇബ്രാഹിം പശ്ചിമാഫ്രിക്കയിൽ നിന്ന് ഇറ്റലിയിൽ എത്തി, ഇറ്റാലിയൻ ഭാഷ അറിയാതെ, ആശയവിനിമയ പ്രശ്‌നവുമായി മല്ലിടുകയും, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾ നേരിടാൻ നിർബന്ധിതനാകുകയും ചെയ്തു. അതൊന്നും പക്ഷേ കഠിനധ്വാനിയായ അവനെ തടഞ്ഞില്ല, തന്റെ ഇരുപതുകളിൽ, ഇറ്റലിയിലെ ട്രെന്റോയിൽ അവൻ ഒരു പിസ്സ കട തുറന്നു. ലോകത്തിലെ ഏറ്റവും മികച്ച അമ്പത് പിസേറിയകളിൽ ഒന്നായി അദ്ദേഹത്തിന്റെ ചെറിയ ബിസിനസ്സ് വളർന്നു. 
ഇറ്റാലിയൻ തെരുവുകളിൽ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിനാൽ ഒരു നേപ്പിൾസ് പാരമ്പര്യം വിപുലീകരിച്ചുകൊണ്ട് അദ്ദേഹം ഒരു “പിസ്സ ചാരിറ്റി’’ ആരംഭിച്ചു-അവിടെ ഉപഭോക്താക്കൾ വിശക്കുന്നവർക്കായി ഒരു അധിക കോഫി മുതൽ പിസ്സ വരെ വാങ്ങുന്നു കുടിയേറ്റക്കാരായ കുട്ടികളോട് മുൻവിധി ഉപേക്ഷിക്കാനും പിൻതിരിയാതിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. 
എല്ലാവരോടും തുടർച്ചയായി നന്മ ചെയ്തുകൊണ്ട് നിർബന്ധ ബുദ്ധിയുള്ളവരായിരിക്കാൻ ഗലാത്യരെ പൗലൊസ് ഓർമ്മിപ്പിക്കുന്നു. “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും’’ (ഗലാത്യർ 6:9). പൗലൊസ് തുടർന്നു, “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക’’ (വാ. 10). 
മുൻവിധികളും ഭാഷാ തടസ്സങ്ങളും നേരിട്ട ഒരു കുടിയേറ്റക്കാരനായ ഇബ്രാഹിം നന്മ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു. ഭക്ഷണം സഹിഷ്ണുതയിലേക്കും ധാരണയിലേക്കും നയിക്കുന്ന “പാലം’’ ആയിത്തീർന്നു. അത്തരം സ്ഥിരോത്സാഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്കും നല്ലത് ചെയ്യാനുള്ള അവസരങ്ങൾ തേടാം. അങ്ങനെയെങ്കിൽ, നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ ദൈവം പ്രവർത്തിക്കുമ്പോൾ അവനു മഹത്വം ലഭിക്കുന്നു. 

അധൈര്യപ്പെടരുത്

എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടുഞ്ഞ അസ്ഥികളും നിമിത്തം വീൽചെയറിന്റെ ഉപയോഗിക്കേണ്ട അവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി. 
എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു'' (വാ. 16). 
“അധൈര്യപ്പെടുന്നത്'' എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും - വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ''പ്രശ്‌നങ്ങൾ'' താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും - നിത്യമായവയെ - ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18). 
നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു. 

 

ഭയത്തിന്റെ കാരണം

ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്‌കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ''നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല'' എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു. 
വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്. 
ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് - കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി. 
ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്. 

ഞാൻ ആരാണ്?

റോബർട്ട് ടോഡ് ലിങ്കൺ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലത്തിനുശേഷം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: ''ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്.'' 
അത്തരം നിരാശ പ്രശസ്തരുടെ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിലമതിക്കുന്നില്ല എന്ന തോന്നൽ നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നിരുന്നാലും, ദൈവം നമ്മെ സ്‌നേഹിക്കുന്ന വിധത്തേക്കാൾ, നമ്മുടെ മൂല്യത്തിന്റെ ആഴം പ്രകടമാകുന്ന മറ്റൊരിടവുമില്ല. 
നമ്മുടെ പാപങ്ങളിൽ നാം ആരായിരുന്നുവെന്നും ക്രിസ്തുവിൽ നാം ആരായിത്തീർന്നുവെന്നും അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. അവൻ എഴുതി, “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് നാം ആരാണ് എന്നതുകൊണ്ടാണ്! പൗലൊസ് എഴുതി, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8). ദൈവം നമ്മെ വളരെയധികം വിലമതിക്കുന്നതിനാൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെടുവാൻ തന്റെ പുത്രനെ അനുവദിച്ചു. 
നാം ആരാണ്? നാം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. ആർക്കാണ് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുക? 

ദയവായി നിശബ്ദമായിരിക്കുക

വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്‌സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്‌കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്. 
ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്! 
ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും? 

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ. 

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും. 

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

 യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3). 

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും.