വിട്ടുകൊടുക്കുക
കീത്ത് ജോലി ചെയ്തിരുന്ന പുസ്തകശാലയുടെ ഉടമ അവധിക്ക് പോയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ, എന്നാൽ അദ്ദേഹത്തിന്റെ സഹായിയായ കീത്ത് അപ്പോഴേക്കും പരിഭ്രാന്തനായിരുന്നു. പ്രവർത്തനങ്ങൾ സുഗമമായിരുന്നു, എന്നാൽ സ്റ്റോറിന്റെ മേൽനോട്ടം വഹിക്കുന്ന ജോലി താൻ നന്നായി ചെയ്യുന്നില്ലെന്ന് കീത്ത് ആശങ്കാകുലനായിരുന്നു. ഭ്രാന്തമായ രീതിയിൽ, അവൻ തനിക്കാവുന്നതെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്തു.
“ഇത് നിർത്തൂ,” അവസാനം അവന്റെ ബോസ് ഒരു വീഡിയോ കോളിലൂടെ അവനോട് പറഞ്ഞു. “ഞാൻ നിനക്ക് ദിവസവും ഇമെയിലിൽ അയയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്. വിഷമിക്കേണ്ട, കീത്ത്. ഭാരം നിന്റെ മേലല്ല; അത് എന്റെ മേലാണ്.”
മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തിന്റെ കാലത്ത്, യിസ്രായേലിന് ദൈവത്തിൽ നിന്ന് സമാനമായ ഒരു വാക്ക് ലഭിച്ചു: “മിണ്ടാതിരിക്കുക” (സങ്കീർത്തനം 46:10). “ശ്രമിക്കുന്നത് നിർത്തുക,” എന്നാണവൻ പറഞ്ഞത്. “ഞാൻ പറയുന്നത് പിന്തുടരുക. ഞാൻ നിങ്ങൾക്കുവേണ്ടി പോരാടും.” യിസ്രായേലിനോട് നിഷ്‌ക്രിയരായിരിക്കാനോ സംതൃപ്തരായിരിക്കാനോ ആയിരുന്നില്ല പറഞ്ഞത്, മറിച്ച് സജീവമായി മിണ്ടാതിരിക്കുന്നു, നിശ്ചലമായിരിക്കുക-സാഹചര്യത്തിന്റെ നിയന്ത്രണവും അവരുടെ പ്രയത്‌നങ്ങളുടെ ഫലവും ദൈവത്തിനു വിട്ടുകൊടുക്കുന്നതിലൂടെ വിശ്വസ്തതയോടെ ദൈവത്തെ അനുസരിക്കുകയാണു വേണ്ടത്.
നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന ദൈവം ലോകത്തിന്റെ മേൽ പരമാധികാരിയായതിനാൽ നമുക്കത് ചെയ്യാൻ കഴിയും. ''അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി''എങ്കിൽ ''ഭൂമിയുടെ അറ്റം വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ'' അവനു കഴിയുമെങ്കിൽ (വാ. 6, 9), തീർച്ചയായും നമുക്ക് അവന്റെ സങ്കേതത്തിന്റെയും ശക്തിയുടെയും സുരക്ഷിതത്വത്തിൽ നമുക്കാശ്രയിക്കാം (വാ. 1). നമ്മുടെ ജീവിതത്തിന്റെ മേലുള്ള നിയന്ത്രണത്തിന്റെ ഭാരം നമ്മുടെ മേലല്ല - അത് ദൈവത്തിന്റെമേലാണ്.
നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ
എന്റെ ലാപ്‌ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു.
പക്ഷേ ഞാൻ കണ്ണടച്ചു. ''കർത്താവേ,'' ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ ഒരു വാക്കിൽ മാറിപ്പോയി. അവിടേക്കുതന്നെയാണ് അവ പോകേണ്ടതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) യേശു പറയുന്നു. നല്ല ഉറക്കത്തിൽ നിന്നു ലഭിക്കുന്ന ആശ്വാസമല്ല. ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഇടവേളയല്ല. ഒരു പ്രശ്‌നം പരിഹരിച്ചാൽ പോലും ആശ്വാസം കിട്ടുന്നില്ല. അവ വിശ്രമത്തിനുള്ള നല്ല സ്രോതസ്സുകളാണെങ്കിലും, അവ നൽകുന്ന വിശ്രമം ഹ്രസ്വകാലത്തേക്കുള്ളതും നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതുമാണ്.
നേരെമറിച്ച്, യേശു നൽകുന്ന വിശ്രമം നിലനിൽക്കുന്നതും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്താൽ ഉറപ്പിക്കപ്പെട്ടതുമാണ്. അവൻ എപ്പോഴും നല്ലവനാണ്. പ്രശ്‌നങ്ങൾക്കിടയിലും അവൻ നമ്മുടെ ആത്മാക്കൾക്ക് യഥാർത്ഥ വിശ്രമം നൽകുന്നു, കാരണം എല്ലാം അവന്റെ നിയന്ത്രണത്തിലാണെന്ന് നമുക്കറിയാം. അവനു മാത്രം നൽകാൻ കഴിയുന്ന ശക്തിയും പുനഃസ്ഥാപനവും കാരണം നമുക്ക് അവനിൽ വിശ്വസിക്കാനും സമർപ്പിക്കാനും പ്രയാസകരമായ സാഹചര്യങ്ങളിൽ മുന്നേറാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും.
''എന്റെ അടുക്കൽ വരുവിൻ,'' യേശു നമ്മോടു പറയുന്നു. 'എന്റെ അടുക്കൽ വരുവിൻ.'
എന്താണ് എന്റെ ഉദ്ദേശ്യം?
“ഞാൻ ഒരു പ്രയോജനവും ഇല്ലാത്തവനെന്ന് എനിക്കു തോന്നി,” ഹാരോൾഡ് പറഞ്ഞു. “വിഭാര്യനും വിരമിച്ചവനും, മക്കൾ അവരുടെ സ്വന്തം കുടുംബങ്ങളുമായി തിരക്കിലാണ്,ഉച്ചതിരിഞ്ഞുള്ള ഏകാന്ത സമയങ്ങളിൽ ഞാൻ ചുവരിലെ നിഴലുകളെ നോക്കിയിരിക്കുന്നു.” “എനിക്ക് പ്രായമായി, ജീവിതം പൂർണ്ണ അളവിൽ ജീവിച്ചു. എനിക്ക് ഇനി ഒരു ലക്ഷ്യവുമില്ല. ദൈവം എന്നെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാം,” അദ്ദേഹം പലപ്പോഴും തന്റെ മകളോട് പറയുമായിരുന്നു.
എന്നിരുന്നാലും, ഒരു ഉച്ചകഴിഞ്ഞ്, ഒരു സംഭാഷണം ഹരോൾഡിന്റെ മനസ്സിനെ മാറ്റി. “എന്റെ അയൽക്കാരന് അവന്റെ മക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു,” ഹരോൾഡ് പറഞ്ഞു. ''പിന്നീട്, ഞാൻ അവനുമായി സുവിശേഷം പങ്കുവെച്ചു. അങ്ങനെയാണ് എനിക്ക് ഇപ്പോഴും ഒരു ഉദ്ദേശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്! യേശുവിനെക്കുറിച്ച് കേൾക്കാത്ത ആളുകൾ ഉള്ളിടത്തോളം, ഞാൻ അവരോട് രക്ഷകനെക്കുറിച്ച് പറയണം.''
അവരുടെ ദൈനംദിന, സാധാരണ കൂടിക്കാഴ്ചയിൽ ഹാരോൾഡ് തന്റെ വിശ്വാസം പങ്കുവെച്ചപ്പോൾ അയൽക്കാരന്റെ ജീവിതം മാറി. 2 തിമൊഥെയൊസ് 1-ൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു വ്യക്തിയുടെ ജീവിതം - തന്റെ യുവ സഹപ്രവർത്തകനായ തിമൊഥെയൊസിന്റെ ജീവിതം - മാറ്റാൻ ദൈവം ഉപയോഗിച്ച രണ്ട് സ്ത്രീകളെ പരാമർശിക്കുന്നു: തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും. ഒരു “നിർവ്യാജ വിശ്വാസം” അവർ അവനു കൈമാറി (വാ. 5). ഒരു സാധാരണ വീട്ടിലെ ദൈനംദിന സംഭവങ്ങളിലൂടെ, യുവാവായ തിമൊഥെയൊസ് ഒരു നിർവ്യാജ വിശ്വാസം പഠിച്ചു. അത് യേശുവിന്റെ വിശ്വസ്ത ശിഷ്യനായുള്ള അവന്റെ വളർച്ചയെയും ഒടുവിൽ എഫെസൊസിലെ സഭയുടെ നേതാവെന്ന നിലയിലുള്ള അവന്റെ ശുശ്രൂഷയെയും രൂപപ്പെടുത്തി.
നമ്മുടെ പ്രായമോ പശ്ചാത്തലമോ സാഹചര്യമോ എന്തുമാകട്ടെ, നമുക്ക് ഒരു ഉദ്ദേശ്യമുണ്ട് - യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്ന ഉദ്ദേശ്യം.
നിങ്ങൾ ഏകരായിരിക്കുമ്പോൾ
വൈകുന്നേരം 7 മണിക്ക്, ഹുയി -ലിയാങ് തന്റെ അടുക്കളയിൽ ചോറും മിച്ചം വന്ന മീും കഴിക്കുകയായിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റിലെ ചുവ കുടുംബവും അത്താഴം കഴിക്കുകയായിരുന്നു, അവരുടെ ചിരിയും സംഭാഷണവും ഹൂയി -ലിയാങ്ങിന്റെ വുറിയുടെ നിശബ്ദതയെ ഭഞ്ജിച്ചു. ഭാര്യ മരിച്ചതിനുശേഷം ഹുയി -ലിയാങ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയാൾ ഏകാന്തതയിൽ വർഷങ്ങൾ കൊണ്ട് ജീവിക്കാൻ പഠിച്ചു; അതിന്റെ കുത്തുന്ന വേദന ക്രമേണ ഒരു മങ്ങിയ വേദനയായി മാറി. എന്നാൽ ഇന്ന് രാത്രി, തന്റെ മേശപ്പുറത്ത് ഒരു പാത്രവും ഒരു ജോടി ചോപ്സ്റ്റിക്കുകളും കണ്ടത് അയാളെ ആഴത്തിൽ വേദനിപ്പിച്ചു.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ്, ഹുയി-ലിയാങ് തന്റെ പ്രിയപ്പെട്ട സങ്കീർത്തനമായ 23-ാം സങ്കീർത്തനം വായിച്ചു. അയാൾക്ക് ഏറ്റവും പ്രാധാന്യമുള്ള വാക്കുകൾ നാല് അക്ഷരങ്ങൾ മാത്രമാണ്: “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” (വാ. 4). ആടുകളോടുള്ള ഇടയന്റെ പ്രായോഗിക പരിപാലന പ്രവർത്തനങ്ങളേക്കാൾ, ആടുകളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലുമുള്ള അവന്റെ അചഞ്ചലമായ സാന്നിധ്യവും സ്‌നേഹനിർഭരമായ നോട്ടവുമാണ് ഹുയി-ലിയാങ്ങിന് സമാധാനം നൽകിയത്.
ആരോ അവിടെ ഉണ്ട്, ആരോ നമ്മോടൊപ്പമുണ്ട് എന്ന് അറിയുന്നത് ആ ഏകാന്ത നിമിഷങ്ങളിൽ വലിയ ആശ്വാസം നൽകുന്നു. അവന്റെ സ്‌നേഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നും (സങ്കീർത്തനം 103:17) അവൻ ഒരിക്കലും നമ്മെ വിട്ടുപോകില്ലെന്നും ദൈവം തന്റെ മക്കൾക്ക് വാഗ്ദാനം ചെയ്യുന്നു (എബ്രായർ 13:5). നമുക്ക് ഏകാന്തതയും ആരും നമ്മെ കാണുന്നില്ലെന്ന തോന്നലും അനുഭവപ്പെടുമ്പോൾ - നിശബ്ദമായ അടുക്കളയിലായാലും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ബസിലായാലും, അല്ലെങ്കിൽ തിരക്കേറിയ സൂപ്പർമാർക്കറ്റിലായാലും - ഇടയന്റെ നോട്ടം എപ്പോഴും നമ്മിലേക്ക് തന്നെയാണെന്ന് നമുക്ക് അറിയാനാകും. “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന് നമുക്ക് പറയാം.
നിങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്
ഫിസിക്‌സ് എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ചാൾസ് റിബോർഗ് മാനും ജോർജ്ജ് റാൻസം ട്വിസും ചോദിക്കുന്നു: ''ഏകാന്തമായ ഒരു വനത്തിൽ ഒരു മരം വീഴുമ്പോൾ, ഒരു മൃഗവും അത് കേൾക്കാൻ അടുത്തില്ലെങ്കിൽ, അത് ശബ്ദം ഉണ്ടാക്കുമോ?'' ഈ ചോദ്യം വർഷങ്ങളായി, ശബ്ദം, ധാരണ, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ദാർശനികവും ശാസ്ത്രീയവുമായ ചർച്ചകളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഒരു കൃത്യമായ ഉത്തരം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഒരു രാത്രി, ഞാൻ ആരോടും പങ്കുവെക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ച് ഏകാന്തതയും സങ്കടവും തോന്നിയപ്പോൾ, ഞാൻ ഈ ചോദ്യം ഓർത്തു. സഹായത്തിനായുള്ള എന്റെ നിലവിളി ആരും കേൾക്കാത്തപ്പോൾ, ഞാൻ ചിന്തിച്ചു, ദൈവം കേൾക്കുന്നുണ്ടോ?
മരണഭീഷണിയെ അഭിമുഖീകരിക്കുകയും നിരാശയാൽ മൂടപ്പെടുകയും ചെയ്തപ്പോൾ, 116-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് താൻ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരിക്കാം. അതിനാൽ അവൻ ദൈവത്തെ വിളിച്ചു-അവൻ കേൾക്കുന്നുണ്ടെന്നും അവനെ സഹായിക്കുമെന്നും അറിഞ്ഞു. സങ്കീർത്തനക്കാരൻ എഴുതി, ''യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്‌നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചു'' (വാ. 1-2). നമ്മുടെ വേദന ആരും അറിയാത്തപ്പോഴും ദൈവത്തിനറിയാം. നമ്മുടെ നിലവിളി ആരും കേൾക്കാത്തപ്പോഴും ദൈവം കേൾക്കുന്നു.
ദൈവം തന്റെ സ്‌നേഹവും സംരക്ഷണവും നമ്മോട് കാണിക്കുമെന്ന് അറിയുന്നത് (വാ. 5-6), പ്രയാസകരമായ സമയങ്ങളിൽ നമുക്ക് സ്വസ്ഥമായിരിക്കാൻ സഹായിക്കും (വാ. 7). 'സ്വസ്ഥത'' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (മനോഖാ) ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തെ വിവരിക്കുന്നു. ദൈവത്തിന്റെറെ സാന്നിധ്യവും സഹായവും ഉറപ്പുനൽകുന്നതിനാൽ നമുക്ക് സമാധാനത്തിൽ ആയിരിക്കാം.
മാനും ട്വിസും ഉന്നയിച്ച ചോദ്യം നിരവധി ഉത്തരങ്ങളിലേക്ക് നയിച്ചു. എന്നാൽ ദൈവം കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉണ്ട് എന്നാണ്.
സുവിശേഷം നിമിത്തം
വർഷം 1917. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള നെൽസൺ തന്റെ ജന്മനാടായ വിർജീനിയയിലെ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന് അദ്ദേഹം, ചൈനയിലെ കുറഞ്ഞത് രണ്ട് ദശലക്ഷം ചൈനീസ് നിവാസികളുള്ള ഒരു പ്രദേശത്തെ ഏക ആശുപത്രിയായ "ലവ് ആൻഡ് മേഴ്സി'' ഹോസ്പിറ്റലിന്റെ സൂപ്രണ്ടായി ജോലി ചെയ്തു. നെൽസൺ, കുടുംബത്തോടൊപ്പം ഇരുപത്തിനാലു വർഷം ഈ പ്രദേശത്തു താമസിച്ച് ആശുപത്രി നടത്തുകയും, ശസ്ത്രക്രിയകൾ ചെയ്യുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കിടുകയും ചെയ്തു. വിദേശികളെ "വിദേശ പിശാച്" എന്ന് ഒരിക്കൽ വിളിച്ചിരുന്നവർ, നെൽസൺ ബെലിനെ പിന്നീട്, "ചൈനീസ് ജനതയുടെ സ്നേഹിതനായ ബെൽ" എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മകൾ റൂത്താണ് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചത്.
നെൽസൺ ഒരു മികച്ച ശസ്ത്രക്രിയ വിദഗ്ദനും ബൈബിൾ അധ്യാപകനുമായിരുന്നുവെങ്കിലും, പലരെയും യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ ആ കഴിവുകളല്ല; അത് അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിൽ താൻ ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ നയിച്ചിരുന്ന യുവാവായ തീത്തൊസിന് പൗലൊസ് എഴുതിയ ലേഖനത്തിൽ, ക്രിസ്തുവിനെ പോലെ ജീവിക്കുന്നതിന്റെ പ്രാധാന്യം അപ്പൊസ്തലൻ സൂചിപ്പിച്ചു. കാരണം അത് സുവിശേഷത്തെ "അലങ്കരിക്കുന്നു'' (തീത്തൊ. 2:9). എന്നാൽ അതു നമ്മുടെ സ്വന്തം ശക്തിയാൽ സാധ്യമല്ല. ദൈവകൃപ (വാ.11) നമ്മെ "സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു പോരുവാനും" (വാ.12), നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കുവാനും സഹായിക്കുന്നു.
നമുക്ക് ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതങ്ങളിൽ കൂടി, അവന്റെ സന്ദേശം ആകർഷകമായ വിധങ്ങളിൽ പ്രതിഫലിപ്പിക്കുവാനും വെളിപ്പെടുത്തുവാനും അവൻ നമ്മെ സഹായിക്കട്ടെ.
ദൈവത്തിൽ വസിക്കുക
ഒരു സായാഹ്നത്തിൽ, ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു നിർമ്മാണ സ്ഥലത്തിനു സമീപം ഞാൻ ജോഗിംഗ് നടത്തുമ്പോൾ, മെലിഞ്ഞതും വൃത്തികെട്ടതുമായ ഒരു പൂച്ചക്കുട്ടി പ്രതീക്ഷയോടെ എന്നെ നോക്കി വീട്ടിലേക്ക് അനുഗമിച്ചു. ഇന്ന്, മിക്കി ആരോഗ്യമുള്ള, സുന്ദരനായ ഒരു മുതിർന്ന പൂച്ചയാണ്, ഞങ്ങളുടെ വീട്ടിൽ സുഖപ്രദമായ ജീവിതം ആസ്വദിക്കുകയും എന്റെ കുടുംബം അവനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ അവനെ കണ്ടെത്തിയ വഴിയിൽ ജോഗ് ചെയ്യുമ്പോഴെല്ലാം, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ദൈവമേ നന്ദി. മിക്കിയെ തെരുവിൽ നിന്ന് മോചിപ്പിച്ച് ഒരു വീട് നൽകിയതിനാൽ.
സങ്കീർത്തനം 91, “അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും” (വാക്യം 1) ചെയ്യുന്നവരെക്കുറിച്ച് പറയുന്നു. ‘വസിക്കുന്നു’ എന്നതിന്റെ എബ്രായ പദത്തിന്റെ അർത്ഥം "നിലനിൽക്കുക, സ്ഥിരമായി താമസിക്കുക" എന്നാണ്. നാം അവനിൽ നിലനിൽക്കുമ്പോൾ, അവന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കാനും എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കാനും അവൻ നമ്മെ സഹായിക്കുന്നു (വാ. 14; യോഹന്നാൻ 15:10). നിത്യതയോളം തന്നോടുകൂടെ ആയിരിക്കുന്നതിന്റെ ആശ്വാസവും അതുപോലെ ഭൗമിക പ്രയാസങ്ങളിലൂടെ അവൻ നമ്മോടൊപ്പമുള്ളതിന്റെ സുരക്ഷിതത്വവും ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രശ്‌നങ്ങൾ വരാമെങ്കിലും, അവന്റെ പരമാധികാരത്തിലും പരിജ്ഞാനത്തിലും സ്‌നേഹത്തിലും നമ്മെ സംരക്ഷിക്കാനും വിടുവിക്കാനുമുള്ള അവന്റെ വാഗ്ദാനങ്ങളിൽ നമുക്ക് ആശ്രയിക്കാം.
നാം ദൈവത്തെ നമ്മുടെ സങ്കേതമാക്കുമ്പോൾ, നാം "സർവ്വശക്തന്റെ നിഴലിൽ" ജീവിക്കുന്നു (സങ്കീർത്തനം 91:1). അവന്റെ അനന്തമായ ജ്ഞാനവും സ്നേഹവും അനുവദിക്കുന്നതല്ലാതെ ഒരു കുഴപ്പവും നമ്മെ സ്പർശിക്കുകയില്ല. ഇതാണ് നമ്മുടെ വീടെന്ന നിലയിൽ ദൈവത്തിലുള്ള സുരക്ഷിതത്വം.
നഷ്ടമില്ല
എന്റെ സുഹൃത്ത് റൂയൽ തന്റെ പഴയ ഒരു സഹപാഠിയുടെ വീട്ടിൽ നടന്ന ഒരു ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തു. അവിടുത്തെ ജലാശയത്തെ അഭിമുഖീകരിക്കുന്ന ആ വലിയ വീടിന് ഇരുന്നൂറ് പേരെ ഉൾക്കൊള്ളാൻ കഴിയും, അത് റൂയലിന്റെ ഉള്ളിൽ സ്വയം ചെറുതാവുന്നതു പോലെ തോന്നി.
റൂയൽ എന്നോട് പറഞ്ഞു, “വിദൂര ഗ്രാമങ്ങളിലെ പള്ളികളിൽ കർതൃവേലയിൽ ഏർപ്പെട്ടതിന്റെ സന്തോഷകരമായ വർഷങ്ങൾ എനിക്ക് ഉണ്ടായിരുന്നു”, ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ സുഹൃത്തിനോട് എനിക്ക് അസൂയ തോന്നി. എന്റെ ബിരുദം ഉപയോഗിച്ച് ഞാൻ ഒരു ബിസിനസ്സ് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതനിലവാരം എത്ര വ്യത്യസ്തമായിരുന്നേനെ എന്ന് എന്റെ ചിന്തകൾ വഴിമാറി.
“എന്നാൽ അസൂയപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ പിന്നീട് എന്നെത്തന്നെ ഓർമ്മിപ്പിച്ചു,” റൂയൽ ഒരു പുഞ്ചിരിയോടെ തുടർന്നു. "ദൈവത്തെ സേവിക്കുന്നതിൽ ഞാൻ എന്റെ ജീവിതം നിക്ഷേപിച്ചു, ഫലങ്ങൾ നിത്യതവരെ നിലനിൽക്കും." ആ വാക്കുകൾ പറയുമ്പോൾ അവന്റെ മുഖത്തെ ശാന്തമായ ഭാവം ഞാൻ എപ്പോഴും ഓർക്കും.
മത്തായി 13:44-46-ലെ യേശുവിന്റെ ഉപമകളിൽ നിന്ന് റൂയൽ സമാധാനം കണ്ടെത്തി. ദൈവരാജ്യമാണ് പരമമായ സമ്പത്തെന്ന് അവനറിയാമായിരുന്നു. അവന്റെ രാജ്യം അന്വേഷിക്കുന്നതും ജീവിക്കുന്നതും വിവിധ രൂപത്തിലായിരിക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, ഇത് മുഴുസമയ ശുശ്രൂഷയെ അർത്ഥമാക്കാം, മറ്റുള്ളവർക്ക് അത് ഒരു ജോലിസ്ഥലത്ത് സുവിശേഷം ജീവിക്കുന്നതായിരിക്കാം. ദൈവം നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് തിരഞ്ഞെടുത്തത് എന്നത് പരിഗണിക്കാതെ തന്നെ, യേശുവിന്റെ ഉപമകളിലെ മനുഷ്യരെപ്പോലെ, നമുക്ക് നൽകിയിട്ടുള്ള നശ്വരമായ നിധിയുടെ മൂല്യം അറിഞ്ഞുകൊണ്ട്, നമുക്ക് അവന്റെ നയിക്കലിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാം. ഈ ലോകത്തിലെ എല്ലാറ്റിനെക്കാളും ദൈവത്തെ അനുഗമിക്കുന്നതിലൂടെ നാം നേടുന്ന എല്ലാറ്റിനും അനന്തമായ വിലയുണ്ട് (1 പത്രോസ് 1:4-5).
നമ്മുടെ ജീവിതം, അവന്റെ കരങ്ങളിൽ വയ്ക്കുമ്പോൾ, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ കഴിയും.
പ്രാർത്ഥനയിൽ ഉറ്റിരിക്കുക
റൊട്ടി മോഷ്ടിക്കുന്നുവെന്ന് സൂപ്പർവൈസർ ആരോപിച്ചപ്പോൾ ബേക്കിംഗ് അസിസ്റ്റന്റായ മിലയ്ക്കു സ്വയം പ്രതിരോധിക്കാൻ കഴിയാത്തവിധം നിസ്സഹായയായി തോന്നി. അടിസ്ഥാനരഹിതമായ വാദവും അതിനെത്തുടർന്നുണ്ടായ ശമ്പള കിഴിവും അവളുടെ സൂപ്പർവൈസറിൽ നിന്നുള്ള തെറ്റായ നടപടികളിൽ രണ്ടെണ്ണം മാത്രമായിരുന്നു. “ദൈവമേ, കരുണതോന്നി എന്നെ സഹായിക്കേണമേ,” മില എല്ലാ ദിവസവും പ്രാർത്ഥിച്ചു. “അവളുടെ കീഴിൽ ജോലി ചെയ്യുക എന്നത് വളരെ ക്ലേശകരമാണ്, പക്ഷേ എനിക്ക് ഈ ജോലി ആവശ്യമാണ്.”
“[അവളുടെ] പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ” (ലൂക്കൊസ് 18:3) എന്ന് അപേക്ഷിച്ച നിസ്സഹായ അവസ്ഥയിലുള്ള ഒരു വിധവയെക്കുറിച്ച് യേശു പറയുന്നു. അവളുടെ വ്യവഹാരം പരിഹരിക്കാൻ അധികാരമുള്ള ഒരാളിലേക്ക് അവൾ തിരിഞ്ഞു - ഒരു ന്യായാധിപനിലേക്ക്. ന്യായാധിപൻ അനീതിയുള്ളവനാണെന്ന് അറിഞ്ഞിട്ടും അവൾ അവനെ സമീപിക്കുന്നതിൽ ഉറച്ചുനിന്നു.
ന്യായാധിപന്റെ അന്തിമ പ്രതികരണം (വാ. 4-5) നമ്മുടെ സ്വർഗീയ പിതാവിൽ നിന്നു ലഭിക്കുന്നതിൽ നിന്നും അനന്തമായി വ്യത്യസ്തമാണ്. അവൻ സ്നേഹത്തോടും സഹായത്തോടും വേഗത്തിൽ പ്രതികരിക്കുന്നു (വാ. 7). അന്യായക്കാരനായ ഒരു ന്യായാധിപൻ ഒരു വിധവയുടെ വ്യവഹാരം അവളുടെ സ്ഥിരോത്സാഹം മൂലം പരിഗണിക്കാൻ ഇടയായാൽ, നീതിമാനായ ന്യായാധിപനായ ദൈവത്തിനു നമുക്കുവേണ്ടി എത്രയധികം ചെയ്യാൻ കഴിയും (വാ. 7-8)? “തന്റെ വൃതന്മാരുടെ കാര്യത്തിൽ… പ്രതിക്രിയ നടത്തി” രക്ഷിക്കുമെന്ന് നമുക്ക് അവനിൽ വിശ്വസിക്കാം (വാ. 7). പ്രാർത്ഥിക്കുന്നതിൽ സ്ഥിരത പുലർത്തുന്നത് അവനിലുള്ള നമ്മുടെ ആശ്രയം കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്. നമ്മുടെ സാഹചര്യത്തോട് ദൈവം പരിപൂർണ്ണ ജ്ഞാനത്തിൽ പ്രതികരിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് നാം ഉറച്ചുനിൽക്കുന്നത്.
ഒടുവിൽ, മിലയുടെ സൂപ്പർവൈസറിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് സൂപ്പർവൈസർക്കു രാജിവയ്ക്കേണ്ടി വന്നു. നാം ദൈവത്തെ അനുസരിച്ചു നടക്കുമ്പോൾ, നമ്മെ കേൾക്കുകയും സഹായിക്കുകയും ചെയ്യുന്നവനിലാണ് നമ്മുടെ പ്രാർത്ഥനയുടെ ശക്തിയെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാം.
പിൻസീറ്റിലെ വേദപുസ്തകങ്ങൾ
ആൻഡ്രൂ തന്റെ ഫോക്സ്‌വാഗൺ കാർ നിർത്തി. ഗാർഡുകൾ കാറിന്റെ അടുത്തേക്കു നടന്നടുത്തു. ഇതിനുമുമ്പും പലതവണ ചെയ്തതുപോലെ അവൻ പ്രാർത്ഥിച്ചു: “ദൈവമേ, അങ്ങു ഭൂമിയിലായിരുന്നപ്പോൾ അന്ധതയുള്ള കണ്ണുകളെ കാണുമാറാക്കി. ഇപ്പോൾ, ദയവുതോന്നി കാഴ്ചയുള്ള കണ്ണുകളെ അന്ധമാക്കേണമേ.” ഗാർഡുകൾ കാർ പരിശോധിച്ചുവെങ്കിലും ലഗേജിലെ വേദപുസ്തകങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. വേദപുസ്തകം സ്വന്തമാക്കാൻ കഴിയാത്തവരുടെ അടുത്തേക്കു തന്റെ പക്കലുള്ളവയുമായി ആൻഡ്രൂ അതിർത്തി കടന്നു.
ക്രിസ്ത്യാനിത്വം നിയമവിരുദ്ധമായ രാജ്യങ്ങളിലേക്കു തിരുവെഴുത്തുകൾ കൊണ്ടുചെല്ലുക എന്ന, അസാധ്യമെന്നു തോന്നുന്ന ദൗത്യത്തിനായി ദൈവം തന്നെ വിളിച്ചപ്പോൾ ആൻഡ്രൂ വാൻ ഡെർ ബിജിൽ, അഥവാ ബ്രദർ ആൻഡ്രൂ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചു. “ഞാൻ ഒരു സാധാരണ മനുഷ്യനാണ്,” തന്റെ പരിമിതമായ വിദ്യാഭ്യാസത്തിനും പണത്തിന്റെ അഭാവത്തിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്ത കാര്യങ്ങൾ, ആർക്കും ചെയ്യാവുന്നതാണ്.” അദ്ദേഹത്തിന്റെ സംഘടനയായ ഓപ്പൺ ഡോർസ് ഇന്റർനാഷണൽ, പീഡനം ഏല്ക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികളെ ഇന്നു ശുശ്രൂഷിക്കുന്നു.
യെഹൂദന്മാർ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയതിനെ തുടർന്ന് ആലയം പുനർനിർമിക്കുക എന്ന അസാധ്യമായ ദൗത്യത്തെ താൻ അഭിമുഖീകരിച്ചപ്പോൾ, യെഹൂദാദേശാധിപതിയായി സെരുബ്ബാബേൽ നിരുത്സാഹപ്പെട്ടു. എന്നാൽ മനുഷ്യശക്തിയിലോ ശേഷിയിലോ ആശ്രയിക്കാതെ ദൈവാത്മാവിൽ ആശ്രയിക്കാൻ ദൈവം അവനെ ഓർമ്മപ്പെടുത്തി (സെഖര്യാവ് 4:6). അടുത്തുള്ള ഒലിവു മരങ്ങളിൽ നിന്നു വിതരണം ചെയ്യപ്പെടുന്ന എണ്ണയോടുകൂടി വിളക്കുകളുടെ ദർശനം സെഖര്യാ പ്രവാചകനു നൽകിക്കൊണ്ട് അവൻ സെരുബ്ബാബേലിനു ധൈര്യം പകർന്നു (വാ. 2-3). എണ്ണയുടെ തുടർച്ചയായ വിതരണം നിമിത്തം വിളക്കുകൾ കത്തുന്നതുപോലെ, ദൈവത്തിന്റെ നിരന്തരമായ ശക്തി വിതരണത്തിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ദൗത്യം പൂർത്തിയാക്കാൻ സെരുബ്ബാബേലിനും യിസ്രായേൽമക്കൾക്കും കഴിയും.
നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്ക് അവനിൽ വിശ്വസിച്ചുകൊണ്ട് അവൻ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യാൻ കഴിയും.