നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Karen Pimpo

പ്രാർത്ഥനയാണ് പ്രധാനം

“വരാനിരിക്കുന്ന ബ്രെയിൻ സ്കാനിങ്ങിനായി പ്രാർത്ഥിക്കുക.’’ “എന്റെ മക്കൾ വീണ്ടും പള്ളിയിൽ വരാൻ പ്രാർത്ഥിക്കുക,’’ “ഭാര്യ മരിച്ച ഡേവിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.’’ ഞങ്ങളുടെ കാർഡ് മിനിസ്ട്രി ടീമിന് ഇതുപോലുള്ള പ്രാർത്ഥനാ അഭ്യർത്ഥനകളുടെ ഒരു ലിസ്റ്റ് തന്നെ പ്രതിവാരം ലഭിക്കുന്നു. ഓരോ വിഷയത്തിനായും ഞങ്ങൾ പ്രാർത്ഥിക്കുകയും ഓരോ വ്യക്തിക്കും കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്യന്നു. പ്രാർത്ഥനാഭ്യർത്ഥനകൾ വളരെയധികമാണ്, ഞങ്ങളുടെ ശ്രമങ്ങൾ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായി തോന്നിയേക്കാം. അടുത്തിടെ മരിച്ചുപോയ പ്രിയപ്പെട്ട ഭാര്യയുടെ ചരമവാർത്തയുടെ ഒരു പകർപ്പ് സഹിതം, ഭർത്താവ് ഡേവിൽ നിന്ന് ഹൃദയംഗമമായ നന്ദി പറഞ്ഞുകൊണ്ടുള്ള കാർഡ് ലഭിച്ചതിന് ശേഷം ഞങ്ങളുടെ ചിന്താഗതികൾ മാറി. പ്രാർത്ഥനയാണ് പ്രധാനമെന്ന് ഞാൻ വീണ്ടും മനസ്സിലാക്കി.

നാം ആത്മാർത്ഥതയോടെ, പലപ്പോഴും, പ്രത്യാശയോടെയും വിശ്വാസത്തോ ടെയും പ്രാർത്ഥിക്കണമെന്നുള്ളതിന് യേശു മാതൃക കാട്ടി. ഭൂമിയിലെ അവന്റെ സമയം പരിമിതമായിരുന്നു, എന്നാൽ അവൻ പ്രാർത്ഥിക്കുന്നതിന് മുൻഗണന നൽകി (മർക്കൊസ് 1:35; 6:46; 14:32).

നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ്, യിസ്രായേൽ രാജാവായ ഹിസ്കിയാവും ഈ പാഠം പഠിച്ചു. ഒരു രോഗം താമസിയാതെ അവന്റെ ജീവനെടുക്കുമെന്ന് പ്രവാചകൻ അവനോട് പറഞ്ഞു (2 രാജാക്കന്മാർ 20:1). കഷ്ടതയുടെ നടുവിൽ കൈപ്പോടെ കരഞ്ഞുകൊണ്ട് ഹിസ്കീയാവ് “മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു’’ (വാക്യം 2). ഈ സാഹചര്യത്തിൽ, ദൈവത്തിന്റെ മറുപടി ഉടനടി ആയിരുന്നു. അവൻ ഹിസ്കീയാവിന്റെ രോഗം സുഖപ്പെടുത്തി, അവന്റെ ആയുസ്സ് പതിനഞ്ചു വർഷത്തേക്കു നീട്ടിക്കൊടുത്തു. മാത്രമല്ല, ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു (വാ. 5-6). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയത് ഹിസ്കീയാവ് ഒരു നല്ല ജീവിതം നയിച്ചതുകൊണ്ടല്ല, മറിച്ച് “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും’’ (വാ. 6) ആണ്. നാം ആവശ്യപ്പെടുന്നത് എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല, എന്നാൽ ഓരോ പ്രാർത്ഥനയിലും ദൈവം പ്രവർത്തിക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളരായിരിക്കാൻ കഴിയും. 

ക്രിസ്തുവിനെ ധരിക്കുക

നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. [ റോമർ 13:12 ]

ക്രിസ്തുവിനെ ധരിക്കുക

ആദ്യമായി എന്റെ പുതിയ കണ്ണട ധരിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായിരുന്നു, എന്നാൽ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അത് വലിച്ചെറിയണമെന്നു തോന്നി. എന്റെ കണ്ണു വേദനിക്കുകയും തല വിങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത ഫ്രെയിം എന്റെ ചെവിയിൽ വേദനയുളവാക്കി. പിറ്റേ ദിവസം, കണ്ണട ധരിക്കണമെന്ന് ഓർത്തപ്പോൾ തന്നേ എനിക്കു കരച്ചിൽവന്നു. എന്റെ ശരീരം അതിനോടു പൊരുത്തപ്പെടുന്നതിനായി എനിക്ക് ദിവസവും ആവർത്തിച്ച് കണ്ണട ധരിക്കേണ്ടിവന്നു. അതിന് ആഴ്ചകൾ വേണ്ടിവന്നു, ഒടുവിൽ എനിക്കു പ്രയാസം കൂടാതെ അവ ധരിക്കാമെന്നു ഞാൻ മനസ്സിലാക്കി.

പുതുതായി ഒന്നു ധരിക്കുന്നതിന് മാറ്റം വരുത്തൽ ആവശ്യമാണ്, ക്രമേണ അതു നമുക്കു ശീലമാകുകയും നമുക്കതു നന്നായി ഇണങ്ങുകയും ചെയ്യും. മുമ്പു നാം കാണാത്ത കാര്യങ്ങൾ കാണാനും നമുക്കു കഴിയും. റോമർ 13 ൽ, “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുവാനും” (വാ. 12) ശരിയായ ജീവിതം നയിക്കുവാനും ക്രിസ്തുവിന്റെ അനുയായികളോട് പൗലൊസ് നിർദ്ദേശിക്കുന്നു. അവർ നേരത്തെ തന്നേ യേശുവിൽ വിശ്വസിച്ചവരാണ്. എന്നാൽ അവർ “ഉറക്കത്തിലേക്കു’’ വീഴുകയും അലംഭാവമുള്ളവരായിത്തീരുകയും ചെയ്തു; അവർ “ഉണർന്ന്’’ പ്രവർത്തിക്കുകയും മര്യാദയായി നടക്കുകയും പാപത്തെ ഉപേക്ഷിക്കുകയും വേണം (വാ. 11-12). ക്രിസ്തുവിനെ ധരിക്കുവാനും അവരുടെ ചിന്തയിലും പ്രവൃത്തികളിലും കൂടുതൽ അവനെപ്പോലെ ആയിത്തീരുവാനും പൗലൊസ് അവരെ ഉത്സാഹിപ്പിക്കുന്നു (വാ. 14).

യേശുവിന്റെ സ്നേഹമസൃണവും സൗമ്യവും മനസ്സലിവുള്ളതും കൃപാപൂർവ്വവും വിശ്വസ്തവുമായ വഴികളെ ഒറ്റ രാത്രികൊണ്ടു ജീവിതത്തിൽ പ്രതിഫലിപ്പിച്ചു തുടങ്ങുവാൻ നമുക്കു കഴിയുകയില്ല. അതു സുഖകരമല്ലാത്തതിനാൽ അതു ധരിക്കാൻ നമുക്കിഷ്ടമല്ലെങ്കിൽപ്പോലും ഓരോ ദിവസവും “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുന്നതു’’ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയാണത്. ക്രമേണ അതിഷ്ടപ്പെടത്തക്കവിധം അവൻ നമ്മെ രൂപാന്തരപ്പെടുത്തും. കാരെൻ പിമ്പോ

ഇന്ന് “യേശുവിനെ ധരിക്കുക’’ എന്നു പറഞ്ഞാൽ എന്താണർത്ഥം? 
ക്രിസ്തുസാദൃശ്യം ശീലിക്കുന്നത് കാലക്രമേണ കൂടുതൽ 
എളുപ്പമായിത്തീരുന്നത് എങ്ങനെയാണ്?

യേശുവേ, എന്നെ ദിനംതോറും രൂപാന്തരപ്പെടുത്തുന്നതിനു നന്ദി പറയുന്നു.

സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടവർ

കോളേജിൽവെച്ചു ജിമ്മും ലനീഡയും പ്രണയബദ്ധരായി. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, “വിവാഹ പ്രതിജ്ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്സ് എനിക്ക് തന്നു.”

പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൗലൊസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി (1 കൊരി. 13). സ്നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാ. 1). “എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും ... സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.” ഒടുവിൽ പൗലൊസ് പറഞ്ഞു, “ഇവയിൽ വലിയതോ സ്നേഹംതന്നേ” (വാ. 13).

ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

നമ്മുടെ രാജാവായ യേശു

ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ളതും വരണ്ടതുമായ രാജ്യങ്ങളിലൊന്നിൽ എണ്ണയ്ക്കായി കുഴിക്കുന്ന സമയത്ത്, ഒരു വലിയ ഭൂഗർഭ ജലശേഖരം കണ്ടെത്തിയത് ടീമുകളെ ഞെട്ടിച്ചു. അതിനാൽ, 1983-ൽ “മനുഷ്യനിർമ്മിത മഹാനദി” പദ്ധതി ആരംഭിക്കുകയും, ഉയർന്ന നിലവാരമുള്ള ശുദ്ധജലം വളരെ ആവശ്യമുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പൈപ്പ് സംവിധാനം സ്ഥാപിക്കുകയും ചെയ്തു. പദ്ധതിയുടെ തുടക്കത്തിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഇവിടെ നിന്ന് ജീവന്റെ ധമനികൾ ഒഴുകുന്നു.”

ഭാവിയിലെ നീതിമാനായ രാജാവിനെ വിവരിക്കാൻ യെശയ്യാ പ്രവാചകൻ മരുഭൂമിയിലെ വെള്ളത്തിന്റെ പ്രതീകം ഉപയോഗിച്ചു (യെശ. 32). രാജാക്കന്മാരും ഭരണാധികാരികളും നീതിയോടും ന്യായത്തോടും കൂടി വാഴുമ്പോൾ, അവർ “വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും” (വാ. 2). ചില ഭരണാധികാരികൾ, കൊടുക്കുന്നതിനു പകരം വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ബഹുമാനിക്കുന്ന ഒരു നേതാവ്, അഭയസ്ഥാനവും രക്ഷാസ്ഥാനവും നവോന്മേഷവും സംരക്ഷണവും നൽകുന്ന ഒരാളായിരിക്കും. “[ദൈവത്തിന്റെ] നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും” (വാ. 17) എന്നും യെശയ്യാവ് പറഞ്ഞു.

പിൽക്കാലത്ത് യേശുവിൽ പൂർത്തീകരിക്കേണ്ട പ്രത്യാശയുടെ വാക്കുകളാണ് യെശയ്യാവ് പറഞ്ഞത്. യേശു “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും . . . അങ്ങനെ നാം എന്നേക്കും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16-17). മനുഷ്യകരങ്ങളാൽ നിർമ്മിക്കപ്പെട്ട മഹാനദി എന്നെങ്കിലും വറ്റിപ്പോകും. എന്നാൽ നമ്മുടെ നീതിമാനായ രാജാവ് ഒരിക്കലും വറ്റിപ്പോകാത്ത നവോന്മേഷവും ജീവജലവും നൽകുന്നു. 

- കാരെൻ പിമ്പോ

നീതി നഗരം

2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.'' 
വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്. 
വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14). 
 

മനസ്സിവിന്റെ വൈദഗ്ധ്യം

''നിങ്ങളുടെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നു-അതുകൊണ്ടാണ് നിങ്ങൾ രാത്രിയിൽ ചിലപ്പോൾ കരയുന്നത്,'' പതിനാലാം നൂറ്റാണ്ടിൽ സിയന്നയിലെ കാതറിൻ എഴുതി. അവൾ തുടർന്നു, ''ഇത് പുറത്തെടുക്കാൻ കഴിയുന്ന ചിലർ ഈ ലോകത്തിലുണ്ട്. അതിനുള്ള വൈദഗ്ധ്യം അവർ [ദൈവത്തിൽ] നിന്ന് പഠിച്ചതാണ്.'' ആ “വൈദഗ്ധ്യം’’  വളർത്തിയെടുക്കാൻ കാതറിൻ തന്റെ ജീവിതം സമർപ്പിച്ചു. മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതിയും മനസ്സലിവും കാണിക്കാനുള്ള അവളുടെ ശ്രദ്ധേയമായ കഴിവിന്റെ പേരിൽ ഇന്നും അവൾ ഓർമ്മിക്കപ്പെടുന്നു. 
നീക്കം ചെയ്യാൻ ആർദ്രതയും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന ആഴത്തിൽ തറച്ച മുള്ളു പോലെയുള്ള വേദനയുടെ ആ ചിത്രം, നാം എത്രമാത്രം സങ്കീർണ്ണവും മുറിവേറ്റവരുമാണ് എന്നതിന്റെയും മറ്റുള്ളവരോടും നമ്മോടും യഥാർത്ഥ മനസ്സലിവു വളർത്തിയെടുക്കാൻ ആഴത്തിൽ കുഴിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ്. 
അല്ലെങ്കിൽ, അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നതുപോലെ, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിന് നല്ല ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും ആവശ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണിത് - അതിന് “അന്യോന്യം സമർപ്പിക്കണം’’ (റോമർ 12:10), “സന്തോഷിക്കണം’’ പ്രത്യാശിക്കണം, കഷ്ടതയിൽ സഹിഷ്ണുത കാണിക്കണം, പ്രാർത്ഥനയിൽ ഉറ്റിരിക്കണം'' (വാ. 12). “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ' മാത്രമല്ല, 'കരയുന്നവരോടുകൂടെകരയുവാനും’’ (വാ. 15) സന്നദ്ധത ആവശ്യമാണ്. അതു നമ്മിൽനിന്നെല്ലാം ആവശ്യപ്പെടുന്നു. തകർന്ന ഒരു ലോകത്തിൽ, നാമാരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല-നമ്മിൽ ഓരോരുത്തരിലും മുറിവുകളും പാടുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സ്‌നേഹം അതിലും ആഴമുള്ളതാണ്; കരുണയുടെ തൈലം ഉപയോഗിച്ച് ആ മുള്ളുകൾ പുറത്തെടുക്കാൻ തക്ക ആർദ്രമായ സ്‌നേഹം, സുഹൃത്തിനെയും ശത്രുവിനെയും ആലിംഗനം ചെയ്യാൻ തയ്യാറാണ് (വാ. 14). നാം ഒരുമിച്ച് രോഗശാന്തി കണ്ടെത്തുക. 

 

ഉള്ളിലെ മാസ്റ്റർപീസ്

ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് കലകളുടെ ശേഖരം ഉൾക്കൊള്ളുന്ന തായ് വാനിലെ നാഷണൽ പാലസ് മ്യൂസിയത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് ദി അറ്റ്‌ലാന്റിക്കിൽ എഴുത്തുകാരൻ ആർതർ സി. ബ്രൂക്ക്‌സ് പറയുന്നുണ്ട്. മ്യൂസിയം ഗൈഡ് ചോദിച്ചു, “ഇനിയും തുടങ്ങാനിരിക്കുന്ന ഒരു കലാസൃഷ്ടി സങ്കൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ബ്രൂക്ക്‌സ് പറഞ്ഞു, “ഒരു ശൂന്യമായ ക്യാൻവാസ്, ഞാൻ ഊഹിക്കുന്നു.” ഗൈഡ് മറുപടി പറഞ്ഞു, “അത് കാണാൻ മറ്റൊരു വഴിയുണ്ട്: കല ഇതിനകം നിലവിലുണ്ട്, കലാകാരന്മാരുടെ ജോലി അത് വെളിപ്പെടുത്തുക മാത്രമാണ്.” 
ചിലപ്പോൾ “പ്രവൃത്തി” അല്ലെങ്കിൽ “മാസ്റ്റർപീസ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന കൈപ്പണി എന്ന പദം, ഗ്രീക്ക് പദമായ poiema യിൽ നിന്നാണ് വന്നത്, അതിൽ നിന്നാണ് നമ്മുടെ കവിത (poetry) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കലാസൃഷ്ടികളായും ജീവിക്കുന്ന കവിതകളായുമായിട്ടാണ്. എന്നിരുന്നാലും, നമ്മുടെ കല അവ്യക്തമായിത്തീർന്നിരിക്കുന്നു: “അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ” (വാ. 1). മ്യൂസിയം ഗൈഡിന്റെ വാക്കുകൾ വ്യാഖ്യാനിച്ചാൽ, “[നമ്മുടെ] കല ഇതിനകം അവിടെയുണ്ട്, അത് വെളിപ്പെടുത്തുന്നത് ദൈവിക കലാകാരന്റെ ജോലിയാണ്'' എന്നു വ്യക്തം. അവന്റെ മാസ്റ്റർപീസുകളായ ദൈവം നമ്മെ പുനഃസ്ഥാപിക്കുകയാണ്: “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹംനിമിത്തം നമ്മെ ജീവിപ്പിച്ചു” (വാ. 4-5). 
വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ദൈവിക കലാകാരൻ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു്” (ഫിലിപ്പിയർ 2:13). ദൈവം തന്റെ മാസ്റ്റർപീസ് വെളിപ്പെടുത്താൻ നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുക.