അവിടുത്തെ സമാധാനം
നിരവധി മാസങ്ങൾ ജോലിസ്ഥലത്തെ തീവ്രമായ രാഷ്ട്രീയവും ഉപജാപങ്ങളും ഞാൻ കൈകാര്യം ചെയ്തു. വേവലാതിപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം സാധാരണ സംഭവമാണ്;അതിനാൽ സമാധാനത്തിൽ ഇരിക്കുന്നതിൽ ഞാൻ അദ്ഭുതപ്പെട്ടു. ഉത്കണ്ഠ തോന്നുന്നതിനു പകരം, ശാന്തമായ മനസ്സോടെയും ഹൃദയത്തോടെയും പ്രതികരിക്കുവാൻ എനിക്ക് കഴിഞ്ഞു. ഈ സമാധാനം ദൈവത്തിൽ നിന്ന് മാത്രമേ വരികയുള്ളൂ എന്നെനിക്കറിയാമായിരുന്നു.
ഇതിനു വിപരീതമായി, എന്റെ ജീവിതത്തിൽ എല്ലാം നന്നായി നടന്നു കൊണ്ടിരുന്ന മറ്റൊരു കാലഘട്ടമുണ്ടായിരുന്നു - എന്നിട്ടും എനിക്ക് ഹൃദയത്തിൽ ആഴമേറിയ അശാന്തി അനുഭവപ്പെട്ടു. ദൈവത്തെയും അവന്റെ നടത്തിപ്പിലും ആശ്രയിക്കുന്നതിനു പകരം ഞാൻ എന്റെ സ്വന്തം കഴിവുകളിൽ ആശ്രയിച്ചതു കൊണ്ടാണതെന്ന് എനിക്കറിയാം. തിരിഞ്ഞു നോക്കുമ്പോൾ, യഥാർത്ഥ സമാധാനം - ദൈവസമാധാനം - നമ്മുടെ സാഹചര്യങ്ങളാൽ നിർവചിക്കപ്പെടുന്നതല്ല, മറിച്ച് അവനിലുള്ള നമ്മുടെ ആശ്രയത്തിലാണെന്ന് എനിക്ക് മനസ്സിലായി.
നമ്മുടെ മനസ്സ് സുസ്ഥിരമാകുമ്പോൾ ദൈവസമാധാനം നമ്മിലേക്ക് വരുന്നു (യെശയ്യാവ് 26:3). എബ്രായഭാഷയിൽ സ്ഥിരത എന്ന വാക്കിന് "ചാരി നിൽക്കുക" എന്നാണ് അർത്ഥം. നാം അവനിൽ ചാരുമ്പോൾ, അവന്റെ ശാന്തമാക്കുന്ന സാന്നിധ്യം നമുക്ക് അനുഭവപ്പെടും. ദൈവം ഗർവ്വികളെയും ദുഷ്ടന്മാരെയും താഴ്ത്തി തന്നെ സ്നേഹിക്കുന്നവരുടെ പാതകളെ നിരപ്പാക്കും എന്ന് ഓർത്ത് നമുക്ക് അവനിൽ ആശ്രയിക്കാം (വാ. 5 - 7).
ബുദ്ധിമുട്ടുള്ള ഒരുകാലഘട്ടത്തിൽ ഞാൻ സമാധാനം അനുഭവിച്ചപ്പോൾ, ദൈവസമാധാനം പ്രശ്നങ്ങളുടെഅഭാവമല്ല, മറിച്ച് ദുരന്തങ്ങളിൽ പോലും ഉള്ള അഗാധമായ സുരക്ഷിതത്വ ബോധമാണെന്ന് ഞാൻ കണ്ടെത്തി. അത്, ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും സകല ബുദ്ധിയെയും കവിഞ്ഞ് നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കുന്ന ഒരു സമാധാനമാണ് (ഫിലിപ്പിയർ 4:6-7).