നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിമ്യ ലോഡർ

മിണ്ടാതിരിക്കുക

ഞാൻ ചേമ്പറിൽ സ്വസ്ഥമായതിനുശേഷം, എന്റെ ശരീരം വെള്ളത്തിന് മുകളിൽ സുഖമായി പൊങ്ങിക്കിടന്നു, മുറി ഇരുട്ടിലായി, പശ്ചാത്തലത്തിൽ മുഴങ്ങിയിരുന്ന മൃദുവായ സംഗീതം നിശബ്ദമായി. സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്ന ഐസൊലേഷൻ ടാങ്കുകൾ സൗഖ്യദായകമാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതായിരുന്നു. ലോകത്തിന്റെ അരാജകത്വം നിലച്ചതുപോലെ തോന്നി, എന്റെ ഉള്ളിലെ ചിന്തകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ആ അനുഭവത്തെ സന്തുലിതവും പുനരുജ്ജീവിപ്പിക്കുന്നതുമായി നിലനിർത്തി, നിശ്ചലതയിൽ ശക്തിയുണ്ടെന്ന് ഓർമ്മിപ്പിച്ചു.

നമ്മുടെ ശക്തി പുതുക്കുകയും ഓരോ ദിവസവും നാം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന്റെ നിശ്ചലതയിൽ നമുക്ക് ഏറ്റവും സുഖമായി വിശ്രമിക്കാൻ കഴിയും. നമ്മൾ മിണ്ടാതിരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ ശബ്ദത്തെ നിശ്ശബ്ദമാക്കുകയും, നമ്മുടെ ജീവിതത്തിലെ ശ്രദ്ധാശൈഥില്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ശക്തിപ്പെടുത്തുന്നു, അങ്ങനെ നമുക്ക് അവന്റെ സൗമ്യമായ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും (സങ്കീർത്തനം 37:7).

ഇന്ദ്രിയങ്ങളെ ഇല്ലായ്മ ചെയ്യുന്ന ചേമ്പറുകൾ തീർച്ചയായും നിശ്ചലതയുടെ ഒരു രൂപമാണെങ്കിലും, തന്നോടൊപ്പം തടസ്സങ്ങളില്ലാതെ സമയം ചെലവഴിക്കാനുള്ള ലളിതമായ മാർഗം ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവൻ പറയുന്നു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക” (മത്തായി 6:6). തന്റെ മഹത്തായ സാന്നിധ്യത്തിന്റെ നിശ്ശബ്ദതയിൽ ജീവിതത്തിന്റെ വെല്ലുവിളികൾക്കുള്ള ഉത്തരം തേടുമ്പോൾ ദൈവം നമ്മുടെ ചുവടുകളെ നയിക്കുകയും അവന്റെ നീതി നമ്മിലൂടെ പ്രകാശമാനമാക്കുകയും ചെയ്യും (സങ്കീർത്തനം 37:5-6).

ശബ്ദത്തിന്റെ ശക്തി

ചരിത്രത്തിലെ ഏറ്റവും ശക്തരായ വാഗ്മികൾ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പലപ്പോഴും അവരുടെ ശബ്ദം ഉപയോഗിച്ച നേതാക്കളാണ്. ഫ്രെഡറിക് ഡഗ്ലസിനെ കുറിച്ചു ചിന്തിക്കുക. ഉന്മൂലനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ അടിമത്തത്തിന് അന്ത്യം കുറിച്ച ഒരു പ്രസ്ഥാനത്തിനു പ്രോത്സാഹനമായി. അദ്ദേഹം മിണ്ടാതിരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലോ? സംസാരിക്കാനുള്ള ഭയം തളർത്തിയേക്കാമെങ്കിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സഹായിക്കാനും നമ്മുടെ ശബ്ദം ഉപയോഗിക്കാനുള്ള കഴിവ് നമുക്കെല്ലാവർക്കും ഉണ്ട്. ഈ ഭയത്താൽ നാം തളർന്നുപോകുന്ന നിമിഷങ്ങളിൽ, ദൈവിക ജ്ഞാനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായ ദൈവത്തിലേക്ക് നമുക്കു നോക്കാം.

ദൈവം യിരെമ്യാവിനെ ജനതകളുടെ പ്രവാചകനാകാൻ വിളിച്ചപ്പോൾ, അവൻ ഉടൻതന്നെ സ്വന്തം കഴിവുകളെ സംശയിക്കാൻ തുടങ്ങി. അവൻ നിലവിളിച്ചു: ''അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ'' (യിരെമ്യാവ് 1:6). എന്നാൽ തന്റെ ശബ്ദത്തിലൂടെ ഒരു തലമുറയെ പ്രചോദിപ്പിക്കാനുള്ള ദൈവിക വിളിയുടെ വഴിയിൽ യിരെമ്യാവിന്റെ ഭയം കടന്നുവരാൻ ദൈവം അനുവദിച്ചില്ല. പകരം, താൻ കൽപ്പിക്കുന്നതെന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ വിശ്വസിക്കാൻ അവൻ പ്രവാചകനോട് നിർദ്ദേശിച്ചു (വാ. 7).യിരെമ്യാവിനെ സ്ഥിരീകരിച്ചതിനു പുറമേ, അവൻ അവനെ സജ്ജനാക്കുകയും ചെയ്തു. “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു” (വാ. 9), ദൈവം അവന് ഉറപ്പുനൽകി.

നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്നു കാണിച്ചുതരാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മുടെ ഉദ്ദേശ്യം നിറവേറ്റാൻ അവൻ നമ്മെ സജ്ജരാക്കും. അവന്റെ സഹായത്തോടെ, നമുക്ക് ചുറ്റുമുള്ളവരിൽ നല്ല സ്വാധീനം ചെലുത്താൻ നമ്മുടെ ശബ്ദത്തെ ധൈര്യത്തോടെ ഉപയോഗിക്കാം.

വിശ്വാസത്തിന്റെ കുതിപ്പ്

ഒരു മഴക്കാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് നിന്ന് ഒരു കേബിളിൽ തുങ്ങി സഞ്ചരിക്കാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്റെ ഉള്ളിൽ ഭയം നിഴലിച്ചു. ഞാൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ്, തെറ്റിപ്പോയേക്കാവുന്ന എല്ലാറ്റിനെയും കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ എനിക്ക് സംഭരിക്കാൻ കഴിയുന്ന മുഴുവൻ ധൈര്യത്തോടെ ഞാൻ മുന്നോട്ടു കുതിച്ചു. കാടിന്റെ നെറുകയിൽ നിന്ന് താഴേക്ക് ഇറങ്ങി, പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഞാൻ ചീറിപ്പാഞ്ഞു, മുടികളെ കാറ്റ് തഴുകിയപ്പോൾ എന്റെ ആശങ്കകൾ പതുക്കെ മാഞ്ഞുപോയി. ഗുരുത്വാകർഷണം എന്നെ വഹിക്കാൻ അനുവദിച്ചുകൊണ്ട് ഞാൻ വായുവിലൂടെ നീങ്ങുമ്പോൾ, അടുത്ത പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള എന്റെ കാഴ്ച കൂടുതൽ വ്യക്തമായി, ഞാൻ സുരക്ഷിതമായി എത്തിച്ചേരുമെന്ന് എനിക്കു മനസ്സിലായി.

സിപ്പ് ലൈനിലെ എന്റെ സമയം, പുതിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രയത്‌നങ്ങൾ ഏറ്റെടുക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്ന സമയങ്ങളെ ചിത്രീകരിച്ചു. നമുക്ക് സംശയവും അനിശ്ചിതത്വവും അനുഭവപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും “[നമ്മുടെ] സ്വന്തവിവേകത്തിൽ ഊന്നാതിരിക്കാനും'' (സദൃശവാക്യങ്ങൾ 3:5) തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ മനസ്സിൽ ഭയവും സംശയവും നിറയുമ്പോൾ, നമ്മുടെ പാതകൾ അവ്യക്തവും വളഞ്ഞുപുളഞ്ഞതുമാകാം. എന്നാൽ നമ്മുടെ വഴി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തുകഴിഞ്ഞാൽ, “അവൻ [നമ്മുടെ] പാതകളെ നേരെയാക്കും” (വാ. 6). പ്രാർത്ഥനയിലും തിരുവെഴുത്തുകളിലും സമയം ചിലവഴിക്കുന്നതിലൂടെ ദൈവം ആരാണെന്ന് മനസിലാക്കുന്നതിലൂടെ വിശ്വാസത്തിന്റെ കുതിച്ചുചാട്ടം നടത്തുന്നതിനായി നാം കൂടുതൽ ആത്മവിശ്വാസം നേടുന്നു.

ജീവിതത്തിന്റെ വെല്ലുവിളികളിൽപ്പോലും നമുക്ക് സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്താനാകും, നാം ദൈവത്തിൽ പറ്റച്ചേർന്നിരിക്കുകയും നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളിലൂടെ നമ്മെ നയിക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്നു.

പുനഃസ്ഥാപിക്കുന്ന ദൈവം

1966 നവംബർ 4-ന്, ഇറ്റലിയിലെ ഫ്‌ളോറൻസിലുണ്ടായ ഒരു വിനാശകരമായ വെള്ളപ്പൊക്കത്തിൽ, ജോർജിയോ വസാരിയുടെ വിഖ്യാത കലാസൃഷ്ടിയായ ദി ലാസ്റ്റ് സപ്പർ, ചെളിയും എണ്ണയും നിറഞ്ഞ വെള്ളക്കെട്ടിൽ പന്ത്രണ്ട് മണിക്കൂറിലധികം മുങ്ങിക്കിടന്നു. പെയിന്റ് അലിയുകയും തടി ഫ്രെയിമിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാൽ, ഈ കലാസൃഷ്ടി വീണ്ടെടുക്കാൻ കഴിയില്ലെന്നു പലരും വിശ്വസിച്ചു. എന്നിരുന്നാലും, വിദഗ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും അമ്പതു വർഷത്തെ മടുപ്പിക്കുന്ന സംരക്ഷണ ശ്രമത്തിനു ശേഷം, വിലയേറിയ പെയിന്റിംഗ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

ബാബിലോന്യർ യിസ്രായേലിനെ കീഴടക്കിയപ്പോൾ, ആളുകൾക്ക് നിരാശ തോന്നി-ചുറ്റും മരണവും നാശവും പുനഃസ്ഥാപനത്തിന്റെ ആവശ്യകതയും ആയിരുന്നു എങ്ങും (വിലാപങ്ങൾ 1 കാണുക). പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ, ദൈവം യെഹെസ്‌കേൽ പ്രവാചകനെ ഒരു ദർശനത്തിൽ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ് വരയിലേക്ക് കൊണ്ടുപോയി. 'ഈ അസ്ഥികൾ ജീവിക്കുമോ?' ദൈവം ചോദിച്ചു. യെഹെസ്‌കേൽ മറുപടി പറഞ്ഞു, 'യഹോവയായ കർത്താവേ, നീ അറിയുന്നു' (യെഹെസ്‌കേൽ 37:3). അപ്പോൾ ദൈവം അവനോട്, അസ്ഥികൾ ജീവിക്കേണ്ടതിന് അവയോടു പ്രവചിക്കാൻ പറഞ്ഞു. 'ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു' (വാ. 7) യെഹെസ്‌കേൽ വിവരിച്ചു. ഈ ദർശനത്തിലൂടെ, യിസ്രായേലിന്റെ പുനഃസ്ഥാപനം തന്നിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ദൈവം യെഹെസ്‌കേലിനോട് വെളിപ്പെടുത്തി.

ജീവിതത്തിൽ കാര്യങ്ങൾ തകരുകയും അറ്റകുറ്റപ്പണികൾക്ക് അതീതമാണ് അവ എന്നു നമുക്ക് തോന്നുകയും ചെയ്യുമ്പോൾ, നമ്മുടെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ദൈവം നമുക്ക് ഉറപ്പുനൽകുന്നു. അവൻ നമുക്ക് പുതിയ ശ്വാസവും പുതിയ ജീവിതവും നൽകും.

ബന്ധങ്ങളെ പുനഃസ്ഥാപിക്കുക

ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇടയ്ക്കിടെ വഴക്കുകൂടിയിരുന്നു, പക്ഷേ ഒരിക്കൽ നടന്നത് എന്റെ ഓർമ്മയിൽ വേറിട്ടു നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും മുറിവേല്പ്പിക്കുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചുപറഞ്ഞതിന് ശേഷം, ഒരിക്കലും പൊറുക്കാനാകില്ലെന്ന് തോന്നിയ ഒരു കാര്യം അവൾ വിളിച്ചുപറഞ്ഞു. ഞങ്ങൾക്കിടയിൽ വളരുന്ന ശത്രുതയ്ക്ക് സാക്ഷിയായ ഞങ്ങളുടെ വല്യമ്മച്ചി, പരസ്പരം സ്‌നേഹിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിച്ചു: ''ദൈവം നിനക്ക് ജീവിതത്തിൽ ഒരു സഹോദരിയെ തന്നു. നിങ്ങൾ പരസ്പരം അല്പം കൃപ കാണിക്കണം''വല്യമ്മച്ചി പറഞ്ഞു. ഞങ്ങളെ സ്‌നേഹവും വിവേകവും കൊണ്ട് നിറയ്ക്കണമെന്ന് ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ എങ്ങനെ പരസ്പരം വേദനിപ്പിച്ചു എന്നത് തിരിച്ചറിയാനും പരസ്പരം ക്ഷമിക്കാനും അവൻ ഞങ്ങളെ സഹായിച്ചു.

കൈപ്പും കോപവും വെച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ കൈപ്പിന്റെ വികാരങ്ങൾ വിട്ടുകളയുന്നതിനു നമ്മെ സഹായിക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ മാത്രം ലഭിക്കുന്ന സമാധാനം നാം അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എഫെസ്യർ 4:31). ഈ വികാരങ്ങളെ നിലനിർത്തുന്നതിനുപകരം, സ്‌നേഹത്തിന്റെയും കൃപയുടെയും സ്ഥലത്തുനിന്നും വരുന്ന ക്ഷമയുടെ ക്രിസ്തുവിന്റെ മാതൃകയിലേക്ക് നമുക്ക് നോക്കാം. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ'' (വാ. 32). ക്ഷമിക്കുന്നത് വെല്ലുവിളിയായി കാണുമ്പോൾ, ഓരോ ദിവസവും അവൻ നമുക്കു നൽകുന്ന കൃപയെ നമുക്ക് ഓർക്കാം. നാം എത്ര പ്രാവശ്യം വീഴ്ച വരുത്തിയാലും, അവന്റെ കരുണ ഒരിക്കലും തീർന്നുപോകുന്നില്ല (വിലാപങ്ങൾ 3:22). നമ്മുടെ ഹൃദയത്തിൽ നിന്ന് കയ്പ്പ് നീക്കം ചെയ്യാൻ ദൈവത്തിന് നമ്മെ സഹായിക്കാൻ കഴിയും, അതിനാൽ നമുക്കു പ്രത്യാശയുള്ളവരായിരിക്കാനും അവന്റെ സ്‌നേഹത്തെ സ്വീകരിക്കുന്നവരായിരിക്കാനും നമുക്ക് കഴിയും.

ദൈവത്തിൽ ശക്തി കണ്ടെത്തുക

ഫുട്‌ബോൾ കളിക്കാരനായ ക്രിസ്റ്റ്യൻ പുലിസിച്ച് അദ്ദേഹത്തിന്റെ കരിയറിനെ സ്വാധീനിച്ച നിരവധി പരിക്കുകൾ നേരിട്ടു. ഫുട്‌ബോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഗെയിമിന്റെ കളിക്കാരുടെ ഔദ്യോഗിക പട്ടികയിൽ താൻ ഉണ്ടാകില്ലെന്ന് അറിഞ്ഞതിനുശേഷം, അദ്ദേഹം നിരാശനായി, എന്നാൽ ദൈവം തനിക്ക് സ്വയം വെളിപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. 'എപ്പോഴും എന്നപോലെ, ഞാൻ ദൈവത്തിങ്കലേക്ക് വരുന്നു, അവൻ എനിക്ക് ശക്തി നൽകുന്നു,' അദ്ദേഹം പറഞ്ഞു. 'എപ്പോഴും കൂടെയുള്ള ഒരാൾ എനിക്കുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. ആ ബോധ്യമില്ലാതെ ഞാൻ ഇതൊന്നും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല.'' പിന്നീട് കളിയിൽ പകരക്കാരനായപ്പോൾ പുലിസിച്ച് ആത്യന്തികമായി ഒരു നിർണ്ണായക സ്വാധീനം ചെലുത്തി. അവൻ ഒരു സമർത്ഥമായ കളി ആരംഭിച്ചു, അത് ഗെയിം വിജയിക്കുന്ന ഷോട്ടിലേക്ക് നയിക്കുകയും ചാമ്പ്യൻഷിപ്പിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ അവനെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: നമ്മുടെ ബലഹീനതകളെ, ദൈവത്തിന് അവന്റെ അളവറ്റ ശക്തി വെളിപ്പെടുത്താനുള്ള അവസരങ്ങളായി നമുക്ക് എപ്പോഴും വീക്ഷിക്കാം.

പ്രശ്‌നങ്ങൾ നേരിടുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ ലോകം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ദൈവകൃപയും ശക്തിയും നമുക്ക് ബലം നൽകുന്നുവെന്ന് ബൈബിൾ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 12:9). അതുകൊണ്ട് തന്നെ ഒരിക്കലും പരീക്ഷണങ്ങളെ ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങാം. നമ്മുടെ 'ബലഹീനതകൾ' ദൈവത്തിന് തന്റെ ശക്തി വെളിപ്പെടുത്താനും നമ്മെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങളായി മാറുന്നു (വാ. 9-10). ദൈവത്തെ സ്തുതിക്കുന്നതിനും അവന്റെ നന്മയ്ക്ക് നന്ദി പറയുന്നതിനും മറ്റുള്ളവരുമായി ഈ കണ്ടുമുട്ടലുകൾ പങ്കിടുന്നതിനും നമുക്ക് നമ്മുടെ പോരാട്ടങ്ങൾ ഉപയോഗിക്കാം, അങ്ങനെ അവർക്ക് അവന്റെ സ്‌നേഹം അനുഭവിക്കാൻ കഴിയും.

ആത്മീയ നവീകരണം

ചൈനീസ് വൈദ്യശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി പേൾ പൗഡർ എക്സ്ഫോളിയേഷൻ പരിശീലിക്കുന്നു, ചർമത്തിന്റെ മുകളിൽ ഉള്ള മൃതകോശങ്ങളെ സ്ക്രബ് ചെയ്യാൻ അവർ പൊടിച്ച മുത്തുകൾ ഉപയോഗിക്കുന്നു. റൊമാനിയയിൽ ചർമത്തെ യുവത്വവും തിളക്കവുമുള്ളതാക്കുവാൻ ഉദ്ദേശിച്ചുള്ള പുനരുജ്ജീവന ചികിത്സയ്ക്കു ഉപയോഗിക്കുന്ന ചെളി, വളരെ ആവശ്യകാരുള്ള ഒരു എക്സ്ഫോളിയന്റായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ, ഏറ്റവും മങ്ങിയ ചർമത്തെ പോലും പുതുക്കുമെന്ന് അവർ വിശ്വസിക്കുന്ന ശരീര സംരക്ഷണ രീതികൾ ഉപയോഗിക്കുന്നു.

എന്നിരുന്നാലും, നമ്മുടെ ഭൗതികശരീരം നിലനിർത്താൻ നാം വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ താൽക്കാലിക സംതൃപ്തി മാത്രമേ നൽകൂ. നാം ആത്മീയമായി ആരോഗ്യവാൻമാരായും ശക്തരായും നിലനിൽക്കുക എന്നതാണ് പ്രധാനം. യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, അവനിലൂടെ ആത്മീയ നവീകരണമെന്ന ദാനം നമുക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി, "ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു" (2 കൊരി. 4:16). ഭയം, മുറിവുകൾ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളിൽ മുറുകെ പിടിക്കുമ്പോൾ നാം ദിനംപ്രതി നേരിടുന്ന വെല്ലുവിളികൾ നമ്മെ ഭാരപ്പെടുത്തും. നാം "കാണുന്നതിനെ അല്ല, കാണാത്തതിനെ" (വാ.18) നോക്കുന്നവരെങ്കിൽ നമ്മിൽ ആത്മീയ നവീകരണം ഉണ്ടാവും. നമ്മുടെ ദൈനംദിന ആകുലതകൾ ദൈവത്തിനു കൈമാറി, പരിശുദ്ധാത്മാവിന്റെ ഫലം - സ്നേഹം, സന്തോഷം, സമാധാനം എന്നിവ ഉൾപ്പെടെ - നമ്മുടെ ജീവിതത്തിൽ പുതുതായി ഉയർന്നുവരാൻ പ്രാർഥിച്ചു കൊണ്ട് ഇത് ചെയ്യുക (ഗലാ. 5:22-23). നാം നമ്മുടെ കഷ്ടതകൾ ദൈവത്തിനു വിട്ടുകൊടുക്കുകയും അവിടുത്തെ ആത്മാവിനെ ഓരോ ദിവസവും നമ്മിലൂടെ പ്രസരിക്കുവാൻ  അനുവദിക്കുകയും ചെയ്യുമ്പോൾ അവിടുന്നു നമ്മുടെ ആത്മാക്കളെ പുനഃസ്ഥാപിക്കുന്നു.

ചൈനീസ് വൈദ്യശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി പേൾ പൗഡർ എക്സ്ഫോളിയേഷൻ പരിശീലിക്കുന്നു, ചർമത്തിന്റെ മുകളിൽ ഉള്ള മൃതകോശങ്ങളെ സ്ക്രബ് ചെയ്യാൻ അവർ പൊടിച്ച മുത്തുകൾ ഉപയോഗിക്കുന്നു. റൊമാനിയയിൽ ചർമത്തെ യുവത്വവും തിളക്കവുമുള്ളതാക്കുവാൻ ഉദ്ദേശിച്ചുള്ള പുനരുജ്ജീവന ചികിത്സയ്ക്കു ഉപയോഗിക്കുന്ന ചെളി, വളരെ ആവശ്യകാരുള്ള ഒരു എക്സ്ഫോളിയന്റായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ, ഏറ്റവും മങ്ങിയ ചർമത്തെ പോലും പുതുക്കുമെന്ന് അവർ വിശ്വസിക്കുന്ന ശരീര സംരക്ഷണ രീതികൾ ഉപയോഗിക്കുന്നു.

 

എന്നിരുന്നാലും, നമ്മുടെ ഭൗതികശരീരം നിലനിർത്താൻ നാം വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ താൽക്കാലിക സംതൃപ്തി മാത്രമേ നൽകൂ. നാം ആത്മീയമായി ആരോഗ്യവാൻമാരായും ശക്തരായും നിലനിൽക്കുക എന്നതാണ് പ്രധാനം. യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, അവനിലൂടെ ആത്മീയ നവീകരണമെന്ന ദാനം നമുക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി, "ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു" (2 കൊരി. 4:16). ഭയം, മുറിവുകൾ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളിൽ മുറുകെ പിടിക്കുമ്പോൾ നാം ദിനംപ്രതി നേരിടുന്ന വെല്ലുവിളികൾ നമ്മെ ഭാരപ്പെടുത്തും. നാം "കാണുന്നതിനെ അല്ല, കാണാത്തതിനെ" (വാ.18) നോക്കുന്നവരെങ്കിൽ നമ്മിൽ ആത്മീയ നവീകരണം ഉണ്ടാവും. നമ്മുടെ ദൈനംദിന ആകുലതകൾ ദൈവത്തിനു കൈമാറി, പരിശുദ്ധാത്മാവിന്റെ ഫലം - സ്നേഹം, സന്തോഷം, സമാധാനം എന്നിവ ഉൾപ്പെടെ - നമ്മുടെ ജീവിതത്തിൽ പുതുതായി ഉയർന്നുവരാൻ പ്രാർഥിച്ചു കൊണ്ട് ഇത് ചെയ്യുക (ഗലാ. 5:22-23). നാം നമ്മുടെ കഷ്ടതകൾ ദൈവത്തിനു വിട്ടുകൊടുക്കുകയും അവിടുത്തെ ആത്മാവിനെ ഓരോ ദിവസവും നമ്മിലൂടെ പ്രസരിക്കുവാൻ  അനുവദിക്കുകയും ചെയ്യുമ്പോൾ അവിടുന്നു നമ്മുടെ ആത്മാക്കളെ പുനഃസ്ഥാപിക്കുന്നു.

ശൂന്യമായി ഓടുന്നു

"എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല," ആഗോള ആരോഗ്യ പ്രതിസന്ധി ചർച്ചയിൽ ഒരു നഴ്‌സ് എന്ന നിലയിൽ അവൾ അഭിമുഖീകരിച്ച അഗാധമായ നിരാശയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എന്റെ സുഹൃത്ത് കണ്ണുനീരോടെ പറഞ്ഞു. “ദൈവം എന്നെ നഴ്‌സിംഗിലേക്ക് വിളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തളർന്നുപോയി, വൈകാരികമായി തളർന്നുപോയി,” അവൾ സമ്മതിച്ചു. തളർച്ചയുടെ ഒരു കാർമേഘം അവളുടെ മേൽ വന്നിരിക്കുന്നത് കണ്ടപ്പോൾ ഞാൻ മറുപടി പറഞ്ഞു, “താങ്കൾ ഇപ്പോൾ നിസ്സഹായയാണെന്നു എനിക്കറിയാം, എന്നാൽ നിങ്ങൾ  അന്വേഷിക്കുന്ന വഴിയും സഹിച്ചുനിൽക്കാനുള്ള ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക.” ആ നിമിഷം, പ്രാർത്ഥനയിലൂടെ ദൈവത്തെ അന്വേഷിക്കാൻ അവൾ തീരുമാനിച്ചു. താമസിയാതെ, എന്റെ സുഹൃത്തിന് ഒരു പുതിയ ലക്ഷ്യ ബോധത്താൽ ആവേശം നിറഞ്ഞവളായി. നഴ്‌സിംഗ് തുടരാൻ അവൾ ധൈര്യപ്പെട്ടു എന്ന് മാത്രമല്ല, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ യാത്ര ചെയ്ത് കൂടുതൽ ആളുകളെ സേവിക്കാനുള്ള ശക്തിയും ദൈവം അവൾക്ക് നൽകി.

 

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്ക് അമിതഭാരം അനുഭവപ്പെടുമ്പോൾ സഹായത്തിനും പ്രോത്സാഹനത്തിനും വേണ്ടി എപ്പോഴും ദൈവത്തിലേക്ക് നോക്കാം, കാരണം "അവൻ ക്ഷീണിക്കുകയോ തളർന്നു പോകുകയോ ചെയ്യുകയില്ല" (യെശയ്യാവ് 40:28). സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് "ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു." (വാക്യം 29) എന്ന് പ്രവാചകനായ യെശയ്യാവ് പ്രസ്താവിക്കുന്നു. ദൈവത്തിന്റെ ശക്തി ശാശ്വതമാണെങ്കിലും, നമ്മൾ ശാരീരികമായും മാനസികമായും തളർന്നു പോകുന്ന ദിവസങ്ങൾ നമുക്കുണ്ടാകുമെന്ന് അവനറിയാം. (വാക്യം 30). എന്നാൽ ജീവിതത്തിലെ വെല്ലുവിളികളെ ഒറ്റയ്ക്ക് മറികടക്കാൻ ശ്രമിക്കുന്നതിനുപകരം ശക്തിക്കായി നാം നമ്മുടെ ദൈവത്തിലേക്ക് നോക്കുമ്പോൾ, അവൻ നമ്മെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും വിശ്വാസത്തിൽ മുന്നേറാനുള്ള ദൃഢനിശ്ചയം നൽകുകയും ചെയ്യും.

എത്തിപ്പിടിക്കുക

അടുത്തിടെ സാമൂഹ്യമാധ്യമത്തിലെ ഒരു പോസ്റ്റിൽ, ബ്ലോഗർ ബോണി ഗ്രേ തന്റെ ഹൃദയത്തിൽ അമിതമായ സങ്കടം പടർന്നുകയറാൻ തുടങ്ങിയ നിമിഷത്തെ പറ്റി വിവരിക്കുകയുണ്ടായി. അവൾ പ്രസ്താവിച്ചു, “പെട്ടെന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അധ്യായത്തിൽ, . . . എനിക്ക് പരിഭ്രാന്തിയും വിഷാദവും അനുഭവപ്പെടാൻ തുടങ്ങി.” ഗ്രേ അവളുടെ വേദനയെ നേരിടാൻ വ്യത്യസ്ത വഴികൾ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തനിക്ക് ശക്തിയില്ലെന്ന് അവൾ മനസ്സിലാക്കി. “ആരും എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, അതിനാൽ ഞാൻ നിശബ്ദത പാലിക്കുകയും എന്റെ വിഷാദം മാറാൻ പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ദൈവം നമ്മെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നു, നമ്മെ ലജ്ജിപ്പിക്കുവാനോ  നമ്മുടെ വേദനയിൽ നിന്ന് നാം ഒളിച്ചിരിക്കുവാനോ ആഗ്രഹിക്കുന്നില്ല. അവന്റെ സാന്നിധ്യത്തിൽ ഗ്രേ ആശ്വാസം കണ്ടെത്തി; അവളെ കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തിയ തിരമാലകൾക്കിടയിൽ അവൻ അവളുടെ നങ്കൂരമായിരുന്നു.

 

നാം കൂരിരുൾ താഴ്‌വരയിൽ ആയിരിക്കുകയും നിരാശയിൽ നിറയുകയും ചെയ്യുമ്പോൾ, നമ്മെയും, താങ്ങാൻ ദൈവം അവിടെയുണ്ട്. 18-ാം സങ്കീർത്തനത്തിൽ, ശത്രുക്കളാൽ ഏതാണ്ടു തോൽപ്പിക്കപ്പെട്ട ശേഷം താൻ ആയിരുന്ന താഴ്ചയിൽ നിന്ന് തന്നെ വിടുവിച്ചതിന് ദാവീദ് ദൈവത്തെ സ്തുതിച്ചു. “അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.” (വാക്യം 16). കടലിൽ ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ നിരാശ നമ്മെ വിഴുങ്ങുന്നതായി തോന്നുന്ന നിമിഷങ്ങളിൽ പോലും, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ നമ്മെ എത്തിപ്പിടിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യും, സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും "വിശാലമായ സ്ഥലത്തേക്ക്" നമ്മെ കൊണ്ടുവരും (v. 19) . ജീവിതത്തിലെ വെല്ലുവിളികളാൽ തളർന്നുപോകുമ്പോൾ നമുക്ക് നമ്മുടെ അഭയസ്ഥാനമായി അവനിലേക്ക്‌ നമുക്ക് നോക്കാം.

സ്‌നേഹത്തിന്റെ ഒരു അധ്വാനം

മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് ഡോ. റെബേക്ക ലീ ക്രംപ്ലർ. എന്നിട്ടും അവളുടെ ജീവിതകാലത്ത് (1831-95), അവൾ “അവഗണിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും, നിസ്സാരമായി ചിത്രീകരിക്കപ്പെടുകയും’’ ചെയ്തു എന്ന് അവൾ ഓർക്കുന്നു. എന്നിരുന്നാലും, ചികിത്സിക്കുന്നതിലും അവളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിലും അവൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അവളുടെ വംശത്തെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കി ചിലർ അവളെ വിധിക്കാൻ തുനിഞ്ഞിട്ടും, “എപ്പോൾ വേണമെങ്കിലും എവിടെയും ഉത്തരവാദിത്വം നിർവഹിക്കാനുള്ള നവ്യവും ധൈര്യപൂർവ്വവുമായ സന്നദ്ധത’’ തനിക്കുണ്ടായിരുന്നതായി ക്രംപ്ലർ സ്ഥിരീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതും സ്വതന്ത്രരായ അടിമകൾക്ക് വൈദ്യസഹായം നൽകുന്നതും ദൈവത്തെ സേവിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അവൾ വിശ്വസിച്ചു. ഖേദകരമെന്നു പറയട്ടെ, ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിയുന്നതുവരെ അവളുടെ നേട്ടങ്ങൾക്ക് ഔപചാരികമായ അംഗീകാരം അവൾക്ക് ലഭിച്ചില്ല.

ചുറ്റുമുള്ളവരാൽ നമ്മൾ അവഗണിക്കപ്പെടുകയോ വിലകുറച്ചു കാണപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളുണ്ട്. എന്നിരുന്നാലും, ദൈവം നമ്മെ ഒരു ദൗത്യത്തിനായി വിളിച്ചപ്പോൾ, ലോകത്തിന്റെ അംഗീകാരവും അഭിനന്ദനവും നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ’’ (കൊലൊസ്യർ. 3:23). ദൈവത്തെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവന്റെ ശക്തിയിലും നേതൃത്വത്തിലും തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ഏറ്റവും പ്രയാസമേറിയ ജോലികൾ പോലും നിർവഹിക്കാൻ നമുക്കു കഴിയും. അപ്പോൾ നമുക്ക് ഭൗമിക അംഗീകാരം ലഭിക്കുന്നതിൽ നമ്മുടെ ശ്രദ്ധ കുറയുകയും അവനു മാത്രം നൽകാൻ കഴിയുന്ന പ്രതിഫലം സ്വീകരിക്കാൻ നാം കൂടുതൽ ആകാംക്ഷയുള്ളവരാകുകയും ചെയ്യും (വാ. 24).