കഴുതയുടെ പുറത്ത് ഒരു രാജാവ്
അതൊരു ഞായറാഴ്ച ആയിരുന്നു-ഇന്ന് നമ്മൾ ഓശാന ഞായർ എന്ന് വിളിക്കുന്ന ദിവസം. ഇത് യേശുവിന്റെ ആദ്യത്തെ യരുശലേം സന്ദർശനമല്ലായിരുന്നു എന്നതിൽ സംശയമില്ല. ഒരു ഭക്തനായ യഹൂദൻ എന്ന നിലയിൽ എല്ലാ വർഷവും മൂന്ന് പ്രധാന പെരുന്നാളിനും യേശു പോയിട്ടുണ്ടാകും (ലൂക്കൊസ് 2:41-42; യോഹന്നാൻ 2:13; 5:1). കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ക്രിസ്തു യെരുശലേമിലും തന്റെ ശുശ്രൂഷ ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഞായറാഴ്ച പട്ടണത്തിലേക്കുള്ള തന്റെ വരവ് തികച്ചും വ്യത്യസ്തമായിരുന്നു.
ആയിരക്കണക്കിന് ആളുകൾ ആരാധനക്കായി നഗരത്തിലേക്ക് വന്നു കൊണ്ടിരിക്കേ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് യരൂശലേമിലേക്ക് പ്രവേശിച്ച യേശുവായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം (മത്തായി 21:9-11). എന്തുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷക്കാലം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാതെ ബോധപൂർവം മാറിനിന്ന യേശു ഇപ്പോൾ ആയിരങ്ങളുടെ മുമ്പിലേക്ക് ഇങ്ങനെ എഴുന്നെള്ളി വന്നത്? എന്തുകൊണ്ടാണ് മരണത്തിന് കേവലം അഞ്ച് ദിവസങ്ങൾ മാത്രം അവശേഷിക്കേ, രാജാവാണെന്ന ജനങ്ങളുടെ ഘോഷണം അംഗീകരിച്ചത്?
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട രാജാവായവൻ യരുശലേമിലേക്ക് “നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്ത്” (സെഖര്യാവ് 9:9; ഉല്പത്തി 49:10-11) വരുന്നു എന്ന അഞ്ഞൂറ് വർഷം മുമ്പുള്ള ഒരു പ്രവചനത്തിന്റെ പൂർത്തീകരണമായിട്ടാണിത് സംഭവിച്ചതെന്ന് മത്തായി പറയുന്നു (മത്തായി 21:4, 5).
ജയാളിയായ ഒരു രാജാവ് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന സാധാരണ രീതി ഇതായിരുന്നില്ല. പടജയിച്ചു വരുന്ന രാജാക്കന്മാർ വലിയ കുതിരപ്പുറത്താണ് സഞ്ചരിക്കുക. എന്നാൽ യേശു ഒരു പടക്കുതിരയുടെ മേൽ അല്ല സഞ്ചരിച്ചത്. യേശു എപ്രകാരമുള്ള രാജാവാണ് എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അവൻ സൗമ്യതയും താഴ്മയും ഉള്ളവനായി വന്നു. യേശു വന്നത് പടവെട്ടാനല്ല, സമാധാനത്തിനായിട്ടാണ്; ദൈവത്തിനും നമുക്കും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിനായിട്ട് (അപ്പ.പ്രവൃത്തി 10:36; കൊലൊസ്യർ 1:20).