നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മിന്നി എബ്രഹാം

ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക

ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. [ 1 തിമൊഥെയൊസ് 4:7 ]

ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക

മാലതി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം, പ്രത്യേകിച്ചു പ്രത്യേക സന്ദർഭങ്ങളിൽ നന്നായി വസ്ത്രം ധരിച്ചുകൊണ്ടു ഇറങ്ങുമ്പോൾ, അവളുടെ അമ്മ ആധിപിടിക്കാറുണ്ടായിരുന്നു. മാലതിയോടു ബഹളം കൂട്ടി അവളുടെ മുഖത്ത് എവിടെയെങ്കിലും ഒരു കറുത്ത പുള്ളി അവർ വരയ്ക്കും. അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടു അവളുടെ അമ്മ “ദൃഷ്ടിദോഷം” അകറ്റാനായി ചടങ്ങുകളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. തമിഴിൽ ദൃഷ്ടിയെന്നും ഹിന്ദിയിൽ നസർ എന്നും വിളിക്കപ്പെടുന്ന “ദൃഷ്ടിദോഷം” ഇന്ത്യയിലും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലും ഭയപ്പെടുന്ന ഒന്നാണ്. മാലതിയുടെ അമ്മയെപ്പോലെ, ആരെങ്കിലും അസൂയയോടെ തങ്ങളെ നോക്കുമ്പോഴെല്ലാം ഏതെങ്കിലും തരത്തിലുള്ള ഹാനി തങ്ങൾക്കു സംഭവിച്ചേക്കാമെന്ന് പലരും ഭയപ്പെടുന്നു.

അജ്ഞാതമായതിനെ സംബന്ധിച്ചുള്ള ഭയം നമ്മെ തളർത്തുമ്പോൾ, അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദ്രുത പരിഹാര മാർഗ്ഗങ്ങൾ നാം തേടിയേക്കാം. എന്നാൽ, ഇവ ദുഷ്ടനാൽ പ്രേരിതമായ പ്രവൃത്തിയാണെന്നാണ് (വാ. 1)തിമൊഥെയൊസിയോസിനോട് ലേഖന കർത്താവു പറയുന്നത്. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു“(വാ. 7) ജീവിക്കാൻ ലേഖകൻ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുന്നു. അന്ധവിശ്വാസ കഥകൾ പോലെ ഭയത്തിനു കാരണമാകുന്ന ഇത്തരത്തിലുള്ളവ യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ഭാഗമാകാൻ പാടില്ല (വാ. 3-7). പകരം, ദൈവഭക്തിയിൽ നിലനിൽക്കാനും ദൈവത്തിൽ ആശ്രയിക്കാനും നാം സ്വയം അഭ്യാസം ചെയ്യണം (വാ. 7). തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാത്താന്റെ മേൽ ക്രിസ്തു ജയം നേടിയപ്പോൾ അവൻ അന്ധകാരത്തിന്റെ ശക്തികളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി. നമ്മൾ ഭയപ്പെടേണ്ടതില്ല, കാരണം “നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”

അതിനാൽ, എഫെസ്യലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ, ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച ഉൾപ്പെടെയുള്ള ദൈവത്തിന്റെ സർവ്വായുധവർഗ്ഗം (എഫെസ്യർ 6:14-17) നമുക്കു ധരിക്കാം. ശത്രുവിനു നമ്മെ കീഴടക്കാൻ കഴിയില്ല. ശത്രുവിനെ പരാജയപ്പെടുത്തിയ യേശു ജയാളിയായതിനാൽ (1 യോഹന്നാൻ 5:18) അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയെ ഓർത്തു നാം ഭയപ്പെടേണ്ടതില്ല. മിന്നി എബ്രഹാം

നിങ്ങളുടെ ചുറ്റുമുള്ള നിഷേധാത്മകതയോ തിന്മയോ നിങ്ങൾ
എപ്രകാരമാണു കൈകാര്യം ചെയ്യാറുള്ളത്? നിങ്ങളുടെ പക്ഷത്തുള്ളത് 
ആരെന്നു ഓർമ്മിക്കാനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും?

കർത്താവേ, തിന്മ എന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, അങ്ങ് എന്നെ എല്ലാ
തിന്മകളിൽ നിന്നും വിടുവിക്കുന്നുവെന്ന് ഓർക്കാൻ എനിക്കു ധൈര്യം പകരേണമേ.

പെഹ്ലെ ആപ്

ഉദാരതടെയും ആതിഥ്യമര്യാദയുടെയും കാര്യത്തിൽ ഇന്ത്യയുടെ അനൗദ്യോഗിക തലസ്ഥാനമാണു ലഖ്നൗ. ഒരു തമാശയിലൂടെ ഇത് ഉചിതമായി ചിത്രീകരിച്ചിരിക്കുന്നു: “എന്തുകൊണ്ടാണു യാത്രക്കാർ ലഖ്നോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരിക്കലും പോകാത്തത്?” കാരണം, “പെഹ്ലെ ആപ്!” എന്നു പറഞ്ഞു കൊണ്ടു മറ്റെയാൾ ആദ്യം പോകാനായി അവർ അനുവദിക്കുന്നു. “ആദ്യം താങ്കൾ” എന്നാണ് ഇതിന്റെ വിവർത്തനം. മറ്റുള്ളവരെ ആദ്യം പോകാൻ അനുവദിക്കുന്നതിനെക്കുറിച്ചു ലഖ്നോ ജനതയിൽ നിന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്കു ധാരാളം പഠിക്കാനുണ്ട്.

എന്നാൽ യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ, താഴ്മയ്ക്കുള്ള നമ്മുടെ മാനദണ്ഡം യേശു തന്നെയാണ്. “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 23:11) എന്നു യേശു പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ താൻ “കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ” (യെശയ്യാവ് 53:7) സ്വയം ഏല്പിച്ചുകൊടുത്തപ്പോഴും അവൻ നമുക്കായി താഴ്മ കാണിച്ചു തന്നു. ക്രിസ്തുവിന്റെ താഴ്മയുടെ വ്യാപ്തിയിലേക്ക് ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. അനുസരണയോടുകൂടിയ ഒരു മരണം ക്രൂശിൽ വരിക്കാനായി യേശു ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യം സ്വീകരിച്ചു എന്ന വസ്തുത നമ്മിൽ അരക്കിട്ടുറപ്പിക്കാന്‍ അവൻ നമ്മെ സഹായിക്കുന്നു (വാ. 6-8) അനുസരണയോടുകൂടിയ ഈ താഴ്മയാണ് അവന്റെ പദവി കൂടുതൽ ഉയർത്തി ലോകത്തിന്റെ രക്ഷകൻ എന്ന നിലയിൽ, സാധ്യമായ “ഏറ്റവും ഉയർന്ന” (വാ. 9-11) ഇടം നൽകിയത്.

എളിയ ഹൃദയം ഉണ്ടായിരിക്കുക എന്നത് അത്ര എളുപ്പമല്ല. മറ്റൊരാളുടെ ആവശ്യങ്ങളെ സ്വന്തം ആവശ്യങ്ങൾക്കു മേൽ വയ്ക്കുക എന്നതു വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കുടുംബത്തെയോ സുഹൃത്തുക്കളെയോ പോലെ നാം സ്നേഹിക്കുന്നവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എങ്കിലും, അപരിചിതരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങൾക്കു മുകളിൽ വയ്ക്കുന്നതു ബുദ്ധിമുട്ടാണ് (മർക്കൊസ് 12:31). യഥാർത്ഥ താഴ്മയുടെ സ്വഭാവം യേശു നമുക്കു കാണിച്ചുതന്നു. താഴ്മ പ്രയാസകരമാണെങ്കിലും നാം പ്രവൃത്തിയിൽ കൊണ്ടുവരേണ്ട ഒന്നാണെന്നു അവൻ നമുക്കു സ്വന്ത ജീവിതത്തിലൂടെ കാട്ടിത്തന്നു. 

 

നിയമപരമായി സ്വതന്ത്രൻ

1976-ൽ ഇന്ത്യയിൽ ബോണ്ടഡ് ലേബർ അഥവാ അടിമ വേല നിയമപരമായി നിർത്തലാക്കപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പല ഭാഗത്തും ഈ രീതി ഇപ്പോഴും നിലനിൽക്കുന്നു. വ്യക്തികൾ തങ്ങൾക്കു തിരിച്ചടയ്ക്കാൻ കഴിയാത്ത വായ്പകൾ എടുക്കുകയും അവരുടെ അധ്വാനം ഈടായി പണയം വയ്ക്കുകയും ചെയ്യുമ്പോൾ അടിമത്തത്തിന്റെ ഈ പരിവൃത്തി ആരംഭിക്കുന്നു. കടം വീട്ടണമെന്ന വ്യവസ്ഥയോടെ കടം കൊടുക്കുന്നവർ വേലയ്ക്ക് എടുക്കുന്നുവെങ്കിലും തുച്ഛമായ കൂലിയായിരിക്കും നൽകുക. തൽഫലമായി, തൊഴിലാളികൾ തങ്ങളുടെ ജീവിതകാലം മുഴുവൻ, കടം കൊടുത്തയാളുടെ സ്വത്തു പോലെ, ചിലപ്പോൾ തലമുറകളിലേക്കു നീളുന്ന കടങ്ങൾ വീട്ടാൻ ശ്രമിച്ചുകൊണ്ടു ജീവിക്കുന്നു. നിയമപ്രകാരം അവർ സ്വതന്ത്രരും പുനരധിവാസത്തിന് അർഹതയുള്ളവരുമാണെങ്കിലും, പല തൊഴിലാളികൾക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. തൽഫലമായി, ആയിരക്കണക്കിനു മനുഷ്യർ അടിമത്തത്തിൽ ഉഴലുന്നു.

കിണറ്റുകരയിൽ വെള്ളം കോരാൻ വന്ന ശമര്യസ്ത്രീയും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെ അടിമയായിരുന്നു. അവളുടെ ജീവിതരീതി നിമിത്തം അവളുടെ ആളുകൾ അവളെ ഒഴിവാക്കിയതുകൊണ്ടാകാം അവൾ തനിയെ വന്നത്. അവൾ ഒരു ശമര്യക്കാരി ആയതിനാൽ, യെഹൂദാ കാഴ്ചപ്പാടിൽ ഭ്രഷ്ടയായിരുന്നു (വാ. 20) എന്നത് ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ യേശുവുമായുള്ള അവളുടെ സംഭാഷണം താൻ സ്വീകാര്യയാണെന്ന തോന്നലുളവാക്കുകയും അവളെ ഉറപ്പിക്കുകയും ചെയ്തു. യേശു അവളെ രക്ഷിക്കാനായി വന്നവനാണെങ്കിലും അവൾക്കത് അറിയില്ലായിരുന്നു. അവളോടു കുടിക്കാൻ ചോദിച്ചതിലെ അവന്റെ അസാധാരണമായ പ്രവൃത്തിയും വീക്ഷണവും അവളെ അമ്പരപ്പിച്ചു. എന്നാൽ തങ്ങൾ കാത്തിരിക്കുന്ന മശിഹായാണ് അവനെന്ന് അവൾ മനസ്സിലാക്കിയപ്പോൾ, അവൾ സന്തോഷത്തോടെ തന്റെ ഗ്രാമത്തിൽ ചെന്നു ബാക്കിയുള്ളവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.

യേശുവിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെട്ടിരിക്കുന്നു (യോഹന്നാൻ 3:16). യേശു നമുക്കുവേണ്ടി ക്രൂശിൽ മരിച്ചതോടെ നമ്മുടെ പാപങ്ങളുടെ കടം വീട്ടപ്പെട്ടു. അവൻ നമ്മുടെ സ്വാതന്ത്ര്യം വിലകൊടുത്തു വാങ്ങി നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രരാക്കി. അന്ധവിശ്വാസമോ പാരമ്പര്യമോ സമൂഹത്തിന്റെ പ്രതീക്ഷകളോ നിമിത്തം നാം ഇനി ക്ലേശിക്കേണ്ടതില്ല. അവൻ വാഗ്ദത്തം ചെയ്യുന്നവ സ്വീകരിക്കുമ്പോൾ നാം സ്വതന്ത്രരായി തീരുന്നു.