ഭയപ്പെടേണ്ടാ!
ബൈബിളില്‍ ഓരോ പ്രാവശ്യവും ഒരു ദൂതന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവന്‍ പറയുന്ന ആദ്യ വാക്കുകള്‍ "ഭയപ്പെടേണ്ടാ!" എന്നതാണ്. പ്രകൃത്യാതീതം ഭൂമിയുമായി ബന്ധപ്പെടുമ്പോള്‍, മാനുഷിക വീക്ഷകര്‍ ഭയപ്പെട്ട് കവിണ്ണുവീഴുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഭയപ്പെടുത്താത്ത രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ലൂക്കൊസ് പറയുന്നു. മൃഗങ്ങളോടൊപ്പം ജനിച്ചു വീണ് പുല്‍ക്കൂട്ടില്‍ കിടത്തപ്പെട്ട യേശുവില്‍ നാം ഭയപ്പെടേണ്ടാത്ത നിലയില്‍ ദൈവം നമ്മെ സമീപിച്ചു. ഒരു നവജാത ശിശുവിനെപ്പോലെ ഭയം ജനിപ്പിക്കാത്ത മറ്റെന്താണുള്ളത്?
ഭൂമിയില്‍ യേശു ദൈവവും മനുഷ്യനുമായിരുന്നു. ദൈവമെന്ന നിലയില്‍ അവന് അത്ഭുതം പ്രവര്‍ത്തിക്കാനും പാ
പങ്ങള്‍ ക്ഷമിക്കുവാനും മരണത്തെ ജയിക്കുവാനും ഭാവി പ്രവചിക്കുവാനും കഴിഞ്ഞിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ പ്രതീകങ്ങളായ മേഘസ്തംഭവും അഗ്നി സ്തംഭവും പരിചിതമായ യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം യേശു വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു ആശാരിയുടെ മകനും നസറേത്തില്‍ നിന്നുള്ള മനുഷ്യനുമായ ബേത്ത്ലഹേമിലെ ശിശു എങ്ങനെ ദൈവത്തിന്‍റെ മശിഹാ ആകും?
എന്തുകൊണ്ടാണ് ദൈവം മനുഷ്യരൂപം എടുത്തത്? പന്ത്രണ്ടു വയസ്സുള്ള യേശു ദൈവാലയത്തില്‍ റബ്ബിമാരോടു സംവാദിക്കുന്നത് നമുക്കൊരു സൂചന നല്‍കുന്നു. "'അവന്‍റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി" (ലൂക്കൊസ് 2:47) എന്നു ലൂക്കൊസ് പറയുന്നു. ആദ്യമായി, സാധാരണ മനുഷ്യര്‍ക്ക് ദൃശ്യരൂപത്തിലുള്ള ദൈവവുമായി സംഭാഷിക്കാന്‍ സാധിച്ചു.
"ഭയപ്പെടേണ്ടാ!" എന്ന ആമുഖ പ്രസ്താവന കൂടാതെ യേശുവിന് എല്ലാവരോടും -അവന്‍റെ മാതാപിതാക്കളോട്, ഒരു റബ്ബിയോട്, ഒരു പാവപ്പെട്ട വിധവയോട് - സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നു. യേശുവില്‍ ദൈവം അടുത്തു വന്നു.