വായനാഭാഗം: എബ്രായർ 10:32-39
എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും (വാ. 38).
കുറെക്കാലങ്ങളായി നഷ്ടങ്ങളും പ്രയാസങ്ങളും സാഹചര്യങ്ങളുടെ മാറ്റവും രോഗവും ഒക്കെയായി എന്റെ ഹൃദയവും മനസ്സും തകർച്ചയുടെ വക്കിലായിരുന്നു. യേശുക്രിസ്തു “മഹാ ദൈവവും നമ്മുടെ രക്ഷിതാവും” ആണെന്ന ഉറപ്പിലൊന്നും മാറ്റമില്ലായിരുന്നുവെങ്കിലും അനുദിനജീവിതത്തിലെ ഓരോ സന്നിഗ്ദ്ധഘട്ടത്തിലും അവനെ സമ്പൂർണ്ണമായി ആശ്രയിക്കുന്നത് സംബന്ധിച്ച് എന്റെയുള്ളിൽ നിരവധി ചോദ്യങ്ങളുയരുമായിരുന്നു.
ഈ അസന്നിഗ്ദാവസ്ഥയിൽ, എന്റെ സഭയിലെ എൽഡേഴ്സ് വന്ന് പ്രാർത്ഥിച്ചപ്പോൾ എനിക്ക് വലിയ ശക്തിയും ഉത്സാഹവും ലഭിച്ചു. “മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്” (എബ്രായർ 10:35) എന്നും പിന്മാറി നില്ക്കാതെ വിശ്വാസത്താൽ ജീവിക്കണം (10:38) എന്നും അവർ എന്നെ സ്നേഹത്തോടെ ഓർമ്മിപ്പിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികളെ ധൈര്യപ്പെടുത്തുന്ന അധ്യായമാണ് എബ്രായർ 10. നമുക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങളെ ബോധ്യപ്പെടുത്തി, വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകാൻ നമ്മെ സഹായിക്കുന്ന യേശുവിനോട് കൂടുതൽ ചേർന്ന് നടക്കാൻ അത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾ പണ്ഡിതനായ മാത്യു ഹെൻറി ഈ വേദഭാഗത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: “വിശുദ്ധമായ ധൈര്യം ഇപ്പോൾ നല്കുന്ന പ്രതിഫലമാണ് വിശുദ്ധമായ സമാധാനവും സന്തോഷവും…. ഭാവിയിൽ അതിവിശിഷ്ടമായ പ്രതിഫലങ്ങളും ഉണ്ടാകും. “അവനോടൊത്തുള്ള ഈ യാത്ര, ജീവിതത്തിന്റെ ദുർഘടനാളുകളിൽ നിലനില്ക്കാൻ നമ്മെ പര്യാപ്തരാക്കും. പരീക്ഷകളും ചോദ്യങ്ങളും നമ്മുടെ പാപങ്ങളും ഒക്കെ ക്രിസ്തുവിലുള്ള ധൈര്യം വെടിയാൻ പ്രലോഭിപ്പിക്കുമ്പോൾ, അവൻ എന്റെ കർത്താവാണ് എന്ന് നാം നടത്തിയ പ്രഖ്യാപനത്തോട് ചേർന്നു നില്ക്കുവാൻ ഈ ബൈബിൾ വചനങ്ങൾ നമ്മെ പ്രബോധിപ്പിക്കും; അങ്ങനെ ഈ ഭൂമിയിലുള്ള കർത്താവിന്റെ ദൗത്യത്തോട് ചേർന്നു നിന്ന് ആത്മധൈര്യത്തോടെ ജീവിക്കാൻ നമുക്ക് കഴിയും.” ദൈവേഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിക്കാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം” (വാ.36).
എബ്രായർ 10 ലെ ജീവദായക വചനങ്ങളെ കൂടുതൽ കൂടുതൽ പരിചയപ്പെടുന്നതു വഴി, ലോകത്തിന്റെ സമ്മർദങ്ങൾ മൂലം ക്രിസ്തുവിലുള്ള നമ്മുടെ ആത്മധൈര്യം ചോർന്നു പോകാതെ ദൈവിക ശക്തിയും കരുതലും അറിയാൻ നമുക്ക് ഇടയാകും.
– റെക്സാനെ റോബിൻസ്
ചെയ്യാം
യെശെയ്യാവ് 41:10 വായിച്ച് നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്നത് എന്തുകൊണ്ട് എന്ന് ധ്യാനിക്കുക.
ചിന്തിക്കാം
നിങ്ങൾ ദൈവത്തോടുകൂടെ നടക്കുകയാണോ അതോ അവനിൽ നിന്ന് അകന്നു പോകുകയാണോ എന്ന് എങ്ങനെ അറിയാം? എബ്രാ. 10:36 ൽ പറയുന്ന “സഹിഷ്ണുത” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ്? നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും പ്രവൃത്തികളിലും ഇത് എങ്ങനെ പ്രകടമാക്കാം എന്ന് കുറിക്കുക.