അദ്ദേഹം ശ്വസിക്കുന്നതും നോക്കി, മുറിയുടെ മൂലയിലിട്ട കനത്ത കുഷ്യനുള്ള നീലക്കസേരയിൽ ഞാൻ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരേ സമയം ജീവിക്കാനും മരിക്കാനും ശ്രമിക്കുകയായിരുന്നു. വിവാഹിതരായ പങ്കാളികളുടെ ശ്വസനവും ഹൃദയ താളവും കാലക്രമേണ സമന്വയിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റുള്ളവർക്കതു മനസ്സിലാകണമെന്നില്ല, പക്ഷേ അതു സത്യമാണെന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഉച്ഛ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള അവസാനത്തെ താല്ക്കാലിക വിരാമം മേലാൽ ഒരു വിരാമമല്ലാതായപ്പോൾ … കൂടുതൽ ഉച്ഛ്വാസങ്ങൾ ഇല്ലാതെ കാത്തിരിപ്പ് അവസാനിച്ചപ്പോൾ … നിങ്ങളുടെ ഹൃദയം നിലച്ചു, നിങ്ങൾക്ക് ആശ്വാസം അറ്റുപോയി. എനിക്കും ആശ്വാസം അറ്റുപോയി. നിങ്ങൾ അവിടെ ഇല്ലായിരുന്നെങ്കിലും; നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ മൈലുകളുടെ അകലം ഉണ്ടായിരുന്നെങ്കിലും … നിങ്ങൾക്ക് അത് അനുഭവപ്പെട്ടു.

ഏപ്രിൽ മാസത്തിലെ മഴയുള്ള ഒരു ഉച്ചകഴിഞ്ഞ നേരം, ശ്രമകരമായ ശ്വാസോച്ഛാസങ്ങൾ തമ്മിലുള്ള ഇടവേളകൾ നീണ്ടു വന്നതിനു ശേഷം, ഇരുപത്തി രണ്ടു വർഷം എന്നോടൊപ്പം ജീവിച്ച എന്റെ ഭർത്താവ് അവസാനത്തെ ശ്വാസമെടുത്തു – ഞങ്ങൾ വിട പറഞ്ഞു. വർഷങ്ങൾക്കു ശേഷം ഞാനിത് എഴുതുകയും ഓർമ്മിക്കുകയും ചെയ്യുമ്പോൾ, ഞാനിപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. നിങ്ങളെ ഈ ലഘുഗ്രന്ഥത്തിലേക്കും ഈ പേജിലേക്കും എത്തിച്ച സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. എനിക്ക് ഏറെക്കുറെ നിങ്ങളെ കാണാൻ സാധിക്കും; നിങ്ങളും ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഒരേ കാരണം കൊണ്ടാണ് നമ്മൾ രണ്ടു പേരും ഇവിടെ ആയിരിക്കുന്നത്. നിങ്ങളുടെ പങ്കാളി അവരുടെ അവസാന ശ്വാസം എടുത്തു, നിങ്ങളുടെ ശ്വസനം ദുഷ്‌കരമായിരിക്കുന്നു. മുറുകെ പിടിച്ചുകൊള്ളുക. സർവ്വവ്യാപിയായ ദൈവത്തിന്റെ ആത്മാവ്, ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയവൻ, ജീവിതത്തിലെ ഈ കൈമാറ്റങ്ങളിൽ – ശ്വാസം, മരണം, സാഹചര്യങ്ങൾ – ഭരണം നടത്തുന്നു.

ദൈവത്തിന്റെ ശ്വാസം, അവന്റെ ആത്മാവിന്റെ ശാശ്വതമായി ഒഴുകുന്ന ജീവൻ, തുടർന്നും നിങ്ങളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. നിങ്ങളുടെ വേദനയുടെ പരുപരുത്ത വക്കുകളിൽ തട്ടി ശ്വാസം നിലക്കാതെ നിങ്ങൾ വീണ്ടും ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവം ജീവനുള്ളവരുടെയും മരിച്ചവരുടെയും ദൈവമായതിനാൽ നിങ്ങൾ ആശ്വസിക്കുകയും നിങ്ങൾ ജീവിക്കുകയും ചെയ്യും.

വായിക്കുന്നതിനായി ദയവായി സ്‌ക്രോൾ ചെയ്യുക അല്ലെങ്കിൽ പ്രസക്ത ഭാഗങ്ങൾക്കായി ലിങ്ക് അമർത്തുക.

banner image

”ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി…. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.” – മർക്കൊസ് 15:33,37

ചിലർ ഇതിനെ ചീന്തൽ ആയി വിവരിക്കാറുണ്ട്, ശാരീരികമായുള്ള ചീന്തൽ. ചിലർ പറയും അവർക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന്, ചിലർ പറയും ഇതൊരു നിലയ്ക്കാത്ത രക്തസ്രാവം പോലെ തോന്നുന്നു എന്ന്. അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം, കാരണം നിങ്ങളുടെ പ്രിയപ്പെട്ടവരും വിട്ടുപോയിരിക്കുന്നു. മോശം ദിവസത്തിൽ രണ്ടു പേർക്കു വലുപ്പം തീരെ പോരാ എന്നും നല്ല ദിവസങ്ങളിൽ കുറെക്കൂടി ചെറുതായിരുന്നെങ്കിൽ എന്നും തോന്നിയിരുന്ന കിടക്ക ഇപ്പോൾ, കടൽ പോലെ വിശാലവും അതിലെ അഗാധമായ ഗർത്തം പോലെ നിലയില്ലാത്തതുമായി തോന്നുന്നു.

നിങ്ങളുടെ പങ്കാളി ഇവിടെ ഇല്ല, നിങ്ങളുടെ ഹൃദയം വരണ്ട പാഴ്‌നിലമായിരിക്കുന്നു. മുൻപ് മറ്റുള്ളവർ വിവരിക്കുമ്പോൾ ഇത് നിങ്ങൾക്ക് മനസ്സിലായിരുന്നില്ല, പക്ഷേ ഇപ്പോൾ … ഇപ്പോൾ നിങ്ങൾക്കു മനസ്സിലാകുന്നു. നിങ്ങൾക്കും ദേശത്തിനു മീതെ ഒരു ഇരുട്ട്” വീണിരിക്കുന്നു.
യേശു എടുത്ത അവസാന ശ്വാസം, മരണത്തിന്റെ കലാപ സ്വഭാവമുള്ള അനുഭവത്തോടുള്ള അവന്റെ സോദ്ദേശ്യപരവും മനസ്സോടെയുള്ളതുമായ കീഴടങ്ങൽ ആയിരുന്നു. എങ്കിലും – ഈ നിമിഷത്തിൽ ശ്വസിക്കുവാനുള്ള നിങ്ങളുടെ മികച്ച ശ്രമങ്ങളെ അത് പരിഹസിക്കുന്നതായി തോന്നുമെങ്കിലും—- മരണം വിജയിച്ചില്ല.

നിങ്ങളും പങ്കാളിയുമായുള്ള നിയമ ഉടമ്പടി രണ്ടായി മുറിഞ്ഞെങ്കിലും, ആ ഇരുണ്ട ദിവസത്തിൽ ചൊരിയപ്പെട്ട സ്‌നേഹം, രക്ഷയുടെ പുതിയ ഉടമ്പടി എനിക്കും നിങ്ങൾക്കുംവേണ്ടി മുദ്രയിട്ട അതേ സ്‌നേഹമാണ്. അവരുടെ മരണം ഒരേസമയം നിങ്ങളുടെ ഇന്ദ്രിയങ്ങളെ മരവിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു.

പുതിയ ഉടമ്പടിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: മ്മുടെ പാപപ്രകൃതിയുടെ ബലഹീനതനിമിത്തം മോശെയുടെ ന്യായപ്രമാണത്തിനു നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ന്യായപ്രമാണത്തിനു ചെയ്യുവാൻ കഴിയാത്തതിനെ ദൈവം ചെയ്തു. ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു” (റോമർ 8:3 NLT)

പക്ഷേ, സകലവും വിലയായി നൽകിയ ഉടമ്പടി സ്‌നേഹം, എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു ഇപ്പോൾ കരുതുന്ന പലതും യഥാർത്ഥത്തിൽ വീണ്ടെടുത്തിരിക്കുന്നു, ഇപ്പോൾ കാണുന്നതെല്ലാം നിർജ്ജീവമായ ചക്രവാളങ്ങളാണെങ്കിലും വ്യസനത്തിന്റെ തരിശു നിലങ്ങൾ വീണ്ടും ദിവ്യ ഫലം കായ്ക്കും. എന്തുകൊണ്ടെന്നാൽ; വിവാഹം ഐഹികമാണ്, അത് സാദൃശ്യമാക്കുന്ന യാഥാർത്ഥ്യം നിത്യമാണ്.

നിങ്ങളുടെ ഓർമ്മയുടെ കണ്ണാടിയിലേക്ക് ഉറ്റുനോക്കുമ്പോൾ, നിങ്ങൾ കാണുന്നത് നിങ്ങളുടെ വിവാഹം പ്രതിഫലിപ്പിക്കുന്ന ഘനവും മഹത്വവുമാണ്. ഇപ്പോഴുള്ള നിങ്ങളുടെ വേദന മരണം നമ്മെ വേർപിരിക്കും വരെ” എന്നതിലെ ഐഹികമായ ഭാഗമാണ്, പക്ഷേ നിത്യമായ യാഥാർത്ഥ്യം മരണത്തിന്മേലുള്ള വിജയമാണ്. ഇതിലെ സത്യം നിങ്ങളുടെ വേദനയുടെ ആഴത്തിലേക്കു വെളിച്ചം വീശുന്നു: മരണം ദൈവത്തിന്റെ അഭേദ്യമായ നിയമത്തെ ലംഘിക്കുന്നു. എന്നാൽ പകരം ദൈവം മരണത്തിന്റെ സാങ്കൽപ്പിക ജയത്തെ തകർത്തു: മേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും” (യോഹന്നാൻ 12:24).

നിങ്ങളുടെ വിവാഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയിലേക്ക് തിരിഞ്ഞു നോക്കുക. അവിടെ നിർജ്ജീവമായ ചക്രവാളമെന്ന് കരുതിയിരുന്നിടത്തു നിന്ന്, മരണമാണ് അവസാനം എന്ന സങ്കല്പത്തെ ലംഘിച്ചുകൊണ്ട് പുതുജീവന്റെ സമൃദ്ധിയായ കൊയ്ത്ത് ഉളവാകുന്നു.

മറ്റൊരാളിന്റെ കടന്നുകയറുന്ന സ്‌നേഹത്തോടുള്ള പരസ്പര കീഴ്‌പ്പെടലാണ് വിവാഹം. ഉടമ്പടി വാഗ്ദാനങ്ങളാൽ ബന്ധിക്കപ്പെട്ടതിനാലാണ് അതു കടന്നുകയറുന്നതായിരിക്കുന്നത്. അതിനർത്ഥം ഒരു വിനിമയം” നടക്കണം എന്നാണ്. ഇതൊരു മർമ്മമാണെങ്കിലും, ഒരു യാഗവും നടക്കണം -—യാഗത്തിനു രക്തവും. ഇതിനെ വിവാഹ  യാഗപീഠം” എന്നു വിളിക്കുന്നതിൽ അത്ഭുതമില്ല.

വിവാഹ ഉടമ്പടി എന്നത് ഒരു ബന്ധത്തിന്റെ മുദ്രയിടലാണ് -—ഉടമ്പടിയുടെ പങ്കാളികൾ തമ്മിൽ രക്തവും ഹൃദയവും സഹ-സംയോജിച്ച് ഉളവാകുന്ന അഭൗമമായൊരു ഐക്യമാണത്. ഈ നിയമത്തിന്റെ കാതൽ തന്നെ രണ്ടുപേർ സംയോജിച്ച് ഒന്നാകുന്നു എന്നതാണ് (ഉല്പത്തി 2:24). ഇത് ഇങ്ങനെയാകുന്നതിന്റെ കാരണം ഈ ഉടമ്പടി മുദ്ര വയ്ക്കുന്നത് ദൈവമാണ്; അതിനർത്ഥം വിനാശകരമായ അനന്തരഫലങ്ങളും വേദനയുമില്ലാതെ ഇതിനെ ലംഘിക്കാനാകില്ല എന്നാണ്.

നോക്കൂ, ദൈവമാണ് രണ്ടു വ്യത്യസ്ത വ്യക്തികളെ തമ്മിലും അവരുടെ സ്‌നേഹത്തിന്റെ സന്ധികളെ നിഗൂഢമായും ഒന്നായി കൂട്ടിച്ചേർക്കുന്ന പശ. ഭൗമിക വിവാഹം ക്രിസ്തുവും അവന്റെ മണവാട്ടിയും തമ്മിലുള്ള ഉടമ്പടിയുടെ സ്വരൂപവാഹിയായിരിക്കുമ്പോൾ, അതിനോട് മരണത്തിനുള്ള ആത്മരതിപരമായ അവജ്ഞ ആ പ്രതിച്ഛായയെ ഇല്ലാതാക്കി.

ഈ ഉടമ്പടി ബന്ധത്തിന്റെ ആഴമാണ്, നിങ്ങളുടെ നഷ്ടം ഇത്രയധികം വേദനിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്; അവിശ്വസനീയമാംവിധത്തിലും മാറ്റമില്ലാത്തവിധത്തിലും ഒന്നായിരുന്നത് ഇപ്പോൾ രണ്ടായി ചീന്തപ്പെട്ടിരിക്കുന്നു.  

ദൈവിക പ്രതികരണം ആവശ്യമുള്ള അവർണ്ണനീയമായ വേദനകളിൽ ഒന്നാണ് നിങ്ങളുടെ വ്യസനം. വ്യസനം എന്ന വാക്കിനത് പൂർണ്ണമായി വിവരിച്ചു തുടങ്ങുവാനോ ഉൾക്കൊള്ളുവാനോ കഴിയുകയില്ല. ഇതുപോലെ ദൈവിക പ്രതികരണം ആവശ്യമായുള്ള അവർണ്ണനീയമായ വേദനകളിൽ ഒന്നാണ് നമുക്കായുള്ള യേശുവിന്റെ യാഗം. അവന്റെ വേദനയും വാക്കുകൾക്ക് വിവരിക്കുവാനോ ഉൾക്കൊള്ളുവാനോ കഴികയില്ല.

എന്നാൽ മരണമല്ല നിയമങ്ങൾ ഉണ്ടാക്കുന്നത് – ദൈവമാണ്

നാശത്തിന്റെ അടയാളമെന്ന് കരുതിയതും ഭീതി ഉളവാക്കിയതുമായ ആലയത്തിലെ ചീന്തിയ തിരശ്ശീല, ഇപ്പോൾ വ്യസനിക്കുന്ന വിശ്വാസിയോട് ആശ്വാസം പറയുന്നു, കാരണം ആലയത്തിലെ ചീന്തിയ തിരശ്ശീല പോലെ, വ്യസനത്തിന്റെ വാപിളർക്കുന്ന ദാരിദ്ര്യം അവന്റെ സമൃദ്ധികൊണ്ടു നിറയപ്പെടും. നിങ്ങളുടെ ചീന്തിയ ഹൃദയം സൗഖ്യമാകുവാനായി അവന്റെ ഹൃദയം ചീന്തപ്പെട്ടു. തിരശ്ശീല ചീന്തുകയും കല്ലറയെ തുറക്കുകയും യേശുവിനെ ഉയർപ്പിക്കുകയും ചെയ്ത അതേ ശക്തി തന്നേ ഇപ്പോൾ നിങ്ങളുടെ ഹൃദയമാകുന്ന കല്ലറയും തുറക്കും—- അന്തിമമെന്ന് തോന്നുന്നതിനെ ഉയർപ്പിക്കും.

നമ്മുടെ രാജാവ് മരണത്തെ എതിരിട്ടവനാണ്, ഒരു മത്സരവും അവിടെ ഉണ്ടായിരുന്നില്ല. മരണത്തിന്റെ മുഖത്തിനു മുമ്പിൽ കുഞ്ഞാടിന്റെ അറുക്കപ്പെട്ട ശരീരം ഉയിർത്തെഴുന്നേറ്റു, അതിന്റെ വായ് എന്നേക്കുമായി അടച്ചു കളഞ്ഞു.

സ്‌നേഹം ചീന്തപ്പെടുന്നത് എന്താണെന്ന് യേശുവിനറിയാം. അവൻ സ്വന്ത രക്തത്തിന്റെ പാനപാത്രം പങ്കുവെച്ചുകൊണ്ട് ഒരു കൈമാറ്റം നടത്തി,—നിങ്ങളും ഞാനും അനുഭവിക്കുന്നത്് അവനും അനുഭവിച്ചു – ജയാളിയായി പുറത്തു വന്നു. നമ്മെ അവനിൽ ഒന്നാക്കുവാൻ അവൻ പിതാവിനോട് അപേക്ഷിച്ചു (യോഹന്നാൻ 17:21), നിങ്ങളുടെ വിവാഹ യാഗപീഠത്തിലെ ആ ദിവസം പോലെ ഒരു ഉടമ്പടി നിർമ്മിക്കപ്പെട്ടു. പക്ഷേ നിങ്ങളും ഉയിർക്കേണ്ടതിനു യേശു മരണത്തിന്റെ നിഴലിൽ നിന്ന് ഉയിർത്തെഴുന്നേറ്റു.

ഇപ്പോഴും ദൂരത്തെവിടെയോ ഒരു പാട്ടുണ്ട്. അത് നിങ്ങളുടെ പാട്ടാണ്. അതിന്റെ സ്വരമാധുര്യം നിങ്ങൾക്ക് ഇതുവരെ കേൾക്കാൻ കഴിയുന്നില്ല, എങ്കിലും നിങ്ങൾക്ക് അതിന്റെ വരികളറിയാം: ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?” (1 കൊരിന്ത്യർ 15:54-55). അത് എല്ലാറ്റിനെയും വ്യത്യാസപ്പെടുത്തുന്നു.

banner image

വ്യസനം അനേക ചോദ്യങ്ങൾ ചോദിക്കുന്നു. അത് ഇനിമേൽ കൈവശമില്ലാത്തതിനായി ആശിക്കുന്നു: നിങ്ങളുടെ പ്രിയപ്പട്ടവർ. അവർ ഇപ്പോഴും ഇവിടെ ഉണ്ടായിരിക്കയും നിങ്ങൾക്ക് അവരെ കണ്ടത്താൻ കഴിയാതിരിക്കയും ചെയ്യുന്നുവെങ്കിൽ, അവരെ നിങ്ങൾ ചേർത്തു നിർത്തും വരെ തിരച്ചിൽ സംഭ്രാന്തിയോടെ ആയിരിക്കും. നിങ്ങളുടെ വ്യസനത്തിനും ഇത് ബാധകമാണ്. നിങ്ങൾക്ക് അവരുടെ ഊഷ്മളത വേണം, നിങ്ങൾക്ക് ഉത്തരങ്ങൾ വേണം; എന്തുകൊണ്ട് എന്ന് നിങ്ങൾക്കറിയണം. ഉത്തരം അജ്ഞാതമാണ് എന്നത് തൃപ്തിപ്പെടുത്തുന്നതായി തോന്നുന്നില്ല -—കാരണം നിങ്ങൾക്കറിയാവുന്നതുപോലെ വ്യസനം ഒരു സാധാരണ ഭാഷയല്ല, അതിനെ ഒരു സാധാരണ ഉത്തരം കൊണ്ട് തൃപ്തിപ്പെടുത്താനുമാകില്ല, അജ്ഞാതം ഒരുപക്ഷേ പര്യാപ്തമല്ല… ചിലപ്പോൾ ആകാം.

എന്റെ ഭർത്താവിന്റെ മരണകരമായ രോഗാവസ്ഥ മുഖവുരയൊന്നുമില്ലാതെ അറിയിച്ച ന്യൂറോളജിസ്റ്റിന്റെ നിസ്സംഗത ഞങ്ങളെ അജ്ഞാതാവസ്ഥയിലേക്ക് തള്ളിയിട്ടു. ഞങ്ങളുടെ ജീവിതത്തിൽ പെട്ടെന്നുണ്ടായ ശൂന്യതയായിരുന്നു അത്. അല്ലെങ്കിൽ പണ്ടത്തെ രാത്രികളിൽ അന്നത്തെ ടിവി പരിപാടികൾ കഴിഞ്ഞതിനു ശേഷമുള്ള നിശ്ചലാവസ്ഥപോലെ. അത് തീവ്ര നഷ്ടത്തിന്റെ ശബ്ദമില്ലാത്ത നിലവിളിയായിരുന്നു. അജ്ഞാതം എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു, അതിനു യാതൊരു മര്യാദയുമില്ലാത്തതുപോലെ തോന്നി. അതിനെ ഇടിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ മനസ്സിൽ ആ വാക്ക് വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു, രാത്രി മുഴുവനും അടുത്ത ദിവസവും. മറ്റൊന്നും ഉണ്ടായിരുന്നില്ല വെറും… അജ്ഞത മാത്രം.

വാർത്ത പെട്ടെന്നു പരന്നു, പിറ്റേന്ന് വൈകുന്നേരം മുറ്റത്തേക്കൊരു കാർ വന്നു, പിന്നെ മറ്റൊരു കാർ, പിന്നെ മറ്റൊന്ന്. അവ വഴിയിൽ നിരന്നു. അന്നു രാത്രി എത്ര സ്‌നേഹിതർ വന്നു എന്ന് എനിക്കറിയില്ല പക്ഷേ ഞങ്ങൾ എല്ലാവരേയും ഞങ്ങളുടെ ചെറിയ വീട്ടിൽ ഉൾക്കൊള്ളിച്ചു. അതിന്റെ മാധുര്യം ഒരിക്കലും മായില്ല. വിലാപം ആ രാത്രിയെ അതിജീവിച്ചു, സന്തോഷം വിദൂരമായിരുന്നു, പക്ഷേ ഞങ്ങൾ വ്യസനത്തിലും ദൈവത്തെ ആരാധിച്ചു, അദ്ദേഹത്തിന്റെ രോഗശാന്തിക്കായി അപേക്ഷിച്ചു. ഞങ്ങളുടെ മകൻ സാമുവേലും അവന്റെ കൂട്ടുകാരനും അവരുടെ ഗിറ്റാറുകൾ എടുത്തു ഞങ്ങളെ കൃപാസനത്തിലേക്ക് നടത്തി. ഞങ്ങളുടെ മകൻ ബെഞ്ചമിൻ കൈകളുയർത്തി കരുണയ്ക്കായി പാടുന്നത് ഞാൻ ഓർക്കുന്നു. അവനു 10 വയസ്സായിരുന്നു.