നാമെല്ലാവരും ഏതെങ്കിലും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ഉത്കണ്ഠയെ കൈകാര്യം ചെയ്യുന്നു, ഇരുട്ടിനെ ഭയപ്പെടുന്നതിൻ്റെ ചെറിയ ഉത്കണ്ഠ മുതൽ പൂർണ്ണമായ ഉത്കണ്ഠ ആക്രമണം വരെ. ഉത്കണ്ഠ ബാധിക്കുമ്പോൾ, ദൈവത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ഓർക്കാൻ നമുക്ക് പ്രയാസമായിരിക്കും. നമ്മുടെ ഉടനടിയുള്ള സാഹചര്യങ്ങളിൽ കുടുങ്ങുമ്പോൾ, പിന്നോട്ട് നീങ്ങി വലിയ ചിത്രം കാണുന്നത് ബുദ്ധിമുട്ടായിത്തീരും.
ശ്വസിക്കുന്നത് ബുദ്ധിമുട്ടായിത്തീരുമ്പോൾ, നമുക്ക് തിരിയാൻ ഒരു സ്ഥലമുണ്ട്. ഉത്കണ്ഠ ബാധിക്കുമ്പോൾ നമുക്ക് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ സത്യങ്ങൾ ഓർമിക്കാനും കഴിയും.
“അവൻ നമുക്കുവേണ്ടി തൻ്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു” (1 യോഹ. 3:16). സർവ്വശക്തനും തികഞ്ഞവനും പാപമില്ലാത്തവനുമായ ദൈവം നമുക്കു വേണ്ടി ക്രൂശിൽ മരിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അത്ര മാത്രമാണ് അവിടുന്നു നമ്മെ സ്നേഹിക്കുന്നത്!
ചിലപ്പോൾ അത് മറക്കാൻ എളുപ്പമാണ്. “ദൈവത്തിന് ഈ സംഭവിച്ചത് എങ്ങനെ അനുവദിക്കാൻ കഴിഞ്ഞു?” എന്ന് ചോദിക്കാൻ ചിലപ്പോൾ പ്രലോഭനമുണ്ടാകുന്നു. എന്നാൽ നമുക്ക് ഇത് ഓർക്കാം: അവിടുന്ന് നമ്മെ സ്നേഹിക്കുന്നു, നമ്മെ വളരെയധികം സ്നേഹിക്കുന്നു. യാതൊന്നിനും – നമ്മുടെ സാഹചര്യങ്ങൾക്കോ വ്യക്തിപരമായ പരാജയങ്ങൾക്കോ – ആ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിപ്പാൻ കഴികയില്ല (റോമ. 8:35-39).
എല്ലായ്പോഴും ഇങ്ങനെ അനുഭവപ്പെടാറില്ല. ചിലപ്പോൾ – പ്രത്യേകിച്ചും നമ്മുടെ മനസ്സിൻ്റെ ഉത്കണ്ഠാകുലമായ നുണകൾ കേൾക്കുമ്പോൾ – നമ്മുടെ സാഹചര്യങ്ങളിൽ നാം വളരെയധികം ഒറ്റപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നു. നാം ബോധപൂർവ്വം നമ്മെത്തന്നെ ഓർമിപ്പിക്കേണ്ട സമയങ്ങളാണിവ:
“‘ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ ‘കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തു ചെയ്യും’ എന്നു നമുക്ക് ധൈര്യത്തോടെ പറയാം” (എബ്രാ. 13:5-6).
ദൈവം നമ്മെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. പാതയിലെ ഓരോ ചുവടിലും അവിടുന്ന് നമ്മോടു കൂടെയുണ്ട്. ഇപ്പോൾ, ഇവിടെ – ഈ അവസ്ഥയിൽ – അവിടുന്ന് നമ്മോടൊപ്പം നിൽക്കുന്നു. തരണം ചെയ്യാൻ അവിടുന്നു നമ്മെ സഹായിക്കും.
നാം ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്താണെന്ന് ആർക്കും അറിയില്ലെന്ന് നമുക്കു തോന്നിയേക്കാം – എന്നാൽ ദൈവം അതറിയുന്നു. നാം ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും (സങ്കീർ. 139:2) മുതൽ നമ്മുടെ ഹൃദയങ്ങളിലെ ചിന്തകളും നമ്മുടെ ചുറ്റുമുള്ളവരുടെ ചിന്തകളും വരെ അവിടുന്ന് സകലവും അറിയുന്നു (അപ്പൊ. പ്രവൃത്തികൾ 1:24).
ഏറ്റവും പ്രധാനമായി, അവിടുന്ന് നമ്മുടെ ബലഹീനതകളും, ഭയങ്ങളും നമ്മുടെ അനിശ്ചിതാവസ്ഥയും അറിയുന്നു. “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്” (എബ്രാ. 4:15). മറ്റാർക്കും മനസ്സിലാകാതെ വരുമ്പോൾ പോലും നമ്മൾ കടന്നു പോകുന്നത് എന്താണെന്ന് ദൈവത്തിനറിയാം.
ദൈവത്തിൻ്റെ നിയന്ത്രണത്തിന് അതീതമായി യാതൊന്നുമില്ല. ദൈവത്തിൻ്റെ കരുതലിന് അപ്പുറം ഒരു കുരുവി പോലും വീഴുന്നില്ലെന്ന് യേശു നമ്മെ ഓർമിപ്പിക്കുന്നു (മത്താ. 10:29-31).
ദൈവം നമ്മുടെ ജീവിതത്തിൽ ഉത്കണ്ഠയെ – അല്ലെങ്കിൽ മാനസിക വൈകല്യങ്ങൾ, കാൻസർ, മരണം, മറ്റു തരം കഷ്ടപ്പാടുകൾ എന്നിവയെ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ നാം പ്രയാസപ്പെടുന്ന സന്ദർഭങ്ങൾ തീർച്ചയായും ഉണ്ട്. ദൈവം എല്ലായ്പോഴും നമുക്ക് ഉടനടി ഉത്തരങ്ങൾ നൽകുന്നില്ലെങ്കിലും, “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നൻമയ്ക്കായികൂടി വ്യാപരിക്കുന്നു” (റോമ. 8:28) എന്ന് വാഗ്ദത്തം ചെയ്യുന്നുണ്ട്.
ഉത്കണ്ഠയുടെ നടുവിൽ നാം അകപ്പെട്ടു പോകുമ്പോൾ, അത് നമ്മെ കീഴ്പ്പെടുത്തിക്കളയാം. എന്നാൽ ഉത്കണ്ഠയുടെ വിചാരണയെ അഭിമുഖീകരിക്കുമ്പോഴും നമുക്കത് “അശേഷം സന്തോഷം” എന്ന് എണ്ണുവാൻ കഴിയുമെന്ന് നമുക്ക് നമ്മെത്തന്നെ ഓർമപ്പെടുത്താം. കാരണം നമ്മെ ”തികഞ്ഞവരും സമ്പൂർണ്ണരും” ആക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു (യാക്കോ. 2:4).
മലാഖി 3:6-ൽ ദൈവം പറയുന്നു, “യഹോവയായ ഞാൻ മാറാത്തവൻ.” വെളിച്ചങ്ങളുടെ പിതാവായ ദൈവത്തിനു ”വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” എന്ന് യാക്കോബ് എഴുതുന്നു (യാക്കോ. 1:17).
ദൈവം മാറുന്നില്ല. നമ്മുടെ സാഹചര്യങ്ങൾ എന്തു തന്നെയായാലും, ദൈവം ഒരു പാറപോലെ ദൃഢമാണ്. മറ്റൊന്നും ആശ്രയമില്ലാത്തപ്പോഴും അവിടുത്തെ നമുക്ക് ആശ്രയിക്കാം. നമ്മെ സ്നേഹിക്കുമെന്നും നമ്മോടു കൂടെ ഉണ്ടായിരിക്കുമെന്നും നമ്മെ അറിയുമെന്നും നമ്മെ ശ്രദ്ധിച്ച് പരിപാലിക്കുമെന്നും അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. നാം കടന്നു പോകുന്ന ഏതിനേയും മറികടക്കുന്ന വാഗ്ദാനങ്ങളാണിവ. നമ്മുടെ ജീവൻ കൊണ്ടു തന്നെ വിശ്വസിക്കാവുന്ന വാഗ്ദാനങ്ങളാണിവ.
ദൈവം നമ്മുടെ ഉത്കണ്ഠ ഉടനടി നീക്കിക്കളഞ്ഞേക്കില്ല. എന്നാൽ അവിടുന്ന് നമ്മെ അതിലൂടെ നടത്തുകയും അതിൻ്റെ നടുവിൽ നമ്മുടെ വലിയ ആശ്വാസമായിത്തീരുകയും ചെയ്യും (2 കൊരി. 1:3-4). അവിടുത്തെ വചനം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചു വയ്ക്കാനും ഉത്കണ്ഠ ബാധിക്കുമ്പോഴെല്ലാം പ്രാർഥനയിൽ അവങ്കലേക്കു തിരിയാനും അവൻ്റെ സത്യങ്ങളെ മുറുകെ പിടിക്കാനും ഓർക്കാം.