“ഇ എഫ്. ഹട്ടൺ സംസാരിക്കുമ്പോൾ, ആളുകൾ ശ്രദ്ധിക്കുന്നു” എന്ന് ഒരു ടെലിവിഷൻ പരസ്യത്തിൽ പറയുകയുണ്ടായി. ഹെർബ് വാൻഡർ ലഗ്റ്റ് എന്ന വ്യക്തിയെക്കുറിച്ചും എനിക്ക് തോന്നുന്നത് അങ്ങനെ തന്നെയാണ്.

ഇപ്പോൾ എൺപത് വയസ്സുള്ള ഹെർബ്, ഞങ്ങൾക്ക് വളരെയധികം അറിവും പ്രചോദനവും നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. വിശുദ്ധ ഗ്രന്ഥം ശ്രദ്ധയോടെ പഠിക്കുന്ന വ്യക്തിയെന്ന നിലയിലും, അനേകം പള്ളികളിലെ സ്‌നേഹസമ്പന്നനായ പാസ്റ്ററെന്ന നിലയിലും ഹെർബ് ശ്രദ്ധേയനാണ്. അദ്ദേഹം വളരെയധികം പുസ്തങ്ങൾ വായിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം, എപ്പോൾ, ഏതു പുസ്തകത്തിലാണ് വായിച്ചതെന്ന് ഓർത്തെടുക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്.

ഹെർബ് സത്യസന്ധനായ ഒരു മനുഷ്യൻ കൂടിയാണ്. അതിനാൽ, ഞങ്ങളുടെ സീനിയർ റിസർച്ച് എഡിറ്റർ എന്ന നിലയിൽ, തന്റെ ആത്മീയ സംശയങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ സംശയങ്ങളെക്കുറിച്ചും ഇനിപ്പറയുന്ന പേജുകളിൽ എഴുതുമ്പോൾ, അത് കേൾക്കാൻ എനിക്ക് ആകാംക്ഷയുണ്ട്.

    മാർട്ടിൻ ആർ. ഡി ഹാൻ II

 

banner image

“ഞ ങ്ങൾക്ക് ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഒരിക്കലും സംശയമില്ല” എന്ന് എന്റെ ചില ക്രിസ്തീയ സുഹൃത്തുക്കൾ എന്നോട് പറയുന്നു. എന്നാൽ, എനിക്ക് അങ്ങനെ പറയാൻ കഴിയില്ല.

എന്റെ പ്രസ്താവന എന്നെ അറിയുന്ന ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. ഞാൻ ശുഭാപ്തിവിശ്വാസമുള്ള വ്യക്തിയാണ്; നിഷേധാത്മകമായ സ്വഭാവമുള്ളവനല്ല. എന്നിട്ടും എന്റെ വിശ്വാസത്തെക്കുറിച്ച് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്.

ഈ സംശയങ്ങൾ എന്റെ ബാല്യകാലം മുതൽ തുടങ്ങിയതാണ്. ബൈബിളിലെ ചില പഴയനിയമ കഥകൾ എന്നെ അസ്വസ്ഥമാക്കിയത് ഇപ്പോഴും ഓർക്കുന്നു. എല്ലാ കനാന്യരെയും, ചെറിയ കുട്ടികളെയും കുഞ്ഞുങ്ങളെയും പോലും, കൊല്ലാൻ യിസ്രായേല്യരോട് ആജ്ഞാപിച്ച ദൈവത്തിന്റെ നന്മയിൽ ഞാൻ എങ്ങനെ വിശ്വസിക്കും? സങ്കീർത്തനങ്ങളിലെ ചില ഭാഗങ്ങൾ എനിക്ക് അസ്വസ്ഥതയുണ്ടാക്കി, കാരണം അവ വളരെ പ്രതികാരേച്ഛയുള്ളതാണെന്ന് തോന്നി. സങ്കീർത്തനം 137:9 ൽ ശത്രുക്കളുടെ ശിശുക്കളെ കൊല്ലുന്നവരെ അനുഗ്രഹിക്കുക പോലും ചെയ്തിരിക്കുന്നു!

‘മഹാമാന്ദ്യ’ത്തിന്റെ കാലത്ത് കൗമാരപ്രായത്തിൽ, സോഷ്യലിസ്റ്റ് പുസ്തകങ്ങൾ എന്നെ ആകർഷിച്ചു. ലോകത്തിൽ നടമാടുന്ന അനീതികൾക്കു നേരെ ദൈവത്തിന് എങ്ങനെ കണ്ണടയ്ക്കാൻ കഴിയുന്നു എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി പറയപ്പെടുന്ന ദിനോസറുകളുടെ ചിത്രങ്ങൾ എന്നെയും അലോസരപ്പെടുത്തി. ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തെക്കുറിച്ച് അത് എന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർത്തി.

കാലങ്ങൾ കഴിഞ്ഞിട്ടും എന്റെ സംശയങ്ങൾ തീർന്നിട്ടില്ല. വൈകല്യമുള്ളവരും, മാരകരോഗികളുമായ കുട്ടികളെ ആശുപത്രിയിൽ കാണുമ്പോഴും, പ്രായമായവർ വർഷങ്ങളോളം കഠിനമായ വേദനയിൽ, മനോരോഗികളായി ജീവിക്കുന്നത് കാണുമ്പോഴും എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നുവരുന്നു. ചില പുതിയ പുരാവസ്തു കണ്ടെത്തലുകൾ പഴയനിയമ ചരിത്രത്തിന് വിരുദ്ധമാണെന്ന് തോന്നുമ്പോൾ ചിലപ്പോൾ ഞാൻ അൽപ്പം ചഞ്ചലിച്ചുപോകും.

ഞാൻ അപൂർണ്ണനാണെന്ന തിരിച്ചറിവ് മൂലം എനിക്ക് സംശയങ്ങളും ഉണ്ടാകാറുണ്ട്. 70 വർഷത്തിലേറെയായി ഞാൻ യേശുവിൽ വിശ്വസിക്കുന്നു, എന്നിട്ടും ഞാൻ ആയിരിക്കേണ്ട ആത്മീയ നിലവാരത്തിൽ ഞാൻ എത്തിയിട്ടില്ല! എന്തുകൊണ്ടാണ് ഞാൻ വെറുക്കുന്ന ചിന്തകൾ ഇപ്പോഴും ഞാൻ ആസ്വദിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ഇപ്പോഴും എന്റെ സ്വന്തം കാര്യത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്? മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ ഞാൻ എന്നിൽ കാണുന്നു, പക്ഷേ ദൈവം കാണുന്നുവെന്ന് എനിക്കറിയാം. എനിക്കും ദൈവത്തിനും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഞാൻ കാണുന്നു.

കാലങ്ങൾ കഴിഞ്ഞിട്ടും എന്റെ സംശയങ്ങൾ തീർന്നിട്ടില്ല.

എന്നെ അലട്ടുന്ന ഈ ചോദ്യങ്ങൾക്കിടയിലും, ദൈവവുമായി സമാധാനത്തിലായിരിക്കാൻ ഞാൻ വർഷങ്ങളായി പഠിച്ചു. ഞാൻ അവനോട് സത്യസന്ധനായിരിക്കുമ്പോൾ, എന്റെ സംശയങ്ങൾ കൈകാര്യം ചെയ്യാൻ അവൻ എന്നെ സഹായിക്കുന്നുവെന്ന് ഞാൻ കണ്ടെത്തി. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, അവൻ എന്റെ പാപങ്ങൾ ക്ഷമിച്ചുവെന്നും എന്നെ അവന്റെ സ്വന്തക്കാരനായി കാണുന്നുവെന്നും എനിക്കറിയാം.

എന്റെ സംശയങ്ങൾ വളരെ വലുതാണെന്ന് നിങ്ങൾ കരുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതിന് എനിക്ക് നിരവധി കാരണങ്ങളുണ്ട്. കൂടാതെ, അനന്തമായ ദൈവത്തെയും, കാലാതീതമായ നിത്യതയെയും കുറിച്ചുള്ള സത്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ എന്റെ പരിമിതമായ മനസ്സിന് ഗ്രഹിക്കാൻ കഴിയൂ എന്നും ഞാൻ മനസ്സിലാക്കുന്നു.

നമ്മുടെ വിശ്വാസം യുക്തിയിൽ മാത്രം അധിഷ്ഠിതമല്ല എന്നതും സത്യമാണ്. ബൈബിൾ അനുസരിച്ച്, നാം അവനെ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, തന്നെ ആശ്രയിക്കാൻ നമ്മെ സഹായിക്കാൻ ദൈവം തയ്യാറാണ്. തന്നെ ഹൃദയപൂർവ്വം അനുഗമിക്കുന്നവർക്ക് യേശു വാഗ്ദാനം ചെയ്ത ഉറപ്പാണിത്. തന്നെ വിശ്വസിക്കാൻ നിരവധി കാരണങ്ങൾ കണ്ടെത്തിയിട്ടുള്ള ആളുകളോട് സംസാരിക്കുമ്പോൾ അവൻ പറഞ്ഞു:

എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും (യോഹ. 14:21).

banner image

തുടർന്നുള്ള പേജുകളിൽ, എന്റെ സ്വന്തം സംശയങ്ങളെക്കുറിച്ചും, അവ എങ്ങനെ കൈകാര്യം ചെയ്തുവെന്നും നിങ്ങളോട് പറയുന്നതിനോടൊപ്പം, എനിക്ക് പരിചയമുള്ള ചില ആളുകളുടെ കഥകളും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ സംശയങ്ങൾ ഞാൻ തുറന്ന് സമ്മതിച്ചതുകൊണ്ട്, മറ്റുള്ളവരെ സഹായിക്കാനും എനിക്ക് കഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. ഓരോ സംഭവത്തിന്റെയും രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനായി പേരുകളും ചില വിശദാംശങ്ങളും മാറ്റിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, പല സംഭവങ്ങൾ ഒരുമിച്ച് ചേർത്ത് എഴുതിയിരിക്കുന്നു.

banner image

താൻ പോകുന്നിടത്തെല്ലാം നന്നായിട്ട് പ്രവർത്തിക്കുന്ന ഉത്സാഹിയായ ക്രിസ്ത്യാനിയായിരുന്നു നിലേഷ്. എന്നാൽ ചിലപ്പോൾ താൻ ഏറ്റെടുത്ത ചുമതലകൾ നിർവ്വഹിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയപ്പോൾ അവന്റെ സൃഹുത്തുക്കൾ നിരാശപ്പെട്ടു. ചിലപ്പോൾ താൻ വൈകാരികമായി തളർന്നു പോകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അത് അവനിൽ മാനസിക സംഘർഷമുണ്ടാക്കി. അവൻ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ട എല്ലാ കാര്യങ്ങളിലും അവന് സംശയമുണ്ടായി. ഈ സമയങ്ങളിൽ അവൻ ഒരുവിധത്തിൽ തന്റെ ജോലികൾ ചെയ്യുകയും മറ്റുള്ളവരുടെ മുമ്പിൽ സന്തോഷഭാവം കാണിക്കുകയും ചെയ്തു. എന്നാൽ അവന്റെ യഥാർത്ഥ അവസ്ഥ അവന്റെ ഭാര്യക്ക് അറിയാമായിരുന്നു. ദൈവത്തിൽ വിശ്വസിക്കാനും ഒരു നല്ല ക്രിസ്ത്യാനിയാകാനും താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്റെ അനുഭവത്തിൽ ബൈബിൾ സത്യമാണെന്ന് താൻ കണ്ടെത്തിയില്ലെന്നും അവൻ പറഞ്ഞു. ഭാര്യയോടും കുടുംബത്തോടുമുള്ള സ്‌നേഹമില്ലായിരുന്നുവെങ്കിൽ താൻ ക്രിസ്ത്യാനിയായി ജീവിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കുമായിരുന്നെന്നും അവൻ പറഞ്ഞു. ദൈവവുമായോ സഭയുമായോ ഒരു ബന്ധവുമില്ലാതെ ജീവിച്ചാൽ താൻ കൂടുതൽ സന്തോഷവാനായിരിക്കുമെന്നും അവനു തോന്നി.

അവൻ പറഞ്ഞതൊന്നും എന്നെ ഞെട്ടിച്ചില്ല. ദൈവത്തിൽ വിശ്വസിക്കണമെന്നും ഒരു നല്ല ക്രിസ്ത്യാനിയാകണമെന്നും അവൻ പറഞ്ഞപ്പോൾ സത്യമാണ് പറയുന്നതെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ക്രിസ്തുവിനോടുള്ള തന്റെ പ്രതിബദ്ധത ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവന്റെ വികാരഭരിതമായ ചില പ്രസ്താവനകൾ എനിക്ക് അവഗണിക്കാം. വൈകാരികമായി സംസാരിക്കുന്ന വ്യക്തിയോട് വിശ്വാസത്തിന്റെ യുക്തിപരമായ കാരണങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല. അവരുടെ സംശയങ്ങൾ കാലക്രമേണ മാറും എന്ന് അവർക്ക് ഉറപ്പുനൽകുന്നത് നല്ലതാണ്, എങ്കിലും അവരുടെ വിശ്വാസത്തിന് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത് തടയാനാവില്ല.

ആളുകൾ മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോൾ, അവർ ശരിക്കും അർത്ഥമാക്കാത്ത കാര്യങ്ങൾ പലപ്പോഴും പറയും.

ഭയവും സംശയവുമുള്ള തന്റെ ദാസനായ ഏലിയാവിനോട് ദൈവം എങ്ങനെ ഇടപെട്ടു എന്ന് നോക്കുന്നത് അത്തരം സാഹചര്യങ്ങളിൽ സഹായകമാകും (1 രാജാ. 19). ഈസേബെലിനോടുള്ള ഏലിയാവിന്റെ അകാരണമായ ഭയത്തിന് കാരണമായ ശാരീരികവും മാനസികവുമായ ഘടകങ്ങൾ ദൈവം മനസ്സിലാക്കി. കർമ്മേൽ പർവ്വതത്തിലെ അനുഭവത്തിന് ശേഷം (1 രാജാ. 18), പ്രവാചകൻ വൈകാരികമായും ശാരീരികമായും തളർന്നു. കൂടാതെ, പർവ്വതത്തിൽ ദർശിച്ച ദൈവശക്തിയുടെ ഗംഭീരമായ പ്രകടനം തനിക്ക് ഒരു അളവുകോലായി മാറുമെന്ന് താൻ തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. പ്രവാചകന് വിശ്രമവും ഭക്ഷണവും പ്രബോധനവും ആവശ്യമായിരുന്നു. അതുകൊണ്ട് അവന് ഉറങ്ങാനും ഭക്ഷണം കഴിക്കാനും ദൈവം ക്രമീകരണം ചെയ്തു (19:5-9). അപ്പോൾ ദൈവത്തിന്റെ അമാനുഷിക ഇടപെടൽ എപ്പോഴും പ്രതീക്ഷിക്കാമെന്ന പ്രവാചകന്റെ ആശയം അവൻ തിരുത്തി. തന്റെ ശക്തിയുടെ അതിശയകരമായ പ്രകടനങ്ങളിലൂടെയല്ല, മറിച്ച് ഒരു “മൃദുവായ ശബ്ദത്തിലൂടെ” അവൻ സാധാരണയായി പ്രവർത്തിക്കുന്നുവെന്ന് ദൈവം ഏലിയാവിനെ കാണിച്ചു. ഇതിനുശേഷം, അവൻ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് രാജാക്കന്മാരെയും ഒരു പിൻഗാമിയെയും അഭിഷേകം ചെയ്യാൻ ദൈവം തന്റെ ദാസനെ നിയോഗിച്ചു.

ഏലിയാവുമായുള്ള ദൈവത്തിന്റെ ഇടപെടലിൽ നിന്ന് നിലേഷിനെപ്പോലെയുള്ള വ്യക്തിത്വമുള്ള വിശ്വാസികൾ പഠിക്കേണ്ടതുണ്ട്. ഒന്നാമതായി, തങ്ങളുടെ വൈകാരികവും ശാരീരികവുമായ പരിമിതികളെക്കുറിച്ച് അവർ ബോധവാന്മാരായിരിക്കണം. അവർക്ക് എത്രത്തോളം ചുമതലകൾ ഏറ്റെടുക്കാം എന്നതിനെക്കുറിച്ച് അവർ യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. രണ്ടാമതായി, അവർ അവരുടെ പ്രതീക്ഷകൾ തിരുത്തണം. ദൈവം എപ്പോഴും അത്ഭുതങ്ങൾ ചെയ്യാൻ പോകുന്നില്ല. മൂന്നാമതായി, ദൈവത്തിന്റെ ധനം, ജ്ഞാനം എന്നിവ അവർ തിരിച്ചറിയണം. നമുക്ക് താങ്ങാൻ പറ്റാത്ത ചുമതലകൾ നൽകാതെ തന്നെ അവന് തന്റെ ലക്‌ഷ്യം നടപ്പിലാക്കാൻ കഴിയും.

നിലേഷ് ഈ പാഠങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചു. താൻ ഏതൊക്കെ ജോലികൾ ഏറ്റെടുക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ ബോധവാനായി, തന്റെ പ്രതീക്ഷകൾ തിരുത്തി, താൻ ഉൾപ്പെട്ടിരുന്ന ചില കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തി. അവന് ഇപ്പോഴും ഇടയ്‌ക്കിടെ പ്രവർത്തിക്കാൻ പറ്റാത്ത സമയങ്ങളുണ്ട്, അവന്റെ പഴയ സംശയങ്ങൾ ചിലപ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. പക്ഷെ, അവ ഒരിക്കലും മുമ്പത്തെപ്പോലെയല്ല. പ്രവർത്തിക്കാൻ പറ്റാത്ത സമയം അവസാനിക്കുമെന്നും, ഭാര്യയെ വിഷമിപ്പിക്കാതെയും, ഒരു ചുമതല ഉപേക്ഷിക്കാതെയും, മറ്റുള്ളവരെ പഴിക്കാതെ തന്റെ സംശയങ്ങൾക്കും ഭയങ്ങൾക്കും പരിഹാരം കാണുമെന്നും അദ്ദേഹം സ്വയം ഉറപ്പുനൽകുന്നു.

banner image

രോഹിത് എന്ന് ഞാൻ വിളിക്കുന്ന ഒരു മനുഷ്യൻ എന്നെ കാണാൻ 160 കിലോമീറ്ററിലധികം യാത്ര ചെയ്തു. കാരണം, രക്ഷയെക്കുറിച്ചുള്ള തന്റെ സംശയം തന്റെ പാസ്റ്ററോട് ചോദിക്കാൻ അവന് ഭയമായിരുന്നു. എല്ലാ വിശ്വാസികൾക്കും തങ്ങളുടെ ഹിതം പരിശുദ്ധാത്മാവിനു വിധേയപ്പെടുത്തി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ കഴിയുമെന്ന് തന്റെ പാസ്റ്റർ ആവർത്തിച്ച് പറയുന്നത് അവൻ ഇപ്പോഴും കേൾക്കാറുള്ളതാണ്. സഭയിലെ സഹവിശ്വാസികൾ ഈ ഉപദേശം അംഗീകരിക്കുകയും, ദൈവത്തിനു സമർപ്പിക്കപ്പെട്ട ജീവിതത്തിൽ തങ്ങൾ ആത്മീയ സഫലീകരണം കണ്ടെത്തിയതായി അവർ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. “വിട്ടുകളയുന്നതും, ദൈവത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നതും” ആണ് പരിഹാരമെന്ന് അവർ കണ്ടെത്തി. മുൻകാല പോരാട്ടങ്ങളിൽ നിന്ന് അവരെ ഉയർത്തുന്ന ആത്മീയതയുടെ ഒരു തലം അവർ കണ്ടെത്തിയതായി തോന്നി.

അവരുടെ അവകാശവാദങ്ങൾ അംഗീകരിക്കാൻ രോഹിതിന് കഴിഞ്ഞില്ല. അപകീർത്തികരമായ ഒരു പെരുമാറ്റത്തിലും അവൻ കുടുങ്ങിയിരുന്നില്ലെങ്കിലും, തെറ്റായ ചിന്തകളും മോഹങ്ങളും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. “വിട്ടുകളയുക, ദൈവത്തെ പ്രവർത്തിക്കാൻ അനുവദിക്കുക” എന്ന ആശയം പ്രാവർത്തികമാക്കാൻ അവൻ ശ്രമിച്ചെങ്കിലും, ചില സാഹചര്യങ്ങളിൽ കള്ളം പറയാനും, അവിഹിത ലൈംഗിക ബന്ധത്തെക്കുറിച്ച് ഭാവനയിൽ കാണുവാനും, തന്നെക്കാൾ കഴിവുള്ളവരോട് അസൂയപ്പെടാനും, തന്നോട് തെറ്റ് ചെയ്തവരോട് വെറുപ്പ് തോന്നാനും ഉള്ള ശക്തമായ പ്രലോഭനങ്ങൾ നീങ്ങിപ്പോയില്ല.

അതിനുപുറമെ, താൻ ആഗ്രഹിച്ച തരത്തിലുള്ള ആളാകാൻ കഴിയാതെ പോയതിനാൽ അവന് നിരാശ തോന്നി. തന്റെ പാസ്റ്ററും സഭാംഗങ്ങളും പറയുന്നത് കേട്ടതിൽ നിന്ന്, പരിശുദ്ധാത്മാവിനു വഴങ്ങി, സ്വയം ത്യജിച്ച്, ക്രിസ്തുവിനെ തന്നിലൂടെ ജീവിക്കാൻ അനുവദിച്ചാൽ തനിക്ക് ഈ പോരാട്ടങ്ങൾ ഉണ്ടാകില്ലെന്ന് അവൻ ചിന്തിച്ചു, ദൈവത്തിന് സ്വയം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചു. തികഞ്ഞ ഒരു വിശ്വാസിയാകാൻ തനിക്കറിയാവുന്നതെല്ലാം ചെയ്തു. എന്നിട്ടും തന്റെ പാസ്റ്ററും സുഹൃത്തുക്കളും പറഞ്ഞ പോരാട്ടമില്ലാത്ത ജീവിതം അവന് ഉണ്ടായില്ല. അവൻ തന്റെ വിശ്വാസം സത്യമാണോ എന്ന് സംശയിക്കാൻ തുടങ്ങി.

തെറ്റായി വ്യാഖ്യാനിച്ച ദൈവശാസ്ത്രത്തിന്റെ ഫലമായിട്ടാണ് അവന് ഇങ്ങനെയുള്ള അവസ്ഥയുണ്ടായതെന്ന് ഞാൻ രോഹിതിനോട് പറഞ്ഞു. ക്രിസ്തീയ ജീവിതത്തിന്റെ ഒരു വശം മാത്രമാണ് അവനെ പഠിപ്പിച്ചത്. പരിശുധാത്മാവിന് തന്നെത്താൻ സമർപ്പിക്കണമെന്ന് പാസ്റ്റർ പറഞ്ഞത് ശരിയായിരുന്നു. നമുക്ക് ശരിയായ ആഗ്രഹങ്ങൾ ലഭിക്കാനും ഗലാത്യർ 5:22-23 “ആത്മാവിന്റെ ഫലം” എന്ന് വിളിക്കുന്ന സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ വർദ്ധിക്കുവാൻ പരിശുദ്ധാത്മാവിലേക്ക് നോക്കണം.

യേശുവുമായുള്ള നമ്മുടെ ഐക്യത്തിലൂടെ, റോമർ 6: 1-4 ൽ പഠിപ്പിക്കുന്നതുപോലെ, നാം പാപത്തിന് മരിക്കുകയും ഒരു പുതിയ ജീവിതരീതിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു എന്നതും സത്യമാണ്. ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യത്തിലൂടെ, സ്വർഗ്ഗത്തിലുള്ള അത്യന്തധനത്തിൽ നമുക്ക് ഇപ്പോൾ തന്നെ ഒരു പങ്ക് ലഭിച്ചിരിക്കുന്നു (എഫേ. 2:6-7).

എന്നാൽ, നമ്മുടെ ഇപ്പോഴത്തെ ശരീരത്തിൽ ജീവിക്കുന്നിടത്തോളം കാലം നമ്മുടെ സ്വന്തം ജഡത്തിന്റെ മോഹങ്ങളുമായി നമുക്ക് പോരാട്ടം ഉണ്ടായിരിക്കും. ഗലാത്യർ 5:16-21, റോമർ 7:14-25, കൂടാതെ മറ്റു പല ഭാഗങ്ങളും അത് വ്യക്തമാക്കുന്നു.

നിരന്തരമായ ആന്തരിക പോരാട്ടത്തിന്റെ സാന്നിധ്യത്തിലാണ് ആത്മീയ പക്വത വികസിക്കുന്നത് എന്ന് രോഹിത് തിരുവെഴുത്തുകളിലൂടെ മനസ്സിലാക്കി. തെറ്റായ ഉദ്ദേശ്യങ്ങളോടും ദുഷിച്ച ചിന്തകളോടുമുള്ള പോരാട്ടത്തിനിടയിലാണ് ദൈവത്തിന്റെ ആത്മാവിന് കീഴടങ്ങുന്നത്. പാപസ്വഭാവമുള്ള ശരീരത്തിൽ തന്നെയാണ് ആത്മീയ വളർച്ച സംഭവിക്കുന്നത്.

പാപസ്വഭാവമുള്ള ശരീരത്തിൽ തന്നെയാണ് ആത്മീയ വളർച്ച സംഭവിക്കുന്നത്.

അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ നമുക്ക് കാണാൻ കഴിയും. ദൈവാത്മാവിനാൽ ജീവിക്കുക എന്നതിന്റെ അർത്ഥം കാണിച്ചുതന്ന ഒരു രൂപാന്തരപ്പെട്ട വ്യക്തിയുടെ ഒരു മാതൃകയായിരുന്നു അദ്ദേഹം. എന്നാൽ റോമർക്കുള്ള തന്റെ ലേഖനത്തിൽ, തന്റെ ബാഹ്യരൂപവും പ്രവൃത്തിയും മാത്രം കാണുന്നവരെക്കാൾ നന്നായി തനിക്കറിയാവുന്ന ഒരു ആന്തരിക പോരാട്ടത്തെ താൻ വിവരിക്കുന്നു (റോമ. 7:18-25).

സ്വന്തം പോരാട്ടം ഒരു തരത്തിലും തന്റെ രക്ഷയെ സംശയിക്കാൻ ഒരു കാരണമല്ലെന്ന് രോഹിത് ഇപ്പോൾ കാണുന്നു. പകരം, മറ്റൊരു ലേഖനത്തിൽ “ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളൂ” (ഫിലി. 3:12) എന്ന് എഴുതിയ പൗലോസിനോട് യോജിക്കുന്നു.

banner image

ഭർത്താവും പിതാവുമായ ജയകരൻ എന്ന യുവാവിന് തന്റെ പള്ളിയിൽ നല്ല മതിപ്പ് ഉണ്ടായിരുന്നു, എന്നാൽ യുവജന പരിപാടിയിൽ പഠിപ്പിക്കാനുള്ള അഭ്യർത്ഥന അദ്ദേഹം നിരസിച്ചു. അതിന്റെ കാരണമായി അവൻ എന്നോട് പറഞ്ഞത്, കാണുന്നത് പോലെയല്ല തന്റെ ജീവിതം എന്നാണ്. അവനും ഭാര്യയും തമ്മിൽ യോജിപ്പില്ലായിരുന്നു. അവൻ ബൈബിൾ വായിക്കുന്നതും പ്രാർത്ഥിക്കുന്നതും വളരെ വിരളമാണ്. അവന് പലതരം സംശയങ്ങൾ തോന്നിത്തുടങ്ങിയിരുന്നു. ചിലപ്പോഴൊക്കെ അവൻ ബൈബിൾ സത്യമാണോ എന്ന് സംശയിച്ചു. മറ്റുചിലപ്പോൾ താൻ ഒരു യഥാർത്ഥ വിശ്വാസിയാണോ എന്ന് അയാൾ ചിന്തിച്ചു. തന്റെ സംശയങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അവൻ സമ്മതിച്ചു.

ഞാൻ ഒരു ചെറിയ അന്വേഷണം നടത്തിയപ്പോൾ, താനും ഭാര്യയും തെറ്റാണെന്ന് തനിക്ക് അറിയാവുന്ന ഒരു തെറ്റ് ചെയ്യുന്നുണ്ടെന്ന് അവൻ സമ്മതിച്ചു. ലൈംഗിക ജീവിതം ഊർജ്വസ്വലമാക്കി ഭാര്യാഭർതൃ ബന്ധം സന്തോഷകരമാക്കാം എന്ന് കരുതി അവർ അശ്ലീല വീഡിയോകൾ കാണാൻ തുടങ്ങി. തന്റെ കഥ വിവരിക്കുമ്പോൾ അവന് ലജ്ജ തോന്നി. മരിച്ച്, ദൈവമുമ്പാകെ ന്യായവിധിക്കായി നിൽക്കുന്ന ചിന്ത തന്നെ ഭയപ്പെടുത്തി എന്ന് അവൻ സമ്മതിക്കുകയും ചെയ്തു.

അവന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പ്രയാസമില്ല. അവനും ഭാര്യയ്ക്കും ക്രമേണ ആത്മീയ കാഴ്ചപ്പാട് നഷ്ടപ്പെട്ടു. സ്വന്തം മനസ്സാക്ഷിയെ വീണ്ടും വീണ്ടും അവഗണിച്ചുകൊണ്ട്, റോമർ 8:16-ൽ പൗലോസ് പറഞ്ഞ ആന്തരിക സാക്ഷ്യം അവർക്ക് കേൾക്കാൻ കഴിഞ്ഞില്ല.

നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.

സംശയങ്ങളാലും ഭയത്താലും വിഷമിക്കുന്ന വിശ്വാസികൾ തങ്ങളുടെ ആത്മീയ നിലവാരം അളന്നു നോക്കുന്നത് നന്നായിരിക്കും. നമ്മുടെ ഉള്ളിലും, നമ്മുടെ സംസ്കാരത്തിലും ഉള്ള തെറ്റുകളോട് എളുപ്പത്തിൽ നാം വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുണ്ട്. നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും പതിവായി പുതുക്കുന്നില്ലെങ്കിൽ, നമ്മുടെ സംസ്കാരത്തിന്റെ ആത്മീയ തകർച്ചകൾ നമ്മുടെ ആത്മീയ ജീവിതത്തെയും തകർത്തുകളയാൻ ഇടയാകും.

ക്രിസ്തുവും അവന്റെ അപ്പോസ്തലന്മാരും നമ്മുടെ സംസ്കാരത്തിൽ നിന്ന് പിന്മാറാൻ നമ്മെ പഠിപ്പിച്ചിട്ടില്ല. “ചുങ്കക്കാരോടും പാപികളോടും” സൗഹൃദം സ്ഥാപിച്ചുകൊണ്ട് യേശു തന്റെ കാലത്തെ മതവിശ്വാസികളെ ഞെട്ടിച്ചുകളഞ്ഞു. എന്നാൽ ഈ സമയത്തും, തന്റെ വിളിയും പിതാവുമായുള്ള ബന്ധവും അവൻ കാണാതെ പോയില്ല. ലോകത്തിന്റെ പാപങ്ങളിൽ മുഴുകാനല്ല അവൻ ഇവിടെ വന്നത്. വഴി തെറ്റിപ്പോയവരെ രക്ഷിക്കാനാണ് അവൻ ലോകത്തിലേക്ക് വന്നത്.

നമ്മുടെ ഉദ്ദേശ്യങ്ങളും ദൈവാത്മാവുമായുള്ള നമ്മുടെ ബന്ധവും നാം തുടർച്ചയായി പരിശോധിക്കണം. അല്ലെങ്കിൽ, നമ്മുടെ തലമുറയിൽ ക്രിസ്തുവിന്റെ പ്രതിനിധികളാകാൻ വിളിക്കപ്പെട്ട ദൈവമക്കളാണ് നാം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ആത്മീയ കാഴ്ചപ്പാട് നമുക്ക് നഷ്ടപ്പെടും.

ആത്മീയ വിട്ടുവീഴ്‌ചയ്‌ക്കും അപകടത്തിനും എതിരെ ജാഗ്രതയുള്ളവരായിരിക്കുന്നതിന്‌, നാം നമ്മുടെ ഇടയനോട്‌ അടുത്തുനിൽക്കേണ്ടതുണ്ട്‌.

ഈ വെല്ലുവിളി എളുപ്പമുള്ള ഒന്നല്ല. ചെന്നായ്ക്കളുടെ ഇടയിലേക്ക് ആടുകളെപ്പോലെയാണ് യേശു നമ്മെ അയക്കുന്നത്. ആത്മീയ വിട്ടുവീഴ്‌ചയ്‌ക്കും അപകടത്തിനും എതിരെ ജാഗ്രതയുള്ളവരായിരിക്കുന്നതിന്‌, നാം നമ്മുടെ ഇടയനോട്‌ അടുത്തുനിൽക്കേണ്ടതുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചപ്പോഴാണ് ഞാൻ ഈ സത്യം മനസ്സിലാക്കിയത്. ഞാൻ ഒരു ഭക്തിയുള്ള ക്രിസ്തീയ ഭവനത്തിൽ വളർന്നു, ചെറുപ്പത്തിൽ തന്നെ ക്രിസ്തുവിന് എന്നെത്തന്നെ സമർപ്പിച്ചു, ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ചു, ഒരു ചെറിയ ഭക്ഷണശാലയിൽ വിശ്വാസികളോടൊപ്പം ജോലി ചെയ്തു. ഞാൻ പട്ടാളത്തിൽ ചേർന്നപ്പോൾ പാപത്തിന്റെ അപകടങ്ങളെക്കുറിച്ച് എനിക്ക് വളരെയേറെ ബോധമുണ്ടായിരുന്നു. എനിക്ക് ദൈവത്തോട് ഭയഭക്തിയും, ദൈവത്തിൽ ആശ്രയവും ഉണ്ടായിരുന്നു.

ബാരക്കിലെ എന്റെ ആദ്യരാത്രി അസ്വസ്ഥജനകമായ ഒരു അനുഭവമായിരുന്നുവെന്ന് നിങ്ങൾക്ക് നന്നായി ഊഹിക്കാം. അശ്ലീലവും അധാർമ്മികവുമായ വാക്കുകൾ സംസാരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനാൽ, ഇത്തരത്തിലുള്ള സംസാരം എനിക്ക് സുഖകരമല്ലെന്ന് കൂടെയുള്ളവരെ അറിയിക്കാൻ ഞാൻ ശ്രമിച്ചു. തീർച്ചയായും, അവർ അത് പുച്ഛിച്ച് തള്ളുവാൻ ശ്രമിച്ചു. എന്നാൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് തങ്ങൾക്കറിയാമെന്ന് പിന്നീട് പലരും പറഞ്ഞു.

എന്നിരുന്നാലും, കാലക്രമേണ, കർത്താവുമായുള്ള വ്യക്തിപരമായ സമയത്തെക്കുറിച്ച് ഞാൻ ശ്രദ്ധിച്ചില്ല. സാവധാനം ഞാൻ മാറാൻ തുടങ്ങി. അശ്ലീലവും, അസഭ്യവും, ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലും കേട്ട് എനിക്ക് ശീലമായി. ക്രമേണ ദൈവം എനിക്ക് കൂടുതൽ ദൂരസ്ഥനായി കാണപ്പെട്ടു, ഞാൻ പ്രധാനപ്പെട്ടതെന്ന് കരുതിയിരുന്ന എല്ലാ വിശ്വാസങ്ങളെയും ഞാൻ സംശയിക്കാൻ തുടങ്ങി. എന്നിട്ടും ഒരു അധാർമിക ജീവിതരീതിയിലേക്ക് വീഴുന്നതിനെക്കുറിച്ചുള്ള ഭയം മൂലം ഞാൻ കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ദൈവസഹായത്തിനായി അപേക്ഷിച്ചു. വീണ്ടും ഞാൻ പതിവായി ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും ആരംഭിച്ചു.

ഞാൻ ഈ അനുഭങ്ങളിലൂടെ പല പ്രാവശ്യം കടന്നുപോയി. എന്റെ പാപബോധവും ദൈവാശ്രയവും, ദൈവവുമായുള്ള എന്റെ അനുദിന ബന്ധത്തിനനുസരിച്ചാണ് നിലകൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി.

“പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിക്ക്” അത്യാവശ്യമായ ഒന്നാണ് “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നത്” (യാക്കോ. 1:27). കൂടാതെ “ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (4:4). പതിവായി അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന തരത്തിൽ പാപത്തെ ഗണ്യമാക്കാത്ത വിശ്വാസികൾക്ക് പരിശുദ്ധാത്മാവിന്റെ ആശ്വാസകരമായ സാക്ഷ്യം കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവർ ദൈവവുമായുള്ള കൂട്ടായ്മയിൽ നടക്കാത്തതിനാൽ, തങ്ങളും കർത്താവും തമ്മിലുള്ള ബന്ധം ശരിയല്ലെന്ന അവബോധവും, സംശയവും, ഭയവും ഉണ്ടാകാനിടയുണ്ട്.

നിർഭാഗ്യവശാൽ, എന്റെ അഭ്യർത്ഥനകൾ ജോ ചെവിക്കൊണ്ടില്ല. അവനും ഭാര്യയും വിവാഹമോചനം നേടി. അവരുടെ ചെറിയ കുട്ടികൾ ദുരിതത്തിലായി. അവരുടെ ആത്മീയ അധഃപതനം മൂലം അവർക്ക് വളരെ നഷ്ടമുണ്ടായി. അവർ സമാധാനവും സന്തോഷവുമില്ലാതെ ജീവിക്കുന്നു എന്നാണ് ഞാൻ അവസാനമായി കേട്ടത്. എനിക്ക് അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അതിനുശേഷം അവർ തങ്ങളുടെ ആത്മീയകാഴ്ച്ചപ്പാട് വീണ്ടെടുത്തുകാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

banner image

ഒരു മികച്ച കോളേജ് വിദ്യാർത്ഥിയായ ഗോഡ്വിൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചിരുന്നു. അവൻ ഒരു തരത്തിലും ഒരു നിഷേധിയായിരുന്നില്ല. സഭാ പ്രവർത്തനങ്ങളിൽ അവൻ എപ്പോഴും സജീവമായിരുന്നു എങ്കിലും പിന്നീട് താൽപര്യം നഷ്ടപ്പെട്ടു തുടങ്ങി. അവന്റെ മാതാപിതാക്കൾ നല്ല പരിജ്ഞാനമുള്ള വിശ്വാസികളായിരുന്നു. അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരായിരുന്നു. അവനെ ശകാരിക്കുന്നതിനുപകരം, എന്തുകൊണ്ടാണ് അവന്റെ സ്വഭാവത്തിൽ മാറ്റം വന്നതെന്ന് അവർ അവനോട് ചോദിച്ചു. തന്നെ പഠിപ്പിച്ച കാര്യങ്ങൾ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് അവൻ അവരോട് പറഞ്ഞു. യേശു പറഞ്ഞതായി സുവിശേഷങ്ങളിൽ പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ യേശു പറഞ്ഞതല്ലെന്നും, യേശുവിന്റെ പുനരുദ്ധാനം വെറും കെട്ടുകഥയാണെന്നും ഒരു കോളേജ് അദ്ധ്യാപകൻ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഗോഡ്‌വിന്റെ മാതാപിതാക്കൾ അവരുടെ പാസ്റ്ററുമായി ആലോചിച്ചു. പാസ്റ്റർ വായിച്ചുതീർത്ത ഒരു പുതിയ പുസ്തകം അദ്ദേഹം ഗോഡ്വിന്റെ കൂടെയിരുന്ന് പഠിക്കാമെന്ന് പറഞ്ഞു: ലീ സ്ട്രോബെൽ എഴുതിയ ‘ദി കേസ് ഫോർ ക്രൈസ്റ്റ്’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. യേൽ ലോ സ്കൂളിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ഓഫ് സ്റ്റഡീസ് നേടിയ അവാർഡ് ജേതാവായ ഒരു പത്രപ്രവർത്തകനാണ് ലേഖകൻ. സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, “മ്ലേച്ഛമായ, മദ്യത്തിൽ മുങ്ങിയ, അധാർമ്മികമായ ഒരു ജീവിതശൈലിയായിരുന്നു” അദ്ദേഹത്തിന്റേത്. (പേജ്. 268). 1979-ൽ ഭാര്യ ക്രിസ്ത്യാനിയായപ്പോൾ അദ്ദേഹം ഒരു ദൈവനിഷേധിയായി മാറി. അദ്ദേഹം പുതിയ നിയമത്തിന്റെ വിശ്വാസ്യതക്കുറിച്ച് സമഗ്രമായി അന്വേഷിക്കുവാൻ ആരംഭിച്ചു. അത് 600 ദിവസങ്ങളെടുത്തു. 1981 നവംബർ 8-ന് താൻ ചെയ്ത കാര്യങ്ങൾ അദ്ദേഹം വിവരിക്കുന്നു:

ഞാൻ ഹൃദയം തുറന്ന്, എന്റെ മനസ്സിലുള്ള കാര്യങ്ങൾ പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിച്ചു, എന്റെ അകൃത്യങ്ങൾ ഏറ്റുപറഞ്ഞ് അതിൽ നിന്ന് പിന്തിരിഞ്ഞു, യേശുവിലൂടെയുള്ള സൗജന്യമായ പാപമോചനവും നിത്യജീവനും സ്വീകരിച്ചു. അവന്റെ സഹായത്തോടെ ഞാൻ അവനെയും അവന്റെ വഴികളെയും പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അവനോട് പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ അവകാശവാദങ്ങൾ സത്യമാണോ എന്നറിയാൻ പ്രശസ്തരും ആദരണീയരുമായ പണ്ഡിതരുമായി സ്ട്രോബെൽ അഭിമുഖം നടത്തി. പുതിയനിയമ സന്ദേശം നിരസിക്കുന്ന സംശയാലുക്കളുടെ അവകാശവാദങ്ങൾക്കുള്ള മറുപടിയായി അവർ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തമാണ് താഴെ കാണുന്നത്.

1. പുതിയനിയമത്തിലെ പുസ്‌തകങ്ങൾ, അതിൽ പറയപ്പെടുന്ന എഴുത്തുകാർ ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ആധികാരികവും കൃത്യവുമായ രേഖകളാണെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയുമോ?

ഉത്തരം “അതെ!” ഒന്നാമതായി, ലഭ്യമായ കൈയെഴുത്തുപ്രതികളുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്: 5,664 ഗ്രീക്ക് കയ്യെഴുത്തുപ്രതികളും മറ്റ് ഭാഷകളിലുള്ള 16,000-18,000 എണ്ണവും, അവയിൽ ചിലത് എഡി 130 കാലഘട്ടത്തിൽ എഴുതിയതാണ്. (പ്രിൻസ്റ്റണിലെ ഡോ. ബ്രൂസ് മെറ്റ്‌സ്‌ജറുടെ അഭിപ്രായത്തിൽ). നിലവിലുള്ള പണ്ഡിതന്മാർ ആധികാരികമായി അംഗീകരിച്ചിട്ടുള്ള പുരാതന കൈയെഴുത്തുപ്രതികളുടെ നിലവിലുള്ള പകർപ്പുകളുമായി ഇതിനെ താരതമ്യം ചെയ്യുക: സീസറിന്റെ “ഗാലിക് യുദ്ധങ്ങളുടെ” 10 കോപ്പികൾ; തുസ്സിഡിഡീസിന്റെയും ഹെറോഡോട്ടസിന്റെയും വളരെ മൂല്യവത്തായ ചരിത്രങ്ങൾ ഓരോന്നിന്റെയും 8 പകർപ്പുകൾ വീതം. എല്ലാം ഒറിജിനലിൽ എഴുതിക്കഴിഞ്ഞ് 900 വർഷത്തിന് ശേഷമുള്ളതാണ്.

ഡെൻവർ സെമിനാരിയിലെ പുതിയ നിയമ പ്രൊഫസറായ ഡോ. ക്രെയ്ഗ് ബ്ലോംബെർഗ് പറയുന്നത്, അവിശ്വാസികളായ പണ്ഡിതന്മാരുടെ ഡേറ്റിംഗ് നാം അംഗീകരിച്ചാലും, മിക്ക പുതിയ നിയമ രേഖകളും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് 40 വർഷത്തിനുള്ളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഏതെങ്കിലും തെറ്റായ അവകാശവാദങ്ങൾ അതിൽ ഉണ്ടായിരുന്നെങ്കിൽ യേശുവിന്റെ സമകാലികരായ ശത്രുക്കൾക്ക് അത് നിരാകരിക്കാൻ കഴിയുന്ന സമയമായിരുന്നു.

2. യഥാർത്ഥ കൈയെഴുത്തു പ്രതികളിലുള്ള മൂല വാക്കുകൾ വിശ്വസനീയമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയുമോ?

ഇവിടെയും “അതെ” എന്നാണ് ഉത്തരം. നമ്മുടെ കൈവശമുള്ള പുതിയനിയമ കൈയെഴുത്തുപ്രതികളിൽ 180,000-ലധികം വ്യതിയാനങ്ങൾ ഉണ്ടെന്നും അതിനാൽ യഥാർത്ഥ മൂലഗ്രന്ഥം ഏതാണെന്ന് നിർണ്ണയിക്കുന്നത് അസാധ്യമാണെന്നും സംശയാലുക്കൾ പലപ്പോഴും പ്രഖ്യാപിക്കുന്നു. എന്നാൽ, ഈ വകഭേദങ്ങളിൽ 400 ഓളം ഒഴികെയുള്ളവയിലെല്ലാം അക്ഷരങ്ങളിലുള്ള ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ എന്നതാണ് വസ്തുത (honour, honor എന്നിവ ഒരേ അർത്ഥം സൂചിപ്പിക്കുന്നത് പോലെ). അർത്ഥത്തിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള 400 സന്ദർഭങ്ങളിൽ, ഒരു അടിസ്ഥാന ക്രിസ്തീയ ഉപദേശം പോലും ഉൾപ്പെട്ടിട്ടില്ല.

പ്രശസ്ത ഡോ. മെറ്റ്‌സ്‌ജറുടെ അഭിപ്രായത്തിൽ, ആയിരക്കണക്കിന് കയ്യെഴുത്തുപ്രതികളുടെ സൂക്ഷ്മമായ താരതമ്യം, ചരിത്രപരമായും ഉപദേശപരമായും ഇന്ന് നമുക്കുള്ള വേദപുസ്തകം പൂർണ്ണമായി വിശ്വസനീയമാണെന്ന് സംശയലേശമെന്യേ നിർണ്ണയിക്കാൻ പണ്ഡിതന്മാരെ പ്രാപ്തരാക്കി.

ഇന്ന് നമുക്കുള്ള ബൈബിൾ ചരിത്രപരമായും ഉപദേശപരമായും പൂർണ്ണമായി വിശ്വസിക്കാൻ കഴിയും.

3. യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് എന്തെങ്കിലും മതേതരമായ സ്ഥിരീകരണം ഉണ്ടോ?

പ്രാചീന ചരിത്രത്തിലെ അഗ്രഗണ്യനായി അംഗീകരിക്കപ്പെട്ട ഡോ. എഡ്വിൻ എം. യമൗച്ചി പറയുന്നത്, നമുക്ക് സ്ഥിരീകരിക്കപ്പെട്ട വലിയ തെളിവുകൾ ഇല്ലെങ്കിലും നമുക്ക് ആവശ്യമുള്ള തെളിവുകൾ ഉണ്ടെന്നാണ്. സഭാ ചരിത്രത്തിന്റെ പ്രാരംഭ വർഷങ്ങളിൽ ഗ്രീക്ക്, റോമൻ പണ്ഡിതന്മാർ, ക്രിസ്തുവിന്റെ അനുയായികളെക്കുറിച്ച് വളരെ വിരളമായിട്ടുമാത്രമേ പരാമർശിച്ചിട്ടുള്ളൂ, കാരണം അവർ ആ പ്രസ്ഥാനത്തെ ഒരു അപ്രധാനമായ യഹൂദ മതഭേദമായിട്ട് മാത്രമേ കരുതിയിരുന്നുള്ളൂ.

ക്രിസ്ത്യാനികളെക്കുറിച്ച് നമുക്ക് നിലവിലുള്ള നിരവധി മതേതര പരാമർശങ്ങൾ ഉണ്ട്. എന്നാൽ അവ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉള്ളതാണ്. “യേശുവിന്റെ സഹോദരൻ” എന്ന് വിളിക്കുന്ന യാക്കോബിന്റെ വിചാരണയെയും വധത്തെയും കുറിച്ച് യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നു (ദ് ആൻറിക്വിറ്റീസ്, 20.200). അവൻ യേശുവിനെ “ജ്ഞാനിയായ മനുഷ്യൻ” എന്നും പരാമർശിക്കുന്നു, ക്രൂശിക്കപ്പെട്ടെങ്കിലും, അവനെ മിശിഹായാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഉറച്ചുനിൽക്കുന്ന ധാരാളം അനുയായികൾ ഉണ്ടായിരുന്നു (ദ് ആൻറിക്വിറ്റീസ്, 18.63-64).

AD 115-ലെ റോമൻ ചരിത്രകാരനായ ടാസിറ്റസും (അന്നൽസ് 15.44) AD 111-ലെ റോമൻ ഗവർണർ പ്ലിനി ദി യംഗറും (ലെറ്റേഴ്സ് 10.96) യേശുവിനെ വ്യക്തമായി പരാമർശിക്കുന്നു. തന്റെ അനുയായികൾ യേശുവിനെ “ഒരു ദൈവത്തെപ്പോലെ” സ്തുതിച്ചുവെന്ന് പ്ലിനി പറഞ്ഞു.

4. പുരാവസ്തുഗവേഷണത്തെക്കുറിച്ചും പുതിയനിയമത്തെക്കുറിച്ചും എന്തുപറയുന്നു?

മതേതര മാധ്യമങ്ങൾ പുരാവസ്തു വിദഗ്ദനായി ക്ഷണിക്കുന്ന ഡോ. ജോൺ മക്റേ പറയുന്നു, പുതിയ നിയമം ഒരു ദൈവനിവേശിതമായ രേഖയാണെന്ന് പുരാവസ്‌തുശാസ്‌ത്രത്തിന് തെളിയിക്കാൻ കഴിയില്ലെങ്കിലും, അത് അതിന്റെ വിശ്വാസ്യതയെ ഉറപ്പിക്കുന്നു.

ഉദാഹരണത്തിന്, ചില ചരിത്രകാരന്മാർ, ലൂക്കോ. 3:1-ൽ ഏകദേശം AD 27-ൽ ലിസാനിയാസിനെ അബിലീനിൽ ഒരു ടെട്രാർക്ക് ആയി നാമകരണം ചെയ്‌തതും, അപ്പൊ. പ്രവൃ. 17:6 -ൽ നഗരത്തിലെ ഉദ്യോഗസ്ഥരെ പോളിടാർക് (ഗ്രീക്ക്) ആയി പരാമർശിച്ചതും ലൂക്കോസിന് തെറ്റുപറ്റിയതാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് പറഞ്ഞു. എഎന്നാൽ, ലൂക്കോസ് എഴുതിയത് ശരിയാണെന്ന് കാണിക്കുന്ന പുരാവസ്തു തെളിവുകൾ പിന്നീട് കണ്ടെത്തുകയുണ്ടായി.

യോഹന്നാൻ 5:1-15-ൽ ബേഥെസ്ദാ കുളത്തെ അഞ്ച് മണ്ഡപങ്ങളാൽ ചുറ്റപ്പെട്ടതായി വിശേഷിപ്പിച്ചതിൽ തെറ്റുണ്ടെന്ന് വിമർശകർ പറഞ്ഞു. എന്നാൽ കുളം കുഴിച്ചെടുത്തു നോക്കിയപ്പോൾ അതിന് ചുറ്റും മൂടിയ അഞ്ച് മണ്ഡപങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ബൈബിൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടു.

പുതിയ നിയമത്തിലെ കാര്യങ്ങൾ സത്യമാണെന്ന് പുരാവസ്തു ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു. ബൈബിളിലെ ഒരു പ്രസ്താവന പോലും തെറ്റാണെന്നുള്ള തെളിവുകൾ ഒരിക്കലും ലഭിച്ചിട്ടില്ല.

5. പഴയനിയമ പ്രവചനം യേശു കൃത്യമായി നിറവേറ്റിയോ? മറ്റാരെങ്കിലും അത് നിറവേറ്റിയിട്ടുണ്ടോ?

പഴയനിയമത്തിലെ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളിൽ അഞ്ചെണ്ണം വായിച്ചാൽ മതി, അവ യേശുക്രിസ്തുവിലേക്കു മാത്രം വിരൽ ചൂണ്ടുന്നതാണെന്ന് മനസ്സിലാകും.

മീഖാ 5:2 പ്രവചിക്കുന്നത് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്‌താൽ, “പുരാതന കാലം മുതൽ, അതായത്, നിത്യതയുടെ നാളുകൾ മുതൽ ഉത്ഭവിച്ചവൻ ആരാണോ” അവൻ ബേത്ത്ളേഹെമിൽ നിന്ന് വരും. യേശു ബേത്ത്ളേഹെമിലാണ് ജനിച്ചത്.

458 ബി. സി. യിൽ അർത്ഥഹ്ശഷ്ടാ രാജാവിന്റെ കൽപ്പനയായ “യെരൂശലേം പുനഃസ്ഥാപിക്കുകയും പണിയുകയും ചെയ്യുക” എന്ന കൽപ്പനയ്ക്ക് ശേഷം 69 ‘ആഴ്ചവട്ടത്തിനു’ (അതായത്, 483 വർഷങ്ങൾക്ക്) ശേഷം മിശിഹാ വരുമെന്ന് ദാനിയേൽ 9:25-26 പ്രവചിക്കുന്നു. ആ പ്രവചനം പോലെ, 483 വർഷം കഴിഞ്ഞപ്പോൾ, ഏ.ഡി. 26-ൽ, യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചു.

“ഇമ്മാനുവേൽ” എന്ന് വിളിക്കപ്പെടുന്നവൻ “കന്യകയിൽ” നിന്ന് ജനിക്കുമെന്ന് യെശയ്യാവ് 7:14 പ്രഖ്യാപിക്കുന്നു.

ക്രൂശീകരണത്തെക്കുറിച്ച് അറിവില്ലാതിരുന്ന കാലഘട്ടത്തിൽ എഴുതിയ സങ്കീർത്തനം 22 നമ്മുടെ കർത്താവിന്റെ കുരിശുമരണത്തെ ചിത്രീകരിക്കുന്നു. അതിൽ, കാഴ്ചക്കാരുടെ പരിഹാസങ്ങളും, ക്രിസ്തുവിന്റെ നിലവിളിയും ഉൾപ്പെടെ എഴുതിയിരിക്കുന്നു.

യെശയ്യാവ് 52:13 മുതൽ 53:12 വരെ ക്രൂശീകരണത്തിന്റെ മുഴുവൻ സാഹചര്യവും ചിത്രീകരിക്കുന്നു. ശത്രുക്കളുടെ ദ്രോഹത്താൽ “മുഖം വിരൂപമാക്കപ്പെടുകയും,” “നമ്മുടെ അകൃത്യങ്ങൾ നിമിത്തം മുറിവേൽപ്പിക്കപ്പെടുകയും” ചെയ്തവൻ “അനേകരെ നീതീകരിക്കുകയും” ദൈവം അവന് “മഹാന്മാരോടുകൂടെ ഓഹരി കൊടുത്ത്” ബഹുമാനിക്കുകയും ചെയ്യുമെന്ന് നമ്മോട് പറയുന്നു. കാരണം അവൻ “അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും” “അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിൽക്കുകയും” ചെയ്തതുകൊണ്ട് തന്നെ.

യേശുവിനല്ലാതെ മറ്റാർക്കും ഈ പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുമായി വിദൂരമായ സാമ്യം പോലുമില്ല. ആത്മാർത്ഥമായി സത്യം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയും ഈ വസ്തുതയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്.

6. യേശു യഥാർത്ഥത്തിൽ മരിക്കുകയും പുനരുത്ഥാനത്തിലൂടെ മരണത്തെ ജയിക്കുകയും ചെയ്‌തോ?

യേശു വാസ്തവത്തിൽ മരിച്ചു എന്നത് ഒരു വസ്തുതയാണ്. റോമൻ ആരാച്ചാർമാർ വിദഗ്ധരായിരുന്നു. മാത്രമല്ല, കുന്തം കൊണ്ട് കുത്തിയ മുറിവിൽ നിന്നുള്ള രക്തവും വെള്ളവും പുറപ്പെട്ടത് മരിച്ചതിന്റെ തെളിവായിരുന്നു.

തെറ്റായ മതവിശ്വാസത്തിന്റെ പേരിൽ ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യും, പക്ഷേ നുണയാണെന്ന് അറിയാവുന്ന ഒരു കാര്യത്തിന് വേണ്ടി ആരും മരിക്കാൻ തയ്യാറാവുകയില്ല.

യേശു മരണത്തെ ജയിച്ചവനായി ഉയിർത്തെഴുന്നേറ്റു, ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു എന്നത് മാത്രമാണ് അവന്റെ അനുയായികളിലുണ്ടായ പെട്ടെന്നുള്ള മാറ്റത്തിന്റെ ശരിയായ വിശദീകരണം. തെറ്റായ ഒരു മതവിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യും, പക്ഷേ നുണയാണെന്ന് അറിയാവുന്ന കാര്യത്തിന് വേണ്ടി ആരും ജീവൻ കളയുകയില്ല.

ഞാൻ നേരത്തെ സൂചിപ്പിച്ച കോളേജ് വിദ്യാർത്ഥിയായ ഗോഡ്‌വിൻ, പാസ്റ്ററുമായി തന്റെ പഠന സമയങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സംതൃപ്തിയുള്ളവനായിത്തീർന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ കാര്യത്തിൽ, ബൈബിൾ എന്താണ് പറയുന്നതെന്നും അതിന്റെ സന്ദേശം എന്തുകൊണ്ട് വിശ്വസിക്കാമെന്നും നമ്മൾ എത്രമാത്രം അറിയുന്നുവോ അത്രയും നല്ലതാണ്.

banner image

താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടി തന്നോട് അവിശ്വസ്തയാണെന്നറിഞ്ഞപ്പോൾ ക്രിസ്ത്യാനിയല്ലാത്ത അനീഷ് തകർന്നുപോയി. ഒരിക്കൽ ഇങ്ങനെയുള്ള തിക്താനുഭവം ഉണ്ടായതുകൊണ്ട് താൻ വിവാഹം കഴിക്കാൻ പരിഗണിക്കുന്ന ഏതൊരു സ്ത്രീയുടെയും സ്വഭാവം കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുവാൻ അവൻ തീരുമാനിച്ചു.

സത്സ്വഭാവമുള്ളവരോടുള്ള താൽപര്യം ഒടുവിൽ അവനെ ക്രിസ്തുമതത്തിലേക്ക് നയിച്ചു. അവൻ ഒരു പെൺകുട്ടിക്കുവേണ്ടി പള്ളിയിൽ പോകാൻ തുടങ്ങി, ഏതാനും ആഴ്ചകൾക്കുശേഷം, ക്രിസ്തുവിൽ വ്യക്തിപരമായ വിശ്വാസം അർപ്പിക്കാൻ അവൻ തീരുമാനിച്ചു. ഒടുവിൽ, അവൻ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കുകയും അവളോടൊപ്പം പള്ളിയിൽ പോകുകയും ചെയ്തു. സ്തോത്രകാഴ്ചയ്ക്കായി അവർ പണം നീക്കിവയ്ക്കണമെന്ന് ഒരു ദിവസം അവൾ പറഞ്ഞു. അനീഷ് അതിനോട് വിയോജിക്കുകയും, പള്ളിയിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ക്രമേണ, ഞായറാഴ്ച അവൻ മറ്റ് കാര്യങ്ങളിൽ ഏർപ്പെടാൻ തുടങ്ങി.

അനിഷ് പിന്നീട് എന്നോട് പറഞ്ഞു, ആ സമയത്ത് താൻ ഒരു വിശ്വാസിയായിരുന്നു, പക്ഷേ തന്റെ ജീവിതം ദൈവത്തിന് ഭരമേല്പിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് അവന് വളരെയധികം സംശയമുണ്ടായിരുന്നു. മരിക്കുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുവെന്നും, തന്റെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് യാതൊരു ബോധവുമില്ലെന്നും അവൻ പറഞ്ഞു.

കാലക്രമേണ, അവൾക്ക് അനീഷിനോടുകൂടെ ജീവിക്കാൻ ബുദ്ധിമുട്ട് തോന്നി. തുടർന്ന്, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏതാനും ദിവസത്തെ സ്പെഷ്യൽ മീറ്റിംഗുകൾക്ക് തന്റെ ഭാര്യയുടെ കൂടെ പള്ളിയിൽ പോകാൻ അവൻ സമ്മതിച്ചു. ക്രിസ്തുവിനെ അനുഗമിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് പ്രാസംഗികൻ വ്യക്തമായി സംസാരിച്ചു. ശുശ്രൂഷയ്ക്ക് ശേഷം, പാസ്റ്റർ പറഞ്ഞ ചില കാര്യങ്ങളെ അനീഷ് വിമർശിക്കുകയും, പതിവിൽ കൂടുതൽ അസ്വസ്ഥത കാണിക്കുകയും ചെയ്തു. എന്നാൽ അവൻ അടുത്ത ദിവസം വൈകുന്നേരം മീറ്റിംഗിന് എത്തുകയും, തന്റെ ഭാര്യയെ വിസ്മയിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ അനുയായിയായി ജീവിക്കാനുള്ള തന്റെ സമർപ്പണം പരസ്യമായി പുതുക്കുകയും ചെയ്തു.

എന്തൊരു മാറ്റം! അവന്റെ പല ഭയങ്ങളും സംശയങ്ങളും ഇല്ലാതാകുന്നതുപോലെ തോന്നി. അവന്റെ സമർപ്പണം പുതുക്കിയതിന് ശേഷം, അവൻ ഒരു നല്ല ഭർത്താവും, പിതാവും, കൂടുതൽ സന്തോഷവാനായ വ്യക്തിയും, സഭയ്ക്ക് ഉദാരമായ സാമ്പത്തിക സഹായം നൽകുന്നവനും ആയിത്തീർന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം, ഗുരുതരമായ ഹൃദയാഘാതം മൂലം അവൻ അവശനായിത്തീർന്നെങ്കിലും, പക്ഷേ അവൻ കൃപയോടെ ഈ പ്രതിസന്ധി നേരിട്ടു. അൻപത് വയസ്സ് മാത്രം ഉള്ളപ്പോൾ തന്റെ മരണം ആസന്നമാണെന്നറിഞ്ഞു. പക്ഷേ താൻ അസ്വസ്ഥനായില്ല. കുറച്ച് വർഷങ്ങൾ കൂടി ജീവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ മരിക്കുന്നതിൽ തനിക്ക് ഭയമില്ലെന്നും പരിഭവത്തിന് കാരണമില്ലെന്നും അവൻ എന്നോട് പറഞ്ഞു.

സംശയങ്ങൾ നിറഞ്ഞ ഒരു വ്യക്തിയായ അനീഷിനെ, പിന്നീട് പ്രയാസകരമായ സാഹചര്യങ്ങളെ കൃപയോടെയും ദൈവത്തിലുള്ള വിശ്വാസത്തോടെയും നേരിടാൻ കഴിഞ്ഞ ഒരാളായി മാറ്റിയത് എന്താണ്? ശിഷ്യത്വത്തെക്കുറിച്ച് യേശു പറഞ്ഞത് ഗൗരവമായി എടുക്കാൻ തുടങ്ങിയപ്പോൾ ആന്തരിക സമാധാനം തനിക്ക് ലഭിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു:

എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. (ലൂക്കോസ് 14: 26).

ബന്ധുക്കളെയും സ്വന്തം ജീവിതത്തെയും “പകെയ്ക്കുക” എന്നതിന്റെ അർത്ഥം യേശുവിനോടുള്ള ഭക്തി മറ്റെല്ലാവരോടും ഉള്ളതിനേക്കാൾ അധികമായിരിക്കണം എന്നാണെന്ന് അത് കേട്ട ആളുകൾ മനസ്സിലാക്കി.

ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനുള്ള അനീഷിന്റെ നേരത്തെയുള്ള തീരുമാനം അവനെ ദൈവവുമായുള്ള ഒരു കുടുംബബന്ധത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ അവൻ തന്റെ വിശ്വാസം പിന്തുടരാൻ മനഃപൂർവ്വമായി തീരുമാനിച്ചപ്പോൾ മാത്രമാണ് അവൻ പൂർണ്ണഹൃദയത്തോടെയുള്ള വിശ്വാസത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്.

അനീഷിന്റെ കാര്യത്തിൽ സത്യമായിരുന്നത് നമ്മുടെ കാര്യത്തിലും സത്യമാണ്. ദൈവം നമ്മോട് എത്രത്തോളം അടുത്ത ബന്ധത്തിലേക്ക് പ്രവേശിക്കും എന്നത് നാം അവനോട് എത്രത്തോളം കീഴടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

banner image

ആളുകൾ ഏകാകികളായി ജീവിക്കാൻ തീരുമാനിച്ചാൽ അവർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ എഴുതിയ ഒരു ലേഖനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ ഒരാൾ എന്നെ വിളിച്ചു. താൻ ഒരു ഏകാകിയാണെന്ന് സമ്മതിച്ചെങ്കിലും ഈ ജീവിതരീതി താൻ തിരഞ്ഞെടുത്തതല്ലെന്ന് അദ്ദേഹം ശഠിച്ചു. ആരോഗ്യമുള്ള കുട്ടികൾ ആസ്വദിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവിധം ശാരീരിക വൈകല്യങ്ങളോടെ ജനിച്ച അവനെ ഒന്നിനും കൊള്ളാത്തവനായി മാതാപിതാക്കൾ കണക്കാക്കുകയും, മറ്റ് കുട്ടികൾ കളിയാക്കുകയും ചെയ്തു.

ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, അവന് ജോലി ലഭിച്ചു, പക്ഷേ ഇപ്പോഴും സുഹൃത്തുക്കളില്ല. അവൻ പള്ളിയിൽ പോകാൻ തുടങ്ങുകയും ക്രിസ്തുവിലുള്ള വിശ്വാസം ആത്മാർത്ഥമായി ഏറ്റുപറയുകയും ചെയ്തു, എന്നാൽ ആരും അവനിൽ വ്യക്തിപരമായ താൽപ്പര്യം കാണിച്ചില്ല. ദൈവത്തിനുപോലും അവനെ വേണ്ടെന്ന നിഗമനത്തിൽ അവൻ എത്തിച്ചേർന്നു.

അഗാധമായ ആത്മീയ തിരസ്കരണം അനുഭവപ്പെട്ട അവൻ തന്റെ പഴയ ജീവിതരീതിയിൽ ആനന്ദം കണ്ടെത്താൻ ശ്രമിച്ചു. വാസ്തവത്തിൽ, തനിക്ക് ദൈവത്തെയും ക്രിസ്തീയ സുഹൃത്തുക്കളെയും ആവശ്യമാണെന്ന് അവനറിയാമായിരുന്നു. തെറ്റാണെന്ന് തനിക്കറിയാവുന്ന വഴികളിൽ നിന്ന് തിരിഞ്ഞ ശേഷം, അവൻ വീണ്ടും പള്ളിയിൽ പോകാൻ തുടങ്ങി. എന്നാൽ ആത്മീയ തിരസ്‌കരണത്തെക്കുറിച്ചുള്ള ഭയം മാറ്റാൻ അവന് കഴിഞ്ഞില്ല. തിരികെ പള്ളിയിൽ വന്നതിനു ശേഷവും ദൈവം തന്നെ സ്നേഹിക്കുന്നില്ല എന്ന ഭയം തുടർന്നു.

അവന് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായത് ദൈവം അവനെ സ്നേഹിക്കാത്തതുകൊണ്ടല്ല എന്ന് ഞാൻ നിരവധി ടെലിഫോൺ സംഭാഷണങ്ങളിലൂടെ ഞാൻ അവന് ഉറപ്പുനൽകാൻ ശ്രമിച്ചു. ദൈവം അവന്റെ നിരാശയിൽ പങ്കുചേരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയവരോട് ദൈവം കണക്കുചോദിക്കുമെന്നും തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നതുപോലെ ദൈവം അവനെ സ്നേഹിക്കുന്നുവെന്നും ഉറപ്പുനൽകാൻ ഞാൻ തിരുവെഴുത്തുകൾ ഉപയോഗിച്ചു. ഇത് വിശ്വസിക്കാനും, മത്തായി 5:43-45 ൽ പറയുന്ന പ്രകാരം ശത്രുക്കളായി കരുതുന്നവരെ സ്നേഹിച്ചും അവർക്കുവേണ്ടി പ്രാർത്ഥിച്ചും തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ഞാൻ അവനെ വെല്ലുവിളിച്ചു. എന്നാൽ അവൻ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു, “അത് ഞാൻ ചെയ്യില്ല. എന്നെ വിഷമിപ്പിച്ച ആളുകളെ വെറുക്കാൻ എനിക്ക് അവകാശമുണ്ട്.”

കുറച്ചുകാലമായി ഞാൻ അവനിൽ നിന്ന് കേട്ടിട്ടില്ല. അവൻ ഇപ്പോഴും സംശയത്തിലാണെന്നും, ദൈവം പോലും അവനെ സ്നേഹിക്കുന്നില്ലെന്ന് അവന് ബോധ്യമുണ്ടെന്നും ഞാൻ വിചാരിക്കുന്നു.

തങ്ങളെത്തന്നെ “ഭിന്നശേഷിക്കാരായി” കാണുന്ന ആളുകൾക്ക് ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. സ്കൂളിൽ, അവർ പലപ്പോഴും ഒഴിവാക്കപ്പെടുകയും താഴ്ന്നവരായി തോന്നുകയും ചെയ്യുന്നു. ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്ന് പറയുമ്പോൾ, അവർ അതിനെ സംശയിക്കുന്നു. ജനിക്കുമ്പോൾ തന്നെ മസ്തിഷ്‌കത്തിന് ക്ഷതമേറ്റ എന്റെ മകൾ കാത്തി എന്നോട് ചോദിച്ചതിന് സമാനമായ ചോദ്യങ്ങൾ അവർ ചോദിക്കുന്നു, “ദൈവം എന്നെ മറ്റുള്ളവരെപ്പോലെ സ്നേഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവൻ എന്നെ ഭിന്നശേഷിക്കാരിയാക്കിയത്?”

ദൈവം അവൾക്ക് നിർഭാഗ്യം വരുത്തിയെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി (ദൈവത്തിന്റെ സ്വന്തം കാരണങ്ങളാൽ അവൻ അത് അനുവദിച്ചെങ്കിലും). താഴ്ച സംഭവിച്ച ലോകത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ്, പ്രസവത്തോട് ബന്ധപ്പെട്ട അപകടങ്ങളും, മറ്റ് വിചിത്രമായ പ്രശ്നങ്ങളും സംഭവിക്കുന്നത് എന്ന് ഞാൻ അനുമാനിച്ചു.

തങ്ങളെത്തന്നെ “ഭിന്നശേഷിക്കാരായി” കാണുന്ന ആളുകൾക്ക് ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.

ജനന വൈകല്യങ്ങളോ, പാരമ്പര്യ ന്യൂനതകളോ, തളർത്തുന്ന രോഗങ്ങളോ, ദുർബലപ്പെടുത്തുന്ന അപകടങ്ങളോ ദൈവം നേരിട്ട് ഉണ്ടാക്കുന്നില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. പകരം, അവൻ പിശാചിനെയും, പാപത്തിന്റെ അനന്തരഫലങ്ങളെയും നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ വ്യത്യസ്ത രീതികളിൽ ബാധിക്കുവാൻ അനുവദിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, പ്രമേഹത്തിന്റെ പാരമ്പര്യമുള്ള ഒരു ക്രിസ്തീയ ഭവനത്തിൽ ജനിച്ച ഒരു കുട്ടിക്ക്, നിരീശ്വരവാദികളുടെ കുടുംബത്തിൽ ജനിച്ച മറ്റൊരു കുട്ടിയുടെ പ്രമേഹ സാധ്യത തന്നെയുണ്ട് എന്ന് തോന്നുന്നു.

അത്തരം പ്രകൃതിനിയമങ്ങൾ, ഈ ലോകത്തിലെ ദൈവത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും ഇല്ലാതാക്കളയുമെന്ന് തോന്നിയേക്കാം. ദൈവം ഒരിക്കലും തിന്മയുടെ ഉറവിടമല്ല. എങ്കിലും ലോകത്തിന്റെ ആത്യന്തിക നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണ് എന്ന് ബൈബിൾ വ്യക്തമാക്കുന്നു. നമ്മുടെ ദുരവസ്ഥയിലേക്ക് അവൻ നമ്മോടൊപ്പം പ്രവേശിക്കുന്നു. നമ്മുടെ വേദനയിൽ അവൻ ദുഃഖിക്കുന്നു. വ്യക്തിപരമായ പല വിധത്തിലും അവൻ കഷ്ടത അനുഭവിക്കുന്ന തന്റെ സൃഷ്ടികളുടെ ഭാരങ്ങൾ പങ്കിടുന്നു. (യെശ. 63:9; ലൂക്ക.19:41-44; യോഹ.11:37 കാണുക). അവനെ ആശ്രയിക്കുന്ന നമ്മെ നല്ലവരാക്കാനും, നമ്മുടെ ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് നന്മ ഉണ്ടാക്കുവാനും (റോമ. 8:28) നമ്മുടെ വേദന അവൻ ഉപയോഗിക്കുന്നു (റോമ. 5:1-5).

“ഭിന്നശേഷിക്കാരായ” ആളുകൾ മനസ്സിലാക്കേണ്ട കാര്യം, ദൈവത്തിന് തങ്ങളോടുള്ള സ്നേഹം, ദൈവത്തിന് മറ്റുള്ളവരോടുള്ള സ്നേഹത്തേക്കാൾ ഒട്ടും കുറവല്ല എന്നതാണ്. ഇത് വിശ്വസിക്കാൻ അവരെ സഹായിക്കുന്നതിന്, അവർക്ക് ക്രിസ്തീയ സമൂഹത്തിന്റെ സ്നേഹവും സ്വീകാര്യതയും ആവശ്യമാണ്. അവരോട് അനുകമ്പയോ, അമിതമായ ലാളനയോ പ്രകടിപ്പിക്കാതെ അവരെ തങ്ങളിൽ ഒരാളെപ്പോലെ അംഗീകരിക്കുമ്പോൾ അവർ വളരെ വേഗം എല്ലാവരോടും ഇണങ്ങിച്ചേരും. മറ്റുള്ളവർക്കുള്ളത് പോലെയുള്ള അതേ ഉത്തരവാദിത്തങ്ങൾ അവരെയും ഏൽപ്പിക്കുമ്പോൾ അവർ മികച്ച രീതിയിൽ പ്രവർത്തിക്കും. അവരും പാപികളാണ്, അവർ യേശുവിൽ ആശ്രയിക്കുകയും അവരുടെ പാപങ്ങളോടും ബലഹീനതകളോടും പോരാടുകയും വേണം. കൈപ്പും, സ്വയാനുകമ്പയും, പ്രതികാരശീലവും മറികടക്കാൻ അവരെ തിരുവെഴുത്തുകളിലൂടെ ഉത്സാഹിപ്പിക്കണം.

നിരാശരായ ആളുകളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ, ബലഹീനാവസ്ഥകൾ തരണം ചെയ്ത മറ്റുള്ള വ്യക്തികളെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് നല്ലതല്ല. അത് അവരിൽ കുറ്റബോധവും നീരസവും ഉണ്ടാക്കിയേക്കാം. “ഭിന്നശേഷിയുള്ള വ്യക്തി” ആയിരിക്കുക എന്നത് ഒരു കഠിനമായ പരീക്ഷണമാണെന്ന് ഞാൻ അങ്ങനെയുള്ളവരിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ തങ്ങളെത്തന്നെ “വ്യത്യസ്‌തരായി” കാണുന്ന ആളുകൾക്ക് ക്രിസ്തീയ സമൂഹത്തിലെ സ്‌നേഹവും കരുതലുമുള്ള വിലപ്പെട്ട അംഗങ്ങളുമായി മാറാൻ കഴിയുമെന്നും എനിക്കറിയാം.

banner image

നല്ലവനും സർവ്വശക്തനുമായ ഒരു ദൈവത്തിൽ തങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് പറയത്തക്കവിധം ജീവിതത്തിലെ ഭയാനകമായ കഷ്ടപ്പാടുകളാലും അനീതികളാലും വളരെയധികം വിഷമിക്കുന്ന ആളുകളെ ഞാൻ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ, മോശമായ എന്തെങ്കിലും സംഭവിക്കുന്നത് വരെ തിന്മയുടെ പ്രശ്നത്തെക്കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ ആശങ്കപ്പെടാറുള്ളു.

ഭർത്താവും പിതാവുമായ ഒരു ചെറുപ്പക്കാരൻ എന്നോട് ചോദിച്ചു, “എന്തുകൊണ്ടാണ് എന്റെ ഭാര്യ മരിക്കാൻ ദൈവം ഇടയാക്കിയത്? അവൾ ഒരു നല്ല ഭാര്യയും, അമ്മയും, ആത്മാർത്ഥതയുള്ള ഒരു വിശ്വാസിയും, അനേകം ആളുകളുടെ വിശ്വസ്ത സുഹൃത്തും ആയിരുന്നു. അവളുടെ ക്യാൻസർ തടയാൻ അവനു കഴിയുമായിരുന്നില്ലേ? അല്ലെങ്കിൽ സുഖപ്പെടുത്താൻ കഴിയുമായിരുന്നില്ലേ? അവളെ വളരെയധികം ആവശ്യമുണ്ടായിരുന്ന എന്നെയും ഞങ്ങളുടെ കുട്ടികളെയും കുറിച്ച് ദൈവത്തിന് കരുതലില്ലേ?

വൈകല്യങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കാനോ, അപകടങ്ങളിൽ കൗമാരപ്രായക്കാർ കൊല്ലപ്പെടാനോ, അല്ലെങ്കിൽ മാരകരോഗികൾ അകാരണമായായി കഷ്ടപ്പെടാനോ ദൈവം എങ്ങനെ അനുവദിക്കുന്നു?

വൈകല്യത്തോടെ ഒരു കുഞ്ഞ് ജനിക്കുമ്പോഴോ, ഒരു ചെറിയ കുട്ടി മരിക്കുമ്പോഴോ, ഒരു കൗമാരക്കാരൻ അപകടത്തിൽ കൊല്ലപ്പെടുമ്പോഴോ, അല്ലെങ്കിൽ മാരകരോഗിയായ പ്രിയപ്പെട്ട ഒരാൾ വേദനയാൽ കഷ്ടപ്പെടുമ്പോഴോ, വേദനിക്കുന്ന ഹൃദയങ്ങളിൽ നിന്ന് ഇതുപോലുള്ള ചോദ്യങ്ങൾ പ്രവഹിക്കുന്നു.

ദുഃഖസമയത്ത് സഹായിക്കാൻ ശ്രമിക്കുന്നവർ, ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ചിലപ്പോൾ ബുദ്ധിപരമായി ബുദ്ധിമുട്ടുന്നവരെയോ വൈകാരികമായി തളർന്നിരിക്കുന്നവരെയോ സഹായിക്കാൻ നമുക്ക് ചില താത്വിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും. ആത്യന്തികമായി നമ്മൾ ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം: എല്ലായിടത്തും എല്ലാ ആളുകളും കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? മനുഷ്യർക്ക് മഹത്തായ ബുദ്ധിയും അതിശയകരമായ കുലീനതയും ഉണ്ടെങ്കിലും യുദ്ധങ്ങളും, പീഡനങ്ങളും, ബലാത്സംഗങ്ങളും, കുടുംബ ചൂഷണങ്ങളും, ലജ്ജാകരമായ സാമൂഹിക അനീതികളും എല്ലായിടത്തും പെരുകുന്നത് എന്തുകൊണ്ട്?

അക്രൈസ്തവരുടെ പ്രതികരണങ്ങൾ. പ്രപഞ്ചവും അതിലുള്ളതെല്ലാം അന്ധമായ പരിണാമ പ്രക്രിയയുടെ ഫലമായതിനാൽ നമ്മുടെ ലോകത്ത് എല്ലാത്തരം തിന്മകളും ഉണ്ടെന്ന് ചില ‘പ്രകൃതിവാദികൾ’ (Naturalists) പറയുന്നു. നമ്മുടെ ലോകത്ത് പ്രവർത്തിക്കുന്ന ഭൗതിക ശക്തികൾക്ക് ധാർമ്മികമോ, ആത്മീയമോ ആയ അടിസ്ഥാനം ഇല്ലെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് അക്രമത്തിനും, വേദനയ്ക്കും, ജീവിതത്തിനുപോലും അർത്ഥമോ, ലക്ഷ്യമോ ഇല്ല. പ്രപഞ്ചം മനുഷ്യജീവിതത്തിന് വേണ്ടി രൂപകല്പന ചെയ്തതാണെന്ന് അവർ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു (ചിലർ അതിനെ ‘നരവംശ തത്വം’ എന്ന് വിളിക്കുന്നു). എന്നാൽ ഒരു ഡിസൈനറോ, നിയമദാതാവോ, ഉണ്ടെന്ന് അവർ സമ്മതിക്കുന്നില്ല.

പല സന്ദർഭങ്ങളിലും, പ്രകൃതിവാദികളുടെ ദൈനംദിന ജീവിതം അവർ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ്. ഒരു ദൈവിക മനസ്സിന്റെയോ, ആത്മാവിന്റെയോ അസ്തിത്വത്തെ അവർ നിഷേധിക്കുന്നു. അങ്ങനെയെങ്കിൽ അവർ തങ്ങളെത്തന്നെ രാസപരമായി പ്രോഗ്രാം ചെയ്തതും, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതുമായ സൃഷ്ടികൾ എന്ന രീതിയിൽ മാത്രമേ കണക്കാക്കാൻ പാടുള്ളൂ. എന്നിട്ടും അവർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു, തങ്ങളുടെ കാഴ്ചപ്പാടുകൾക്കായി വാദിക്കുന്നു, എല്ലാ ദിവസവും ധാർമ്മികമായ തീരുമാനങ്ങൾ എടുക്കുന്നു.

എന്നാൽ, ‘ഈശ്വരവാദികൾ’ (Deists) എന്നറിയപ്പെടുന്നവർക്ക് ‘പ്രകൃതിവാദം’ (Naturalism) അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് അവർ ബൈബിളിൽ പറയുന്നതിനേക്കാൾ താണ നിലവാരത്തിലുള്ള ഒരു അമാനുഷശക്തിയിൽ വിശ്വസിക്കുന്നു. സകലതും രൂപകൽപ്പന ചെയ്തതും, സൃഷ്ടിച്ചതും ദൈവമാണെന്ന് ഈശ്വരവാദികൾ വിശ്വസിക്കുന്നു. എന്നാൽ സകലതും സൃഷ്ടിച്ചതിനു ശേഷം ഒന്നിനോടും അവന് ഒരു ബന്ധവും പുലർത്തുന്നില്ല.

മറ്റൊരു കൂട്ടം ആളുകൾ, ഒരു വ്യക്തിപരമായ ദൈവത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്നു. എന്നാൽ ബൈബിളിൽ പറയുന്ന സർവ്വജ്ഞാനിയും സർവ്വശക്തനായ ദൈവത്തെ അവർ അംഗീകരിക്കുന്നില്ല. അവർ ദൈവത്തെ നല്ലവനും നമ്മോട് ഇടപെടുന്നവനുമായി കാണുന്നു. എന്നാൽ, ലോകത്ത് സംഭവിക്കുന്ന തിന്മകൾ തടയാൻ കഴിവില്ലാത്തവനായിട്ടാണ് അവർ ദൈവത്തെ കാണുന്നത്. റബായ് കുഷ്‌നറുടെ ‘വൈ ബാഡ് തിങ്ങ്സ് ഹാപ്പെൻ റ്റു ഗുഡ് പീപ്പിൾ’ (Why Bad Things Happen To Good People) എന്ന പുസ്തകത്തിൽ, “ദൈവം തികച്ചും നല്ലവനും സർവ്വശക്തനുമായിരുന്നെങ്കിൽ ലോകത്തെ ഈ നിലയിൽ ആകാൻ അനുവദിക്കുമായിരുന്നില്ല,” എന്ന വീക്ഷണം വാചാലമായി പ്രകടിപ്പിക്കുന്നു. എന്നാൽ ഈ പ്രസ്താവന അനേകം പുതിയ പ്രശ്നങ്ങൾ ഉയർത്തുന്നു. അവയിൽ ഒന്ന്, അത് തിരുവെഴുത്തുകളുടെ പഠിപ്പിക്കലിന് വിരുദ്ധമാണ് എന്നതാണ്.

ക്രിസ്ത്യാനികളുടെ പ്രതികരണങ്ങൾ. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ദൈവം സർവ്വശക്തനും, തികച്ചും നല്ലവനുമാണ് എന്ന നമ്മുടെ ബോധ്യത്തെ ഇല്ലാതാകുന്നില്ല എന്ന് ബൈബിളിൽ വിശ്വസിക്കുന്നവക്ക് ബോധ്യമുണ്ട്. എന്നാൽ ധാർമ്മികമായി പരിപൂർണ്ണനും, കരുണയുള്ളവനും, കൃപയുള്ളവനും, സർവ്വശക്തനും, എല്ലാം അറിയുന്നവനുമായ ഒരു ദൈവത്തിൽ നിന്ന് ഉത്ഭവിച്ചതും, ഭരിക്കപ്പെടുന്നതുമായ ഒരു ലോകത്തിലെ തിന്മയുടെ പ്രശ്നത്തിന് ക്രിസ്ത്യാനികൾ വ്യത്യസ്തമായ ഉത്തരങ്ങൾ അവതരിപ്പിക്കുന്നു. ചിലർ ദൈവത്തിന്റെ ശാശ്വതമായ തീരുമാനങ്ങൾക്ക് ഊന്നൽ നൽകുന്നു, മറ്റുള്ളവർ അവന്റെ സൃഷ്ടികളുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവിനെ എടുത്തുകാണിക്കുന്നു.

ദൈവത്തിന്റെ കൽപ്പന എന്ന ഉത്തരം. ചില ദൈവശാസ്ത്രജ്ഞർ പഠിപ്പിക്കുന്നത്, തിന്മയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ദൈവം തീരുമാനിക്കുകയും, നിത്യതയിൽ മുൻകൂട്ടി നിശ്ചയിച്ച അവന്റെ പരിപാടി നടപ്പിലാക്കുന്നതിനായി തിന്മ പ്രപഞ്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നുമാണ്. ഈ വീക്ഷണപ്രകാരം, ദൈവം, പാപം ചെയ്യാൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ധാർമ്മിക ജീവികളെ സൃഷ്ടിച്ചുകൊണ്ട് തന്റെ അടിസ്ഥാന ധാർമ്മിക ഗുണങ്ങളായ നീതിയും സ്നേഹവും, കരുണയും ക്രോധവും പ്രയോഗിക്കുന്നതിലൂടെ തന്നെത്താൻ മഹത്വപ്പെടുത്താൻ തീരുമാനിച്ചു. അതിന്റെയെല്ലാം ഉദ്ദേശ്യം തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ആളുകൾക്ക് നിത്യരക്ഷ നൽകുക എന്നതാണ്. എന്നാൽ തിന്മയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഈ വിശദീകരണം, ദൈവത്തെ പാപത്തിന്റെ രചയിതാവാക്കുകയും അവന്റെ നന്മയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു.

നേരെമറിച്ച്, ദൈവം പരിശുദ്ധനാണെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. അവന്റെ അനിവാര്യമായ അസ്തിത്വത്തിൽ, അവൻ സൃഷ്ടിച്ച ലോകത്തിന്റെ പരിമിതികളിൽ നിന്നും, അപൂർണതകളിൽ നിന്നും അവൻ പൂർണ്ണമായും വേർപെട്ടവനാണ്. ഹബക്കൂക്ക് പ്രവാചകൻ അവനോട് പറഞ്ഞു, “ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ,” (1:13). യേശുവിന്റെ സഹോദരൻ പറഞ്ഞു, “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോ. 1:13). ഇതുപോലെയുള്ള പല തിരുവെഴുത്തുകളും, ദൈവം പാപത്തെ ഉണ്ടാക്കിയെന്നും, അതിനെ ലോകത്തിലേക്കു കൊണ്ടുവന്നു എന്നും ഉള്ള ആശയത്തിനു വിരുദ്ധമാണ്.

സ്വതന്ത്ര ഇച്ഛ എന്ന ഉത്തരം. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ, ആദ്യം ദൈവദൂതന്മാരെയും, പിന്നീട് മനുഷ്യരെയും അതിൽ പ്രതിഷ്ഠിച്ചു; അഹങ്കാരികളും സ്വാർത്ഥ തല്പരരും ആകണമോ, അതോ, വിനയാന്വിതരും ദൈവത്തെ അന്വേഷിക്കുന്നവരും ആകണമോ എന്ന് തീരുമാനിക്കാൻ കഴിവുള്ള ധാർമ്മിക ജീവികളായിട്ടാണ് ദൈവം അവരെ സൃഷ്ടിച്ചത്. ഇതാണ് മികച്ച ഉത്തരം.

ദൈവത്തിന്റെ അധികാരത്തിനെതിരായ ഒരു മത്സരത്തിൽ “അരുണോദയപുത്രൻ” ഒരു കൂട്ടം ആത്മജീവികളെ നയിച്ചപ്പോൾ ദൂതന്മാരുടെ മണ്ഡലത്തിൽ പാപം ആരംഭിച്ചു. (ദൂതന്മാരുടെ മണ്ഡലത്തിലെ ഈ പാപം യെശയ്യാവ് 14-ലും യെഹെസ്‌കേൽ 28-ലും സൂചിപ്പിച്ചിരിക്കുന്നു. പ്രവചനപരമായ ഈ അരുളപ്പാടുകൾ ഈ ലോകത്തിലെ രാജാക്കന്മാരെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെങ്കിലും, ആ മനുഷ്യർക്ക് അതീതമായി അവരിലൂടെ പ്രവർത്തിക്കുന്ന തിന്മയിലേക്ക് നയിക്കുന്ന ദുഷ്ടനിലേക്ക് വിരൽ ചൂണ്ടുന്നു.) “ശുക്രൻ” സാത്താൻ ആണ്. ദൈവത്തെ സിംഹാസനത്തില്‍നിന്നു നീക്കുവാനുള്ള തന്റെ ഗർവിഷ്ഠമായ ശ്രമം നിമിത്തം സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട അവൻ, ആദാമിനെയും ഹവ്വായെയും അഹങ്കാരത്തിലേക്കും സ്വാർത്ഥതയിലേക്കും നയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ധാർമ്മിക തിന്മയുടെ അനന്തരഫലമായി സ്വഭാവത്തിൽ തിന്മ ഉടലെടുത്തു.

“അരുണോദയപുത്രനും,” ആദാമും, ഹവ്വായും എടുത്ത തെറ്റായ തീരുമാനങ്ങൾ ദൈവം അടിച്ചേൽപ്പിച്ചതല്ല. തെറ്റായ ദിശയിൽ ദൈവം അവരെ സ്വാധീനിച്ചിട്ടുമില്ല. അവരുടെ തീരുമാനങ്ങൾ സ്വതന്ത്രമായിരുന്നു. അവർക്ക് ശരിയായ തീരുമാനമെടുക്കാമായിരുന്നു. അതേസമയം, അവർ തെറ്റായ തീരുമാനമെടുത്തപ്പോൾ ദൈവത്തിന് അവരെ നശിപ്പിക്കാമായിരുന്നു. പക്ഷേ അവൻ അവരെ നശിപ്പിച്ചില്ല. അവന്റെ സ്നേഹം നിമിത്തം, തിന്മയിൽ നിന്ന് നന്മ ഉളവാക്കാൻ കഴിയുന്ന ഒരു വീണ്ടെടുപ്പിന്റെ പദ്ധതി അവന് ഇതിനകം തന്നെ ഉണ്ടായിരുന്നു.

നമ്മുടെ കാലഘട്ടത്തിലെ പ്രമുഖ ക്രിസ്തീയ തത്ത്വചിന്തകരിൽ ഒരാൾ ഇപ്രകാരം പറയുന്നു:

യഥാർത്ഥത്തിൽ സ്വതന്ത്രരായ (സ്വതന്ത്രമായി തിന്മകളേക്കാൾ കൂടുതൽ നന്മ ചെയ്യുന്ന) ജീവികൾ ഉള്ള ഒരു ലോകം, സ്വതന്ത്രജീവികളില്ലാത്ത ഒരു ലോകത്തേക്കാൾ വിലപ്പെട്ടതാണ്. ഇപ്പോൾ ദൈവത്തിന് സ്വതന്ത്ര സൃഷ്ടികളെ സൃഷ്ടിക്കാൻ കഴിയും, എന്നാൽ ശരിയായത് മാത്രം ചെയ്യാൻ അവരെ പ്രേരിപ്പിക്കാനോ, കല്പിക്കാനോ ദൈവത്തിന് കഴിയില്ല. ശരിയായത് മാത്രം ചെയ്യുന്ന ജീവികളെ ദൈവം സൃഷിക്കുകയാണെങ്കിൽ, അവർ വാസ്തവത്തിൽ സ്വതന്ത്രരല്ല; അവർ ശരിയായതു ചെയ്യുന്നത് സ്വതന്ത്രമായിട്ടല്ല. ധാർമ്മിക നന്മചെയ്യാൻ കഴിവുള്ള സൃഷ്ടികളെ സൃഷ്ടിക്കണമെങ്കിൽ, ദൈവം, ധാർമ്മിക തിന്മ ചെയ്യാൻ കഴിവുള്ള സൃഷ്ടികളെ സൃഷ്ടിക്കണം; ഈ സൃഷ്ടികൾക്ക് തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകാൻ അവന് കഴിയില്ല. അതേ സമയം, തിന്മ ചെയ്യുന്നതിൽ നിന്ന് അവരെ തടയാനും അവന് കഴിയില്ല. പരിതാപകരമെന്നു പറയട്ടെ, ദൈവം സൃഷ്ടിച്ച സ്വതന്ത്ര സൃഷ്ടികളിൽ ചിലത് അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൽ തെറ്റിപ്പോയി; ഇതാണ് ധാർമിക തിന്മയുടെ ഉറവിടം. സ്വതന്ത്ര സൃഷ്ടികൾ ചിലപ്പോൾ തെറ്റായി പോകുന്നു എന്ന വസ്തുത, ദൈവത്തിന്റെ സർവ്വശക്തിക്കും, അവന്റെ നന്മയ്‌ക്കും എതിരല്ല; കാരണം, സൃഷ്ടികൾ ധാർമ്മിക തിന്മ ചെയ്യാനുള്ള സാധ്യത ദൈവം പൂർണ്ണമായി ഇല്ലാതാക്കിയിരുന്നെങ്കിൽ, അവർക്ക് ധാർമ്മിക നന്മ ചെയ്യാനും സാധിക്കുമായിരുന്നില്ല. (God, Freedom, And Evil,’ Alvin Plantinga, Grand Rapids, Eerdmans, 1977, p.30).

ധാർമ്മിക തിന്മയുടെ അനന്തരഫലമാണ് സ്വഭാവത്തിലുള്ള തിന്മ. ഉല്പത്തി 3:16-19 അനുസരിച്ച്, ആദാമിന്റെയും ഹവ്വായുടെയും പാപമാണ് പ്രസവ വേദന, ഭാര്യാഭർതൃ പ്രശ്നങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, തൊഴിലിൽ മേഖലയിലെ കഷ്ടതകൾ, മരണം എന്നിവയ്ക്ക് കാരണം. റോമർ 8: 19-22 സൃഷ്ടി അവളുടെ ഇപ്പോഴത്തെ “ദാസ്യത്തിൽനിന്നു” നിന്ന് വിടുവിക്കപ്പെടുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പാപം തന്റെ ലോകത്തെ ആക്രമിച്ചതുകൊണ്ടാണ് ദൈവം അവളുടെ മേൽ ഈ ശിക്ഷ ചുമത്തിയത്. എന്നാൽ അവളുടെ “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു” അവളെ മോചിപ്പിച്ച് “ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്ക്” കൊണ്ടുവരുന്ന ദിവസം വരുന്നു. പ്രസവിക്കുന്ന ഒരു സ്ത്രീയെപ്പോലെ, അവൾ ഇപ്പോൾ കഷ്ടപ്പെടുന്നു – പക്ഷേ പ്രതീക്ഷയോടെ.

“സ്വതന്ത്ര ഇച്ഛ എന്ന ഉത്തരം” കൊണ്ട് നമ്മുടെ മനസ്സിൽ ഉയരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ലെങ്കിലും, ദൈവം സർവ്വശക്തനും ഏറ്റവും നല്ലവനുമാണ് എന്ന വേദപുസ്തക ഉപദേശം ഉപേക്ഷിക്കാതെ, ജീവിതത്തെ അതേപടി നേരിടാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. മനുഷ്യരായ നമ്മൾ ചിന്താശേഷിയും, ധാർമ്മികമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഉള്ള വ്യക്തികളാണ് എന്ന വസ്തുതയ്ക്ക് ഇത് മതിയായ വിശദീകരണം നൽകുന്നു.

banner image

സംശയാലുക്കളായ അനേകം ക്രിസ്ത്യാനികളെ സഹായിക്കാൻ ശ്രമിച്ചതിന് ശേഷം, ആത്മീയ ക്ലേശത്തിന്റെ ഏറ്റവും സാധാരണമായ കാരണം വിശ്വാസവും സംശയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്ന് ഞാൻ നിഗമനം ചെയ്തു. വിശ്വസിക്കാൻ മടിയുള്ളതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നമല്ല അത്.

ഉദാഹരണത്തിന്, സൂസന്റെ കാര്യത്തിൽ, അത് ആത്മവിശ്വാസത്തിന്റെ സമയങ്ങളിൽ നിന്ന് നിരാശയുടെ സമയങ്ങളിലേക്ക് മാറുന്ന ഒരു കാര്യമായിരുന്നു. അവർ ഒരു മാതൃകയുള്ള ഗൃഹനാഥയും, ഉത്സാഹമുള്ള സഭാംഗവും ആയിരുന്ന ഒരു പ്രായമായ വിധവയായിരുന്നു. അവരുടെ നിരാശയുടെ ഒരു സമയത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പരേതനായ ഭർത്താവിനോട് പോലും തന്റെ പ്രശ്നം പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

ജോർജ്ജിന് മറ്റൊരു തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ചെറുപ്പത്തിൽ തന്നെത്താൻ ക്രിസ്തുവിൽ സമർപ്പിക്കുകയും ഒരു മാതൃകാവിശ്വാസിയായി ജീവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അറുപത് വയസ്സിനോട് അടുക്കുന്ന സമയത്ത് അദ്ദേഹം എന്നോടു പറഞ്ഞു, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ! (മർക്കോ. 9:24). പാപം, യേശുക്രിസ്തു, രക്ഷ എന്നിവയെക്കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്നു-അത്രയധികം ആഴത്തിൽ അദ്ദേഹം കർത്താവിനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. തനിച്ചും കുടുംബത്തോടുകൂടിയുമുള്ള ആരാധനകൾ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാക്കിയിരിക്കുന്നു. അദ്ദേഹം ഉത്സാഹമുള്ള, വിശ്വസ്തനായ സഭാംഗവുമാണ്. എന്നിട്ടും കാലങ്ങളായിട്ട് കുറെ സംശയങ്ങൾ അദ്ദേഹത്തെ അലട്ടുന്നു. നിരാശയുടെ ചില അനുഭവങ്ങൾ മൂലം അദ്ദേഹം പ്രാർത്ഥനയുടെ പ്രാധാന്യത്തെ സംശയിക്കുന്നു. താൻ ഒരുപാട് പ്രാർത്ഥിച്ചിട്ടും തന്റെ ഉറ്റസുഹൃത്ത് അകാലത്തിൽ മരിച്ചതുമൂലം അദ്ദേഹം ദൈവത്തിന്റെ നന്മയെ സംശയിച്ചു. ലോലമായ മനസ്സുള്ള അദ്ദേഹം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പോഷകാഹാരക്കുറവുള്ളവരും, ചൂഷണം ചെയ്യപ്പെടുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ വാസ്തവത്തിൽ ദൈവം ഉണ്ടോ എന്ന് സംശയിച്ചുപോകുന്നു. കുറച്ച് പേരോട് മാത്രമേ അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂ. താൻ മൂലം ആരുടേയും വിശ്വാസത്തിന് ഇളക്കം തട്ടരുതെന്ന് അദ്ദേഹത്തിന് വളരെ നിർബന്ധമുണ്ട്. തുടർച്ചയായി തോന്നുന്ന ഈ സംശയങ്ങൾ അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കുന്നു.

സംശയിക്കുന്നത് പാപമല്ല. സംശയിക്കുന്ന വ്യക്തികൾ യഥാർത്ഥ വിശ്വാസികളല്ല എന്ന് പറയാൻ സാധിക്കുകയില്ല. സൂസനെയും ജോർജിനെയും പോലുള്ളവർ ഈ കാര്യം മനസ്സിലാക്കണം. രാസ അസന്തുലിതാവസ്ഥയ്ക്ക് വിധേയമായ മസ്തിഷ്കവുമായി നാം ജീവിക്കുന്നിടത്തോളം, വൈകാരികമായ ഉയർച്ച താഴ്ചകൾ നമുക്ക് ഉണ്ടാകും. അത് നമ്മെ ആത്മീയമായും ബാധിക്കും. സംശയത്തോടും ഭയത്തോടുമുള്ള പോരാട്ടങ്ങൾ ആത്മീയ യാഥാർത്ഥ്യത്തിന്റെ ശക്തമായ തെളിവ് നൽകുന്നു.

രാസ അസന്തുലിതാവസ്ഥയ്ക്ക് വിധേയമായ മസ്തിഷ്കവുമായി നാം ജീവിക്കുന്നിടത്തോളം, വൈകാരികമായ ഉയർച്ച താഴ്ചകൾ നമുക്ക് ഉണ്ടാകും. അത് നമ്മെ ആത്മീയമായും ബാധിക്കും.

സംശയവുമായി മല്ലിടുന്ന ആളുകൾ 1 കൊരിന്ത്യർ 10:13-ലെ വാഗ്ദാനവും ഹൃദയത്തിൽ സ്വീകരിക്കണം. നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ ദൈവം സമ്മതിക്കുകയില്ല. അവൻ നമ്മുടെ ജീവിതത്തിൽ വന്നേക്കാവുന്ന എല്ലാ പരീക്ഷണങ്ങളും നേരിടുവാൻ ആവശ്യമായ കൃപ നൽകും.

ബൈബിളിലെ ഈ ഉറപ്പ് നാം ഹൃദയത്തിൽ സ്വീകരിക്കുകയാണെങ്കിൽ, നാളെ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ഭയത്തിൽ നാം ജീവിക്കുകയില്ല – മരണത്തെക്കുറിച്ചു പോലും. ആ സമയത്ത് നല്ല ആരോഗ്യം ഉണ്ടായിരുന്ന ഡി.എൽ മൂഡിയോട് മരിക്കാനുള്ള കൃപയുണ്ടോ എന്ന് ആരോ ചോദിച്ചപ്പോൾ, “ഇല്ല, പക്ഷേ ഞാൻ ഇപ്പോൾ മരിക്കാൻ പോകുന്നില്ല” എന്ന് സുവിശേഷകൻ മറുപടി പറഞ്ഞതായി പറയപ്പെടുന്നു. എന്നിരുന്നാലും, മരിക്കുന്ന സമയം വന്നപ്പോൾ, അദ്ദേഹത്തിന് മരിക്കാനുള്ള കൃപ ലഭിച്ചു. മരിക്കുന്നതിന് മുമ്പുള്ള നിമിഷങ്ങളിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ അദ്ദേഹം പൂർണ്ണമായി സമാധാനത്തിലായിരുന്നെന്നും, താൻ വിടവാങ്ങുന്ന സമയത്ത് “ഭൂമി പിൻവാങ്ങുന്നു”, “സ്വർഗ്ഗം മാടിവിളിക്കുന്നു” എന്നിവയെക്കുറിച്ച് ജയഘോഷത്തോടെ സംസാരിച്ചുവെന്നും അറിയിച്ചു.

വിശ്വാസവും സംശയവും തമ്മിലുള്ള ആശയക്കുഴപ്പത്താൽ വിഷമിക്കുന്ന ആളുകൾക്കുള്ള നാല് പ്രായോഗിക നിര്‍ദ്ദേശങ്ങൾ:

1. ഇടയ്ക്കിടെ ഉണ്ടാകുന്ന സംശയങ്ങൾക്ക് തയ്യാറാകുക. പാപം ബാധിച്ച മാനസിക ഘടന മൂലം ക്ഷീണിതരായിത്തീരുകയും, നിരാശയും വേദനയും ദുഃഖവും അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂർണ്ണരായ, മാംസവും രക്തവും ഉള്ള ജീവികളാണ് നാം.

2. നിങ്ങളുടെ സംശയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന ഒരു നല്ല വിശ്വാസിയെ കണ്ടെത്തുക. പ്രോത്സാഹജനകമായ ബൈബിൾ ഭാഗങ്ങൾ ചർച്ച ചെയ്യുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

പാപം ബാധിച്ച മാനസിക ഘടന മൂലം ക്ഷീണിതരായിത്തീരുകയും, നിരാശയും വേദനയും ദുഃഖവും അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂർണ്ണരായ, മാംസവും രക്തവും ഉള്ള ജീവികളാണ് നാം.

3. നിങ്ങൾക്കും ദൈവത്തിനും ഇടയിലുള്ള സംഭാഷണത്തിനുള്ള ഒരു മാതൃകയായി സങ്കീർത്തനം 42 ഉപയോഗിക്കുക. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ നിങ്ങൾ കാലത്തിന്റെ സൃഷ്ടിയാണെന്നും അതേ സമയം നിത്യതയുടെ പൗരനാണെന്നും തിരിച്ചറിയുക. സ്വയം ചോദിക്കുക: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ” എന്നിട്ട് നിങ്ങളോടുതന്നെ പറയുക, “ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.” (വാക്യം 5). കാലത്തിന്റെയും മാറ്റത്തിന്റെയും ഒരു സൃഷ്ടിയെന്ന നിലയിൽ, സങ്കീർത്തനക്കാരനെപ്പോലെ അവന്റെ “ഓളങ്ങളും തിരമാലകളുമെല്ലാം” നിങ്ങളുടെ മീതെയും കടന്നുപോകുന്നു എന്ന് അംഗീകരിക്കുക, എന്നാൽ നിത്യതയുടെ ഒരു പൈതൽ എന്ന നിലയിൽ ദൈവം തന്റെ സ്നേഹം നിങ്ങളുടെ മേൽ ചൊരിയുകയും, നിങ്ങൾക്ക് ഒരു പാട്ട് നൽകുകയും ചെയ്യുമെന്ന് വിശ്വസിച്ച് നിങ്ങളുടെ നന്ദി പ്രകടിപ്പിക്കുക (വാ. 6-8). ഭൂമിയിലെ ഒരു ജീവി എന്ന നിലയിൽ, നിങ്ങളുടെ ആന്തരിക പ്രശ്നങ്ങളെക്കുറിച്ച് ദൈവത്തോട് പറയുക. എന്നാൽ നിത്യതയ്ക്കായി വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ, നിങ്ങളുടെ നിരാശാജനകമായ ആത്മാവിന്റെ അവസ്ഥ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് സ്വയം ചോദിക്കുക (വാ.11).

ഇത്തരത്തിലുള്ള സംഭാഷണം നിങ്ങളുടെ വികാരങ്ങൾ ക്രമീകരിക്കാനും നിങ്ങളുടെ മനസ്സിൽ പ്രഥമസ്ഥാനം സ്ഥാപിക്കാനും നിങ്ങളെ സഹായിക്കും. അസ്വസ്ഥവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ഗ്രഹത്തിലെ ഒരു അപൂർണ്ണ വ്യക്തിയാണ് ഇപ്പോഴും നിങ്ങൾ എന്നും, കൃപയാൽ നിങ്ങൾ, മറ്റെല്ലാറ്റിനുമുപരിയായി, ദൈവത്തിന്റെ പൈതലും സ്വർഗ്ഗത്തിന്റെപൗരനുമാണ് എന്നും അംഗീകരിക്കുക.

4. ദൈവം ചെയ്തതും പറഞ്ഞതും വിശ്വസിക്കുന്നതാണ് വിശ്വാസം എന്ന കാര്യം മനസ്സിൽ വയ്ക്കുക – നിങ്ങളുടെ ജീവിതം അവനിൽ സമർപ്പിക്കാൻ അത് മതി. സംശയങ്ങളും ഭയങ്ങളും ഉണ്ടായിരുന്നിട്ടും നിങ്ങൾ വിശ്വാസത്തിൽ തുടരുന്നു എന്നത് നിങ്ങളുടെ വിശ്വാസം യാഥാർഥ്യമാണെന്ന് തെളിയിക്കുന്നു. എളുപ്പത്തിലുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്ന ആളുകളുടെ വലയിൽ അകപ്പെടരുത്. മാന്ത്രിക സൂത്രവാക്യങ്ങളൊന്നുമില്ല, ചിലർക്ക് മാത്രം അറിയാവുന്ന പ്രത്യേക രഹസ്യങ്ങളുമില്ല. അതിനാൽ, ദൈവത്തിൽ വിശ്വസിക്കുക, ശരിയാണെന്ന് നിങ്ങൾക്കറിയാവുന്നത് ചെയ്യുക. നേരത്തെ ഇരുട്ട് നീങ്ങിയതാണ്. അത് ഇനിയും നീങ്ങും.

 

ശരിയാണെന്ന് നിങ്ങൾക്കറിയാവുന്നത് ചെയ്യുക. നേരത്തെ ഇരുട്ട് നീങ്ങിയതാണ്. അത് ഇനിയും നീങ്ങും.

banner image

ജീവിതത്തിന്റെ എല്ലാ മേഖലകൾക്കും അതിന്റേതായ കാലചക്രങ്ങളുണ്ട്. തൊഴിൽ, വിവാഹം, യേശുവുമായുള്ള ബന്ധം എന്നിവ സാധാരണയായി ഒരു മധുവിധു കാലഘട്ടത്തിൽ ആരംഭിക്കുന്നു. തുടർന്ന് ജീവിത യാഥാർത്ഥ്യങ്ങൾ കടന്നുവരുന്നു. അപ്പോൾ ആദ്യത്തെ ആവേശം കുറയുന്നു. അതിനുശേഷം പല നിലയിലുള്ള നിരാശയുടെയും അതൃപ്തിയുടെയും സമയങ്ങൾ കടന്നുവരുന്നു.

ഈ ഘട്ടത്തിലാണ് നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത്. ജോലിസ്ഥലത്ത്, ഒരാൾക്ക് ജോലി ഉപേക്ഷിക്കാനോ, അസംതൃപ്തനായ തൊഴിലാളിയായി തുടരാനോ, അല്ലെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാനോ കഴിയും. ദാമ്പത്യത്തിൽ, ഒരാൾക്ക് വിവാഹമോചനത്തിലൂടെ രക്ഷപ്പെടാം, ഉത്സാഹമില്ലാത്ത ബന്ധത്തിൽ തുടരാം, അല്ലെങ്കിൽ വിവാഹം ശരിയാക്കാൻ ശ്രമിക്കാം. ക്രിസ്തീയ ജീവിതത്തിൽ, ഒരാൾക്ക് ഉപേക്ഷിക്കാനോ, അസന്തുഷ്ടനായ ഒരു വിശ്വാസിയായി തുടരാനോ, അല്ലെങ്കിൽ പ്രയാസങ്ങളിലൂടെ പ്രവർത്തിക്കാൻ തീരുമാനിക്കാനോ കഴിയും. വിശ്വാസ ജീവിതത്തിന്റെ ആവൃത്തി പൂർത്തിയാക്കുമ്പോൾ, ജോലിസ്ഥലത്ത് സംതൃപ്തിയുണ്ടാകുന്നു; മധുവിധു പ്രണയത്തെ, പക്വമായ പരസ്പരം പോഷിപ്പിക്കുന്ന സ്നേഹത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു; ഒപ്പം നാം ആരംഭിച്ച ആഹ്ലാദകരമായ വിശ്വാസത്തെ ആത്മവിശ്വാസമുള്ള വിശ്വാസത്തിലേക്ക് മാറ്റുന്നു. അപ്പോഴും പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കും.

ഈ വീണുപോയ ലോകത്തിൽ ജീവിക്കുന്ന അപൂർണ്ണരായ ആളുകളായിരിക്കുന്നിടത്തോളം, നമുക്ക് സംശയങ്ങളുണ്ടാകും. എന്നാൽ യേശു വാഗ്ദത്തം ചെയ്തു, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹ. 8:12). നമ്മുടെ മാനുഷിക ബലഹീനത നിമിത്തം, ചിലപ്പോൾ നാം അവന്റെ പാതയിൽ നിന്ന് ഇരുട്ടിലേക്ക് നീങ്ങും. എന്നാൽ വിശ്വസിക്കാനും അനുസരിക്കാനുമുള്ള സ്തുതിഗീത രചയിതാവിന്റെ ഉപദേശം നാം പിൻപറ്റുകയാണെങ്കിൽ, നാം അവന്റെ പാതയിലേക്ക് ഉടൻ മടങ്ങിവരും. ഇരുട്ടല്ല, ക്രിസ്തുവിന്റെ വെളിച്ചമായിരിക്കും നമ്മുടെ ഭവനം.

banner image