വായനാഭാഗം : 1 രാജാ.19:1-21
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു. തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി. (വാ.12)
7 വർഷത്തോളം ഞാൻ മുഴുവൻ സമയവും വീട്ടിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ചെറിയൊരു വരുമാനത്തിനു വേണ്ടി ഞാനൊരു ഫ്രീലാൻസ് ജോലി ചെയ്യുകയായിരുന്നു. ആ കാലത്ത് ജോലിയിൽ കൃത്യസമയനിഷ്ഠ ആവശ്യമില്ലാതിരുന്നത് സന്തോഷകരമായിരുന്നു. സമയത്ത് ഭക്ഷണം കഴിക്കാമായിരുന്നു, വീട് ക്രമമായി വൃത്തിയാക്കാൻ സാധിക്കുമായിരുന്നു, കുട്ടികളെ കുളിപ്പിക്കാനും മറ്റ് സഹായങ്ങൾ ചെയ്യാനും ഒക്കെ സമയമുണ്ടായിരുന്നു. എന്നാൽ മുഴുവൻ സമയ ജോലിയിലേക്ക് മാറിയതോടു കൂടി എന്റെ സ്ഥിതിക്ക് മാറ്റം വന്നു, പല പ്രതീക്ഷകളും മാറ്റി വെക്കേണ്ടി വന്നു.
സങ്കീ.1: 2,3 ഇങ്ങനെ പറയുന്നു: “..യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്ത് നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും. അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” എന്നാൽ നമ്മുടെ അനുഭവത്തിൽ എല്ലാ കാലവും ഒരു പോലെയല്ല -” ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർക്ക്” പോലും. യേശുവിൽ വിശ്വസിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും സംതൃപ്തരായിരിക്കാൻ കഴിയും ( ഫിലി. 4:11-12) എന്നത് സത്യമാണെങ്കിലും ചില കാലവുമായി പൊരുത്തപ്പെട്ട് പോകാൻ വല്ലാതെ പ്രയാസം സഹിക്കേണ്ടതുണ്ട്.
1 രാജാ.18:1-46 ൽ ദൈവം ഏലിയാവിലൂടെ അതിശയ കാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്; ഒരു സമയം ആഹാബിന്റെ രഥത്തെ ഓടിപ്പിടിക്കാൻ പോലും സാധിക്കുന്നു (വാ.46). എന്നാൽ അധികം വൈകാതെ തന്നെ പ്രവാചകൻ തന്റെ ജീവനെയോർത്ത് ഭയപ്പെടുന്നു. ദൈവത്തിന്റെ പദ്ധതികൾ മനസ്സിലാക്കാൻ കഴിയാതെ മരുഭൂമിയിൽ ഒളിവിടം തേടുന്നു (19: 3-4 ). താൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുന്നു.
പലപ്പോഴും ഇത് നമ്മുടെയും അനുഭവമാണ്. സാഹചര്യം പെട്ടെന്ന് മാറുന്നു, നമുക്ക് അതിജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നു. ഏലിയാവിന് ഉത്തരം ലഭിച്ചത് ദൈവത്തിന്റെ സാന്നിധ്യം വഴിയാണ് – എന്നാലത് കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അല്ല ഉണ്ടായത്, ഒരു ” മൃദുസ്വരം” ( 19:11-12) വഴിയായിരുന്നു. താറുമാറായ സ്ഥിതിയിൽ ഉണ്ടായ ആ സാന്നിധ്യം നമ്മിലും അധിവസിക്കുന്ന പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്നു. ദൈവിക സാന്നിധ്യത്താൽ ആമഗ്നരായി അവന്റെ ഉദ്ദേശ്യങ്ങളെ അപ്പാടെ വിശ്വസിക്കുവാൻ ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നു.
– റെജിന ഫ്രാങ്ക്ളിൻ
ചെയ്യാം
സഭാപ്രസംഗി 3:1-11 വായിച്ച്, ദൈവം (നിങ്ങളുടെ ജീവിതത്തിലോ മറ്റാരുടെയെങ്കിലും ജീവിതത്തിലോ ) ഒരു കാലത്തെ മനോഹരമാക്കിയതിന് 2 ഉദാഹരണങ്ങൾ കണ്ടെത്തുക.
ധ്യാനിക്കാം
നിങ്ങൾ ഇപ്പോൾ എങ്ങനെയുള്ള സാഹചര്യത്തിലാണ് ? എന്ത് ക്രമീകരണങ്ങളാണ് നിങ്ങൾ വരുത്തേണ്ടതുള്ളത്? ദൈവത്തിന്റെ സാന്നിധ്യബോധത്തിൽ വിശ്രമിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?