എല്ലാ ദിവസവും എൻ്റെ കൂടെ ജീവിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അധ്യാപിക എന്ന നിലയിലുള്ള ജോലിയിൽ ഞാൻ തളർന്നു പോയപ്പോഴാണ് എനിക്ക് വിഷാദരോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇങ്ങനെയാണ് എൻ്റെ വിഷാദത്തിൻ്റെ എപ്പിസോഡുകളെ ഞാൻ വിവരിക്കുന്നത്: ദുഃഖം, നിരർഥകത, നിഷ്ഫലത തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങളും ചിന്തകളും തന്നെ കീഴടക്കുന്നതായി എൻ്റെ മനസ്സിനു തോന്നും. ആ കടന്നാക്രമണം ഒന്നുകിൽ പെട്ടെന്നുള്ള തിരമാലകളായി വരുന്നു അല്ലെങ്കിൽ ഞാൻ നിരാശയുടെയും നിസ്സഹായതയുടെയും ചെളിക്കുണ്ടിലേക്ക് പതുക്കെ താഴ്ന്നു പോകുന്നു, അത് ആഴ്ച്ചകളോളം നീണ്ടു നിൽക്കും.

വിഷാദം അതിൻ്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തുമ്പോൾ ഞാൻ വൈകാരികമായി മരവിക്കുകയോ തീവ്രമായ മാനസിക പീഡയ്ക്ക് വിധേയയാകുകയോ ചെയ്യുന്നു. ദീർഘസമയത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടും, എളുപ്പത്തിൽ വികാരാധീനയാകുകയും ചെയ്യും. എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർ ജീവിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വഴിയരികിൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു കാഴ്ച്ചക്കാരനെ പോലെ തോന്നുന്നത് കൊണ്ട്, എൻ്റെ ഹൃദയം വേദനിക്കും.

വിഷാദത്തെ നേരിടാൻ മരുന്നുകൾ (ആൻ്റിഡിപ്രസ്സൻ്റുകൾ) കഴിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു; പകരം ആരോഗ്യകരമായി ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ഞാൻ ഇഷ്ടപ്പെടുന്നു. സമ്മർദം ഒഴിവാക്കാനും പതിവായി പ്രൊഫഷണൽ സഹായം തേടാനും ഞാൻ ശ്രമിക്കുന്നു.

ആത്യന്തികമായി, സൗഖ്യമാക്കാനുള്ള “മഹാവൈദ്യൻ്റെ” ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ബൈബിൾ വായിക്കാനും തിരുവെഴുത്തുകൾ മനഃപാഠമാക്കാനും ഞാൻ ധാരാളം സമയം ചിലവഴിക്കുന്നു. മാനസിക സംഘർഷം അനുഭവപ്പെടുമ്പോഴെല്ലാം, എൻ്റെ സാഹചര്യവുമായി പൊരുത്തപ്പെടുന്ന ബൈബിൾ വചനങ്ങൾ ഞാൻ ഉറക്കെ സംസാരിക്കുന്നു: ഭയം ആക്രമണം നടത്തുമ്പോൾ ഞാൻ യെശയ്യാവ് 41:10 പറയുന്നു. അമിതമായി വികാരാധീനയാകുമ്പോൾ ഞാൻ യെശയ്യാവ് 26:3 സംസാരിക്കുന്നു. മാനസിക അന്ധകാരത്തിൻ്റെ ഇരുണ്ട ആഴങ്ങളിലേക്ക് മുങ്ങി പോകുന്നതായി തോന്നുമ്പോൾ ഞാൻ സങ്കീർത്തനം 40:1-3 ഓർത്തെടുക്കും ഈ വാക്യങ്ങൾ ഞാൻ ഉറക്കെ പറയുമ്പോൾ അവ എൻ്റെ ഉള്ളിൽ പ്രവർത്തിക്കുന്നുവെന്നും ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യുമെന്നും ഞാൻ വിശ്വസിക്കുന്നു.

എനിക്കു വേണ്ടി പതിവായി പ്രാർഥിക്കുന്ന ആളുകൾ എൻ്റെ സഭയിൽ ഉണ്ടായിരിക്കുന്നതിനാൽ ഞാൻ നന്ദിയുള്ളവളാണ്.

യേശു മടങ്ങിവരുമ്പോൾ എനിക്ക് സമ്പൂർണ രോഗശാന്തി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെങ്കിലും ഇന്ന് ദൈവത്തിന് എന്നെ സൗഖ്യമാക്കാൻ കഴിയുമെന്നും ഞാൻ ഇവിടെ ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതം “സമൃദ്ധിയായി” (യോഹ. 10:10) ആസ്വദിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ഞാൻ ദൈവത്തിൻ്റെ നൻമയ്ക്ക് നന്ദി പറയുകയും എൻ്റെ പ്രാർഥനകളും അപേക്ഷകളും അവിടുത്തേക്ക് സമർപ്പിക്കുകയും ചെയ്യുന്നു (ഫിലി. 4:6). ഓരോ ദിവസവും, വിടുതലിൻ്റെ പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു (മീഖാ 7:7).

banner image

വിഷാദരോഗം ആരോഗ്യകരവും പ്രവർത്തനക്ഷമവുമായ ഒരു ജീവിതം നയിക്കുന്നതിൽ എനിക്ക് തടസ്സം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഒരു എഴുത്തു ശുശ്രൂഷ ആരംഭിക്കാൻ ദൈവം എന്നെ വിളിച്ചതായി എനിക്ക് തോന്നുന്നു, പക്ഷേ ടൈപ്പിംഗിന് ഇരിക്കാനുള്ള ശക്തിയും ഏകാഗ്രതയും കണ്ടെത്താൻ ഞാൻ പാടുപെടുന്നു.

അത്തരം സമയങ്ങളിൽ, അവിടുത്തെ വേല ചെയ്യാൻ ദൈവം എന്തുകൊണ്ട് എന്നെ സുഖപ്പെടുത്തുന്നില്ല എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. എന്നിരുന്നാലും ദൈവം തൻ്റെ രാജ്യം മുന്നോട്ടു കൊണ്ടുപോകാൻ ഏൽപിച്ച, ക്ലേശം, കഠിന വേദന, ശൂന്യത എന്നിവയാൽ കഷ്ടമനുഭവിച്ച ബൈബിളിലെ അസംഖ്യം വ്യക്തികളെ ഞാൻ പരിഗണിക്കുമ്പോൾ, ദൈവത്തിന് അവരെ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും അവിടുത്തേക്ക് എന്നെയും ഉപയോഗിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിയുന്നു.

സങ്കീർത്തനം 69:1-2 ൽ, ദാവീദ് തൻ്റെ നിരാശയുടെയും ദുരിതത്തിൻ്റെയും വികാരങ്ങളെ കാൽവയ്പില്ലാതെ ആഴമുള്ള ഇരുണ്ട വെള്ളത്തിലേക്ക് മുങ്ങുന്നതിന് തുല്യമാണെന്ന് വിവരിക്കുന്നു. എന്നിട്ടും ദൈവം ദാവീദിനെ “തനിക്കു ബോധിച്ച ഒരു പുരുഷൻ” എന്നു കണക്കാക്കി (1 ശമൂവേൽ 13:14), ഐക്യ യിസ്രായേലിൻ്റെ രാജാവായി അവനെ അഭിഷേകം ചെയ്യുകയും, ശത്രുക്കളുടെമേൽ അനേകം വിജയങ്ങൾ അവനു നൽകുകയും അവനോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യുകയും ചെയ്തു.

“കരയുന്ന പ്രവാചകൻ” ആയ യിരെമ്യാവ് (യിരെ. 9:1), താൻ അനുഭവിച്ച ഏകാന്തതയും പരിഹാസവും തിരസ്കാരവും നിമിത്തം ജനിച്ച ദിവസത്തെ ശപിച്ചു (യിരെ. 20:14). എന്നിട്ടും ദൈവം യിരെമ്യാവിനെ യെഹൂദാജനത്തിൻ്റെ പാപങ്ങളും അവരുടെ വിഗ്രഹാരാധനയുടെ അനന്തരഫലങ്ങളും വെളിപ്പെടുത്തുന്ന “ജാതികൾക്കു പ്രവാചകൻ” (യിരെ. 1:4-10) ആയി വിളിച്ചു.

യേശു പോലും, തൻ്റെ കുരിശു മരണത്തിൻ്റെ തലേന്ന്, ഗെത്ത്ശെമന തോട്ടത്തിൽ പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും തൻ്റെ ദുരിതത്തിൻ്റെയും വേദനയുടെയും വികാരങ്ങൾ തുറന്നു പറഞ്ഞു (മർക്കൊ. 14:34). അവിടുന്ന് കുരിശിലേക്ക് പോയില്ലായിരുന്നുവെങ്കിൽ ഇന്ന് നാം എവിടെ ആയിരുന്നിരിക്കും?

തങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ ദൈവത്തോടുള്ള തങ്ങളുടെ അനുസരണത്തെ തടസ്സപ്പെടുത്താൻ സ്വന്തം വൈകാരിക അവസ്ഥയെ അനുവദിക്കാനുള്ള ഈ വ്യക്തികളുടെ വിസ്സമ്മതം, എൻ്റെ മനസ്സ് ഇരുട്ടിന് കീഴടങ്ങാൻ ആഗ്രഹിക്കുന്ന ദിവസങ്ങളിൽ എഴുത്ത് തുടരാൻ എന്നെ പ്രേരിപ്പിക്കുന്നു. വിഷാദമല്ല, ദൈവം തന്നെ എന്നെയും എന്നെക്കുറിച്ചുള്ള അവിടുത്തെ ഹിതത്തെയും നിർവചിക്കട്ടെയെന്ന് അത് എന്നെ ഓർമിപ്പിക്കുന്നു.

banner image

പല രാത്രികളിലും, ഞാൻ ഉണർന്ന് കിടന്ന് വേദനയിൽ രോഗശാന്തിക്കായി ദൈവത്തോട് നിലവിളിച്ചിട്ടുണ്ട്.

അന്ധകാരം നീങ്ങിപ്പോകാതെ വന്നപ്പോൾ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടതായി വന്നു: ഈ കാലം ഞാൻ സഹിച്ചു നിൽക്കാൻ ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നുകിൽ അവിടുത്തെ സ്നേഹിച്ച് അവിടുന്ന് എല്ലാം എൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് (റോമ. 8:28) വിശ്വസിക്കുന്നത് തിരഞ്ഞെടുക്കാം അല്ലെങ്കിൽ പിന്തിരിഞ്ഞ് തന്നെത്താൻ സംരക്ഷിക്കുകയും ചെയ്യാം.

ക്രിസ്തുവുമായി ഒരു ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് എൻ്റെ ജീവിതം ആകെ അലങ്കോലമായിരുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, രണ്ടാമത്തേത് ഒരു മോശം ഓപ്ഷനായിരുന്നു.

വൈകാരികമായി (ശാരീരികമായും) ഞാൻ ഇരുട്ടിൽ ഇരിക്കുന്ന സമയങ്ങളിൽ, വെളിച്ചത്തിൽ ദൈവം എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ ഓർക്കുന്നു: എൻ്റെ സഹിഷ്ണുതയ്ക്കപ്പുറം അവൻ എന്നെ പരീക്ഷിക്കുകയില്ല (1 കൊരി. 10:13), അവൻ എന്നെ ഒരു നാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല (എബ്രാ. 13:5). ഈ ഓർമപ്പെടുത്തലുകൾ മനസ്സിൽ വച്ചു കൊണ്ട്, അവനിൽ വിശ്വസിക്കാനും ചാരാനും ആശ്രയിക്കാനും ഞാൻ തിരഞ്ഞെടുക്കുന്നു.

ഞാൻ വിശ്വാസത്തിൻ്റെ കണ്ണുകൾ വച്ചതിനാൽ, എൻ്റെ പോരാട്ടത്തിന് പകരം ദൈവത്തിൻ്റെ കൃപയും കരുതലും പ്രീതിയും എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നു. അവിടുന്ന് എനിക്ക് അനുകമ്പയുള്ള ഡോക്ടർമാരെ നൽകി അനുഗ്രഹിച്ചു, സാമ്പത്തിക സഹായം നൽകി, ഉൽപാദനക്ഷമമായി എഴുതാൻ എന്നെ പ്രാപ്തയാക്കി, അതിന് ഞാൻ ശരിക്കും നന്ദിയുള്ളവളാണ്.

banner image

ദൈവം എനിക്കായി ഒരുക്കിയിരിക്കുന്ന മാർഗങ്ങളിലൊന്ന് എൻ്റെ സഭയിൽ വരുന്ന ഒരു ക്രിസ്ത്യൻ കൗൺസിലർ ആണ്. അവർ വിഷാദരോഗത്തിൽ വൈദഗ്ധ്യം നേടിയവരും സ്വയം വിഷാദവുമായി മല്ലടിച്ചിരുന്നതുകൊണ്ട് രോഗികളോട് സഹാനുഭൂതി പുലർത്തുന്നവരും ആണ്.

ഈ കൗൺസിലറുടെ രോഗശാന്തി സാക്ഷ്യം ദൈവത്തിന് അവരെ സൗഖ്യമാക്കിയതു പോലെ എന്നെയും സൗഖ്യമാക്കാൻ കഴിയുമെന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, ഏറ്റവും പ്രധാനമായി, ഞാൻ എന്താണ് അനുഭവിക്കുന്നത് എന്ന് നേരിട്ട് അറിയാവുന്ന ഒരാൾ എനിക്ക് സംസാരിക്കാൻ ഉണ്ട് എന്നതിൽ ഞാൻ ആശ്വാസം കൊള്ളുന്നു.

അപ്പോൾ മുതൽ, ഞാൻ എന്നിൽ നിന്ന് എൻ്റെ ശ്രദ്ധ തിരിച്ച് ചോദിച്ചു തുടങ്ങി: എനിക്ക് ഒരു സാക്ഷ്യവും സുഹൃത്തും ആകാൻ കഴിയുന്ന വിഷാദരോഗമുള്ള ആരെങ്കിലും എൻ്റെ ചുറ്റും ഉണ്ടോ?

ഈ സീസൺ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ദൈവത്തിൻ്റെ നന്മയിലും അവിടുത്തെ രോഗശാന്തിയിലും ഞാൻ വിശ്വസിക്കുന്നു. അവിടുന്ന് എന്നോടൊപ്പമുണ്ടെന്നും, യാതൊന്നും, പ്രത്യേകിച്ച് വിഷാദം എന്നെ അവിടുത്തെ സ്നേഹത്തിൽ നിന്ന് പിന്തിരിപ്പിക്കുകയില്ലെന്നും എനിക്കറിയാം (റോമ. 8:38-39).

ദൈവത്തിന് എന്നെക്കുറിച്ച് അദ്ഭുതകരമായ ഒരു ഉദ്ദേശ്യമുണ്ടെന്ന വിശ്വാസം എനിക്കു തുടർന്നും ഉണ്ടായിരിക്കും; എൻ്റെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ പദ്ധതി നിറവേറ്റുന്നതിനായി ഞാൻ സഞ്ചരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന യാത്രയുടെ ഒരു ഭാഗം മാത്രമാണ് വിഷാദം.

അതിനിടയിൽ, ഞാൻ അവിടുത്തെ വിശ്രമത്തിൽ പ്രവേശിച്ച്, അവിടുത്തെ പുനഃസ്ഥാപനത്തിനായി പ്രത്യാശയോടും പ്രതീക്ഷയോടും കൂടി കാത്തിരിക്കും.

നിങ്ങൾക്കും വിഷാദ രോഗമുണ്ടെങ്കിൽ, എൻ്റെ ഹൃദയംഗമായ പ്രാർഥനകൾ നിങ്ങളോടൊപ്പമുണ്ട്. ഇത് നമ്മുടെ കഥയുടെ അവസാനമല്ലെന്ന് വിശ്വസിക്കാനായി എന്നോടൊപ്പം ചേരുവാൻ ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു; ഹൃദയം നുറുങ്ങിയവർക്കു താൻ സമീപസ്ഥനാണെന്നും (സങ്കീർ. 34:18) നമ്മുടെ തകർന്ന മനസ്സിനെ സൗഖ്യമാക്കി നമ്മുടെ മുറിവുകളെ കെട്ടുകയും ചെയ്യുമെന്നും (സങ്കീർ. 147:3) ദൈവം പറയുന്നു.

അവിടുന്ന് നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും, ദുഃഖവും കഷ്ടതയും ഇനി നമുക്ക് ഉണ്ടാകയില്ല, അവിടുന്ന് അവയെല്ലാം നീക്കിക്കളയും (വെളി. 21:4). ആ ദിനം നാം യഥാർത്ഥ സന്തോഷം അനുഭവിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട് – നിത്യതയിൽ ഉടനീളം നിലനിൽക്കുന്ന ഒന്ന്.