ആമുഖം
പരിത്യാഗം എന്നത് ക്രിസ്തീയതയുടെ ഒരു കേന്ദ്ര ആശയമാണ്; യേശുക്രിസ്തു കുരിശിൽ അർപ്പിച്ച യാഗബലിയിൽ അടിസ്ഥാനപ്പെട്ടതാണിത്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ചരിത്രത്തിൽ ത്യാഗമെന്ന കാര്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുള്ളതാണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിൻതുടർന്ന് നമ്മുടെ ജീവിതത്തിൽ പരിത്യാഗ പ്രവൃത്തികൾ ചെയ്യേണ്ടതിനാണ്; സേവന പ്രവർത്തനങ്ങളിലൂടെയും മറ്റുള്ളവർക്കായി നമ്മുടെ സ്വയ താല്പര്യങ്ങൾ ബലി കഴിച്ചു കൊണ്ടും വിശ്വാസത്തിനു വേണ്ടി പീഢനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടും.
സ്വയപ്രാധാന്യവും സ്വയപ്രീണനവും നിറഞ്ഞു നില്ക്കുന്ന ലോകത്തിന് പരിത്യാഗം എന്ന ആശയം ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. എന്നിരിക്കിലും, ക്രിസ്ത്യാനികൾ ആയ നാം ത്യാഗമെന്നത് ഒരു ഭാരമല്ല, മറിച്ച്, ദൈവത്തോടും മറ്റുള്ളവരോടും നമുക്കുള്ള സ്നേഹം പ്രദർശിപ്പിക്കാനുള്ള ഒരു പദവിയാണത് എന്ന് മനസ്സിലാക്കുന്നവരാണ്.
ബൈബിളിലുടനീളം, വിശ്വാസത്തിന്റെ വലിയ ത്യാഗപ്രവൃത്തികൾ ചെയ്ത അനേക വ്യക്തികളുടെ ഉദാഹരണങ്ങൾ കാണാനാകും; സ്വന്ത പുത്രനെ യാഗമർപ്പിക്കുവാനുള്ള അബ്രഹാമിന്റെ സന്നദ്ധത മുതൽ സാമൂഹ്യമായ അപമാനവും ഗൗരവമായ പരിണിതഫലങ്ങളും അവഗണിച്ച് ദൈവപുത്രനെ ഗർഭം ധരിക്കാനുള്ള മറിയത്തിന്റെ സമ്മതം വരെ ഉദാഹരണങ്ങളാണ്. നാം വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രം തേടി സഞ്ചരിക്കുമ്പോൾ ഈ കഥകൾ നമ്മെ പ്രചോദിപ്പിക്കുകയും വഴി നടത്തുകയും ചെയ്യുന്നു.
ഈ വായനാ പദ്ധതിയിൽ, പരിത്യാഗത്തിന്റെ ക്രിസ്തീയ വിവക്ഷ എന്താണെന്നും അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാം എന്നും പരിശോധിക്കുകയാണ്. ബൈബിളിലെ പരിത്യാഗത്തിന്റെ കഥകളിൽ ഉദ്ഘനനം നടത്തി അവ നമുക്ക് പരിത്യാഗത്തിൽ പരിജ്ഞാനവും പ്രചോദനവും നല്കുന്നതെങ്ങനെയെന്ന് കാണാം. പരിത്യാഗത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയുടെ ആഴം വർദ്ധിപ്പിക്കാനും ക്രിസ്തീയ വിശ്വാസത്തിൽ ഇതിനുള്ള പ്രാധാന്യം ഗ്രഹിക്കാനും ഈ പഠനയാത്രയിൽ നമുക്ക് ഒരുമിക്കാം.