“അത് കുറേക്കാലം പൂക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”പിങ്ക്, വെള്ള നിറങ്ങളിലുള്ള വലിയ പൂക്കളെ നോക്കി എന്റെ ഭാര്യ ആഗ്രഹത്തോടെ പറഞ്ഞു. ഇരുപത് വർഷം മുമ്പ് അവൾ നട്ടുപിടിപ്പിച്ച പൂക്കളുടെ സുഗന്ധം ആസ്വദിക്കാൻ അവൾ കുമ്പിട്ടു. ഈ ലോകത്തിൽ താൻ അധികകാലം കാണുകയില്ലെന്ന് അറിഞ്ഞപ്പോൾ തന്റെ ജീവിതകാലം കഴിഞ്ഞാലും തന്റെ പൂന്തോട്ടം നിലനിൽക്കണമെന്ന ആഗ്രഹത്തോടെ എന്റെ അമ്മ നൽകിയതാണ് ആ പൂക്കൾ.

താമസിയാതെ ഞങ്ങളുടെ മൂന്ന് വയസ്സുള്ള പേരക്കുട്ടി പൂന്തോട്ടത്തിന്റെ നടപ്പാതയിലേക്ക് തുള്ളിച്ചാടി വന്നു, ഓരോ ചാട്ടത്തിലും അവളുടെ പോണിടെയിലും തുള്ളിച്ചാട്ടുന്നുണ്ടായിരുന്നു. ഞങ്ങളുടെ മകന്റെ സുഹൃത്ത് കാലേബിന് ഒരു ചെറിയ കല്ല് കൊടുത്തുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു, “ഇതാ!” അവൻ അവളുടെ കയ്യിൽ നിന്ന് കല്ല് വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഒരു പതിനേഴു വയസ്സുകാരനെക്കാൾ പക്വതയോടെ അവൻ അത് പോക്കറ്റിൽ ഇട്ടിട്ട് പറഞ്ഞു, “പൂക്കൾ അധികകാലം നിൽക്കുകയില്ല, എന്നാൽ, ഇത് വളരെക്കാലം നിലനിൽക്കും.” ഞങ്ങളുടെ പേരക്കുട്ടിയുടെ മുഖത്ത് ഒരു ലജ്ജാകരമായ പുഞ്ചിരി വിരിഞ്ഞു. പൂന്തോട്ടത്തിൽ നിന്നുള്ള കൂടുതൽ നിധികൾ പ്രതീക്ഷിച്ച് അവൾ സംതൃപ്തിയോടെ നടന്നു പോയി. ജീവിതത്തിന്റെ നൈമിഷികത, സൗന്ദര്യം, പ്രത്യാശ എല്ലാം ഒത്തുചേർന്ന ഒരു നിമിഷമായിരുന്നു അത്.

വളരെക്കാലം മുമ്പ് ഒരു മാളിക മുറിയിൽ, ജീവിതത്തിലെ വേദന, സ്നേഹം, പ്രത്യാശ എന്നിവ ഒത്തുചേർന്ന ഏതാനും മണിക്കൂറുകളുണ്ടായിരുന്നു. ശിഷ്യനായ യോഹന്നാൻ അന്ത്യ അത്താഴത്തെ വിവരിക്കുന്നു: “താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിരുന്നു.” (യോഹന്നാൻ 13:1). ആ ക്ഷണികമായ നിമിഷങ്ങളിൽ, യഥാർത്ഥ നേതൃത്വം എങ്ങനെയിരിക്കുമെന്ന് ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തു (വാ. 3-17). യൂദാസിന്റെ കൈകളാൽ താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് അവൻ മുന്നറിയിപ്പ് നൽകി (വാ. 18-30), പത്രോസ് തന്റെ ഗുരുവിനെ ഉടൻ തന്നെ തള്ളിപ്പറയുമെന്ന് പത്രോസിന് മുന്നറിയിപ്പ് നൽകി (വി. 38). താൻ ഉടൻ പോകുകയാണെന്ന് അവൻ ശിഷ്യന്മാരോട് പറഞ്ഞു, പക്ഷേ ഈ വാഗ്ദാനം അവർക്ക് നൽകി: “ ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (വാ. 14:18). അവൻ അവർക്ക് ഉറപ്പുനൽകി, “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (വാ. 16-17).

തന്റെ ഭയാനകമായ മരണം ആസന്നമാണെന്ന് അറിയാമായിരുന്നിട്ടും, യേശു മറ്റുള്ളവർക്ക് ആശ്വാസം നൽകി. “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.” (14:27). താമസിയാതെ യേശുവും ശിഷ്യന്മാരും—യൂദാസ് ഒഴികെ—മാളികമുറി വിട്ട് ഒലിവ് മലയിലേക്ക് നടക്കും. മറ്റേതെങ്കിലും രാത്രിയായിരുന്നെങ്കിൽ, അത് മനോഹരമായ ഒരു സായാഹ്ന സവാരി ആയി മാറിയേനെ. എന്നാൽ ആ രാത്രിയിൽ അങ്ങനെയായിരുന്നില്ല. അവിടെ, ഗെത്ത്ശെമന തോട്ടത്തിൽ, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു;” (മത്തായി 26:38). അവൻ പ്രാർത്ഥിച്ചു, “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ;” (മത്തായി 26:39). ഇവിടെ യേശുവിന്റെ മനുഷ്യത്വം അതിന്റെ പൂർണ്ണ തീക്ഷ്ണതയോടെ നാം കാണുന്നു. ഇവിടെയും, തന്റെ പിതാവിനോടുള്ള അവന്റെ തീവ്രമായ അനുസരണം അവസാനം വരെ നമുക്ക് കാണാം: “എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” (മത്തായി 26: 39). ആ തോട്ടത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട യേശു, രണ്ട് കപടമായ വിചാരണകളും, ചരിത്രത്തിലെ ഏറ്റവും അന്യായമായ വിധിയും സഹിച്ചു. യെരൂശലേമിന് പുറത്തുള്ള ഒരു കുന്നിൻ മുകളിൽ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികളാൽ ക്രൂശിക്കപ്പെട്ടു. ആ ഭയാനകമായ സ്ഥലത്ത് നിന്ന്, ക്രിസ്തു തന്റെ “ക്രൂശിലെ ഏഴ് മൊഴികൾ” ഉച്ചരിച്ചു.

ഈ ഏഴ് മൊഴികളിൽ ഓരോന്നിന്റെയും പ്രതിഫലനം തുടർന്നുള്ള താളുകളിൽ നിങ്ങൾക്ക് കാണാം. ഈ ഭക്തിനിർഭരമായ ലേഖനങ്ങൾ വായിക്കുമ്പോൾ നിങ്ങൾ അവയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുവാനും, നിത്യസൗഭാഗ്യങ്ങളെക്കുറിച്ചുള്ള പ്രത്യാശയുടെ വാഗ്ദാനത്തിൽ നിന്ന് പ്രോത്സാഹനം നേടുവാനും ഇടയാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ഈ ജീവിതത്തിൽ വേദനയും മരണവും ഒഴിച്ചുകൂടാനാവാത്തതാണ്.വളരെ വേഗം, നമ്മൾ സ്നേഹിക്കുന്നവരോട് വിട പറയുന്നു. ദാവീദ് രാജാവ് തന്റെ ആസന്നമായ മരണത്തെക്കുറിച്ച് കാവ്യാത്മകമായി വിവരിച്ചതുപോലെ, വളരെ വേഗം നമ്മൾ, “സകലഭൂവാസികളുടെയും വഴിയായി പോകുന്നു”  (1 രാജാക്കന്മാർ 2:2). എന്നാൽ, വേനൽക്കാലത്ത് പുഷ്പങ്ങൾ പൂക്കുന്നതുപോലെ, ഈ ജീവിതത്തിലും അപാരമായ സൗന്ദര്യം അടങ്ങിയിരിക്കുന്നു. യേശു നിമിത്തം, വരാനിരിക്കുന്ന സന്തോഷം നാം പ്രതീക്ഷിക്കുന്നു.

ലോകസ്ഥാപനത്തിനുമുമ്പ് നമ്മുടെ സ്രഷ്ടാവ് ആസൂത്രണം ചെയ്ത സസ്യങ്ങളുടെ വ്യാപനത്തിലൂടെ എന്റെ അമ്മ എന്റെ ഭാര്യയ്ക്ക് നൽകിയ പൂക്കൾ ഇപ്പോഴും വിരിയുന്നു. അമ്മയുടെ പൈതൃകം അവരുടെ മക്കളിലൂടെയും, പേരക്കുട്ടികളിലൂടെയും, തന്റെ നിരവധി സുഹൃത്തുക്കൾക്ക് സ്നേഹപൂർവ്വം കല്ലുകൾ നൽകുന്ന ഒരു പേരക്കുട്ടിയുടെ-കുട്ടിയിലൂടെയും  വളരുന്നു. എന്നാൽ അതിലും അത്ഭുതകരമായി, ദൈവത്തെ സ്നേഹിക്കുകയും അവന്റെ പുത്രനിൽ വിശ്വസിച്ചുകൊണ്ട് അവനെ പിന്തുടരാൻ തീരുമാനിക്കുകയും ചെയ്യുന്ന എല്ലാവരുമായും എന്നെന്നേക്കുമായി ഒരു പുനഃസമാഗമം നാം പ്രതീക്ഷിക്കുന്നു.

പൂക്കൾ ഒടുവിൽ വാടിക്കരിഞ്ഞു പോകും. വലുതും ചെറുതുമായ സമ്മാനങ്ങൾ നഷ്ടപ്പെട്ടേക്കാം, മറന്നുപോയേക്കാം, അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എന്നാൽ ഇക്കാലത്ത്, എന്റെ കൊച്ചുമകൾ ഒരു സുഹൃത്തിന് സമ്മാനമായി നൽകിയ ഒരു ചെറിയ കല്ല് പോലുള്ള ചെറിയ സന്തോഷങ്ങൾ എനിക്ക് മറ്റൊരു പൂന്തോട്ടത്തിൽ നിന്നുള്ള വളരെ വലിയ ഒരു കല്ലിനെ ഓർമ്മിപ്പിക്കുന്നു. “ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.” (യോഹന്നാൻ 20:1). യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് നമുക്ക് ഓർമ്മയുണ്ട്: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹന്നാൻ 14:19). മരണത്തെ ജയിച്ചവന് തന്റെ ക്രൂശിലെ ഏഴ് മൊഴികളിലൂടെ നമ്മോട് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

ടിം ഗുസ്താഫ്സൺ, ഔർ ഡെയിലി ബ്രീഡ് രചയിതാവ്.

 

ഇന്നത്തെ തിരുവചനം | ലൂക്കൊസ് 23:26-34

26. അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി. 27. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. 28. യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. 29. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. 30. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. 31. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കുംഎന്നു പറഞ്ഞു. 32. ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. 33. തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. 34. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേഎന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.

1999 ജൂൺ 23-ന് മിഷനറി ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ ആൺമക്കളായ ഫിലിപ്പും തിമോത്തിയും അവരുടെ ജീപ്പിൽ കിടന്നുറങ്ങുമ്പോൾ സുവിശേഷവിരോധികൾ ജീപ്പിനു തീവെച്ച് അവരെ ചുട്ടുകൊന്നു. ഒഡീഷയിലെ കുഷ്ഠരോഗികളായ ദരിദ്രരുടെ ഇടയിലെ അവരുടെ സമർപ്പിത സേവനത്തെക്കുറിച്ച് പുറംലോകം അന്നുവരെ അറിഞ്ഞിരുന്നില്ല.

ആ ദുരന്തത്തിന്റെ മദ്ധ്യത്തിലും, അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും എല്ലാവരെയും അത്ഭുതപ്പെടുത്തി. പകയോടെ പ്രതികരിക്കുന്നതിനു പകരം കൊലപാതകികളോടു ക്ഷമിച്ചുകൊണ്ടു പ്രതികരിക്കാനാണ് അവർ തീരുമാനിച്ചത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വിചാരണ അവസാനിച്ചപ്പോൾ, ഗ്ലാഡിസ് ഇപ്രകാരം ഒരു പ്രസ്താവന പുറത്തിറക്കി: “ഞാൻ കൊലയാളികളോട് ക്ഷമിച്ചു, എനിക്ക് അവരോട് ഒരു വിദ്വേഷവുമില്ല…. ദൈവം ക്രിസ്തുവിൽ എന്നോടു ക്ഷമിച്ചു, തന്റെ അനുയായികളും അതുതന്നെ ചെയ്യണം എന്ന് അവൻ പ്രതീക്ഷിക്കുന്നു.”

ഗ്ലാഡിസും എസ്തറും ഈ കുറ്റവാളികളോട് ക്ഷമിക്കാനുള്ള ശക്തിയും ധൈര്യവും കണ്ടെത്തി എന്നത് അതിശയിപ്പിക്കുന്ന കാര്യമാണെങ്കിലും, നമ്മെ വേദനിപ്പിക്കുകയും എതിർക്കുകയും, അല്ലെങ്കിൽ നമ്മോടു മോശമായി പെരുമാറുകയും ചെയ്യുന്നവരോടു ക്ഷമിക്കാനുള്ള കൃപ നമുക്ക് എങ്ങനെ കണ്ടെത്താമെന്നതിന്റെ ഏറ്റവും മികച്ച മാതൃക യേശുവാണ് നമുക്ക് നൽകിയത് എന്നു നമുക്കറിയാം.

നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനും നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനും (മത്തായി 5:43-48) അവൻ നമ്മോട് പറയുക മാത്രമല്ല, അവൻ ക്രൂശിൽ അങ്ങേയറ്റത്തെ ക്ഷമയുടെ മാതൃക കാണിക്കുകയും ചെയ്തു. ക്രിസ്തു അടിയേൽക്കുകയും പരിഹസിക്കപ്പെടുകയുംനാം ശത്രുക്കളായിരിക്കുമ്പോൾ തന്നെ” (റോമർ 5:10) നമുക്കുവേണ്ടി ക്രൂശിക്കപ്പെടുകയും ചെയ്തു.

തന്നെ പീഡിപ്പിക്കുന്നവരുടെ മേൽ ശാപവാക്കുകൾ ചൊരിയുന്നതിനു പകരം യേശു പറഞ്ഞു, “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” (ലൂക്കൊസ് 23:34).

മറ്റൊരാളോട് മോശമായി പെരുമാറുന്നതിനെ സാധൂകരിക്കാൻ ആർക്കും കഴികയില്ല. അപ്പോൾ തന്നേ, നമ്മുടെയുള്ളിലുള്ള ഏതെങ്കിലും കോപമോ കയ്‌പ്പോ വിട്ടുകളയാനുള്ള കൃപയ്ക്കായി ദൈവത്തോട് നമുക്ക് അപേക്ഷിക്കാം. യേശുവിനോടും മറ്റുള്ളവരോടും ആരോഗ്യകരമായ ഒരു ബന്ധത്തിൽ നാം ജീവിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. സ്‌നേഹത്തിൽ നടക്കുകയും ക്രിസ്തുവിന്റെ മാതൃക പിന്തുടരുകയും ചെയ്തുകൊണ്ട് ദൈവം നമ്മോടു ക്ഷമിച്ചതുപോലെ നമുക്കും ക്ഷമിക്കാം (മത്തായി 6:12).

~നാൻസി ഗാവിലൻസ്

നിങ്ങൾക്കെങ്ങനെ കൂടുതൽ ക്ഷമിക്കുന്നവനാകാൻ കഴിയും?

 

ഇന്നത്തെ തിരുവചനം | ലൂക്കൊസ് 23:32-43

32 ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. 33 തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. 34 എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേഎന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. 35 ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. 36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. 37 നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. 38 ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. 39 തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. 40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. 42 പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേഎന്നു പറഞ്ഞു. 43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നുഎന്നു പറഞ്ഞു.

ക്രിസ്റ്റഫർ ഹിച്ചൻസ് ഒരു പ്രശസ്ത നിരീശ്വരവാദിയായിരുന്നു; ക്രിസ്തീയ വിശ്വാസികളുമായി സംവാദത്തിലേർപ്പെടുവാൻ അദ്ദേഹത്തിനു വലിയ ഉത്സാഹമായിരുന്നു. അദ്ദേഹം കാൻസർ ബാധിതനായി മരണത്തോടടുത്തപ്പോൾ, താൻ മരണക്കിടക്കയിൽ വെച്ചു യേശുവിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു എന്ന് ആരെങ്കിലും പ്രഖ്യാപിച്ചാൽ അതു തന്റെ മനസ്സാന്നിധ്യം നഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി കേൾക്കുന്നയാൾ സ്വീകരിക്കണം, എന്നു പ്രസ്താവിച്ചു. ക്രിസ്റ്റഫർ മരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ സംവാദ എതിരാളിയും സുഹൃത്തുമായിരുന്ന ഒരു വ്യക്തി പറഞ്ഞത്, മരണത്തെ അഭിമുഖീകരിക്കുമ്പോൾ താൻ ഹതാശയനാകുകയും ക്രിസ്തുവിലേക്കു തിരിയുകയും ചെയ്യും എന്നറിയാവുന്നതിനാലാണ് ക്രിസ്റ്റഫർ അങ്ങനെ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയത് എന്നാണ്. ആർക്കറിയാം? അദ്ദേഹം അങ്ങനെ ചെയ്തിരിക്കാം. ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവൻ ദൈവത്തോട് പോരാടാനും സെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ കരുണാപൂർവ്വം രക്ഷിക്കപ്പെടാനും കഴിയും. ഇതു മുമ്പ് സംഭവിച്ചിട്ടുണ്ട്.

ക്രൂശിലെ കള്ളൻ ഒരു ദുഷ്ട ജീവിതമാണ് നയിച്ചിരുന്നത്. അവൻ തന്റെ സഹ കള്ളനോട് പറഞ്ഞു: “നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു” (ലൂക്കൊാസ് 23:41). തുടർന്ന് അവൻ തന്റെ അവസാന മണിക്കൂറുകളിലേക്ക്, വേദനാജനകമായ മണിക്കൂറുകളിലേക്ക് നീങ്ങി. ശാരീരിക വേദന തന്റെ വലിയ ആത്മീയ ആവശ്യത്തിൽ നിന്ന് അവന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. അവൻ വിലപ്പെട്ട നിമിഷങ്ങൾ പാഴാക്കുകയായിരുന്നു. യേശുവിനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മറ്റുള്ളവർക്കൊപ്പം അവനും ആദ്യം ചേർന്നിരുന്നു (മർക്കൊസ് 15:32).

എന്നാൽ മരണത്തിനായി കൊതിച്ചുകൊണ്ട് ക്രൂശിൽ തൂങ്ങിക്കിടക്കുമ്പോൾ, അവൻ തിരിഞ്ഞ് തന്റെ അവസാന അവസരത്തിലേക്ക് നോക്കി. അവൻ പറഞ്ഞു, “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” (ലൂക്കൊസ് 23:42).

സമയം തീർന്നുപോയവർ ഉൾപ്പെടെ ആളുകളെ രക്ഷിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. നമ്മൾ ചെയ്ത തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നമുക്ക് യേശുവിലേക്കു നോക്കാം.

~മൈക്ക് വിറ്റ്‌മെർ

നിങ്ങളുടെ ഏറ്റവും വലിയ ഖേദം എന്താണ്? നിങ്ങൾ ക്ഷമയ്ക്കു യോഗ്യനല്ല എന്നു നിങ്ങൾ ചിന്തിക്കാൻ കാരണമെന്താണ്?

പ്രിയ യേശുവേ, ഞാൻ അങ്ങയിലേക്ക്, അങ്ങയിലേക്കു മാത്രം നോക്കുന്നു. അങ്ങേയ്ക്കു മാത്രമേ യഥാർത്ഥമായി രക്ഷിക്കാൻ കഴിയൂ.

 

ഇന്നത്തെ തിരുവചനം | യോഹന്നാൻ 19:25-27

25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്‌ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. 26 യേശു തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. 27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.

എന്റെ മാതാപിതാക്കളുടെ നാല്പതാം വിവാഹ വാർഷികത്തിന്റെ തൊട്ടുപിന്നാലെ എന്റെ പിതാവു മരിച്ചപ്പോൾ എന്റെ അമ്മ വല്ലാതെ ദുഃഖിച്ചു, പക്ഷേ അതിലധികം ആകുലപ്പെട്ടു. ബില്ലുകൾ ആര് അടയ്ക്കും? തന്റെ പക്കൽ ആവശ്യത്തിന് പണമുണ്ടോ? വീടിന് പുതുക്കിപ്പണി വേണ്ടിവന്നാലോ? എന്നാൽ തന്റെ ആകുലചിന്ത അനാവശ്യമാണെന്ന് അവൾ പെട്ടെന്ന് മനസ്സിലാക്കി. എന്റെ പിതാവ് തന്റെ മരണത്തിനു വർഷങ്ങൾക്ക് മുമ്പ് അവളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും വേണ്ടി വളരെ കഷ്ടപ്പെട്ട് പണം സ്വരൂപിച്ചിരുന്നു. ഞാനും എന്റെ സഹോദരിയും അമ്മയുടെ മറ്റ് ആവശ്യങ്ങളിൽ സഹായിക്കാൻ തീരുമാനിച്ചു.

ഇതുപോലെ കുടുംബത്തെ പരിപാലിക്കുന്നതിനെ സംബന്ധിച്ച് യേശുവിന്റെ അവസാന വാക്കുകളിൽ പ്രാധാന്യം നൽകുന്നതായി കാണാം. ക്രൂശിൽ തൂങ്ങിക്കിടക്കുമ്പോഴും, യേശു തന്റെ അമ്മയായ മറിയയെയും പ്രിയ ശിഷ്യനായ യോഹന്നാനെയും നോക്കി. എന്നിട്ട് ഹൃദയസ്പർശിയായ ഈ വാക്കുകൾ സംസാരിച്ചു: “സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മഎന്നും പറഞ്ഞു (യോഹന്നാൻ 19:26-27).

ദുഃഖം തളംകെട്ടി നിൽക്കുന്ന ആ നിമിഷത്തിൽ പങ്കുവെച്ച സ്‌നേഹത്തിന്റെ ശ്രദ്ധേയമായ വാക്കുകളാണിവ. യെഹൂദ സംസ്‌കാരത്തിൽ, മരണാസന്നനായ ഒരു മകൻ തന്റെ അമ്മയുടെ പരിചരണം തന്റെ സഹോദരനെ  യേശുവിന്റെ കാര്യത്തിൽ അവന്റെ സഹോദരന്മാരെഏല്പിക്കുക പതിവായിരുന്നു (മത്തായി 13:55 കാണുക), കാരണം മറിയയുടെ ഭർത്താവായ യോസേഫ് ഇതിനകം മരിച്ചുപോയിരിക്കാം. മാത്രമല്ല, യേശുവിന്റെ സഹോദരന്മാർ ഇതുവരെ അവനെ ക്രിസ്തുമശിഹാആയി അംഗീകരിച്ചിരുന്നില്ല.

മറിയയുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച യേശു തന്റെ ശിഷ്യനായ യോഹന്നാനെ അവളുടെ സംരക്ഷണം ഏല്പിച്ചു. “ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു” (യോഹന്നാൻ 19:27). ക്രിസ്തു ചെയ്തത്, ക്രൂശിന്റെ ചുവട്ടിൽ നമ്മുടെ കരുതലിന്റെ ബന്ധം സ്ഥാപിക്കുന്ന ഒരു പുതിയ ദൈവകുടുംബത്തിലെ അംഗങ്ങളാണ് എല്ലാ വിശ്വാസികളും എന്ന വസ്തുതയെ പ്രതിഫലിപ്പിക്കുന്നു.

~പട്രീഷ്യ റെയ്ബൻ

നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ കരുതുന്നത്?  വിശ്വാസികളെ ഒരു കുടുംബമായി കാണുന്നതിന് നിങ്ങളെ സംബന്ധിച്ച് എന്തർത്ഥമാണുള്ളത്?

പ്രിയ യേശുവേ, സഹവിശ്വാസികളെ സഹായിക്കുന്നതിന് മനസ്സും ഒരുക്കവുമുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ.

 

ഇന്നത്തെ തിരുവചനം | മത്തായി 27:45-50

45 ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. 46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനിഎന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തുഎന്നർത്ഥം. 47 അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 48 ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്‌പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു. 49 ശേഷമുള്ളവർ: നിൽക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. 50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

എന്റെ മുത്തച്ഛൻ മരണത്തോടടുത്തപ്പോൾ അദ്ദേഹത്തോടു യാത്രപറയാൻ ഞാൻ ആശുപത്രിയിൽ പോയി. ഹാളുകൾ ശൂന്യമായിരുന്നു, അദ്ദേഹത്തിന്റെ മുറി അണുവിമുക്തമായിരുന്നു: ഫ്‌ളൂറസെന്റ് ലൈറ്റുകൾ, ലിനോലിയം തറ, ചട്ടിയിൽ വച്ച ഒരു ചെടി, ഒരു കുടുംബ ചിത്രം. മുഴുവൻ സ്ഥലത്തും വിന്നാഗിരിയുടെയും നാരങ്ങയുടെയും മണം നിറഞ്ഞിരുന്നു. ആരും മരിക്കുന്നത് മുമ്പ് ഞാൻ കണ്ടിട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസത്തിൽ മരണത്തിന്റെ മരൾച്ച ഞാൻ കേട്ടു, അദ്ദേഹത്തിന്റെ കുഴിയിലാണ്ട കണ്ണുകൾ ഞാൻ കണ്ടു.

എനിക്ക് അദ്ദേഹത്തോട് വിട പറയണം എന്നുണ്ടായിരുന്നു. ആ ഇരുൾമൂടിയ സ്ഥലത്തുപോലും താൻ ഒറ്റയ്ക്കല്ല എന്ന് മുത്തച്ഛൻ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു (എന്നിരുന്നാലും അദ്ദേഹം ബോധാവസ്ഥയിലായിരുന്നുവെന്നു ഞാൻ കരുതുന്നില്ല).

നിങ്ങളുടെ ഏറ്റവും ഇരുണ്ട മണിക്കൂറിൽ ഒറ്റപ്പെടുന്നു എന്ന തോന്നലിനേക്കാൾ മോശമായ മറ്റെന്താണുള്ളത്? യേശുവിനും ഈ ദുഃഖം അനുഭവപ്പെട്ടു. ക്രൂശിൽ കിടന്ന് അവൻ നിലവിളിച്ചു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത്” (മത്തായി 27:46). അവൻ തന്റെ മാത്രം കൈവിടപ്പെട്ട അവസ്ഥ പ്രകടിപ്പിക്കുക അല്ലായിരുന്നു ചെയ്തത്, മുഴുലോകത്തിന്റെയും വേദന ദൈവത്തോടറിയിക്കുകയാണ് അവൻ ചെയ്ത്. ക്രിസ്തു തന്റെ വേദന തുറന്നു പറയുകയായിരുന്നില്ല, മറിച്ച് യിസ്രായേലിന്റെ പ്രാർത്ഥനകളിൽ ഒന്ന് ദൈവത്തോട് ഉണർത്തിക്കുകയായിരുന്നു (സങ്കീർത്തനം 22:1). ദൈവം അവരെ കൈവിട്ടോ എന്ന യിസ്രായേലിന്റെ ഭയത്തെ അവൻ പ്രതിധ്വനിപ്പിച്ചു. അതോടൊപ്പം കഷ്ടതയുടെ സമയങ്ങളിൽ നാമോരോരുത്തരും അഭിമുഖീകരിക്കുന്ന ഭയത്തെ തുറന്നു പറഞ്ഞുകൊണ്ട് അവൻ നമ്മളോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. നമുക്ക് ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോഴോ ഒരു വിവാഹം പരാജയപ്പെടുമ്പോഴോ, നാം ദൈവത്തിന്റെ അസാന്നിധ്യത്തെയാണ് ഭയപ്പെടുന്നത്.

എന്നിരുന്നാലും, ഈ ഏകാന്തമായ ക്രൂശിൽ കിടക്കുന്നഅധികം വൈകാതെ ഉയിർത്തെഴുന്നേല്ക്കാൻ പോകുന്നയേശുവാണ് കൃത്യമായും നമ്മുടെ ദുരിതത്തിന് ഉത്തരം നൽകുന്നവൻ. ഉപേക്ഷിക്കപ്പെട്ടതായി നമുക്കു തോന്നിയേക്കാം, പക്ഷേ യേശു സത്യം വെളിപ്പെടുത്തുന്നു: ദൈവം എപ്പോഴുംമരണത്തിന്റെ താഴ്വരയിൽ പോലുംനമ്മോടൊപ്പമുണ്ട്. നാം ഒരുനാളും ഉപേക്ഷിക്കപ്പെടുന്നില്ല.

~വിൻ കൊളിയർ

ഉപേക്ഷിക്കപ്പെട്ടതായി എവിടെയാണ് നിങ്ങൾക്കനുഭവപ്പെട്ടത്? ആ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് ദൈവം നിങ്ങളെ എങ്ങനെയാണ് കണ്ടുമുട്ടിയത്?

പ്രിയ ദൈവമേ, ഉപേക്ഷിക്കപ്പെടുക എന്ന അനുഭവം എന്താണെന്നെനിക്കറിയാം. അങ്ങു നിമിത്തം, ഞാൻ തനിച്ചല്ല എന്നു ഞാൻ അറിയുന്നു.

 

ഇന്നത്തെ തിരുവചനം | യോഹന്നാൻ 4:5-14

5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. 7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോഎന്നു ചോദിച്ചു. 8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. 9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല 10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നുഎന്നു ഉത്തരം പറഞ്ഞു. 11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? 12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു. 13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. 14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരുംഎന്നു ഉത്തരം പറഞ്ഞു.

ഇന്ത്യയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തുള്ളവർക്ക് ഒരു കുഴൽക്കിണറും വീട്ടിൽ ഒരു ലളിതമായ വാട്ടർ ഫിൽട്ടറും നൽകാൻ എത്തിയ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർക്ക് ഒരു കുടുംബം ആവേശത്തോടെ വാതിൽ തുറന്നു കൊടുത്തു. അവരുടെ ദാഹശമനത്തിനായി വാട്ടർ ഫിൽറ്റർ എങ്ങനെ ശുദ്ധജലം നൽകുമെന്ന് പ്രദർശിപ്പിച്ചു കാണിച്ചശേഷം, അവരുടെ ഏറ്റവും വലിയ ആവശ്യം നിറവേറ്റുന്നജീവജലത്തെക്കുറിച്ച്ദൈവവുമായി സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച്ആ കുടുംബത്തോട് അവർ പറഞ്ഞു.

ഒരു വ്യക്തിയുടെ ശാരീരിക ദാഹം നിറവേറ്റുന്നതിനുള്ള ആവശ്യത്തോടു ബന്ധപ്പെടുത്തി ആത്മീയ യാഥാർത്ഥ്യം വിശദീകരിക്കുന്നതിൽ ടീം അംഗങ്ങൾ ക്രിസ്തുവിന്റെ മാതൃക പിന്തുടരുകയായിരുന്നു. യാത്രചെയ്തു ക്ഷീണിച്ച യേശു ഒരു കിണറിനരികിൽ ഇരുന്നു. അവിടെ വന്ന ഒരു സ്ത്രീയോട് വെള്ളം ചോദിച്ചതിനുശേഷം അവൻ അവളുടെ കൂടുതൽ ആഴത്തിലുള്ള ആവശ്യത്തെക്കുറിച്ചു സംസാരിക്കുകയും പരിഹരിക്കുകയും ചെയ്തു: “യേശു അവളോടു: ‘ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും’” (യോഹന്നാൻ 4:13-14). ദൈവവുമായുള്ള ഒരു ബന്ധത്തിലൂടെ അവളുടെ ആത്മാവിന് യേശു നവോന്മേഷം നൽകി.

ഈ ജീവജലം എല്ലാ ആളുകൾക്കും നൽകാൻ, ക്രിസ്തു വീണ്ടും ദാഹത്തിന്റെ വേദനയിലൂടെ കടന്നുപോകേണ്ടിവന്നു ക്രൂശിൽ തൂങ്ങിക്കിടക്കുമ്പോൾഎനിക്ക് ദാഹിക്കുന്നു” (യോഹന്നാൻ 19:28) എന്ന് അവൻ നിലവിളിച്ചുഅവൻ ഇഞ്ചിഞ്ചായി മരിക്കുന്നു എന്നതിന്റെ അടയാളം ആയിരുന്നു അത്. ശാരീരിക ദാഹത്തിന്റെ വേദന അനുഭവിച്ചുകൊണ്ട്, ദൈവം തന്നെ ജീവനിലേക്കു വീണ്ടും ഉയിർപ്പിക്കുമെന്നറിഞ്ഞുകൊണ്ട്, അവൻ മനസ്സോടെ കഷ്ടത സഹിച്ചു. കിണറ്റരികെ വന്ന സ്ത്രീയെപ്പോലെ, യേശുവിലുള്ള വിശ്വാസത്താൻ നമ്മുടെ ദാഹിക്കുന്ന ആത്മാക്കൾക്ക് ജീവജലം ലഭ്യമാക്കാൻ നമുക്കു കഴിയും.

കുടുംബം ശുദ്ധജലം ആസ്വദിക്കുകയും ക്രിസ്തു നൽകുന്ന ജീവജലത്തിന്റെ ദാനം അവർ സ്വീകരിക്കുകയും ചെയ്തപ്പോൾ സന്നദ്ധ സംഘം അതാഘോഷിച്ചു. ആത്മാവ് ദാഹിക്കുന്ന ഏതൊരാൾക്കും ലഭ്യമായ ഒരു ദാനമാണിത്.

~ലിസ എം. സമ്ര

വെള്ളത്തിനായുള്ള ദാഹം എങ്ങനെയാണ് ആത്മിക ദാഹത്തോടു ബന്ധപ്പെട്ടിരിക്കുന്നത്? ജീവജലത്തിന്റെ വാഗ്ദാനത്തോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?

യേശുവേ, എന്റെ ആത്മാവ് അങ്ങയിൽ സംതൃപ്തമായിരിക്കുന്നു.

 

ഇന്നത്തെ തിരുവചനം | യോഹന്നാൻ 19:28-37

28 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. 29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്‌പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു. 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. 31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു. 32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. 33 അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. 34 എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. 35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു. 36അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ലഎന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. 37അവർ കുത്തിയവങ്കലേക്കു നോക്കുംഎന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടു മുതൽ നിലനില്ക്കുന്ന 260 കോടി പൗണ്ടിന്റെ (2014 ൽ ഏകദേശം 25,480 കോടി രൂപ) ഒരു ദീർഘകാല കടം തിരിച്ചടയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നതായി 2014 ൽ ബ്രിട്ടൻ പ്രഖ്യാപിച്ചു. 1720-ലെ ഒരു സാമ്പത്തിക തകർച്ചയ്ക്കു ശേഷം, സൗത്ത് സീ ബബിൾ എന്ന പേരിൽ നടത്തിയ ഒരു രക്ഷാനടപടി ഗവൺമെന്റിന് ദശലക്ഷക്കണക്കിന് പൗണ്ട് കടം വരുത്തിവെച്ചു. ഇപ്പോൾ പലിശ നിരക്കിൽ കുറവു വന്നതിനാൽ ഭാവി തലമുറകൾക്കു ബാധ്യതയായി തീർന്നേക്കാവുന്ന വിവിധ കടങ്ങൾ തിരിച്ചടയ്ക്കാൻ നിലവിലെ സർക്കാർ തയ്യാറാവുകയായിരുന്നു.

നിവൃത്തിയായി!” (യോഹന്നാൻ 19:30) എന്ന് യേശു നിലവിളിച്ചപ്പോൾ, മനുഷ്യരാശിയുടെ ഏറ്റവും പഴയ കടംപാപംപൂർണ്ണമായി വീട്ടിയിരിക്കുന്നു എന്ന് അവൻ പ്രഖ്യാപിക്കുകയായിരുന്നു. ക്രൂശിൽവെച്ച് യേശു ഉച്ചരിച്ച ഏഴ് മൊഴികളിൽ ആറാമത്തേത് ഒരു ഒറ്റ ഗ്രീക്ക് പദമായിരുന്നുടെറ്റെലെസ്റ്റായി. ആ പദം ഉപയോഗിച്ചിരുന്നത്, നികുതികളോ കടങ്ങളോ പൂർണ്ണമായി അടച്ചതിനെയും സേവകർ ജോലി മുഴുവനായി പൂർത്തിയാക്കിയതിനെയും വിവരിക്കുന്നതിനാണ്. ദൈവത്തിന്റെ ഊനമില്ലാത്ത കുഞ്ഞാടായ യേശുതന്റെ ദൗത്യം പൂർത്തിയായി എന്ന് അറിഞ്ഞുകൊണ്ട്” (വാ. 28) മരണത്തിന് ഏല്പിച്ചുകൊടുക്കുമ്പോൾ അതു പറയുന്നു.

ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ, അവൻ ന്യായപ്രമാണം ആവശ്യപ്പെട്ട നീതി പൂർണ്ണമായി നിറവേറ്റിക്കൊണ്ട്, ലോകത്തിന്റെ മുഴുവൻ പാപങ്ങളും സ്വയം ഏറ്റെടുത്തു (1 പത്രൊസ് 2:24). അവൻ പാപത്തെ മറച്ചു എന്നു മാത്രമല്ല, “ലോകത്തിന്റെ പാപത്തെ ചുമന്നൊഴിച്ചു” (യോഹന്നാൻ 1:29).

യേശു നമ്മുടെ കടം വീട്ടിയതിനാൽഅവന്റെ ബലിമരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്നതിലൂടെഇന്നു നമുക്ക് നിത്യജീവൻ പ്രാപിക്കുവാനുംസമൃദ്ധിയായ ജീവൻ” (10:10) ആസ്വദിക്കുവാനും കഴിയും. കടം വീട്ടിയിരിക്കുന്നു!

~മാർവിൻ വില്യംസ്

നിങ്ങളുടെ പാപത്തിന്റെ കടം യേശു പൂർണ്ണമായി വീട്ടിയിരിക്കുന്നു എന്നറിയുന്നത് നിങ്ങളെ സംബന്ധിച്ച് എന്തർത്ഥമാണുള്ളത്? നിങ്ങൾക്കു വേണ്ടി അവൻ വരിച്ച ബലിമരണത്തിനായി ഇന്ന് നിങ്ങൾ എങ്ങനെ അവനു നന്ദി പറയും?

പ്രിയ യേശുവേ,  എന്റെ കടം പൂർണ്ണമായി കൊടുത്തു തീർത്തതിനു നന്ദി.

 

ഇന്നത്തെ തിരുവചനം | മർക്കൊസ് 15:33-41

33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. 34 ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. 35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 36 ഒരുത്തൻ ഓടി ഒരു സ്‌പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു. 37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. 38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. 39 അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. 40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. 41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.

മാർട്ടിൻ ലൂഥർ മരണത്തോടടുത്തപ്പോൾ, ഒരു പാസ്റ്റർ അദ്ദേഹത്തെ ഉണർത്തി ചോദിച്ചു, “ബഹുമാന്യ പിതാവേ, അങ്ങ് ക്രിസ്തുവിൽ സ്ഥിരതയോടെയും അങ്ങു പ്രസംഗിച്ച ഉപദേശങ്ങളിൽ ഉറച്ചുകൊണ്ടുമാണോ മരിക്കുന്നത്?” ലൂഥർ മറുപടി പറഞ്ഞു, “ഉവ്വ്എന്നിട്ടദ്ദേഹം നിത്യമായ ഉറക്കത്തിലേക്കു വഴുതിവീണു. എത്ര നല്ല വിടവാങ്ങൽ! എന്റെ അവസാന വാക്കുകളും അത്രതന്നെ പ്രാധാന്യമുള്ളതായിരിക്കണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. വാക്കുകൾ പാതിവഴിയിൽ നിർത്തി മരിക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ലൂഥറിനെപ്പോലെ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് ആത്മവിശ്വാസത്തോടെ ഉറപ്പിച്ചുപറഞ്ഞുകൊണ്ട് എനിക്കും മരിക്കണം.

യേശുവിന്റെ അവസാന വാക്കുകളെക്കുറിച്ച് എന്തു പറയുന്നു? മർക്കൊസിന്റെ സുവിശേഷം പറയുന്നത്, “യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (15:37). മത്തായി അതിനോടു യോജിക്കുന്നു, “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (27:50). ഈ അവസാനത്തെ ഉച്ചത്തിലുള്ള നിലവിളി എന്തായിരുന്നു? വിജയത്തിന്റെ ആർപ്പുവിളിയായിരുന്നോ അതോ നിരാശയുടെ വാക്കുകളായിരുന്നോ അത്? അത് യേശുവിന്റെ കഷ്ടപ്പാടിന്റെ ഏറ്റവും കഠിന ഭാഗമാണോ അതോ അവന്റെ വിജയത്തിന്റെ തുടക്കമായിരുന്നോ?

ലൂക്കൊസ് ആ ഭാഗം പൂരിപ്പിക്കുന്നതിനാൽ നാം ഊഹിക്കേണ്ട കാര്യമില്ല. അദ്ദേഹം എഴുതുന്നു, “യേശു അത്യുച്ചത്തിൽ, പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (23:46). യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു  (19:30).

ദൈവത്തിലുള്ള വിശ്വാസത്തിന്റെ വേദനാജനകമായ ഒരു പ്രഖ്യാപനമായിരുന്നു യേശുവിന്റെ അവസാന വാക്കുകൾ. അവന്റെ അവസാന വാക്കുകൾ വിശ്വാസത്താൽ പൂരിതമായിരുന്നതിനാൽ, അവ അവന്റെ അവസാന വാക്കുകളായിരുന്നില്ല. ദൈവം തന്റെ പ്രിയ പുത്രനായ യേശുവിനെ വിജയാളിയായി ഉയിർത്തെഴുന്നേല്പിച്ചു. അവൻ ഒരു ദിവസം ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരെയും ഉയിർപ്പിക്കും.

~മൈക്ക് വിറ്റ്‌മെർ

നിങ്ങളുടെ അവസാന വാക്കുകൾ എങ്ങനെ ആയിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ കടന്നുപോയശേഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കു വായിക്കാനായി അവ എഴുതിവയ്ക്കുക. ഇന്ന് ഈ അന്ത്യവാക്കുകളെ നിങ്ങൾ എങ്ങനെ വിചിന്തനം ചെയ്യും?

പിതാവേ, ഞാൻ എന്റെ ആത്മാവിനെഇപ്പോഴും എന്നേക്കുംതൃക്കയ്യിൽ ഏല്പിക്കുന്നു.

 

ഞാൻ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു.ഷിക്കാഗോയിലെ ഇല്ലനോയിയിലുള്ള എന്റെ ഇപ്പോഴത്തെ പള്ളിയിൽ പോകുന്നതിനു മുമ്പ് ക്രൂശിലെ ഏഴ് മൊഴികളെക്കുറിച്ച്  ഞാൻ ഒരിക്കലും കേട്ടിരുന്നില്ല. “ക്രൂശിലെ ഏഴ് മൊഴികൾ” എന്ന ഒരു ശുശ്രൂഷ ഉണ്ടെന്ന് കേട്ടതിനുശേഷം, യേശു മരിക്കുന്നതിനുമുമ്പ് പറഞ്ഞ ഓരോ വാക്കുകളും എണ്ണാൻ തിരുവെഴുത്തുകൾ തിരഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എനിക്ക് ഒരിക്കലും ഏഴ് വാക്കുകൾ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ പിന്നീട് എന്റെ പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ക്രൂശിലെ ഏഴ് മൊഴികളെക്കുറിച്ചുള്ള പ്രസംഗം ആദ്യമായി കേൾക്കുവാൻ ഞാൻ പോയി. ഈ കൂടിവരവിന്, ഞങ്ങളുടെ സഭയിലെ മിക്കവാറും എല്ലാ അംഗങ്ങളും, സന്ദർശകരും പള്ളിയിൽ തടിച്ചുകൂടിയിരുന്നു. ഏഴ് വ്യത്യസ്ത ശുശ്രൂഷകർ പറഞ്ഞ പ്രസംഗങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. ഈ ശുശ്രൂഷകർ യേശു ക്രൂശിൽ തൂങ്ങിക്കിടക്കുമ്പോൾ പറഞ്ഞ ഏഴ് മൊഴികൾ സുവിശേഷങ്ങളിൽ നിന്ന് പങ്കുവെച്ചു. അപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. മരിക്കുന്നതിന് മുമ്പ് യേശു പറഞ്ഞ ഏഴ് മൊഴികൾ പഠിക്കുവാൻ എനിക്ക് സാധിച്ചു.

ഓരോ ദുഃഖവെള്ളിയാഴ്ചയും ഞാൻ ഈ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ, ഈ ഏഴ് മൊഴികളാൽ പ്രചോദിതമായ ഏഴ് വ്യത്യസ്ത പ്രസംഗങ്ങൾ ഒറ്റയിരിപ്പിൽ കേൾക്കുമ്പോൾ വ്യത്യസ്തവും, പുതിയതും, പ്രചോദനാത്മകവുമായ എന്തെങ്കിലും ഞാൻ കേൾക്കുന്നു. ഞാൻ യേശുവിനോടും, അവന്റെ അത്ഭുതകരമായ സ്വഭാവത്തോടും, മരിച്ചപ്പോൾ തന്റെ ശിഷ്യന്മാർക്ക് അവൻ കാണിച്ച മാതൃകയോടും കുറച്ചുകൂടി പറ്റിച്ചേരുവാൻ ഇടയായിത്തീരുന്നു. “പിതാവേ, ഇവരോടു ക്ഷമിക്കേണമേ” (ലൂക്കോസ് 23:34) എന്ന് കേൾക്കുമ്പോൾ, ജീവിതത്തിലെ വളരെ കഠിനമായ കാര്യങ്ങൾക്ക് പോലും—എനിക്കെതിരെയോ, എന്റെ പ്രിയപ്പെട്ടവർക്കെതിരെയോ ദ്രോഹബുദ്ധിയോടെ ചെയ്യുന്ന വളരെ വേദനാജനകമായ പ്രവൃത്തികൾക്ക് പോലും— ക്രിസ്തു നമുക്ക് ക്ഷമയുടെ മാതൃക കാണിച്ചുതരുന്നത് ഞാൻ കാണുന്നു. എനിക്ക് എങ്ങനെ ക്ഷമിക്കാൻ കഴിയും? യേശുവിന്റെ വാക്കുകൾ അവന്റെ വീക്ഷണകോണിലൂടെയും വേദനയിലൂടെയും ഓർമ്മിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സഹായം തേടുന്നു. “ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും” (ലൂക്കോസ് 23:43) എന്ന് കേൾക്കുമ്പോൾ, യേശു ക്ഷമിക്കുന്നത് മാത്രമല്ല, ഒരു പാപിയെ യഥാസ്ഥാനപ്പെടുത്തുന്നതും ഞാൻ കാണുന്നു. നമ്മുടെ ഭൂതകാലം പരിഗണിക്കാതെ, തന്നിലേക്ക് തിരിയുന്ന എല്ലാവരുടെയും പാപങ്ങൾ അവൻ തുടച്ചുനീക്കുകയും നിത്യജീവൻ നൽകുകയും ചെയ്യുമെന്ന് പറയുന്ന തിരുവെഴുത്ത് അവൻ ഉൾക്കൊള്ളുന്നതായി ഞാൻ കാണുന്നു (മത്തായി 9:2 ഉം യോഹന്നാൻ 3:16 ഉം കാണുക). നമ്മോടൊപ്പം എന്നേക്കും വസിക്കുവാനുള്ള അവന്റെ ആഗ്രഹം ഞാൻ കാണുന്നു.

“സ്ത്രീയേ, ഇതാ നിന്റെ മകൻ” എന്നും ഒരു പ്രിയപ്പെട്ട ശിഷ്യനോട് “ഇതാ നിന്റെ അമ്മ” (യോഹന്നാൻ 19:26-27) എന്നും കേൾക്കുമ്പോൾ, കഠിനമായ വേദനകൾക്കിടയിലും ക്രിസ്തു മറ്റുള്ളവരെ കരുതുന്നത് ഞാൻ കാണുന്നു. കുടുംബമില്ലാത്തവർക്ക് അവൻ കുടുംബങ്ങളെ നൽകുന്നതും പരസ്പരം പരിപാലിക്കാൻ നമ്മോട് കൽപ്പിക്കുന്നതും ഞാൻ കാണുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തുകൊണ്ട്?” (മത്തായി 27:46) എന്ന് കേൾക്കുമ്പോൾ, ഒരു വലിയ, സംശയാസ്പദമായ ചോദ്യം ഞാൻ കേൾക്കുന്നു. എനിക്ക് വിഷാദം തോന്നുന്നു. ഏകാന്തത ഞാൻ മനസിലാക്കുന്നു. താൻ ഏറ്റെടുത്ത—താൻ ശിഷ്യന്മാരോട് അറിയിച്ച—ദൗത്യം പൂർത്തിയാക്കുന്നതിനിടയിലും യേശുവിന്റെ വേദനാജനകമായ വാക്കുകൾ ഞാൻ കേൾക്കുന്നു (മർക്കോസ് 8:31-33 കാണുക). നമ്മുടെ പാപങ്ങൾക്ക് പരിഹാര യാഗമായിട്ടും, നിത്യജീവനിലേക്കുള്ള വഴി കാണിച്ചുതരുന്നതിനും വേണ്ടിയാണ് താൻ അയയ്ക്കപ്പെട്ടതെന്ന് അവനറിയാമായിരുന്നു, എന്നിട്ടും ഒറ്റപ്പെടൽ, ഏകാന്തത, നിരാശ എന്നിവയുടെ യഥാർത്ഥമായ, പച്ചയായ മാനുഷിക വികാരങ്ങളുമായി അവൻ മല്ലിട്ടു. യേശുവിന്റെ ഹൃദയഭേദകമായ ചോദ്യത്തിലൂടെ, ജീവിതത്തിലെ ചോദ്യങ്ങളുമായി എങ്ങനെ ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട് നിലവിളിക്കാമെന്ന് ഞാൻ പഠിക്കുന്നു. വിലപിക്കുന്നത് ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ ചോദ്യങ്ങളും ആശങ്കകളും എനിക്ക് സത്യസന്ധമായി അവന്റെ മുമ്പിൽ വയ്ക്കുവാൻ കഴിയും. ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോയേക്കാമെന്നും ഞാൻ മനസ്സിലാക്കുന്നു; വിലപിക്കുക എന്നത്, എന്റെ ദൈവത്തെ അംഗീകരിക്കുന്നതും, എന്റെ ചോദ്യങ്ങൾ അവനോട് ഉന്നയിക്കുന്നതുമാണ്.

“എനിക്ക് ദാഹിക്കുന്നു” (യോഹന്നാൻ 19:28) എന്ന് കേൾക്കുമ്പോൾ, യേശു പൂർണ്ണമായും ദൈവമാണെങ്കിലും, അവൻ പൂർണ്ണമായും മനുഷ്യനാണെന്നും ഞാൻ ഓർമ്മിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ അനുഭവിക്കുന്നത് അവൻ അനുഭവിച്ചു.

“നിവൃത്തിയായി!” (യോഹന്നാൻ 19:30) എന്ന് കേൾക്കുമ്പോൾ, നമ്മുടെ രക്ഷകൻ സ്വയം തന്റെ ദൗത്യം പൂർത്തിയാക്കുന്നത് ഞാൻ കാണുന്നു— അവൻ തന്റെ ദൗത്യം പൂർത്തിയാക്കിയതുകൊണ്ടാണ് അവൻ മരിച്ചത്. അപ്പോഴും അവനാണ് എല്ലാം നിയന്ത്രിച്ചിരുന്നത്—മരണം വരെ. താൻ ചെയ്യുവാൻ വന്ന കാര്യം പൂർത്തിയായപ്പോൾ, അവൻ അത് പ്രഖ്യാപിക്കുകയും, ജീവൻ കൈവെടിയുകയും ചെയ്തു.

“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു!” (ലൂക്കോസ് 23:46) എന്ന് കേൾക്കുമ്പോൾ, ക്രിസ്തു തന്റെ ആത്മാവിനെ ദൈവത്തിന്, തന്റെ പിതാവിന്, മനസ്സോടെ വിട്ടുകൊടുക്കുന്നത് ഞാൻ കാണുന്നു. എല്ലാം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ, സമർപ്പണം, സമാധാനം, യഥാർത്ഥ വിശ്വാസം എന്നിവ ഞാൻ കാണുന്നു. കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുക്കുമ്പോൾ ദൈവത്തിൽ വിശ്രമിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലും ഞാൻ കാണുന്നു.

യേശുവിന്റെ ക്രൂശിലെ ഏഴ് മൊഴികളെക്കുറിച്ചുള്ള ധ്യാനം, തിരിഞ്ഞു നോക്കുവാൻ എന്നെ ആഹ്വാനം ചെയ്യുന്നു—എനിക്കറിയില്ലായിരുന്ന ഒരു ക്രൂശിലേക്ക്, അവൻ മരിക്കാൻ വേണ്ടി കെട്ടിത്തൂക്കപ്പെട്ട ഒരു സംഭവത്തിലേക്ക് അത് എന്നെ കൊണ്ടുപോകുന്നു. ക്രിസ്തുവിന്റെ വ്യക്തിത്വത്തിലേക്കും, ഇന്ന് അവൻ നമുക്ക് കാണിച്ചുതരുന്ന മാതൃകയിലേക്കും അത് എന്നെ തിരികെ കൊണ്ടുപോകുന്നു.

മിശിഹായെ പിന്തുടരാനും ദൈവത്തിന്റെ പദ്ധതി പ്രകാരം ജീവിക്കാനും ശ്രമിക്കുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിലൂടെയും ശക്തിയിലൂടെയും നാം എങ്ങനെ ജീവിക്കാൻ പരിശ്രമിക്കണം എന്നതിന്റെ ഒരു തിളക്കമാർന്ന ഉദാഹരണമായിട്ടാണ് യേശു യഥാർത്ഥത്തിൽ ജീവിച്ചത്.

യേശുവിന്റെ അവസാന വാക്കുകൾ അവന്റെ ഹൃദയം, വികാരങ്ങൾ, കരുതൽ, പ്രതിബദ്ധത എന്നിവയെ ഓർമ്മിപ്പിക്കുന്നു. അവന്റെ വാക്കുകൾ നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുവാൻ തക്കവിധത്തിലുള്ള മാതൃകയായിരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു—അവന്റെ രൂപാന്തരപ്പെടുത്തുന്ന കൃപയുടെ ശക്തിയാൽ കഠിനമായ ദിവസങ്ങളിലും, സ്വസ്ഥമായ സമയങ്ങളിലും അവനെപ്പോലെയാകാൻ അവന്റെ വാക്കുകൾ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മറ്റുള്ളവർ നിങ്ങളെ വേദനിപ്പിക്കുമ്പോഴും അവരെ കരുതേണ്ടതിന്റെ ആവശ്യമുണ്ടെന്ന് യേശുവിന്റെ വാക്കുകൾ നിങ്ങളെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ദൈവത്തിന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കേണ്ടത് എങ്ങനെയെന്ന് യേശുവിന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

നമുക്ക് സ്വന്തം ശക്തിയാൽ ക്രിസ്തുവിന്റെ മാതൃക പിന്തുടരുവാൻ സാധ്യമല്ല. അതിന് മിശിഹായിലുള്ള വിശ്വാസം ആവശ്യമാണ്—ദൈവത്തിന്റെ ശക്തിയിലും കൃപയിലും നിരന്തരം ആശ്രയിക്കുകയും വിശ്വാസമർപ്പിക്കുകയും വേണം. നാം എല്ലാ ദിവസവും നമ്മുടെ ജീവിതം അവനു സമർപ്പിക്കണം. യേശു നമുക്ക് വഴി കാണിച്ചുതന്നു; ഇനി പിന്തുടരേണ്ടത് നമ്മുടെ കടമയാണ്.

നിങ്ങൾ അവനെ അനുഗമിക്കുമോ?

കട്ടാര പറ്റൺ, ഔർ ഡെയിലി ബ്രെഡ് രചയിതാവ്