വായിക്കുക: കൊലൊസ്യർ 2:6-9

അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് (വാ. 9)

ദശാബ്ദങ്ങളോളം എനിക്ക് സ്കോട്ട്ലന്റ് ഒരു അഭിനിവേശം ആയിരുന്നു. ചിലപ്പോൾ അത് ബ്രേവ് ഹാർട്ട് എന്ന സിനിമയിലെ വില്യം വാലസിന്റെ നാടകീയ അഭിനയം മൂലമോ അവിടുത്തെ മലമ്പ്രദേശങ്ങളുടെ മനോഹാരിത മൂലമോ ആകാം. അല്ലെങ്കിൽ ചിലപ്പോൾ ഞങ്ങളുടെ പിൻതുടർച്ച ഒരു സ്കോട്ടിഷ് വംശത്തിൽ നിന്നാണെന്ന് എന്റെ പിതാവ് പറഞ്ഞു കേട്ടത് മൂലമാകാം. മിക്കപ്പോഴും ഞാൻ ആ നാടിനെ ഓർക്കുകയും അവിടുത്തെ ആളുകളെക്കുറിച്ച് പല കാര്യങ്ങളും ഭാവനയിൽ കാണുകയും ചെയ്യുമായിരുന്നു. എന്നാൽ ധാരണകളും യാഥാർത്ഥ്യങ്ങളും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. അവിടുത്തെ മണ്ണിൽ കാല് പൂഴ്ത്തുകയും അവിടുത്തെ ഭാഷയുടെ താളം കേൾക്കുകയും സ്കോട്ടിഷ് ഭക്ഷണം കഴിക്കുകയും ചെയ്തപ്പോഴാണ് ആ നാട് എന്താണെന്ന് ശരിക്ക് മനസ്സിലായത്. ഏതു കാര്യവും ഉള്ളതുപോലെ അറിയാൻ നമുക്ക് യഥാർത്ഥ അനുഭവം ഉണ്ടാകണം – കേവലം വായിക്കുകയോ ചിന്തിക്കുകയോ പോരാ.

അതുപോലെ, വചനം പറയുന്നത്, നമുക്ക് ദൈവിക യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കണമെങ്കിൽ യേശുക്രിസ്തുമായി നേരിട്ട് ഇടപെടാൻ കഴിയണം. ദൈവം എന്നത് നിറം മങ്ങിയ കഥകളിലും തൊട്ടാൽ പൊട്ടുന്ന കല്പനകളിലും കാണാൻ കഴിയുന്ന അവ്യക്തവും വിദൂരവുമായ ആശയമല്ല. മാംസരക്തങ്ങളിൽ നമുക്ക് വെളിപ്പെട്ട വ്യക്തിവിശേഷമായ യേശുക്രിസ്തുവാണ് ദൈവം. ദൈവം എന്നത് അശരീരിയായ മതതത്വങ്ങളല്ല. കാരണം “അവനിലല്ലോ ദൈവത്തിന്റെ സർവ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത്” (കൊലൊ. 2:9). ദൈവം എങ്ങനെയുള്ളവനാണെന്ന് അറിയണമെങ്കിൽ യേശുവിനെ നോക്കുക. അവൻ ജഢം ധരിച്ച ദൈവമാണ്.

അതുകൊണ്ട് നാം തിരുവെഴുത്തിലെ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ ദൈവശബ്ദം കേൾക്കുകയാണ്. യേശുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമ്പോൾ ദൈവം ചെയ്യുന്ന കാര്യങ്ങൾ കാണുകയാണ്. യേശുവിൽ നാം ദൈവത്തിന്റെ ഹൃദയവും ദൈവത്തിന്റെ പ്രതീക്ഷകളും ദൈവത്തിന്റെ ഭാവവും ഒക്കെ കാണുന്നു. അവിടുന്ന് ദുഃഖത്തിലും വേദനയിലും ആയിരിക്കുന്നവരുടെ കൂടെ കരയുന്നത് എങ്ങനെയെന്നും യേശുവിൽ നാം കാണുന്നു (യോഹ.11:33-35). ദൈവം ആളുകളെ വിധിച്ച് മാറ്റി നിർത്താതെ ചേർത്തു നിർത്തുന്നത് എങ്ങനെയെന്ന് യേശുവിൽ നാം കാണുന്നു (8:1-11). അധികാരികൾ അധികാര ദുർവ്വിനിയോഗം നടത്തുകയും ദുരാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ദൈവം കോപിക്കുന്നത് എങ്ങനെയെന്നും യേശുവിൽ നാം കാണുന്നു (മത്തായി 21:12-17). നമുക്ക് “അവനിൽ (യേശുവിൽ) വേരൂന്നാം.” (കൊലൊ. 2:7)

അവൻ നിങ്ങളോടും ലോകത്തോടും ഉള്ള ദൈവത്തിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്നു.

-വിൻ കോളിയർ

ചെയ്യാം

ചിന്തിക്കാം : യോഹ.8:1-11 വായിച്ചിട്ട് അത് ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് എന്നാണ് വെളിപ്പെടുത്തുന്നത് എന്ന് ചിന്തിക്കുക. നിങ്ങളെ അതിശയിപ്പിക്കുന്നത് എന്താണ്? ആശ്വസിപ്പിക്കുന്നത് എന്താണ്? വെല്ലുവിളിക്കുന്നത് എങ്ങനെയാണ്?

ചിന്തിക്കാം

ദൈവത്തെക്കുറിച്ചള്ള നിങ്ങളുടെ ധാരണയും യേശുവിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയതും തമ്മിൽ ഒരു പൊരുത്തക്കേട് എവിടെയെങ്കിലും ഉണ്ടോ? യേശുവിന്റെ വ്യക്തിത്വവും ജീവിതവും ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെയാണ് പരിഷ്കരിക്കുന്നത്?


,,,,,

banner image