രത്കാല ഇലകൾ പോലെ നമ്മുടെ ശരീരങ്ങൾ നശ്വരതയുടെ അടയാളങ്ങൾ വഹിക്കുന്നു. എന്നാൽ ഭാവിയിൽ അക്ഷയമായ ശരീരങ്ങൾ പകരം ലഭിക്കും എന്നുള്ളത് കൊണ്ട് നാം ഇപ്പോൾ നമ്മുടെ ശരീരങ്ങളെ അനാദരിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടോ? അധ്യാപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡീൻ ഓൾമൻ, ചുവടെയുള്ള ലേഖനത്തിൽ, നാം നമ്മുടെ സ്വന്തം ശരീരത്തെ പരിപാലിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ പരിപാലിക്കുവാനും കാരണമായിത്തീരും എന്ന് കാണുവാൻ സഹായിക്കുന്നു. രണ്ടും ദൈവത്തിൻ്റെ കൈപണിയുടെ ഉൽപന്നങ്ങളാണ്. രണ്ടും നമ്മുടെ വിശ്വസ്ത മേൽനോട്ടം ആവശ്യപ്പെടുന്നു, ഭാവിയിലെ പുനഃസ്ഥാപനത്തിൻ്റെ വാഗ്ദത്തം പങ്കിടുകയും ചെയ്യുന്നു.

മാർട്ടിൻ ആർ. ഡി ഹാൻ II

banner image

ചാൾസ് ഡാർവിന് തൻ്റെ ജീവിതാവസാന കാലത്ത് രണ്ട് കാര്യങ്ങൾ നിറം മങ്ങിയതായി തോന്നി എന്ന് “പൊല്യൂഷൻ ആൻഡ് ദ് ഡെത്ത് ഓഫ് മാൻ: ദ് ക്രിസ്ത്യൻ വ്യൂ ഓഫ് ഇക്കോളജി” എന്ന പുസ്തകത്തിൽ ഫ്രാൻസിസ് ഷേഫർ പറയുന്നു – കലയിൽ നിന്നും പ്രകൃതിയിൽ നിന്നും തനിക്ക് ലഭിക്കുന്ന ആനന്ദം. ഈ മഹാനായ പ്രകൃതിശാസ്ത്രജ്ഞന് താൻ ജീവിതലക്ഷ്യമായി ഏറ്റെടുത്ത കാര്യത്തോടുള്ള ആവേശം നഷ്ടപ്പെടുന്നതിൻ്റെ വിരോധാഭാസത്തെക്കുറിച്ച് ഷേഫർ അഭിപ്രായപ്പെടുന്നു. എന്നിട്ട് അദ്ദേഹം തുടരുന്നു: ഡാർവിൻ വ്യക്തിപരമായി അനുഭവിച്ചതു പോലെ നമ്മുടെ മൊത്തം സംസ്കാരത്തിൽ ഇതേ ആനന്ദ നഷ്ടം ഇന്ന് നാം കാണുന്നു – ആദ്യം കലയുടെ മേഖലയിൽ, പിന്നെ പ്രകൃതിയുടെ മേഖലയിൽ. ഇതിലെ സങ്കടകരമായ കാര്യം ഇതാണ്… ഈ കാര്യങ്ങളെക്കുറിച്ച് പലപ്പോഴും ക്രിസ്ത്യാനികൾക്ക് അവിശ്വാസികളെക്കാൾ മെച്ചമായ അവബോധം ഉണ്ടായിരുന്നില്ല. പ്രകൃതിയിലുള്ള ആനന്ദത്തിൻ്റെ മരണം പ്രകൃതിയുടെ തന്നെ മരണത്തിലേക്ക് നയിക്കുന്നു.

1960 കളിൽ ഒരു ”ഹിപ്പി സമുദായത്തിന്” സമീപം മലയിടുക്കിന് അപ്പുറം സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ സ്കൂൾ സന്ദർശിച്ചതിൻ്റെ കഥയും ഷേഫർ പറയുന്നു. കൗതുകത്തോടെ, ആ അധിവാസത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഷേഫർ മലയിടുക്കിലൂടെ കടന്നു ചെന്നു.

“പ്രകൃതിയിലുള്ള ആനന്ദത്തിൻ്റെ മരണം പ്രകൃതിയുടെ തന്നെ മരണത്തിലേക്ക് നയിക്കുന്നു”. – ഫ്രാൻസിസ് ഷേഫർ

ആ സമൂഹം വ്യക്തമായും വിജാതീയരായിരുന്നു; നവ യുഗ പ്രസ്ഥാനത്തിന് പൊതുവായുള്ള വിജാതീയ ഭൂമി ആചാരങ്ങൾ പോലും ചെയ്തിരുന്നു. എന്നാൽ ആ സമൂഹം എത്ര ആകർഷകമാണെന്നതും അവർ ആ പ്രദേശം എത്ര ശ്രദ്ധയോടു കൂടി നിലനിർത്തിയിരുന്നു എന്നതും അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞു. രണ്ടു സമുദായങ്ങളുടെയും സ്ഥലങ്ങൾ തമ്മിലുള്ള വ്യത്യാസം അതിരൂക്ഷമായിരുന്നു. വിജാതീയ സമുദായ നേതാവ് ക്രിസ്തീയ സ്കൂളിൻ്റെ “വൃത്തികേടിനെ” കുറിച്ച് ഷേഫറിനോട് അഭിപ്രായപ്പെടുക പോലും ചെയ്തു. ആ അഭിപ്രായത്തോടുള്ള തൻ്റെ പ്രതികരണത്തെക്കുറിച്ച് ഷേഫർ പറയുന്നു: ഇത് എന്തൊരു ഭീകരമായ അവസ്ഥയാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ ക്രിസ്ത്യൻ പ്രദേശത്ത് നിന്ന് കൊണ്ട് ബൊഹീമിയൻ ജനതയുടെ സ്ഥലത്തേക്ക് നോക്കിയപ്പോൾ അത് മനോഹരമായിരുന്നു. മരങ്ങളുടെ നിരപ്പിന് മുകളിൽ വൈദ്യുതി കമ്പികൾ കാണാതിരിക്കുവാൻ പോലും അവർ ശ്രദ്ധ ചെലുത്തിയിരുന്നു. പിന്നെ ഞാൻ വിജാതീയ ഭൂമിയിൽ നിന്ന് കൊണ്ട് ക്രിസ്ത്യൻ സമൂഹത്തെ നോക്കി വൈരൂപ്യം മനസ്സിലാക്കി.

അത് ദാരുണമാണ്. മനുഷ്യൻ്റെ ഉത്തരവാദിത്വവും പ്രകൃതിയുമായുള്ള ശരിയായ ബന്ധവും കണക്കിലെടുക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ക്രിസ്തീയത ഇവിടെയുണ്ട് (പേജ്. 42). ക്രിസ്തീയതയുടെ പതനത്തെക്കുറിച്ചുള്ള മറ്റൊരു വിവരണം മാത്രമായിരുന്നില്ല ഷേഫറിൻ്റെ പുസ്തകം; ലോകത്തിലെ വളരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ ബൈബിൾ തത്വങ്ങൾ പ്രയോഗിക്കാനുള്ള ആഹ്വാനമായിരുന്നു അത്. സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം വീണ്ടും കണ്ടെത്താനുള്ള ക്ഷണമായിരുന്നു അത്. താൻ ഉണ്ടാക്കിയ എല്ലാറ്റിനെയും വിലമതിക്കാനും പരിപാലിക്കാനുള്ള ദൈവത്തിൻ്റെ ഉയർന്ന വിളി നാം മറന്നു പോയാൽ നാം പരസ്പരം കരുതാൻ സാധ്യതയില്ല എന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്. നൂറുവർഷങ്ങൾക്കു മുമ്പ് ജോർജ് മക്ഡൊണാൾഡ് പ്രകടിപ്പിച്ച അവബോധത്തിൽ ആനന്ദവും പുതുക്കപ്പെട്ട ആരാധനയും കണ്ടെത്താൻ ഇനിയും വൈകിയിട്ടില്ല: പുറം ലോകത്തിനു വേണ്ടി അല്ലായിരുന്നെങ്കിൽ, കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്ക് ഒരു ആന്തരിക ലോകം ഉണ്ടാകുമായിരുന്നില്ല. എല്ലാറ്റിനുമുപരിയായി ഈ ദശലക്ഷക്കണക്കിന് കാഴ്ച്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും ചലനങ്ങളും നെയ്തെടുക്കുന്ന അനന്തമായ സംഗീതം ഇല്ലാതെ നമുക്ക് ദൈവത്തെ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. ഉള്ളിലുള്ളത് കുറച്ച് നമ്മെ അറിയിക്കാൻ അവ അവൻ്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നു (വാട്ട്സ് മൈൻ ഇസ് മൈൻ, പേജ്.29).

banner image

സൃഷ്ടിയോടുള്ള ദൈവത്തിൻ്റെ ബന്ധം  – ദൈവം അത് ഉണ്ടാക്കി, അത് അവന് സ്വന്തം – ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉൽപ. 1:1). നിലം ജന്മം വിൽക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എൻ്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ (ലേവ്യാ. 25:23). ഭൂമിയും അതിൻ്റെ പൂർണതയും ഭൂതലവും അതിൻ്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു (സങ്കീ. 24:1). “ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉൽപ. 1:1) എന്ന് ദൈവ വചനം നമ്മോടു പറയുന്നു. പുതിയ നിയമപ്രകാരം, നമ്മിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഈ ലോകത്തിലേക്ക് വന്ന അതേ യേശുവാണ് നമ്മുടെ ലോകത്തെയും അതിലുള്ള സകലത്തെയും ആദ്യം സൃഷ്ടിച്ചവൻ. അവൻ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും സർവസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ച്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (കൊലൊ. 1:15,16).

“നമ്മിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഈ ലോകത്തിലേക്ക് വന്ന അതേ യേശുവാണ് നമ്മുടെ ലോകത്തെയും അതിലുള്ള സകലത്തെയും ആദ്യം സൃഷ്ടിച്ചവൻ.”

ജോർജ് മക്ഡൊണാൾഡ് എഴുതുന്നു, “ലോകം ദൈവത്തിൻ്റേതാണെങ്കിൽ, ഓരോ യഥാർത്ഥ പുരുഷനും സ്ത്രീയ്ക്കും അതിൽ സ്വഭവനം അനുഭവപ്പെടേണ്ടതാണ്. ദൈവ സമാധാനം ഉൾക്കൊള്ളുന്ന വേനൽക്കാല രാത്രിയുടെ ശാന്തത ഹൃദയത്തിൽ ആഴ്ന്നിറങ്ങിയില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്. സത്യവും ലാളിത്യവും സ്രഷ്ടാവിൻ്റെ ശക്തിയും ഉൾക്കൊള്ളുന്ന സൂര്യോദയം ഒരു ദൈവിക തേജസ്സല്ലാത്ത മനുഷ്യനിൽ എന്തോ കുഴപ്പമുണ്ട്.” ഓരോ പദാർത്ഥവും എല്ലാ പ്രാപഞ്ചിക സംഭവങ്ങളും ദൈവത്തിൻ്റെ യാഥാർത്ഥ്യത്തെ വിളിച്ചു പറയുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നത് എന്ന് 19-ാം നൂറ്റാണ്ടിലെ ഈ എഴുത്തുകാരൻ തീർച്ചയായും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് സംശയാതീതമായി, ബൈബിളിൻ്റെ ലോകവീക്ഷണവും മതേതര മാനവികതയുടെ വിശ്വാസങ്ങളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം, ദൈവം ഭൂമിയെ സൃഷ്ടിച്ചുവെന്നും അത് അവ അവനുള്ളതാണെന്നുമുള്ള ക്രിസ്തീയ ധാരണയാണ്. ഈ വിശ്വാസത്തിൽ നിന്ന് ഉരുത്തിരിയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. നാം മറ്റൊരാളുടെ സ്വത്തിൻ്റെ ഉപയോക്താക്കളും കൈവശക്കാരും ആയിരിക്കുമ്പോൾ, ഉടമയുടെയും നമ്മുടെ സ്വന്തം താൽപര്യങ്ങളും നാം ശരിയായ രീതിയിൽ പരിഗണിക്കുന്നു. വാസ്തവത്തിൽ, കുടിയാൻമാരും മേൽവിചാരകൻമാരും എന്ന നിലയിൽ, നമ്മുടെ സ്വന്തം താൽപര്യങ്ങൾ ഉടമയുടേതിന് കീഴെയാണ്. ദൈവത്തിന് സ്വന്തമായ ഭൂമി, വായു, സമയം അല്ലെങ്കിൽ ജീവിതം എന്നിവയുടെ ഏതൊരു ഉപയോഗത്തിലും നമ്മുടെ വെല്ലുവിളി നാം അവനെ മാനിക്കുന്നതിനും നമുക്ക് വേണ്ടി സന്തോഷം കണ്ടെത്തുന്നതിനും അവൻ ഉണ്ടാക്കിയവ എങ്ങനെ ഉപയോഗിക്കാമെന്ന് ആരായുക എന്നുള്ളതാണ്. നൂറിലധികം വർഷങ്ങൾക്ക് മുൻപ്, ദൈവത്തിൻ്റെ ഉടമസ്ഥതയുടെ പ്രായോഗിക അർത്ഥങ്ങൾ ദർശിച്ച് ആഡം ക്ലാർക്ക് എഴുതി: കർത്താവിൻ്റെ പ്രവൃത്തികൾ അനവധിയും വിഭിന്നവുമാണ്. രൂപകൽപനയിൽ ഏറ്റവും തികഞ്ഞ ജ്ഞാനവും, ഒടുവിൽ, അവയുടെ ഉപയോഗവും പ്രകടമാക്കുന്ന വിധത്തിൽ അവ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം ദൈവത്തിൻ്റെ സ്വത്താണ്; അവയുടെ സൃഷ്ടിയുദ്ദേശ്യം സംബന്ധമായി മാത്രമേ അവയെ ഉപയോഗിക്കാൻ പാടുള്ളു. ദൈവ സൃഷ്ടികളുടെ സകല ദുരുപയോഗവും ധൂർത്തും സ്രഷ്ടാവിൻ്റെ സ്വത്തിൻമേലുള്ള കൊള്ളയും കവർച്ചയുമാണ് (ദ് ട്രെഷറി ഓഫ് ഡേവിഡ് – ൽ സ്പർജൻ ഉദ്ധരിച്ചത്, പേജ്.335).

”ദൈവ സൃഷ്ടികളുടെ സകല ദുരുപയോഗവും ധൂർത്തും സ്രഷ്ടാവിൻ്റെ സ്വത്തിൻമേലുള്ള കൊള്ളയും കവർച്ചയുമാണ്.” ആ യാഥാർത്ഥ്യം, ദൈവം കരുതുന്നവയെ കരുതുവാനുള്ള നമ്മുടെ ഉന്നത വിളിയുടെ പൂർണമായ അവബോധത്തിലേക്ക് നമ്മെ എങ്ങനെ ഉണർത്തേണ്ടതാണ്!

”ദൈവ സൃഷ്ടികളുടെ സകല ദുരുപയോഗവും ധൂർത്തും സ്രഷ്ടാവിൻ്റെ സ്വത്തിൻമേലുള്ള കൊള്ളയും കവർച്ചയുമാണ്.” – ആഡം ക്ലാർക്ക്

ആ വാക്കുകൾ എന്നെ എൻ്റെ ഇരുപതുകളുടെ അവസാനത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ഒരു ശരത്കാലത്തിൽ, നിരാശനായ അണ്ണാൻ വേട്ടക്കാരനായ ഞാൻ, ഒരു ഭീമൻ ഓക്കുമരത്തിനു മുകളിലെ മുള്ളൻപന്നിയെ വെടിവച്ചിട്ടു – അത് അവിടെയുണ്ടായിരുന്നതിനാലും എൻ്റെ തോക്കിൽ ചിലവഴിക്കാത്ത ഒരു ഷോട്ട്ഗൺ ഷെൽ ഉണ്ടായിരുന്നതിനാലും മാത്രം! മിഷിഗണിലെ വടക്കൻ കാടുകളിൽ മുള്ളൻപന്നികൾ സാധാരണമാണ്. വുഡ്ചക്ക്‌, ഗോഫർ, നിലയണ്ണാൻ എന്നിവയെ പോലെ “ശല്യപ്പെടുത്തുന്ന മൃഗങ്ങൾ” ആയി കണക്കാക്കപ്പെടുന്നതിനാൽ അവയ്ക്ക് ഫലത്തിൽ വേട്ട നിയമങ്ങളുടെ സുരക്ഷിതത്വം ഇല്ല. ഒരു സാധാരണ കുരുവിയുടെ മരണം ശ്രദ്ധിക്കുന്ന ദൈവം താൻ ഉണ്ടാക്കിയതെല്ലാം നിരീക്ഷിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചിന്താശൂന്യമായി പാഴാക്കിയ ദൈവത്തിൻ്റെ സൃഷ്ടികളിലൊന്നിൻ്റെ നിർജ്ജീവമായ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നിയ ലജ്ജ ദൈവത്തിൻ്റെ സ്വന്തം ഹൃദയത്തിൻ്റെ പ്രതിഫലനമാകാമെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ആ സമയത്ത്, അതിനെ പുരുഷന് ചേരുന്ന വികാരമല്ല എന്ന രീതിയിൽ അവഗണിച്ചു.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം?സ്രഷ്ടാവിൻ്റെ ഭൂമി കൈവശം വയ്ക്കുന്നവർ എന്ന നിലയിൽ നാം ദൈവവചനം പരിശോധിക്കുകയും അവൻ്റെ പ്രദേശത്ത് വസിച്ച് അവനെ മഹത്വപ്പെടുത്തുന്ന വിധത്തിൽ അവൻ്റെ പ്രവൃത്തികൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പ്രാർഥനാപൂർവ്വം പരിഗണിക്കുകയും വേണം എന്ന് അംഗീകരിച്ച് കൊണ്ട്.

ദൈവം അതിനെ സ്നേഹിക്കുന്നു, അതിനെ പരിപാലിക്കുന്നുയഹോവ എല്ലാവർക്കും നല്ലവൻ; തൻ്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു…. നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദം കൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തൻ്റെ സകല വഴികളിലും നീതിമാനും തൻ്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു (സങ്കീ. 145:9,16-17).

താൻ സൃഷ്ടിച്ച സകല വസ്തുക്കളോടും ദൈവത്തിന് “സ്നേഹവും” “മനസ്സലിവും” ഉണ്ടെന്ന് സങ്കീർത്തനക്കാരൻ എത്ര തവണ പ്രസ്താവിച്ചിരിക്കുന്നു എന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു. ഒരു അമ്മ താൻ പ്രസവിച്ചവരെ പരിപാലിക്കുന്നതു പോലെ ദൈവം തൻ്റെ സൃഷ്ടിയെ പരിപാലിക്കുന്നുവെന്ന് ചില എബ്രായ പദങ്ങൾ സൂചിപ്പിക്കുന്നു.

മനുഷ്യനോടും മൃഗങ്ങളോടും സസ്യങ്ങളോടും ഭൂമിയിലെ നിർജ്ജീവവും എന്നാൽ ചലനാത്മകവുമായ ശക്തികളോടും ഉള്ള ദൈവത്തിൻ്റെ മനസ്സലിവിൻ്റെയും കരുതലിൻ്റെയും സമ്പന്നമായ ചിത്രം ലഭിക്കുന്നതിന് 65, 104, 145, 147, 148 എന്നീ സങ്കീർത്തനങ്ങൾ വായിക്കുക. ദൈവം മനുഷ്യനെ ജീവികളേക്കാൾ കൂടുതൽ വിലമതിക്കുന്നു എന്ന് ഗിരിപ്രഭാഷണം വ്യക്തമായി പ്രസ്താവിക്കുമ്പോൾ തന്നെ (മത്താ. 6:25-34), തിരുവെഴുത്തുകളുടെ മുഴുവൻ ഊന്നലും – ഉൽപത്തിയിൽ പറുദീസ നഷ്ടപ്പെട്ടതു മുതൽ വെളിപ്പാടിൽ പറുദീസ വീണ്ടു കിട്ടുന്നതു വരെ – മനുഷ്യനെ മാത്രമല്ല താൻ സൃഷ്ടിച്ച എല്ലാറ്റിനെയും ദൈവം നിധി പോലെ കരുതുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നു എന്നതാണ്.

ഒരു അമ്മ താൻ പ്രസവിച്ചവരെ പരിപാലിക്കുന്നതു പോലെ ദൈവം തൻ്റെ സൃഷ്ടിയെ പരിപാലിക്കുന്നു.

അമേരിക്കൻ വിപ്ലവത്തിന് വർഷങ്ങൾക്ക് മുൻപ്, സഞ്ചാരി പ്രാസംഗികനായ ജോൺ വൂൾമാൻ, വളർത്തു പക്ഷികളുടെ അവഗണനയ്ക്കും അനാവശ്യ നാശത്തിലും കലാശിച്ച ഒരു നീണ്ട സമുദ്ര യാത്രയ്ക്കു ശേഷം തൻ്റെ ഡയറിയിൽ കുറിച്ചു: എല്ലാ ജീവജാലങ്ങൾക്കും അസ്തിത്വം നൽകിയ, കുരുവികളെ പരിപാലിക്കാൻ പോലും വ്യാപിക്കുന്ന സ്നേഹമുള്ള നന്മയുടെ നീരുറവയെ ഞാൻ പലപ്പോഴും ഓർത്തു. എവിടെയാണോ ദൈവസ്നേഹം വാസ്തവത്തിൽ പൂർണത കൈവരിക്കുകയും സർക്കാരിൻ്റെ യഥാർത്ഥ സത്ത ജാഗ്രതയോടെ പരിപാലിക്കപ്പെടുകയും ചെയ്യുന്നത്, അവിടെ നമ്മുടെ സർക്കാരിന് കീഴിൽ നമുക്ക്‌ വിധേയമാക്കപ്പെട്ട എല്ലാ ജീവജാലങ്ങളോടും ആർദ്രതയും മഹാനായ സ്രഷ്ടാവ് അവയ്ക്കായി ഉദ്ദേശിക്കുന്ന ജീവൻ്റെ മാധുര്യം കുറയ്ക്കാതിരിക്കാനുള്ള കരുതലും നമ്മിൽ അനുഭവപ്പെടും. സങ്കീ. 145:9 പ്രസ്താവിക്കുന്നു, “യഹോവ എല്ലാവർക്കും നല്ലവൻ; തൻ്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു.” ദ് ട്രെഷറി ഓഫ് ഡേവിഡ് ൽ ചാൾസ് ഹാഡൻ സ്പർജൻ ഉപസംഹരിക്കുന്നു, “മൃഗങ്ങളോടുള്ള ദയയുടെ കടമ ഈ വാക്യത്തിൽ നിന്ന് യുക്തിസഹമായി വാദിക്കാം. ദൈവമക്കൾ ദയയിൽ തങ്ങളുടെ പിതാവിനെപ്പോലെ ആയിരിക്കേണ്ടതല്ലേ?” (പേജ്.379).

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? മുഴുവൻ സൃഷ്ടികളോടുമുള്ള ദൈവത്തിൻ്റെ കരുതലും മനസ്സലിവും അംഗീകരിക്കുന്നതിലൂടെയും ആ കരുതൽ പ്രകടിപ്പിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു കൊണ്ട് – പ്രത്യേകിച്ച് അവൻ ഇഷ്ടപ്പെടുന്നതും കരുതുന്നതും ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെ.

ദൈവം അതിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നു – ആകാശം ദൈവത്തിൻ്റെ മഹത്ത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവൻ്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല (സങ്കീ. 19:1-3).

സങ്കീർത്തനം 19 ൽ, രണ്ട് പുസ്തകങ്ങളിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നുവെന്ന് ദാവീദ് നമ്മെ ഓർമിപ്പിക്കുന്നു. ഒരു പുസ്തകം ദൈവത്തിൻ്റെ എഴുതപ്പെട്ട വചനമാണ് (വാ.7-11). ഓരോ ദിവസവും ഓരോ വ്യക്തിക്കും ദൈവത്തെ വാചാലമായി വെളിപ്പെടുത്തുന്ന സൃഷ്ടിയുടെ ഉൽകൃഷ്ട കൃതിയാണ് മറ്റൊരു വെളിപ്പാട്. ആദി മുതൽ എല്ലാ കാലങ്ങളിലുമുള്ള എല്ലാ മനുഷ്യരെയും അത്തരമൊരു അവബോധത്തോടെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. പ്രാപഞ്ചിക ലോകത്തിലൂടെ ദൈവം സംസാരിക്കുന്നത് കേൾക്കാത്തവർ സ്വയം വഞ്ചിച്ചിരിക്കുന്നു. റോമിലെ ക്രിസ്ത്യാനികൾക്കുള്ള തൻ്റെ ലേഖനത്തിൽ അപ്പൊസ്തലനായ പൗലൊസ് ഇക്കാര്യം വ്യക്തമായി പറഞ്ഞു: അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അക്തിക്കും അനീതിക്കും നേരേ ദൈവത്തിൻ്റെ കോപം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവൻ്റെ നിത്യശക്തിയും ദിവ്യത്വവുമായി അവൻ്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവൻ്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ (റോമർ 1:18-20).

പ്രപഞ്ചത്തിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന പൗലൊസിൻ്റെ വാദത്തിന് ആകർഷകമായ ഒരു ദൃഷ്ടാന്തം ഇയ്യോബിൻ്റെ പ്രാചീന ദുരന്തത്തിലും കാവ്യത്തിലും കാണപ്പെടുന്നു. ഇയ്യോബിൻ്റെ നാടകം വികസിക്കുമ്പോൾ, തൻ്റെ സുഹൃത്തുക്കളാൽ തെറ്റിദ്ധരിക്കപ്പെട്ട്, സ്വന്തം ദുരവസ്ഥ വിശദീകരിക്കുന്നതിനുള്ള കഴിവില്ലായ്മയിൽ ആശയക്കുഴപ്പത്തിലായി വേദന കൊണ്ടു പുളയുന്ന അവനെ നാം കാണുന്നു. ഇയ്യോബ് മുറിവേറ്റവനായിരുന്നു. താൻ സേവിക്കാൻ ശ്രമിച്ച ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും അവനു തോന്നി. അവൻ ദേഷ്യത്തിലായിരുന്നു. കാരണം, ദൈവം തന്നെ അന്യായമായി പീഡിപ്പിക്കുന്നുവെന്നും ഭയങ്കരമായ ചില രഹസ്യപാപങ്ങൾ നിമിത്തം താൻ കഷ്ടപ്പെടുകയാണെന്ന് സുഹൃത്തുക്കളെ കരുതാൻ അനുവദിക്കുന്നുവെന്നും അവൻ കരുതി.

ഒടുവിൽ, ഇയ്യോബും അവൻ്റെ സുഹൃത്തുക്കളും തമ്മിലുള്ള ദീർഘവും, നിരാശയും കോപവും നിറഞ്ഞ സംഭാഷണങ്ങൾക്കു ശേഷം ദൈവം തന്നെ സംസാരിച്ചു. ഉഗ്രമായ ചുഴലിക്കാറ്റിൽ നിന്ന്, സ്രഷ്ടാവ് ഇയ്യോബിൻ്റെ ശ്രദ്ധ പിടിച്ചുപറ്റുകയും പ്രപഞ്ചത്തെ ഒന്നു കൂടി നോക്കിക്കാണുവാൻ അവനെ വെല്ലുവിളിക്കുകയും ചെയ്തു. പരിസ്ഥിതി ശാസ്ത്രം, മൃഗങ്ങൾ, താൻ ഉണ്ടാക്കിയ കാലാവസ്ഥാ-ഋതു ഭേദങ്ങൾ എന്നിവ പരിഗണിക്കാൻ കർത്താവ് ഇയ്യോബിനോട് ആവശ്യപ്പെട്ടു. ഇങ്ങനെ തുടങ്ങുന്ന തുളച്ചുകയറുന്ന ചോദ്യ പരമ്പരയിലൂടെ ദൈവം ഇയ്യോബിനെ താഴ്ത്തുകയും പിന്നീട് ആശ്വസിപ്പിക്കയും ചെയ്തു: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക (ഇയ്യോബ് 38:2-4).

ചോദ്യം ചെയ്യലിനിടെ, ദൈവം ഇയ്യോബിനെ സംസാരിക്കാൻ അനുവദിച്ചു, പക്ഷേ ആ തകർന്ന ഗോത്രപിതാവിന് പിറുപിറുക്കാൻ മാത്രമേ സാധിച്ചുള്ളു, ”ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു” (40:4). സ്രഷ്ടാവിൻ്റെ ചോദ്യം ചെയ്യലിൻ്റെ ഉദ്ദേശ്യം, പ്രപഞ്ചത്തെ സൃഷ്ടിക്കാൻ തക്ക ജ്ഞാനവും ശക്തിയുമുള്ള ഒരു ദൈവം ഇയ്യോബിന് കഷ്ടപ്പാടുകൾ അനുവദിക്കുന്നതിലും താൻ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ തീർച്ചയായും വലിയവനാണെന്ന് തൻ്റെ ചുറ്റുമുള്ള ലോകത്തിൽ നിന്നും ഇയ്യോബിന് മനസ്സിലാകണം എന്നതായിരുന്നു. പ്രാപഞ്ചിക ലോകത്തിലൂടെ ദൈവം പറഞ്ഞ കാര്യങ്ങളാൽ താഴ്മപ്പെട്ട് ഇയ്യോബ് ഏറ്റുപറഞ്ഞു, “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അദ്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3).

ദൈവം വാക്കാൽ സംസാരിക്കുന്നില്ലെങ്കിലും, സൃഷ്ടിയെക്കുറിച്ചുള്ള പഠനം സ്രഷ്ടാവിൻ്റെ മുമ്പിൽ നിശബ്ദ വിസ്മയത്തോടെ നിൽക്കാൻ നമ്മെ നിർബന്ധിച്ച് വാചാലതയോടെ സംസാരിക്കുന്നു: ഭാവനാതീതമായ വിധത്തിൽ പെരുമാറുന്ന അടിസ്ഥാന ദ്രവ്യത്തിൻ്റെ മൂലകങ്ങൾ, “പ്രകാശവർഷങ്ങൾ” പോലെയുള്ള വിശാല മനുഷ്യവിഭാഗങ്ങൾ ഏതാണ്ട് അർത്ഥശൂന്യമായി മാറുന്ന വിധത്തിൽ എണ്ണത്തിലും വിസ്തൃതിയിലും അതിവിശാലമായ നക്ഷത്രസമൂഹഗണങ്ങൾ. ചെറിയവ കൂടുതൽ ചെറുതാകുന്നു, വലിയവ കൂടുതൽ വലുതാകുന്നു. അതെല്ലാം മാനുഷിക ധാരണയുടെ പരിധിയിൽ കൊണ്ടു വരാനുള്ള ശ്രമം എല്ലായ്പ്പോഴും ചെയ്യാറുള്ളത് ചെയ്യുന്നു: ഒന്നുകിൽ നാം ദൈവത്തെ കണ്ട് ഭയഭക്തിയോടെയും താഴ്മയോടെയും അവനെ ആരാധിക്കുന്നു, അല്ലെങ്കിൽ നാം “സത്യത്തെ തടുത്ത്” (റോമർ 1:18) സ്വയം അടിച്ചേൽപ്പിച്ച അന്ധതയിൽ അലഞ്ഞു തിരിയുന്നു. സൃഷ്ടി ദൈവത്തിൻ്റെ “മറ്റൊരു പുസ്തകം” ആണെന്ന വീക്ഷണത്തെ ക്ലാസിക്കൽ ദൈവശാസ്ത്രം പിന്തുണയ്ക്കുന്നു; അതിൽ “പൊതു വെളിപാട്” എന്ന് വിളിക്കപ്പെടുന്നതിൻ്റെ പ്രധാന ഘടകമായി സൃഷ്ടി ഉൾപ്പെടുന്നു. എല്ലാ കാലത്തും എല്ലായിടത്തും എല്ലാ മനുഷ്യർക്കും നൽകപ്പെട്ട വെളിപാടാണിത്. ഇത് പ്രാപഞ്ചിക ലോകത്തെയും അതിൻ്റെ പ്രക്രിയകളെയും അല്ലെങ്കിൽ പ്രകൃതി നിയമത്തെയും സൂചിപ്പിക്കുന്നു – പൗലൊസ് പറയുന്ന “ഹൃദയത്തിൽ എഴുതിയിരിക്കുന്ന”, “മനസ്സാക്ഷി കൂടെ സാക്ഷ്യം പറയുന്ന” ന്യായപ്രമാണം (റോമർ 2:15). അതിൽ ദൈവത്തിൻ്റെ തുടരുന്ന പരമാധികാരഹിതം മനുഷ്യരുടെ ഇടപാടുകളിൽ തെളിയുന്നതിൻ്റെ രേഖയായ മനുഷ്യചരിത്രവും ഉൾപ്പെടുന്നു. പ്രത്യേക വെളിപാടിൽ (ബൈബിൾ) മാത്രമല്ല, പൊതു വെളിപാടിലും (സൃഷ്ടി) സത്യം നമുക്ക് വെളിപ്പെടുന്നു. “എല്ലാ സത്യവും ദൈവത്തിൻ്റെ സത്യമാണ്” എന്ന് പറഞ്ഞപ്പോൾ ക്രിസ്തീയ അധ്യാപകനായ ഫ്രാങ്ക് ഗേബലൈൻ ഇത് നന്നായി മനസ്സിലാക്കിയിരുന്നു.

പ്രാപഞ്ചിക ലോകത്തിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന വിഷയം ഐസക് വാട്ട്സ് എഴുതിയ “ദൈവ മഹൽ ശക്തിയെ ഞാൻ കീർത്തിക്കുന്നു” എന്ന ഗീതത്തിൽ സ്വാംശീകരിച്ചിട്ടുണ്ട്:

പർവതങ്ങളെ ഉയർത്തിയ ഒഴുകുന്ന സമുദ്രങ്ങളെ വ്യാപിപ്പിച്ച പടുകൂറ്റൻ
ആകാശത്തെ പണിത ദൈവ മഹൽ ശക്തിയെ ഞാൻ കീർത്തിക്കുന്നു
Iപകൽ വാഴുവാൻ സൂര്യനെ നിയമിച്ച ജ്ഞാനത്തെ ഞാൻ കീർത്തിക്കുന്നു;
തൻ്റെ ആജ്ഞയിൽ ചന്ദ്രൻ പൂർണതയിൽ പ്രകാശിക്കുന്നു,
നക്ഷത്രങ്ങൾ അനുസരിക്കുന്നു.
ഭൂമിയെ ആഹാരത്താൽ നിറയ്ക്കുന്ന കർത്താവിൻ്റെ നൻമയെ ഞാൻ കീർത്തിക്കുന്നു;
തൻ്റെ വചനത്താൽ സൃഷ്ടികളെ മെനഞ്ഞു അവയെ നല്ലതെന്ന് താൻ ഉച്ഛരിച്ചു.
ഞാൻ എങ്ങോട്ട് നോക്കിയാലും, കർത്താവ
അങ്ങയുടെ വിസ്മയങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെല്ലാമെന്നോ?
ഞാൻ നടന്നു നീങ്ങുന്ന ഭൂമി പരിശോധിച്ചാലും അല്ലെങ്കിൽ ആകാശത്തിലേക്ക് മിഴി നീട്ടിയാലും!
അങ്ങയുടെ മഹത്വം വർണിക്കാത്ത സസ്യമോ പുഷ്പമോ കീഴെയില്ല; അങ്ങയുടെ സിംഹാസനത്തിൽ നിന്നുള്ള കൽപനയിൽ മേഘങ്ങൾ ഉയരുകയും കൊടുങ്കാറ്റ് വീശുകയും ചെയ്യുന്നു;
അങ്ങയിൽ നിന്ന് ജീവൻ കടമെടുക്കുന്നവയെല്ലാം അങ്ങയുടെ കരുതലിലാണ്,
മനുഷ്യന് ആയിരിക്കാൻ കഴിയുന്ന എല്ലായിടത്തും ദൈവമേ, അങ്ങയുടെ സാന്നിധ്യവുമുണ്ടല്ലോഞാൻ എങ്ങോട്ട് നോക്കിയാലും, കർത്താവേ  

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം?  സൃഷ്ടി നമുക്ക് ദൈവത്തെയും അവിടുത്തെ ഗുണങ്ങളെയും വെളിപ്പെടുത്തുന്ന എണ്ണമറ്റ വഴികളെ കണ്ടെത്തുന്നതിനായി അതിനെ സൂക്ഷ്മമായും ഭയഭക്തിയോടെയും നിരീക്ഷിക്കുമ്പോൾ.

banner image

നാം അതിനെ ആശ്രയിച്ചിരിക്കുന്നു – മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എൻ്റെ ജനത്തിൻ്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എൻ്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എൻ്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എൻ്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽ നിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും (2 ദിനവൃ. 7:13-14). അവൻ മൃഗങ്ങൾക്ക് പുല്ലും മനുഷ്യൻ്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യൻ്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവൻ്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യൻ്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു (സങ്കീ. 104:14,15).

ഭൂമിയുടെ ഫലമില്ലാതെ നമുക്ക് നിലനിൽക്കാനാകില്ല. ദൈവത്തിൻ്റെ പ്രത്യേക വെളിപാടിലെ (ദൈവവചനങ്ങളുടെ പുസ്തകം) നൂറു കണക്കിന് ഭാഗങ്ങൾ ഈ വസ്തുതയെ പിന്തുണയ്ക്കുമ്പോൾ, പൊതുവായ വെളിപാടും (ദൈവപ്രവൃത്തികളുടെ പുസ്തകം) ഈ സത്യത്തെ അനുദിനം നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ ആരോഗ്യത്തിനും ഉപജീവനത്തിനും വേണ്ടി നാം സൃഷ്ടിയുടെ ഫലപ്രാപ്തിയെ പൂർണമായും ആശ്രയിക്കുന്നു.

നാം വിതയുടെയും കൊയ്ത്തിൻ്റെയും ബൈബിൾ തത്ത്വങ്ങൾ ശ്രദ്ധപൂർവം പരിഗണിക്കേണ്ടത് ഈ ആശ്രിതത്വം മൂലമാണ്. ചുരുക്കത്തിൽ, നാം ബുദ്ധിഹീനവും പാപപൂർണവുമായ പെരുമാറ്റം വിതച്ചാൽ, പ്രതികൂലമായ അനന്തരഫലങ്ങൾ കൊയ്യും എന്ന് ഈ തത്ത്വം പറയുന്നു. ചിലപ്പോൾ അനന്തര ഫലങ്ങൾ, പാപത്തിനുള്ള ശിക്ഷയിൽ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രവർത്തനത്തിൻ്റെ പരിണാമമാണ് – നാം ഇപ്പോഴും വിപരീത ഫലങ്ങൾ കൊയ്യുന്ന ആദാമിൻ്റെയും ഹവ്വായുടെയും അനുസരണക്കേടെന്ന പാപത്തിൻ്റെ ഫലമായുണ്ടായ സൃഷ്ടിയുടെ ശാപം പോലെ. മറ്റു ചിലപ്പോൾ അജ്ഞത മൂലമോ അശ്രദ്ധമോ ആയ പെരുമാറ്റത്തിൻ്റെ സ്വാഭാവിക ഫലങ്ങൾ നാം കൊയ്യുന്നു. ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ അമേരിക്കയുടെ ഡസ്റ്റ് ബൗൾ വർഷങ്ങളും സോവിയറ്റ് യൂണിയൻ്റെ ചെർണോബിലെ ആണവ ദുരന്തവും ഇത്തരത്തിലുള്ള കൊയ്ത്തിൻ്റെ ഉദാഹരണങ്ങളാണ്.

എന്നിരുന്നാലും, ശബ്ബത്ത് ആചരിക്കുന്നതിന് ആത്മീയ കാരണങ്ങളുണ്ടായിരുന്നു. ജനം ശബ്ബത്ത് നിയമങ്ങൾ ലംഘിച്ചപ്പോൾ, ദൈവം അമാനുഷികമായി അവരുടെ മേൽ ന്യായവിധി കൊണ്ടുവന്നു. 2 ദിനവൃത്താന്തം 36 – ൽ യഹൂദായുടെ അടിമത്തത്തിനുള്ള കാരണങ്ങൾ വായിക്കുക. ഈ വിവരണം 20, 21 വാക്യങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു: വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസി രാജ്യത്തിന് ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവനും അവൻ്റെ പുത്രന്മാർക്കും അടിമകളായിരുന്നു. യിരെമ്യാ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിൻ്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളംതന്നെ; എഴുപത് സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്ത് അനുഭവിച്ചു.

നമ്മുടെ ആത്മീയ സ്വഭാവത്തിൻ്റെ പരിപാലനത്തിൽ ദൈവം ശ്രദ്ധാലുവാണ്. ദൈവം നമുക്ക് നൽകിയിട്ടുള്ള “ബാഹ്യ ലോകത്തെ” പരിപാലിക്കാനുള്ള അവൻ്റെ കൽപന നാം ചിന്താശൂന്യമായി തള്ളിക്കളയുമ്പോൾ ലംഘിക്കപ്പെടുന്നത് ആ “ആന്തരിക ലോകം” ആണ്.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? എല്ലാ ജീവജാലങ്ങൾക്കും ജീവൻ്റെയും ആരോഗ്യത്തിൻ്റെയും പ്രകൃതിദത്തവും ഭൗതികവുമായ ഉറവിടമാണ് സൃഷ്ടിയെന്ന് തിരിച്ചറിഞ്ഞ്, അതിൻ്റെ ഫലപ്രാപ്തിയെ സംരക്ഷിക്കാനും സൂക്ഷിക്കാനും ശ്രമിക്കുന്നതിലൂടെ.

നാം അതിൻ്റെ ഗൃഹവിചാരകന്മാരാണ് – യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ് വാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉൽപ. 2:15). വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും (ലൂക്കൊ. 12:48).

ഓരോ ദിവസത്തെയും ഭൂരിഭാഗം സമയവും നിങ്ങളുടെ കുട്ടികളുടെ ശുശ്രൂഷയിൽ ചെലവഴിച്ചതിന് ശേഷം രാത്രി കിടക്കയിലേക്ക് ഇഴഞ്ഞു കയറുന്ന കാലങ്ങൾ മാതാപിതാക്കളായ എല്ലാവർക്കും നന്നായി അറിയാം. നിങ്ങളുടെ കുട്ടികളെ പരിപാലിക്കുന്ന ദിവസങ്ങൾക്കിടയിൽ, എല്ലാ പ്രവർത്തനങ്ങളും നിങ്ങളുടെ കുട്ടികളുമായി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടതായി തോന്നുന്നു. ചീത്തയായ ഡയപ്പർ മാറ്റുമ്പോൾ അല്ലെങ്കിൽ എമർജൻസി മുറിയിലെ ഫിസിഷ്യൻ ഒടിഞ്ഞ കൈയിൽ പ്ലാസ്റ്ററിടുമ്പോൾ പേടിച്ചരണ്ടിരിക്കുന്ന നിങ്ങളുടെ കുട്ടിയെ ആശ്വസിപ്പിക്കുമ്പോൾ, ഗ്ലാമറിനെക്കുറിച്ചോ നിങ്ങളുടെ സ്വന്തം കുട്ടികളുടെ മേൽ അധികാരമുള്ളയാളെന്ന ശക്തിയെക്കുറിച്ചോ നിങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ഏതൊരു ചിന്തയും നിങ്ങളെ പരിഹസിക്കാൻ മടങ്ങിയെത്തുന്നു. “അപ്പോൾ ചുമതല വഹിക്കുന്നത് ഇതുപോലെയാണ്!” നിങ്ങൾ ചിന്താമഗ്നരാകുന്നു.

സൃഷ്ടിയോടുള്ള ദൈവവുമായി നാം പങ്കിടുന്ന ബന്ധത്തെക്കുറിച്ചുള്ള മുൻ വിഷയങ്ങളെല്ലാം സമാനമായ ഒരു യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്നു: പ്രാപഞ്ചിക ലോകത്തിലേക്ക് താൻ നിർമ്മിച്ച എല്ലാ സാധ്യതകളും വികസിപ്പിക്കുന്നതിന് ദൈവം മനുഷ്യനെ ചുമതലപ്പെടുത്തി. സങ്കീർത്തനം 8 ൽ ദാവീദ് നമുക്കായി ഇത് കാവ്യാത്മകമായി വിവരിച്ചിരിക്കുന്നു: നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിൻ്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവൻ്റെ കാല്കീഴെയാക്കിയിരിക്കുന്നു; ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയുംതന്നെ. ഞങ്ങളുടെ കർത്താവായ യഹോവേ, നിൻ്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! (വാ.5-9).

പ്രാപഞ്ചിക ലോകത്തിലേക്ക് താൻ നിർമ്മിച്ച എല്ലാ സാധ്യതകളും വികസിപ്പിക്കുന്നതിന് ദൈവം മനുഷ്യനെ ചുമതലപ്പെടുത്തി.

മനുഷ്യവർഗം ഭൂമിയിലെ “ദാസഗണം” ആണെന്ന് ചില ബൈബിൾ പണ്ഡിതർ ഉചിതമായി നിരീക്ഷിച്ചിട്ടുണ്ട്. സ്രഷ്ടാവായ ദൈവം നമുക്ക് ആധിപത്യം നൽകിയിട്ടുണ്ടെങ്കിലും, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാൻ വന്നു” (മത്താ. 20:28) എന്നു പറഞ്ഞ ദാസരാജാവായ യേശുവിനെ അനുകരിക്കുന്ന വിധത്തിലാണ് നാം നമ്മുടെ ആധിപത്യ ചുമതലകൾ നിർവഹിക്കേണ്ടത്. നമ്മുടെ ആധിപത്യത്തിൽ, നാം ദൈവത്തിൻ്റെ ദാസന്മാരാണെന്ന് നാം മനസ്സിലാക്കണം. ഒരർഥത്തിൽ, നാം ഇടയിൽ നിന്ന് സേവിക്കുന്നവരാണ്: ഭൂമിയുടെ സ്രഷ്ടാവിനെയും അവൻ്റെ സൃഷ്ടിയെയും നാം സേവിക്കുന്നു.

ഈ സത്യം ഉൽപത്തി 2:15 ൽ എടുത്തു കാണിക്കുന്നു. അതിൽ ഭൂമിയെ പരിപാലിക്കുകയും മേയിക്കുകയും എന്ന ജോലി, എബ്രായ പദങ്ങളുടെ പൂർണമായ അർഥത്തിൽ, ആർക്കെങ്കിലും വേണ്ടി ജോലി ചെയ്യുക, ആരെയെങ്കിലും ശുശ്രൂഷിക്കുക, ജീവൻ രക്ഷിക്കുക, ഭൂമിയെ നിരീക്ഷിക്കുകയും കാവൽ ചെയ്ത് സംരക്ഷിക്കുകയും ചെയ്യുക എന്നെല്ലാമാണ്. നമ്മുടെ വേഷത്തെ മലയാളത്തിൽ ഏറ്റവും നന്നായി ചിത്രീകരിക്കുന്ന പദം ഗൃഹവിചാരകത്വം എന്നതാണ്.

നാം ഇടയിൽ നിന്ന് സേവിക്കുന്നവരാണ്: ഭൂമിയുടെ സ്രഷ്ടാവിനെയും അവൻ്റെ സൃഷ്ടിയെയും നാം സേവിക്കുന്നു.

യജമാനൻ ചുമതലകൾ ഏൽപിച്ചിരിക്കുന്ന വ്യക്തിയാണ് ഗൃഹവിചാരകൻ. ഗൃഹവിചാരകത്വത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള എല്ലാ ബൈബിൾ ഭാഗങ്ങളും സംഗ്രഹിക്കുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഗൃഹവിചാരകത്വത്തെ പറ്റി അവ തുടർന്നുള്ളത് സൂചിപ്പിക്കുന്നു:

  • • നാം നമ്മുടെ യജമാനൻ്റെ സമ്പത്തിൻ്റെ ആദായം വർദ്ധിപ്പിക്കേണ്ടതാണ് – അത് പാഴാകുന്നതും നശിക്കുന്നതും തടയുകയും വേണം (ഉൽപ. 1:28; മത്താ. 25:14-30; ലൂക്കൊ. 16:1-2).
  • • നമ്മുടെ ഗൃഹവിചാരകത്വത്തിൽ മറ്റുള്ളവരുമായി ഇടപെടുന്നതിൽ നമ്മുടെ യജമാനനെ മാതൃകയാക്കാൻ നാം ശ്രമിക്കണം (മത്താ. 10:25; 18:23-35).
  • • യജമാനനോടുള്ള നമ്മുടെ കടമകൾ വിശ്വസ്തതയോടും സമയബന്ധിതമായും നിർവഹിക്കേണ്ടതാണ് (മത്താ. 24:45-51; 25:21,23).
  • • നാം നമ്മുടെ യജമാനന് നേരിട്ട് ഉത്തരം നൽകേണ്ടവരാണ്, അവനെ അനുസരിക്കുന്നതിൽ പരാജയപ്പെടുന്നതിൻ്റെ അനന്തരഫലങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യാം (ഉൽപ. 2:16-17; 3:14-19; മത്താ. 25:14-30; ലൂക്കൊ. 12:45-48; 16:1-2; റോമ. 14:12).
  • • നമ്മുടെ യജമാനനോട് പതിവായി നന്ദി പ്രകടിപ്പിക്കാൻ നമുക്ക് കാരണമുണ്ട് (സങ്കീ. 1-150; റോമ. 1:21; 2 കൊരി. 9:10-11; ഫിലി. 4:6).
  • • നാം നമ്മുടെ യജമാനൻ്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു (മത്താ. 24:45-51; ലൂക്കൊ 12:35-38). 

ഗൃഹവിചാരകത്വത്തെക്കുറിച്ചുള്ള ഈ ധാരണയോടെ ദൈവത്തിൻ്റെ സൃഷ്ടിയെ സമീപിക്കുന്നത് നമ്മെ താഴ്മയുള്ളവരാക്കും. ദൈവം നമുക്ക് നൽകിയത് സ്വീകരിക്കാനും അതിൻ്റെ ഉപയോഗത്തിലും വികസനത്തിലും അവൻ്റെ നാമത്തെ മാനിക്കുവാനും “ഭൂപാലകർ” എന്ന നിലയിൽ നമുക്ക് ഒരു വലിയ ഉത്തരവാദിത്വവും മഹത്തായ അവസരവും നൽകിയിരിക്കുന്നു. ആധുനിക സമൂഹത്തിലെ സങ്കീർണമായ തൊഴിൽ വിഭജനം നിമിത്തവും നാം ജീവിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ നിമിത്തവും, ഭൂമിയിലും ഫലപുഷ്ടിയുള്ള നിലനിൽപ്പിന് അതിനുള്ള ശേഷിയിലും നമുക്കുള്ള സ്വാധീനത്തെക്കുറിച്ച് നാം പലപ്പോഴും അജ്ഞരാണ്. ഇന്ന് നമ്മിൽ ഭൂരിഭാഗവും സ്വന്തം ഭക്ഷണം ലഭിക്കാൻ നേരിട്ട് മണ്ണ് ഉഴുന്നില്ല – മറ്റൊരാൾ അത് ചെയ്യുന്നു. എന്നാൽ ഭക്ഷണത്തിനായി നാം ചെലവഴിക്കുന്ന ഓരോ രൂപയും, പരോക്ഷമായി മണ്ണിൽ ഒരു ടില്ലർ ഇടുകയും കാർഷിക രാസവസ്തുക്കൾ പ്രയോഗിക്കുകയും ജീവനുള്ള സസ്യങ്ങളിൽ നിന്ന് വിളവെടുക്കുകയും ആ ഭക്ഷണം നമുക്ക് ലഭ്യമാക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഇഗ്നിഷൻ കീകൾ തിരിക്കുകയും ചെയ്യുന്നുവെന്ന് നാം ഓർക്കണം. നമ്മുടെ വസ്ത്രം, പാർപ്പിടം, നമ്മുടെ മറ്റ് ആവശ്യങ്ങൾ, നമ്മുടെ ആഗ്രഹങ്ങൾ എന്നിവയുടെ കാര്യത്തിലും ഇത് സത്യമാണ്. ആ പ്രവർത്തനങ്ങൾ സൃഷ്ടിയിൽ ചെലുത്തുന്ന സ്വാധീനം പരിഗണിക്കാൻ പഴയകാല കർഷകനെപ്പോലെ നാം ഉത്സാഹമുള്ളവരായിരിക്കണം. തൻ്റെ ഭൂമി ശരിയായി പരിപാലിച്ചില്ലെങ്കിൽ, തൻ്റെ സ്വന്തം ജീവനും തൻ്റെ കാര്യവിചാരക കഴിവുകളെ ആശ്രയിക്കുന്ന എല്ലാവരുടെയും ജീവനും താൻ നേരിട്ട് ഭീഷണിപ്പെടുത്തുമെന്ന യാഥാർത്ഥ്യത്തെ അയാൾ ദിവസവും അഭിമുഖീകരിച്ചു.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? ആത്യന്തികമായി നാം ദൈവത്തിൻ്റെ സൃഷ്ടിയുടെ ഒന്നുകിൽ വിശ്വസ്തരോ അല്ലെങ്കിൽ അവിശ്വസ്തരോ ആയ കാര്യവിചാരകൻമാർ ആണെന്നും നമ്മുടെ തിരഞ്ഞെടുപ്പുകൾക്ക് നാം നമ്മുടെ യജമാനനോട് ഉത്തരം പറയേണ്ടവരാണെന്നും ഓർമ്മിച്ചു കൊണ്ട്.

banner image

കർത്താവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിൻ്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ (വെളി. 4:11).

സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാൻ കേട്ടു (വെളി. 5:13). കുറച്ചു വർഷങ്ങൾക്കു മുൻപ്, യെല്ലോസ്റ്റോണിലേക്കും ഗ്രാൻഡ് ടീറ്റോൺസിലേക്കും ഉള്ള ഒരു ക്രിസ്ത്യൻ കോളേജ് പഠനയാത്രയിൽ കൂടെ പോകാൻ എനിക്ക് അവസരം ലഭിച്ചു. ഞാൻ ഒരിക്കലും മറക്കാത്ത ഒരു ഉച്ചതിരിഞ്ഞ്, ടീറ്റോൺസിന് തൊട്ടു കിഴക്കേ പീഠഭൂമിയിൽ ഒരു കുള്ളനെ പോലെ കിടക്കുന്ന, പതിവായി ഫോട്ടോ എടുക്കാറുള്ള, ഒരു ചെറിയ ചാപ്പലിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾ സ്കൂൾ വാൻ നിർത്തിയിട്ടു.

സൃഷ്ടി വിസ്മയാജനകമാണ് – കാരണം അത് തന്നെ വിഭാവനം ചെയ്തവൻ്റെ അനന്തമായ ജ്ഞാനത്തെയും ശക്തിയെയും പ്രതിഫലിപ്പിക്കുന്നു.

ആ അതിമനോഹര ഗാനത്തിൻ്റെ വാക്കുകൾ എൻ്റെ ആത്മാവിനെ ഇളക്കിമറിച്ചപ്പോൾ, താമസിയാതെ കണ്ണുനീർ കൊണ്ടു എൻ്റെ കണ്ണുകളിലെ പ്രൗഢമായ പ്രകൃതി ദൃശ്യം മറഞ്ഞു: അത്യഗാധം ആഴിയനന്ത വാനം, താരാജാലം കാനന പർവ്വതം, മാരിവില്ലും താരും തളിരുമെല്ലാം നിൻ മഹത്വം ഘോഷിക്കും സന്തതം, അത്യുച്ചത്തിൽ പാടും ഞാൻ, കർത്താവേ; അങ്ങെത്രയോ മഹോന്നതൻ, അങ്ങെത്രയോ മഹോന്നതൻ! അത്തരമൊരു സാഹചര്യത്തിൽ നമുക്ക് ആരാധനയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾ ആ വരികളിൽ ജീവിക്കുന്നത് പോലെയായിരുന്നു, സകല അനുഗ്രഹങ്ങളും പ്രവഹിക്കുന്ന ദൈവത്തെ കീഴെയുള്ള എല്ലാ ജീവജാലങ്ങൾക്കുമൊപ്പം സ്തുതിച്ചു. എല്ലാ കാലത്തും എല്ലാ മനുഷ്യരെയും പ്രകൃതിയുമായുള്ള ആഴത്തിലുള്ള അനുഭവം അവരെ ആരാധിക്കാൻ പ്രേരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആരാധനയ്ക്ക് കാരണം ഉണ്ടെങ്കിലും, നാം അതിനുള്ള അവസരം ഉപയോഗിക്കുമെന്ന് അർഥമാകുന്നില്ല. റോമാ ലേഖനത്തിലെ ആദ്യ അധ്യായത്തിൽ പൗലൊസ് ഇത് സ്ഥിരീകരിച്ചു. ദുഃഖകരമെന്നു പറയട്ടെ, സ്രഷ്ടാവിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ശ്രമിക്കുന്നവർ പകരം സൃഷ്ടിയെ ആരാധിക്കാൻ തിരഞ്ഞെടുക്കുന്നു. പൗലൊസ് വിശദീകരിച്ചു:

അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർഥരായിത്തീർന്നു. അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി. ജ്ഞാനികൾ എന്നു പറഞ്ഞു കൊണ്ട് അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിൻ്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്ത ശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിൻ്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ (റോമർ 1:21-25).

സൃഷ്ടി വിസ്മയാജനകമാണ് – കാരണം അത് തന്നെ വിഭാവനം ചെയ്തവൻ്റെ അനന്തമായ ജ്ഞാനത്തെയും ശക്തിയെയും പ്രതിഫലിപ്പിക്കുന്നു. കണ്ടെത്തുന്ന എല്ലാവരെയും അമ്പരിപ്പിക്കുന്ന അദ്ഭുതങ്ങളും രഹസ്യങ്ങളും അത് ഉൾക്കൊള്ളുന്നു. ബൈബിൾ പ്രകാരം, ഈ പ്രാപഞ്ചിക ലോകം പണ്ടത്തെ പ്രവാചകന്മാരോടൊപ്പം ചേർന്ന് എല്ലാ സമയത്തും എല്ലാ സ്ഥലങ്ങളിലുമുള്ള എല്ലാ മനുഷ്യരോടും സ്രഷ്ടാവായ ദൈവത്തിൻ്റെ മഹത്ത്വം വാചാലമായി പ്രഖ്യാപിക്കുന്നു. സ്രഷ്ടാവിനെ നിരാകരിക്കുന്നവർക്ക്, സ്രഷ്ടാവിൻ്റെ കൈപണിയെ അറിയാതെ ആരാധിക്കുക എന്നതാണ് ഏക പോംവഴി. ദൈവത്തിൻ്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമായ മനുഷ്യനാണ് ദൈവത്തിന് പകരക്കാരനാകാൻ ഏറ്റവും സാധ്യതയുള്ളത്. ഇതര ദൈവങ്ങളെ രൂപപ്പെടുത്തുന്നതിന് സൃഷ്ടിയെ ഉപയോഗിക്കുന്നതിനുള്ള എണ്ണമറ്റ വഴികൾ കണ്ടെത്തിയ മനുഷ്യൻ, സ്വാതന്ത്ര്യത്തിനും പെട്ടന്നുള്ള ആനന്ദത്തിനും വേണ്ടിയുള്ള സ്വന്തം ആഗ്രഹത്തിൽ മുഴുകുന്നു.

ചരിത്രപരമായി, സൂര്യൻ, ചന്ദ്രൻ, ജന്തുലോകം, സമുദ്രങ്ങൾ, “ഭൂമി മാതാവ്” എന്നിവയെല്ലാം ആരാധനയ്ക്കു യോഗ്യനായ ഒരുവനെയല്ലാതെ മറ്റെന്തിനെയും ആരാധിക്കാൻ ബാധ്യസ്ഥരായ ഒരു വിമത വംശത്തിൽ നിന്ന് മാറി മാറി ആരാധന സ്വീകരിക്കുന്നു.

സ്രഷ്ടാവിനെ നിരാകരിക്കുന്നവർക്ക്, സ്രഷ്ടാവിൻ്റെ കൈപണിയെ അറിയാതെ ആരാധിക്കുക എന്നതാണ് ഏക പോംവഴി.

എന്നിട്ടും സൃഷ്ടിയെ സ്വയം സംസാരിക്കാൻ അനുവദിക്കുമ്പോൾ, സൂര്യനും നക്ഷത്രങ്ങളും പർവതങ്ങളും സമുദ്രങ്ങളും ലോകത്തിലെ എല്ലാ സസ്യങ്ങളോടും മൃഗങ്ങളോടും കൂടെ ചേർന്ന് ഏകസത്യ ദൈവത്തിൻ്റെ അതിരുകവിയുന്ന മഹത്ത്വം പ്രഖ്യാപിക്കുന്നു. തൻ്റെ സ്രഷ്ടാവിനുള്ള ആരാധനയെ പ്രചോദിപ്പിക്കാനുള്ള സൃഷ്ടിയുടെ ഈ കഴിവ് നൂറുകണക്കിന് വർഷങ്ങളായി വിശ്വാസത്തിൻ്റെ സ്തുതിഗീതങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഹെൻറി വാൻ ഡൈക്കിൻ്റെ വരികളും ബീഥോവൻ്റെ ഒമ്പതാം സിംഫണിയിലെ ഗംഭീരമായ സംഗീതവും ചേർന്ന “ജോയ്ഫുൾ, ജോയ്ഫുൾ, വി അഡോർ ദി” എന്ന ഗാനം പരിഗണിക്കുക.

അങ്ങയുടെ എല്ലാ പ്രവൃത്തികളും സന്തോഷത്തോടെ അങ്ങയെ ചുറ്റുന്നു, ഭൂമിയും ആകാശവും അങ്ങയുടെ രശ്മികളെ പ്രതിഫലിപ്പിക്കുന്നു, അഖണ്ഡ സ്തുതിയുടെ കേന്ദ്രമായ അങ്ങയ്ക്കു ചുറ്റും താരകളും ദൂതൻമാരും പാടുന്നു. വയലും കാടും, താഴ് വരയും മലയും, പൂക്കൾ നിറഞ്ഞ പുൽമേടും തിളങ്ങുന്ന സമുദ്രവും, കീർത്തനം പാടുന്ന പക്ഷിയും ഒഴുകുന്ന ഉറവയും അങ്ങയിൽ സന്തോഷിക്കാൻ ഞങ്ങളെ ക്ഷണിക്കുന്നു. ഇതും മറ്റ് നിരവധി സ്തുതിഗീതങ്ങളും തിരുവെഴുത്തുകളുടെ സത്യത്തെ കാവ്യാത്മകമായി പ്രകടിപ്പിക്കുന്നു, ഇത് പ്രാപഞ്ചിക ലോകം പല തരത്തിൽ ദൈവം തൻ്റെ സ്വന്തം കൈകളാൽ നിർമ്മിച്ച ഒരു കത്തീഡ്രലാണെന്ന് സൂചിപ്പിക്കുന്നു. ഒരു വസന്തകാല പ്രഭാതത്തിൽ ആ സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ, എല്ലാ പ്രകൃതിയും സ്രഷ്ടാവിൻ്റെ ആരാധനയിൽ നമ്മോടൊപ്പം ചേരുന്നതായി നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാകും. സങ്കീർത്തനക്കാരനെപ്പോലെ, മരങ്ങൾ കൈകൊട്ടുന്നതും പർവതങ്ങളും അരുവികളും ദൈവത്തെ സ്തുതിക്കുന്നതും നമുക്ക് സങ്കൽപ്പിക്കാൻ കഴിയും – അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിനോ അത് ചെയ്തു കൊണ്ട് അവനെ സേവിക്കുവാൻ അവനെ സ്തുതിക്കുന്നു. അതുപോലെ, ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ നമ്മുടെ അന്തിമവും സമ്പൂർണവുമായ വീണ്ടെടുപ്പിൽ പങ്കുചേരുന്ന ദിവസത്തിനായുള്ള വാഞ്ഛയിൽ ഞരങ്ങുന്ന തരത്തിൽ ശാപത്താൽ അടിച്ചമർത്തപ്പെടുകയും പാപപൂർണമായ മനുഷ്യരാശിയാൽ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രപഞ്ചത്തോട്, നമുക്ക് ഒരു കാര്യവിചാരകൻ്റെ സഹാനുഭൂതി ആവശ്യമാണ് (റോമ. 8:18-23).

പ്രാപഞ്ചിക ലോകം പല തരത്തിൽ ദൈവം തൻ്റെ സ്വന്തം കൈകളാൽ നിർമ്മിച്ച ഒരു കത്തീഡ്രലാണ്.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? പ്രപഞ്ചത്തോടു കൂടെയുള്ള സഹ ആരാധകർ എന്ന നിലയിലെ നമ്മുടെ എളിയ സ്ഥാനം തിരിച്ചറിയുകയും ആസ്വദിക്കുകയും, നമ്മുടെ പരസ്പര സ്രഷ്ടാവും പരിപാലകനും വീണ്ടെടുപ്പുകാരനും ആയവനെ നിഗൂഢമായി ഒത്തുചേർന്ന് സ്തുതിക്കുകയും ചെയ്തു കൊണ്ട്.

അത് നമുക്ക് സാക്ഷ്യത്തിനായുള്ള അവസരം നൽകുന്നു

യഹോവയ്ക്കു സ്തോത്രംചെയ് വിൻ; അവൻ നല്ലവനല്ലോ അവൻ്റെ ദയ എന്നേക്കുമുള്ളത്! യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവൻ്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ (സങ്കീ. 107:1-3). എനിക്ക് ഒരു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇക്കോളജി പ്രൊഫസറായ ഒരു സുഹൃത്തുണ്ട്. അദ്ദേഹവും പ്രതിബദ്ധതയുള്ള ക്രിസ്ത്യാനിയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു ജൂത റബ്ബി ഉൾപ്പെടുന്ന ഒരു സദസ്സിൽ പരിസ്ഥിതിവിജ്ഞാനത്തെ കുറിച്ചുള്ള ഒരു ക്രിസ്ത്യൻ വീക്ഷണം അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. അവതരണത്തിൻ്റെ സമാപനത്തിൽ, റബ്ബി അദ്ദേഹത്തോട് പറഞ്ഞു, “ഞാൻ യേശുവിനെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് നിങ്ങളുടെ പ്രസംഗം എന്നെ ഏറെക്കുറെ ബോധ്യപ്പെടുത്തുന്നു.” എൻ്റെ സുഹൃത്ത്, തീർച്ചയായും, അത്തരമൊരു ഏറ്റുപറച്ചിൽ കേട്ട് അദ്ഭുതപ്പെട്ടു. സൃഷ്ടിയെയും അതിൻ്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം ക്രിസ്തീയ വലയങ്ങൾക്കു പുറമേ വളരെ അപൂർവമായി മാത്രമേ ഗ്രഹിക്കപ്പെടുന്നുള്ളൂവെന്ന് അത് അദ്ദേഹത്തിന് ഉറപ്പിച്ചു കൊടുത്തു – ക്രിസ്തീയ വലയങ്ങൾക്കുള്ളിലും അത് കുറവാണ്.

ആ അനുഭവത്തിൽ നിന്നും മറ്റു പലതിൽ നിന്നും, ഭൂമിയെക്കുറിച്ചുള്ള ക്രിസ്തീയ സത്യം അവിശ്വാസികളുടെ കേൾവിയിൽ അവതരിപ്പിക്കുമ്പോൾ അത് അവരെ ശ്രദ്ധിക്കാൻ നിർബന്ധിക്കുമെന്ന് ഈ സർവകലാശാല പ്രൊഫസർ കണ്ടെത്തി. ഭൂമിയുടെ ഉത്ഭവം, അർഥം, വിധി എന്നിവയെക്കുറിച്ചുള്ള ബൈബിൾ വീക്ഷണം സമ്പൂർണ സുവിശേഷവുമായി സംയോജിച്ചാൽ, പാപം മൂലമുണ്ടാകുന്ന ലോകത്തിൻ്റെ പാരിസ്ഥിതിക ദോഷങ്ങൾക്കും പ്രതിസന്ധികൾക്കും ഉള്ള ഒരേയൊരു ഉത്തരം ലഭ്യമാകുന്നു.

തൻ്റെ ദ് ബോഡി എന്ന പുസ്തകത്തിൽ, ചാൾസ് കോൾസൺ യോജിക്കുന്നു: ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നാം സത്യത്തിനായി പോരാടണം. അധികാരത്തിനു വേണ്ടിയോ അല്ലെങ്കിൽ ചില സമകാലിക വിഷയങ്ങളിൽ ആകർഷിക്കപ്പെട്ടതു കൊണ്ടോ അല്ല, പകരം താഴ്മയോടെ ദൈവത്തിനു മഹത്വം കൊണ്ടു വരാൻ വേണ്ടി. ഇക്കാരണത്താൽ, ക്രിസ്ത്യാനികൾ ഏറ്റവും തീവ്രമായ പരിസ്ഥിതി ശാസ്ത്രജ്ഞരായിരിക്കണം. ജീവൻരക്ഷാ മരുന്ന് ലഭ്യമാക്കുന്ന പുറംതൊലിക്കു വേണ്ടി മരങ്ങൾ മുറിക്കുന്നതിനേക്കാൾ പുള്ളി മൂങ്ങകളെ സംരക്ഷിക്കാൻ നാം ആഗ്രഹിക്കുന്നു എന്നതു കൊണ്ടല്ല, മറിച്ച്, ദൈവം പ്രകൃതിയിൽ പ്രതിഫലിപ്പിച്ച സൗന്ദര്യവും മഹത്വവും കവരാതെ, “തോട്ടം” സൂക്ഷിക്കുവാൻ നമുക്ക് കൽപനയുള്ളതിനാൽ. നാം മൃഗങ്ങളെ പരിപാലിക്കണം. തിമിംഗലങ്ങൾ നമ്മുടെ സഹോദരങ്ങൾ ആയതു കൊണ്ടല്ല, മറിച്ച്, മൃഗങ്ങൾ ദൈവരാജ്യത്തിൻ്റെ ഭാഗമായതിനാൽ നാം ആധിപത്യം സ്ഥാപിക്കണം (പേജ്.197).

സൃഷ്ടിയുടെ മേലുള്ള നമ്മുടെ കാര്യവിചാരകത്വത്തിൻ്റെ പങ്കിനെക്കുറിച്ചുള്ള ബൈബിൾ തത്ത്വങ്ങൾ സഭ അപര്യാപ്തമായി മനസ്സിലാക്കുകയും പ്രകടമാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. നേരത്തെ സൂചിപ്പിച്ച പരിസ്ഥിതിശാസ്ത്രത്തെ പറ്റിയുള്ള ക്രിസ്തീയ വീക്ഷണത്തെക്കുറിച്ചുള്ള തൻ്റെ പുസ്തകത്തിൽ, ദൈവത്തിൻ്റെ സൃഷ്ടികൾ അനുഭവിക്കുന്ന പാരിസ്ഥിതിക സമ്മർദം പരിഹരിക്കാനുള്ള സഭയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഫ്രാൻസിസ് ഷേഫർ പറയുന്നു: ഒരു യഥാർത്ഥ ബൈബിൾ ക്രിസ്തീയതയ്ക്ക് പാരിസ്ഥിതിക പ്രതിസന്ധിക്കുള്ള ഉത്തരം ഉണ്ട്. പ്രകൃതിയോട്, ദൈവത്താലുള്ള അതിൻ്റെ സൃഷ്ടിയുടെ സത്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ, സന്തുലിതവും ആരോഗ്യകരവുമായ ഒരു മനോഭാവം അത് പ്രദാനം ചെയ്യുന്നു; ക്രിസ്തുവിലുള്ള വീണ്ടെടുപ്പിൻ്റെ സത്യത്തിൽ നിന്ന് ഉരുവാകുന്ന, പ്രകൃതിയിൽ വീഴ്ച്ചയുടെ ചില ഫലങ്ങളിൽ നിന്ന് ഇവിടെ-ഇപ്പോൾ ലഭിക്കുന്ന ഉറപ്പുള്ള സൗഖ്യത്തിൻ്റെ പ്രത്യാശ അത് പ്രദാനം ചെയ്യുന്നു…. ഭാവിയിൽ ക്രിസ്തുവിൻ്റെ മടങ്ങിവരവിലെ സമ്പൂർണ സൗഖ്യത്തിനായി കാത്തിരിക്കുമ്പോൾ തന്നെ, ക്രിസ്തീയത അധിഷ്ഠിതമായ ശാസ്ത്രസാങ്കേതികവിദ്യ പ്രകൃതിയെ ഗണ്യമായി സുഖപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കണം (പൊല്യൂഷൻ ആൻഡ് ദ് ഡെത്ത് ഓഫ് മാൻ: ദ് ക്രിസ്ത്യൻ വ്യൂ ഓഫ് ഇക്കോളജി, പേജ്.81).

“ഭാവിയിൽ ക്രിസ്തുവിൻ്റെ മടങ്ങിവരവിലെ സമ്പൂർണ സൗഖ്യത്തിനായി കാത്തിരിക്കുമ്പോൾ തന്നെ, ക്രിസ്തീയത അധിഷ്ഠിതമായ ശാസ്ത്രസാങ്കേതികവിദ്യ പ്രകൃതിയെ ഗണ്യമായി സുഖപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കണം.” – ഫ്രാൻസിസ് ഷേഫർ

ക്രിസ്തുവിൻ്റെ അനുയായികൾ എന്ന നിലയിൽ, നാം സ്നേഹിക്കുന്നുവെന്നും ആരാധിക്കുന്നുവെന്നും പറയുന്ന ദൈവത്തിൻ്റെ കൈ പണിക്കു നാം ശ്രദ്ധയും കരുതലും പ്രകാശിപ്പിക്കുന്നില്ലെങ്കിൽ, ദൈവവചന സത്യം ലോകത്തിൻ്റെ എല്ലാ ദുരിതങ്ങളെയും അഭിസംബോധന ചെയ്യുന്നുവെന്ന് ലോകത്തെ കാണിക്കാനുള്ള മികച്ച അവസരമാണ് നമുക്ക് നഷ്ടമാകുന്നത്. കൂടാതെ, നമ്മുടെ ക്രിസ്തീയ പെരുമാറ്റത്തിൽ ദൈവത്തിൻ്റെ ബുദ്ധിയുപദേശം മുഴുവനും ബാധകമാക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ഉണ്ടാകുന്ന ആത്മീയ വിളർച്ചയും നാം അനുഭവിക്കും. നമ്മുടെ സ്രഷ്ടാവിനോടും രക്ഷകനോടുമുള്ള ബഹുമാനം, തൻ്റെ സൃഷ്ടികളോടു അനാദരവ് നാം പ്രകടിപ്പിക്കുന്ന അതേ സമയം പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നുമില്ലെങ്കിലും, എല്ലാറ്റിൻ്റെയും അന്തിമമായ പുനഃസ്ഥാപനത്തിലും നിരപ്പിലും നാം സൃഷ്ടിയോടൊപ്പം പങ്കു ചേരേണ്ടതാണ് (അപ്പൊ. പ്രവൃ. 3:20-21; കൊലൊ. 1:20).

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? നിരീക്ഷിക്കുന്ന ലോകത്തിന്‌ മുമ്പിൽ, നമ്മുടെ സ്രഷ്ടാവിൻ്റെ കൈയിൽ നിന്ന് വരുന്ന എല്ലാ കാര്യങ്ങളിലും ഉചിതമായ കരുതൽ പ്രകടിപ്പിക്കാനുള്ള ഓരോ അവസരവും വിനിയോഗിച്ചു കൊണ്ട്.

banner image

നാം അത് നമ്മുടെ അയൽക്കാരുമായി പങ്കിടുന്നു

കൂട്ടുകാരൻ്റെ മരണത്തിനായി നിഷ്കർഷിക്കരുത്; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിൻ്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരൻ്റെ പാപം നിൻ്റെമേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുത്; നിൻ്റെ ജനത്തിൻ്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം (ലേവ്യാ. 19:16-18).

സാങ്കേതികവിദ്യ പുതിയ ഒരു കാര്യമായി നാം കരുതാറുണ്ട്. അത് അങ്ങനെയല്ല. ആദാം മുതൽ അത് നിലവിലുണ്ട്. സർഗാത്മകരായ മനുഷ്യർ സൃഷ്ടിയുടെ ഘടകങ്ങൾ തങ്ങളുടെ ജോലി ചെയ്യാൻ ഉപയോഗിക്കുന്നതല്ലാതെ മറ്റൊന്നുമല്ല സാങ്കേതികവിദ്യ. നിർഭാഗ്യവശാൽ, ആദാമിൻ്റെ പാപവും അതിൻ്റെ ഫലമായുണ്ടായ സൃഷ്ടിയുടെ ശാപവും മൂലം, സാങ്കേതിക പ്രക്രിയകളും ഉൽപന്നങ്ങളും എല്ലായ്പ്പോഴും തിൻമയ്ക്കും നന്മയ്ക്കും ആയി ഉപയോഗിച്ചു വരുന്നു. കയീൻ മൂർച്ച കൂട്ടിയ ദണ്ഡ് ഉപയോഗിച്ച് നിലം ഉഴുതിരുന്നു – അത് സഹോദരനെ കൊല്ലാനും ഉപയോഗിച്ചു. സാങ്കേതികവിദ്യ ഇന്ന് അതിൻ്റെ വ്യാപ്തി, ഫലപ്രാപ്തി, ദ്രുതഗതിയിലുള്ള മാറ്റം കൊണ്ടുവരാനുള്ള കഴിവ് എന്നിവ കാരണം വളരെ പ്രധാനപ്പെട്ടതാണ്. സാങ്കേതിക വൈദഗ്ധ്യവും വർദ്ധിച്ച ശാസ്ത്രീയ പരിജ്ഞാനവും ഗുണങ്ങളും ദോഷങ്ങളും സഹിതം 50 വർഷങ്ങൾക്കു മുമ്പ് ചിന്തിക്കാനാകാത്ത വിധത്തിൽ ജീവിതത്തെ സങ്കീർണമാക്കുന്നു.

ദൈവത്തിൻ്റെ പൊതുവെളിപ്പാടെന്ന “മറ്റൊരു പുസ്കത്തിൽ” നിന്ന് ഉരുത്തിരിഞ്ഞ ഈ അറിവ്, സ്രഷ്ടാവിൻ്റെ കൽപനകളോടുള്ള അനുസരണത്തിലൂടെ സ്രഷ്ടാവിനെ മഹത്വപ്പെടുത്താൻ ശ്രമിക്കുന്ന ക്രിസ്ത്യാനികൾ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു – പ്രത്യേകിച്ചും നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനുള്ള കൽപന. നമ്മുടെ സങ്കേതികവിദ്യയിലൂടെ നമുക്ക് പാരമ്പര്യമായി ലഭിച്ച നേട്ടങ്ങളും അപകടങ്ങളും ചിത്രീകരിച്ച് നിരവധി പേജുകൾ എഴുതാം. മനുഷ്യനുണ്ടാക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനം, വായു-ജല മലിനീകരണം, മണ്ണൊലിപ്പ്, ശബ്ദമലിനീകരണം, ജീവിവർഗങ്ങളുടെ നാശം, മത്സ്യസമ്പത്തിൻ്റെ ശോഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടും.

ക്രിസ്ത്യാനികൾ എന്ന നിലയിൽ, നമ്മുടെ ചുറ്റുപാടുമുള്ള അയൽക്കാരോട് മനസ്സലിവുള്ള കരുതലോടുകൂടി നമ്മുടെ എല്ലാ തിരഞ്ഞെടുപ്പുകളും നടത്താൻ ബാധ്യസ്ഥരാണ്.

നമ്മുടെ അയൽക്കാരൻ്റെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി സ്വാധീനിക്കാനുള്ള സാധ്യത ബൈബിൾ കാലത്തിനു ശേഷം ആയിരം മടങ്ങ് വർധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക എന്നതാണ് ക്രിസ്ത്യാനികൾക്കുള്ള അത്തരമൊരു വിവരണത്തിൻ്റെ കാതൽ. ഈ ധാരണ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ പരിഗണിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. നമ്മുടെ പെരുമാറ്റവും ജീവിതരീതിയും മൂലം സാധ്യമായ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവഗണിക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാം. പക്ഷേ, ജീവിതം ലളിതമായിരുന്ന കാലത്തെന്ന പോലെ ഇന്നും അങ്ങനെ ചെയ്യുന്നത് പാപമാണ്. സ്രഷ്ടാവായ ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം, നമ്മുടെ ചുറ്റുപാടുമുള്ള അയൽക്കാരോട് മനസ്സലിവുള്ള കരുതലോടുകൂടി നമ്മുടെ എല്ലാ തിരഞ്ഞെടുപ്പുകളും നടത്താൻ ബാധ്യസ്ഥരാണ്. സങ്കേതിക വിദ്യയ്ക്ക് നമ്മുടെ ജീവിതം കൂടുതൽ എളുപ്പവും സുഖകരവും ആവേശകരവും ലാഭകരവുമാക്കാൻ സാധിക്കും. അതേസമയം, തെരുവിൻ്റെ മറുവശത്തും ഭൂലോകത്തിൻ്റെ മറുവശത്തുമുള്ള ആളുകൾക്ക് കഷ്ടത സൃഷ്ടിക്കുന്ന വിധത്തിൽ അത് ദൈവത്തിൻ്റെ സൃഷ്ടിയെ നശിപ്പിക്കുകയും ചെയ്യാം.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? നമ്മുടെ സൃഷ്ടിയുടെ ഉപയോഗം നമ്മുടെ അയൽക്കാരനെ – അടുത്തോ അകലെയോ ഉളള, നേരിട്ടോ അല്ലാതെയോ – വേദനിപ്പിക്കാതിരിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിച്ചു കൊണ്ട്. 

ഭാവി തലമുറകളുമായി നാം അത് പങ്കിടുന്നു

നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ് വിൻ (1 ദിനവൃ. 28:8). തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു (1 തിമൊ. 5:8).

1980-കളിൽ, വ്യാഖ്യാതാക്കൾ പലപ്പോഴും യുവതലമുറയെ ”ഞാൻ തലമുറ” അല്ലെങ്കിൽ “ഇപ്പോൾ തലമുറ” എന്ന് വിളിച്ചിരുന്നു. സാരാംശത്തിൽ, “എനിക്കെല്ലാം വേണം, എനിക്കിപ്പോൾ വേണം,” എന്ന് പറയുന്ന അസ്വസ്ഥജനകമായ ഒരു മനോഭാവം ചെറുപ്പക്കാർക്കിടയിൽ അവർ കണ്ടു. യുവതലമുറ മുതിർന്നവരിൽ കണ്ട അത്യാഗ്രഹവും ഭൗതികത്വവും, ആയിരക്കണക്കിന് മണിക്കൂർ “ഉപഭോക്‌തൃ” പരസ്യങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൻ്റെ സഞ്ചിത ഫലം, ചരിത്രത്തോടുള്ള താൽപര്യം നഷ്ടപ്പെടൽ, കുടുംബ-വിവാഹ സ്ഥാപനങ്ങളുടെ ശിഥിലീകരണം, മതപരമായ മൂല്യങ്ങളുടെ തകർച്ച എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ, അവർ സ്വയം കേന്ദ്രീകൃത സ്വഭാവമുള്ളവരായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്.

അതിനെ പരോപകാരമെന്ന സ്വഭാവഗുണവുമായി താരതമ്യം ചെയ്യുക – മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള നിസ്വാർത്ഥ താൽപര്യം. നിത്യനായ ദൈവത്തിലുള്ള വിശ്വാസം, മറ്റുള്ളവരോടുള്ള മനസ്സലിവ്, സ്വയ ത്യാഗം, ഭാവിയെക്കുറിച്ചുള്ള പ്രത്യാശ തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങൾ പൊതു സംസ്കാരത്തിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ, പരോപകാരം നിലനിൽക്കാനുള്ള സാധ്യത കുറവാണ്. വാസ്തവത്തിൽ, പരോപകാരം എന്ന പദം നിർവചിക്കാൻ പോലും ഇന്നത്തെ മിക്ക ആളുകൾക്കും ബുദ്ധിമുട്ടുണ്ടാകാം.

വചനത്തിൻ്റെ ആളുകൾക്ക് തങ്ങളുടെ മക്കൾക്കായി കരുതി വയ്ക്കാനും അവർക്ക് വിശ്വാസത്തിൻ്റെ അവകാശവും നല്ല ഭൂമിയുടെ ദാനം നൽകാനും ഉത്തരവാദിത്വമുണ്ട് – ബഹുമാനിക്കപ്പെടുന്നതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഒരു സൃഷ്ടി.

മുകളിലെ സംയോജിത തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതുപോലെ, വചനത്തിൻ്റെ ആളുകൾക്ക് തങ്ങളുടെ മക്കൾക്കായി കരുതി വയ്ക്കാനും അവർക്ക് വിശ്വാസത്തിൻ്റെ അവകാശവും നല്ല ഭൂമിയുടെ ദാനം നൽകാനും ഉത്തരവാദിത്വമുണ്ട് – ബഹുമാനിക്കപ്പെടുന്നതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഒരു സൃഷ്ടി. ക്രിസ്തീയ കർഷക-തത്ത്വചിന്തകനായ വെൻഡൽ ബെറി സമുദായത്തിൻ്റെ വിശാലമായ അർഥം അടിവരയിടുന്ന നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് – നമ്മുടെ പൂർവികരും, നമ്മുടെ നിലവിലെ കുടുംബാംഗങ്ങളും അയൽക്കാരും, നമ്മുടെ മൃഗങ്ങളും ഭൂമിയും, നമ്മുടെ പിൻഗാമികളും ഉൾപ്പെടുന്ന സമുദായം. വാട്ട് ആർ പീപ്പിൾ ഫോർ? എന്ന പുസ്തകത്തിൽ നിന്നുള്ള ഈ വാക്കുകൾ, ഞാൻ അവശേഷിപ്പിക്കുന്ന പൈതൃകം കൂടുതൽ ശ്രദ്ധയോടെ പരിഗണിക്കാൻ എന്നെ പ്രേരിപ്പിച്ചു:

നാം ഒരു “ഭാവിയിലെ ലോകം” രൂപപ്പെടുത്തേണ്ടതില്ല; വർത്തമാനകാല ലോകത്തെ നാം പരിപാലിക്കുകയാണെങ്കിൽ, ഭാവിക്ക് നമ്മിൽ നിന്നും പൂർണ നീതി ലഭിച്ചിരിക്കും. നമുക്ക് ഇപ്പോൾ ഉള്ള മണ്ണ്, വനം, പുൽമേടുകൾ, ചതുപ്പുകൾ, മരുഭൂമികൾ, പർവ്വതങ്ങൾ, നദികൾ, തടാകങ്ങൾ, സമുദ്രങ്ങൾ എന്നിവയിൽ ഒരു നല്ല ഭാവി അന്തർലീനമാണ്; നമുക്ക് ലഭ്യമായ ഒരേയൊരു സാധുവായ “ഫ്യൂച്ചറോളജി” ആ കാര്യങ്ങൾ പരിപാലിക്കുക എന്നുള്ളതാണ്. ”മനുഷ്യരാശിയുടെ ഭാവി” ആസൂത്രണം ചെയ്ത് കുഴപ്പിക്കേണ്ട ആവശ്യമില്ല; നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പഠിപ്പിക്കാനും നമുക്ക് എല്ലായ്പ്പോഴും ഉണ്ടായിരുന്ന അതേ ശക്തമായ ആവശ്യമുണ്ട് താനും (പേജ്.188).

”മനുഷ്യരാശിയുടെ ഭാവി” ആസൂത്രണം ചെയ്ത് കുഴപ്പിക്കേണ്ട ആവശ്യമില്ല; നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പഠിപ്പിക്കാനും നമുക്ക് എല്ലായ്പ്പോഴും ഉണ്ടായിരുന്ന അതേ ശക്തമായ ആവശ്യമുണ്ട് താനും. – വെൻഡൽ ബെറി

അനദർ ടേൺ ഓഫ് ദ് ക്രാങ്ക് എന്ന പുസ്തകത്തിൽ ബെറി ഈ അവസാന വരിയെക്കുറിച്ച് വിശദീകരിക്കുന്നു: നമ്മുടെ സ്വന്തം പ്രത്യുത്പാദനക്ഷമതയെ നിലവിൽ ദുരുപയോഗം ചെയ്യുന്നതു പോലെ ലോകത്തെ പരിപാലിക്കാനുള്ള നമ്മുടെ കഴിവിനെ ഇത്ര ശക്തമായി ചോദ്യം ചെയ്യുന്ന ഒന്നും എനിക്കറിയില്ല. കുട്ടികളുടെ പരിപോഷണത്തിന് രൂപം കൊടുക്കുന്ന സംസ്കാരവും സ്വഭാവഗുണങ്ങളും നാം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ലോകത്തെ അദ്ഭുതകരമായ ഫലപുഷ്ടിയിൽ നിന്ന് നമ്മെ പോലെ ജനിച്ച മറ്റ് ജീവജാലങ്ങളെ നമുക്ക് എങ്ങനെ പരിപാലിക്കാനാകും? …. കാരണം എന്തു തന്നെയായാലും, കുട്ടികൾക്കെതിരെ നാം ഇപ്പോൾ ഒരു തരം പൊതുയുദ്ധമാണ് നടത്തുന്നത് എന്നത് ഒരു വസ്തുതയാണ്; അവർ ഗർഭച്ഛിദ്രം ചെയ്യപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ മയക്കുമരുന്ന് എടുക്കുകയോ ബോംബിനിരയാവുകയോ അവഗണിക്കപ്പെടുകയോ, മോശമായ ആഹാരവും അധ്യാപനവും ശിക്ഷണവും ലഭിച്ച് വികലമായി വളർത്തപ്പെടുകയോ ചെയ്യുന്നു. അവരിൽ പലരും യോഗ്യമായ ഒരു ജോലിയും എന്നല്ല, ഒരു തരത്തിലുള്ള ജോലിയും കണ്ടെത്തുകയില്ല. അവരെല്ലാം ക്ഷയിച്ച, രോഗബാധിതവും വിഷലിപ്തവുമായ ഒരു ലോകം അവകാശമാക്കും. നമ്മുടെ പാപങ്ങൾ മാത്രമല്ല, നമ്മുടെ കടങ്ങളും അവരെ സന്ദർശിക്കും. അക്രമത്തിൻ്റെ വഴിയാണ് ഏറ്റവും നല്ല മാർഗമെന്ന് സൂചിപ്പിക്കുന്ന – വ്യാവസായികവും ഭരണകൂടത്തെയും വിനോദത്തെയും സംബന്ധിക്കുന്നതും ആയ – ആയിരക്കണക്കിന് ഉദാഹരണങ്ങൾ നാം അവരുടെ മുന്നിൽ വച്ചിട്ടുണ്ട്. എന്നിട്ട് അവർ തോക്കുകൾ കയ്യിൽ കരുതി ഉപയോഗിക്കുമ്പോൾ ആശ്ചര്യപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന കാപട്യവും നമുക്കുണ്ട് (പേജ്.78-79).

തങ്ങളുടെ ഭൂതകാലത്തെ അമൂല്യമായി കരുതുന്ന, വർത്തമാനകാലത്തെ കാത്തു സൂക്ഷിക്കുന്ന, ഭാവിയെ സുരക്ഷിതമാക്കുന്ന ഒരു സമൂഹത്തിൽ നിന്ന് നാം വളരെ അകലെയാണ്.

ഇതെനിക്കു സുബോധം നൽകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ക്രിസ്ത്യാനികളല്ലാത്ത ആളുകളെ മാത്രമാണ് അദ്ദേഹം വിവരിക്കുന്നതെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ഇത്തരം പല പെരുമാറ്റങ്ങളും മനോഭാവങ്ങളും നമുക്കിടയിൽ ഞാൻ കാണുന്നു. തങ്ങളുടെ ഭൂതകാലത്തെ അമൂല്യമായി കരുതുന്ന, വർത്തമാനകാലത്തെ കാത്തു സൂക്ഷിക്കുന്ന, ഭാവിയെ സുരക്ഷിതമാക്കുന്ന ഒരു സമൂഹത്തിൽ നിന്ന് നാം വളരെ അകലെയാണ്. ഏതു നിമിഷവും മടങ്ങിവരാൻ പോകുന്ന ക്രിസ്തുവിനെ നാം പ്രതീക്ഷിക്കുമ്പോൾ തന്നെ, സൃഷ്ടിയെന്ന ദൈവത്തിൻ്റെ ദാനം നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും – നന്നായി പരിപാലിച്ച്, അത് നമുക്കായി നൽകിയത് അവർക്കും നൽകാനുള്ള കഴിവിൽ കുറവു വരുത്താതെ – നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഈ പ്രതീക്ഷ നമുക്ക് ഉപയോഗിക്കാനാകില്ല.

സൃഷ്ടിയിലെ ദൈവത്തിൻ്റെ വിസ്മയം നമുക്ക് എങ്ങനെ ആഘോഷിക്കാം? നമ്മുടെ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും ജാഗ്രതയും ശ്രദ്ധയും നിമിത്തം നാം ആസ്വദിച്ചതും അതിൽ നിന്ന് ലഭിച്ചതുമായ നിധികൾ, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും പ്രദാനം ചെയ്യാനുള്ള അവയുടെ കഴിവ് സംരക്ഷിക്കാനും പ്രതിരോധിക്കാനും നമുക്ക് കഴിയുന്നതെല്ലാം ചെയ്തു കൊണ്ട്.

വിശ്വാസവും പെരുമാറ്റവും

“പ്രകൃതിയോടുള്ള തെറ്റായ മനോഭാവം, എവിടെയോ, ദൈവത്തോടുള്ള തെറ്റായ മനോഭാവത്തെ സൂചിപ്പിക്കുന്നു.” – ടി. എസ്. ഇലിയട്ട്

പരിസ്ഥിതി പ്രസ്ഥാനത്തിനും നവയുഗ പ്രസ്ഥാനത്തിനും പ്രാഥമികമായി അക്രൈസ്തവ ഉത്ഭവമാണുള്ളത്. ദൈവവചനത്തിന് വിരുദ്ധമായ ഭൂമിയെക്കുറിച്ചുള്ള വിശ്വാസങ്ങളും പെരുമാറ്റങ്ങളും അവർ പതിവായി ആവശ്യപ്പെടുന്നു. തൽഫലമായി, ഭൂമിയെ പരിപാലിക്കുന്നത് പ്രധാനമായും ഭൂമി ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വിജാതീയ ആശയമാണെന്ന് ക്രിസ്തുവിൻ്റെ പല അനുയായികളും കരുതുന്നു. ഈ ജനകീയ പ്രസ്ഥാനങ്ങൾക്ക് വളരെ മുമ്പുതന്നെ ദൈവസൃഷ്ടിയോടുള്ള കരുതൽ സഭയുടെ ഒരു പ്രധാന വിഷയമായിരുന്നു. ക്രിസ്തുവിനു ശേഷമുള്ള അഞ്ചാം നൂറ്റാണ്ട് മുതൽക്കേ, വിളകൾ നട്ടുപിടിപ്പിക്കുന്നതിൽ ദൈവത്തിൻ്റെ അനുഗ്രഹം ചോദിക്കുന്നതിനും അവൻ്റെ കരുതലിന് നന്ദി പറയുന്നതിനുമായി സഭ വർഷത്തിലെ വസന്തകാലത്ത് “യാചനാ ദിനങ്ങൾ” ആചരിക്കുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ വരെ വടക്കേ അമേരിക്കയിൽ ഈ രീതി സാധാരണമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ഭൂരിഭാഗത്തിലും ദൈവത്തിൻ്റെ സൃഷ്ടിയിൽ വാണിജ്യവൽക്കരണത്തിൻ്റെയും ഭൗതികവാദത്തിൻ്റെയും പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. “ദി ഐഡിയ ഓഫ് എ ക്രിസ്ത്യൻ സൊസൈറ്റി” (1939) എന്ന തൻ്റെ ലേഖനത്തിൽ, ടി. എസ്. ഇലിയട്ട് എഴുതി, “പ്രകൃതിയോടുള്ള തെറ്റായ മനോഭാവം, എവിടെയോ, ദൈവത്തോടുള്ള തെറ്റായ മനോഭാവത്തെ സൂചിപ്പിക്കുന്നു” (പേജ്.62).

സൃഷ്ടിയുടെ വിസ്മയം ആഘോഷിക്കാനുള്ള നമ്മുടെ ശ്രമം, ദൈവത്തോടും നാം ആശ്രയിക്കുന്ന അവൻ്റെ കൈപ്പണിയോടുമുള്ള ശരിയായ മനോഭാവം നമ്മിൽ ഉത്തേജിപ്പിക്കട്ടെ.