ദൈവവുമായി ആഴത്തിലുള്ള സൗഹൃദം എങ്ങനെ വളർത്തിയെടുക്കാം!

നമ്മുടെ ഭാരങ്ങൾ പങ്കുവയ്ക്കാനോ, ഏകാന്തതയിലായിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കാനോ ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അതുകൊണ്ട് യേശുവിനോട് നമ്മുടെ ഹൃദയത്തിലുള്ള എല്ലാ കാര്യങ്ങളും പറയാമെന്നത് നാം വളരെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്നാൽ യേശുവിനു നാം എങ്ങനെയുള്ള സ്നേഹിതർ ആണെന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ടോ? അവനിൽ നിന്ന് എന്തെങ്കിലും സ്വീകരിക്കുക എന്നതിനപ്പുറം അവനുമായുള്ള ആഴത്തിലുള്ള സ്‌നേഹബന്ധം വളർത്തിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?

കൈയടിക്കാൻ രണ്ട് കൈകൾ വേണം. അതുപോലെയാണ് എല്ലാ ബന്ധങ്ങളും. എപ്പോഴും കൂടെയുള്ള, ഏറ്റവും നല്ല ഒരു സുഹൃത്തായി ദൈവത്തെ കണ്ടുകൊണ്ട് സന്തോഷത്തോടെ അവനിൽ ആഴത്തിൽ വളരുവാൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇവയാണ്:

    1. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ദൈവത്തെ ക്ഷണിക്കുക

    2. അവനുമായി ഇടപഴകാനും അവനെ അറിയാനും സമയമെടുക്കുക

    3. അവൻ നമ്മോട് എത്രമാത്രം സഹാനുഭൂതി കാണിക്കുന്നുവെന്ന് ഓർക്കുക

    4. അവന്റെ ഉപദേശം തുറന്ന മനസ്സോടെ സ്വീകരിക്കുക

    5. അവന്റെ വേലയിൽ അവനോടൊപ്പം ചേരുക

1. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ദൈവത്തെ ക്ഷണിക്കുക

യോഹന്നാൻ 15:15 നമ്മോട് പറയുന്നത്, യേശുവിന്റെ അനുയായികൾ എന്ന നിലയിൽ, അവൻ നമ്മെ ദാസന്മാർ എന്നല്ല, സുഹൃത്തുക്കൾ എന്നാണ് വിളിക്കുന്നത്. അവൻ “പിതാവിൽ നിന്ന് പഠിച്ചതെല്ലാം” നമ്മോട് പങ്കിടുന്നു.

ദൈവം നമ്മോട് ചെയ്യുന്നതുപോലെ, നമ്മുടെ പദ്ധതികളിലേക്കും തീരുമാനങ്ങളിലേക്കും നാം അവന് നേരിട്ട് പ്രവേശനം നൽകണം.

യേശുവിന്റെ “സുഹൃദ്‍വലയത്തിന്റെ” ഭാഗമാകാനും, ദൈവത്തിന്റെ പദ്ധതികൾ നേരിട്ട് അറിയുവാനും അവൻ നമ്മെ ക്ഷണിക്കുന്നു. അതുകൊണ്ട്, നാം തീരുമാനങ്ങൾ എടുക്കുമ്പോഴും, കാര്യപരിപാടികൾ തയ്യാറാക്കുമ്പോഴും യേശുവിനെക്കൂടി അതിൽ ഉൾപ്പെടുത്തേണ്ടതല്ലേ?

ദൈവത്തെ നമ്മുടെ സുഹൃത്തായി കാണുക എന്നതിനർത്ഥം, കഷ്ടകാലങ്ങളിലോ, നമ്മുടെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ പോകുന്ന സമയത്തോ അനുഗ്രഹത്തിനായി യാചിക്കുക എന്നതല്ല. നാം അവന്റെ ഉപദേശം തേടണം, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവനെ ഉൾപ്പെടുത്തണം, നമ്മുടെ “എല്ലാ വഴികളിലും” അവനു കീഴടങ്ങണം (സദൃശവാക്യങ്ങൾ 3:5-6). അങ്ങനെ, എല്ലാ കാലത്തും നാം അവനോട് ചേർന്ന് നീതിയുടെ പാതകളിൽ നടക്കുകയും വേണം.

2. അവനുമായി ഇടപഴകുവാനും അവനെ അറിയുവാനും സമയമെടുക്കുക

നമ്മുടെ ദിവസത്തിന്റെ വിശേഷങ്ങൾ ഒരു സുഹൃത്തുമായി നിരന്തരം പങ്കുവയ്ക്കുന്നതുപോലെ, നമുക്ക് ദൈവത്തോടും പങ്കുവയ്ക്കാൻ കഴിയും. ദിവസം മുഴുവനും നമുക്ക് ചെറിയ സന്തോഷങ്ങൾ അനുഭവപ്പെടുമ്പോൾ, പ്രപഞ്ചസൃഷ്ടിയിലോ, നാം ധ്യാനിക്കുന്ന ഒരു ബൈബിൾ വാക്യത്തിലോ ദൈവത്തിന്റെ സാന്നിധ്യം കാണുമ്പോൾ, അല്ലെങ്കിൽ ദൈവത്തിന്റെ ഒരു പ്രവൃത്തി പൂർത്തീകരിക്കപ്പെടുന്നത് കാണുമ്പോൾ, ആ നിമിഷങ്ങൾ ദൈവവുമായി പങ്കിടുക. അങ്ങനെ ദൈവത്തെ കൂടുതൽ രുചിച്ചറിയിയുവാൻ നമുക്ക് കഴിയും.

നാം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുക മാത്രം ചെയ്യാതെ, ദൈവത്തെത്തന്നെ യഥാർത്ഥമായി അറിയാൻ പരിശ്രമിക്കണം.

എന്നാൽ അവൻ നമുക്ക് നൽകിയ നല്ല ദാനങ്ങൾ കേവലം ആസ്വദിക്കുന്നതിലുപരിയായി, പുറപ്പാട് 33:13 ൽ മോശെ ആഗ്രഹിച്ചതുപോലെ, ദാതാവിനെത്തന്നെ യഥാർത്ഥമായി അറിയാൻ പരിശ്രമിക്കാം, “ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ.”

കർത്താവിനെ അറിയുവാനും, അവന്റെ അനുകമ്പ ലഭിക്കുവാനും വേണ്ടി അവന്റെ വഴികൾ നമ്മെ പഠിപ്പിക്കാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നമുക്ക് അവന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിക്കാം. ദൈവവചനം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുവാൻ അനുവദിക്കാം. നാം അവനുമായി എത്രയധികം സമയം ചെലവഴിക്കുന്നുവോ, അത്രയധികം അവന്റെ സൗഹൃദം നമ്മുടെ ഹൃദയങ്ങളെ ആനന്ദിപ്പിക്കും (സങ്കീർത്തനം 37:4).

3. അവൻ നമ്മോട് എത്രമാത്രം സഹാനുഭൂതി കാണിക്കുന്നുവെന്ന് ഓർക്കുക

ഒരു നല്ല സുഹൃത്ത് നിങ്ങളെ നിരാശപ്പെടുത്തുകയോ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു തീരുമാനം എടുക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ എന്തുചെയ്യും?

ദൈവത്തിന്റെ പദ്ധതികൾ നമുക്ക് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോഴും നമുക്ക് അവനെ ദൃഢമായി, അഗാധമായി, ത്യാഗപൂർവ്വം സ്നേഹിക്കുവാൻ തീരുമാനമെടുക്കാം..

നമുക്കെല്ലാവർക്കും ദൈവത്തിൽ നിന്ന് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്: നമുക്ക് തീരുമാനമെടുക്കേണ്ട സമയങ്ങളിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ സാധിക്കാതെ വരുമ്പോൾ; ദൈവം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ; അല്ലെങ്കിൽ, നമുക്ക് ഇഷ്ടമില്ലാത്ത വഴിയിലേക്ക് അവൻ നമ്മെ നയിക്കുമ്പോൾ. നാം ദൈവത്തെ ഉപേക്ഷിക്കുമോ, അല്ലെങ്കിൽ, ദൃഢമായി, അഗാധമായി, ത്യാഗപൂർവ്വം അവനെ സ്നേഹിക്കുവാൻ തയ്യാറാകുമോ?

അത്തരം സന്ദർഭങ്ങളിൽ, നമ്മൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ഓർക്കണം. നമ്മെപ്പോലെ പാപികളും മനുഷ്യരുമായ നമ്മുടെ സുഹൃത്തുക്കളെപ്പോലെയല്ല യേശു. അവൻ നമ്മെപ്പോലെ മനുഷ്യനാണെങ്കിലും പാപമില്ലാത്തവനാണ്. അവൻ നമ്മെപ്പോലെ എല്ലാ വിധത്തിലും പ്രലോഭിപ്പിക്കപ്പെട്ട നമ്മുടെ മഹാപുരോഹിതനാണ്. നമ്മുടെ ബലഹീനതകളിൽ സഹാനുഭൂതി കാണിക്കുവാനും, നമുക്ക് മുന്നോട്ടുള്ള ഒരു നല്ല വഴി കാണിച്ചുതരാനും അവന് കഴിയും (ഹെബ്രായർ 4:15).

നമ്മുടെ പരീക്ഷണങ്ങളിലൂടെയും, കഷ്ടപ്പാടുകളിലൂടെയും, ജീവിതത്തിലെ തിരിച്ചടികളിലൂടെയും നാം യേശുവിനോടൊപ്പം നടക്കുമ്പോൾ, നമുക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി അവനാണെന്ന് നാം മനസ്സിലാക്കുന്നു.

4. അവന്റെ ഉപദേശം തുറന്ന മനസ്സോടെ സ്വീകരിക്കുക

നിങ്ങൾക്ക് ഒരു സുഹൃത്ത് അയച്ച ഒരു സന്ദേശം നിങ്ങളെ മുറിപ്പെടുത്തിയതുകൊണ്ട് നിങ്ങൾ ആ സുഹൃത്തിന് മനഃപൂർവ്വം മറുപടി അയയ്ക്കാതിരുന്ന സന്ദർഭം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? (സദൃശവാക്യങ്ങൾ 27:6). പ്രത്യേകിച്ച് നിങ്ങൾ ധാർമ്മികരോഷംപൂണ്ട് ഇരിക്കുകയോ, സ്വാർത്ഥതയുമായി മല്ലിടുകയോ, അല്ലെങ്കിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ നിരാശപ്പെടുകയോ ചെയ്യുന്ന ആ നിമിഷങ്ങളിൽ? അതുപോലെ, ദൈവത്തിന്റെ ഉപദേശം കേൾക്കാതിരിക്കുവാനും, നമ്മുടെ രഹസ്യ പാപങ്ങൾ തുടർന്നുകൊണ്ട് പോകുവാനും വേണ്ടി നാം ദൈവത്തോടുള്ള സംഭാഷണം വിച്ഛേദിക്കാൻ പ്രലോഭിപ്പിക്കപ്പെടുന്നു.

നാം എപ്പോഴും അവനോടൊപ്പം നടക്കേണ്ടതിന് അവന്റെ ശബ്ദത്തിന് എതിരെ നമ്മുടെ ഹൃദയത്തെ കഠിനമാക്കരുത്.

എന്നാൽ അത് യഥാർത്ഥ സുഹൃത്തുക്കളുടെ സ്വഭാവമാണ്. നമ്മെ സഹിക്കുവാൻ കഴിയാത്തതും, നാം സ്നേഹിക്കപ്പെടുവാൻ കൊള്ളാത്തവരുമായ സമയങ്ങളിൽ പോലും അവർ നമ്മോടൊപ്പമുണ്ട്. നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ സ്വാതന്ത്ര്യത്തിൽ നടക്കാൻ അവർ ആഗ്രഹിക്കുന്നു (എബ്രായർ 12:1).

അവന്റെ ശബ്ദത്തിന് (എബ്രായർ 3:12-14) എതിരെ നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കരുത്, അല്ലെങ്കിൽ, അവൻ നമ്മോട് ആവശ്യപ്പെടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നമുക്ക് തോന്നുമ്പോൾ അവനെതിരെ കാതുകൾ അടയ്ക്കരുത്. ആ നിമിഷങ്ങളിൽ അവൻ നമ്മെ സ്വയം-നശിപ്പിക്കുന്ന വഴികളിൽ നിന്ന് രക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നു (റോമർ 2:4).

5. അവന്റെ വേലയിൽ അവനോടൊപ്പം ചേരുക

“ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ” (യോഹന്നാൻ 15:14) എന്ന യേശുവിന്റെ ഈ വാക്കുകളനുസരിച്ച് ജീവിക്കുവാൻ നമ്മിൽ പലരും പാടുപെടുന്നു, കാരണം, ആ അനുസരണം നമ്മുടെ സുഖത്തിലോ, സൗകര്യത്തിലോ അധിഷ്ടിതമല്ല മറിച്ച്, അവനുമായുള്ള നമ്മുടെ ഉടമ്പടി ബന്ധത്തിലാണ് (സങ്കീർത്തനം 25:14).

നമുക്ക് അവന്റെ വേലയിൽ പങ്കുചേരാം. നഷ്ടപ്പെട്ടു പോയവരെയും, ഹൃദയം തകർന്നവരെയും, അടിച്ചമർത്തപ്പെട്ടവരെയും നമ്മുടെ സ്വർഗീയ പിതാവിനോട് നിരപ്പിക്കുവാൻ അവനുമായി പങ്കാളിയാകളാകാം.

എന്നാൽ ഈ അനുസരണവും സൗഹൃദവും ഒരു പദവിയായി നാം കാണുകയാണെങ്കിലോ? അത് ദൈവത്തിന്റെ ആഗ്രഹങ്ങളും, നമുക്കുവേണ്ടിയുള്ള പദ്ധതികളും മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗമായിത്തീരും (യോഹന്നാൻ 15:15). നിങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു പ്രവർത്തനത്തിൽ ഒരു സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ആസ്വാദ്യകരമാണല്ലോ? അതുപോലെ, ദൈവവുമായുള്ള നമ്മുടെ സൗഹൃദത്തിന്റെ സന്തോഷം വളർത്തിയെടുക്കാൻ അവനോടൊപ്പം നടക്കുക, അവനുമായി പങ്കാളിയാകുക, അവനോടൊപ്പം നമ്മുടെ വേല ചെയ്യുക എന്നിവയേക്കാൾ മികച്ച മാർഗ്ഗമില്ല.

യേശുവിന്റെ ദൗത്യം വ്യക്തമാണ്: എല്ലാ മനുഷ്യരെയും ദൈവത്തിന്റെ അത്ഭുതകരമായ വെളിച്ചത്തിലേക്ക് ആകർഷിക്കുകയും നമ്മെ പിതാവിനോട് നിരപ്പിക്കുകയും ചെയ്യുക (2 കൊരിന്ത്യർ 5:18-20). അവന്റെ ദൗത്യം (മത്തായി 25:40) നാം ഏറ്റെടുക്കുമ്പോൾ നമുക്ക് സുഖകരമല്ലാത്ത ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരും: ദൈവത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്തിരിക്കുന്ന ആളുകളുമായി, അതായത്, ഹൃദയം നുറുങ്ങിയവരുമായി, സൗഹൃദം സ്ഥാപിക്കുക (സങ്കീർത്തനം 34:18), പാവപ്പെട്ടവരുമായി നമുക്കുള്ളത് പങ്കിടുക (സദൃശവാക്യങ്ങൾ 19:17), അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുക (സദൃശവാക്യങ്ങൾ 31:8-9).

എന്നാൽ അങ്ങനെ ചെയ്യുന്നത് നമ്മോടുള്ള അവന്റെ കൃപയുടെ വ്യാപ്തി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അവൻ എത്ര പരിശുദ്ധനാണെന്നും, നാം എത്ര പാപികളും നിസ്സഹായരുമാണ് എന്നതും, രാജാധിരാജാവ് നമ്മോട് തന്റെ സ്നേഹവും സൗഹൃദവും കാണിക്കുവാൻ ആഗ്രഹിക്കുന്നു എന്നത് എത്ര അതിശയകരമാണ് എന്നതും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയില്ലാത്തവരുടെ ഹൃദയങ്ങളിലേക്ക് നാം ദൈവത്തിന്റെ പ്രത്യാശ പകരുന്നതിലൂടെ ദൈവത്തിന്റെ ഉദാരമായ സ്നേഹപ്രകടനത്തിനുള്ള നന്ദി നമ്മുടെ ഉള്ളിൽ ജ്വലിപ്പിക്കുന്നു.

ബൈബിളിൽ നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ കാണുകയും, അവനെ ഒരു സുഹൃത്തായി കാണുകയും ചെയ്യുമ്പോൾ, അവനുമായി നാം ബന്ധപ്പെടുന്ന രീതി മാറും—അവനിൽ നാം ആനന്ദിക്കും, അവനോട് നമ്മുടെ ഹൃദയത്തിലുള്ള ചിന്തകളും പദ്ധതികളും പങ്കിടാൻ നാം ആഗ്രഹിക്കും.


അതിനാൽ, മറ്റ് പിതാക്കന്മാരെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇമെയിൽ ഇൻബോക്സിൽ ഞങ്ങളുടെ പ്രതിദിന ധ്യാനചിന്തകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക

 

banner image