വായിക്കുക: ഫിലി. 2:1-13

– – നിങ്ങൾ എല്ലായ്പ്പോഴും അനുസരിച്ചതുപോലെ …ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷക്കായി പ്രവർത്തിക്കുവിൻ. ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായി പ്രവർത്തിക്കുന്നത്. (വാ . 12, 13)

ഞങ്ങളുടെ കുടുംബം ഒരു പുതിയ പട്ടണത്തിലേക്ക് താമസം മാറിയപ്പോൾ അവിടെയുള്ള സഭയിൽ ഡയറക്ടർ ഓഫ് ഡിസൈപ്പിൾഷിപ്പ് എന്ന തസ്തികയിൽ എന്നെ നിയോഗിച്ചു. അതുകൊണ്ട് ഞായറും ബുധനും എനിക്ക് അതീവ തിരക്കായി മാറി. വളരെ വേഗം എന്തെങ്കിലും ഭക്ഷണം തയ്യാറാക്കി , ഭർത്താവിനെയും ചെറിയ പെൺമക്കളെയും കാര്യങ്ങൾ സ്വന്തം ചെയ്യാൻ ഏല്പിച്ച് ഞാൻ പോകുമായിരുന്നു. ഒരു മൈക്രോവേവ് ഉണ്ടായിരുന്നത് വലിയ ഉപകാരമായി. തീരെ സമയം ഇല്ലാത്തപ്പോൾ ഉരുളക്കിഴങ്ങു കൊണ്ട് ലളിതമായ ഒരു ഭക്ഷണമാണ് ഞാൻ ഉണ്ടാക്കിയിരുന്നത്. സാധാരണ ഒരു മണിക്കൂർ ഒക്കെ എടുത്ത് ഉണ്ടാക്കിയിരുന്ന ഈ ഭക്ഷണം അഞ്ചെട്ട് മിനിറ്റു കൊണ്ട് മൈക്രോവേവ് ഓവനിൽ ഉണ്ടാക്കാമായിരുന്നു – അതിവേഗ സംതൃപ്തി!

അതീവ തിരക്കുള്ളപ്പോൾ മൈക്രോവേവ് വലിയൊരു സഹായമായിരുന്നു. എന്നാൽ ആത്മീയ പക്വത ഇതുപോലെ നിമിഷം കൊണ്ട് നേടിയെടുക്കാവുന്നതല്ല എന്ന് എനിക്കറിയാം. പാപരഹിതനായിരുന്ന യേശു പോലും “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു” (ലൂക്കൊസ് 2:52) വരുവാൻ സമയം എടുത്തു. യേശുവും മറ്റ് യഹൂദ കുട്ടികളെപ്പോലെ, വചനം മനപ്പാഠമാക്കി, അത് പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത് തന്റെ പിതാവിനെ മാനിച്ച് ജീവിച്ചു (സങ്കീ. 119:11). യേശു ” അനുസരണം പഠിച്ചു”; വേദനകൾ സഹിച്ചും ദൈവത്തെ അനുസരിക്കുന്നത് പഠിച്ചു. (എബ്രാ. 5:8). നമ്മെപ്പോലെ, യേശുവും വളർന്ന് പക്വത പ്രാപിച്ചു.

ക്രിസ്തുവിനെപ്പോലെയാകുക എന്നത് നാം വിശ്വാസത്തിൽ വളർന്ന് കൂടുതൽ കൂടുതൽ യേശുവിന് സമാനരായി തീരുന്നതാണ് (റോമർ 8:29). ദൈവശക്തിയാൽ നാം അവനെ അനുസരിക്കുകയും, നമ്മുടെ സ്വയമോ മറ്റുളളവരുടെയോ അല്ല, ദൈവത്തിന്റെ പദ്ധതികൾ പ്രകാരം പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം രക്ഷയുടെ ഫലമായ പ്രവൃത്തികൾ വെളിപ്പെടുത്തുകയാണ്. ഇങ്ങനെ ആകുമ്പോൾ ദൈവപ്രസാദത്തിനായി ആഗ്രഹിക്കാനും പ്രവർത്തിക്കാനും വേണ്ടി (ഫിലി.2: 12,13) ദൈവം നമ്മിൽ പ്രവർത്തിക്കുകയാണെന്ന് ഉറപ്പിക്കാം. നാം നിരവധിയായ ചെറു കാര്യങ്ങളിൽ ദൈവത്തെ അനുസരിക്കുമ്പോൾ തന്റെ പുത്രനോട് അനുരൂപമാകുന്ന ഒരു ജീവിതം നമ്മിൽ രൂപപ്പെടുകയാണ്.

—മർലീന ഗ്രേവ്സ്

ചെയ്യാം

റോമർ 12:1-2 വായിച്ചിട്ട്, ശരീരത്തെ ജീവനുള്ള യാഗമായി ദൈവത്തിന് സമർപ്പിക്കുക എന്നാൽ എന്താണെന്ന് ചിന്തിക്കുക

ചിന്തിക്കാം

ക്രിസ്ത്വാനുരൂപമായി വളരുന്നതിന് ദൈവം തന്റെ ശക്തി എങ്ങനെയാണ് നിങ്ങൾക്ക് നല്കുന്നത്? അവനെപ്പോലെയാകുക എന്നത് സമയം എടുക്കുന്ന ഒരു പ്രക്രിയയാണെന്ന് തിരിച്ചറിയുന്നതിന്റെ പ്രാധാന്യം എന്താണ്?

,,,,,

banner image