Month: ജൂൺ 2019

കണ്ണാടിയിലെ വസ്തുക്കള്‍

'കൂടുതല്‍ വേഗത്തില്‍ പോയേ തീരു'' 1993 ലെ ജുറാസ്സിക്ക് പാര്‍ക്ക് സിനിമയില്‍ ജെഫ് ഗോള്‍ഡ്ബ്ലും അഭിനയിച്ച കഥാപാത്രം ഡോ. ഇയാന്‍ മാല്‍ക്കോം പറഞ്ഞു. അദ്ദേഹവും മറ്റു രണ്ടു കഥാപാത്രങ്ങളും ആക്രമിക്കാന്‍ വന്ന ടൈറാനോസറസില്‍ നിന്നു രക്ഷപെടാന്‍ ജീപ്പില്‍ പായുകയായിരുന്നു. ഡ്രൈവര്‍ റിയര്‍വ്യൂ മിററില്‍ നോക്കിയപ്പോള്‍ കണ്ടത് ആ ജീവിയുടെ പിളര്‍ന്ന വായാണ് - അതും 'കണ്ണാടിയിലെ വസ്തുക്കള്‍ അവ കാണപ്പെടുന്നതിനേക്കാള്‍ അടുത്തായിരിക്കും' എന്ന വാചകത്തിനു തൊട്ടുമുകളില്‍.

ഈ രംഗം തീവ്രതയുടെയും ക്രൂരമായ തമാശയുടെയും വിദഗ്ദ്ധമായ സംയോജനമാണ്. എങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്നുള്ള 'ഭീകര ജീവികള്‍' നമ്മെ പിന്തുടരുന്നത് ഒരിക്കലും നിര്‍ത്തുകയില്ലെന്നു തോന്നും. നാം നമ്മുടെ ജീവിതത്തിന്റെ 'കണ്ണാടി'യില്‍ നോക്കി തെറ്റുകള്‍ അവിടെ തെളിഞ്ഞു നില്‍ക്കുന്നതായും കുറ്റബോധമോ ലജ്ജയോ കൊണ്ട് നമ്മെ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നതായും തോന്നും.

നമ്മെ തളര്‍ത്തികളയാനുള്ള ഭൂതകാലത്തിന്റെ ശക്തിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് മനസ്സിലാക്കിയിരുന്നു. ക്രിസ്തുവിനെക്കൂടാതെ പൂര്‍ണ്ണതയുള്ള ജീവിതം നയിക്കാന്‍ അവന്‍ വര്‍ഷങ്ങളോളം പരിശ്രമിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തു (ഫിലിപ്പിയര്‍ 3:1-9). ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധത്തിന് അവനെ എളുപ്പത്തില്‍ തളര്‍ത്തുവാന്‍ കഴിയുമായിരുന്നു.

എങ്കിലും പൗലൊസ് ക്രിസ്തുവുമായുള്ള തന്റെ ബന്ധത്തില്‍ സൗന്ദര്യവും ശക്തിയും കണ്ടെത്തിയതുകൊണ്ട് തന്റെ പൂര്‍വ്വകാല ജീവിതത്തെ പൂര്‍ണ്ണമായും പുറകിലെറിഞ്ഞു (വാ. 8-9). അതവനെ, ഭയത്തോടും കുറ്റബോധത്തോടും കൂടെ പുറകോട്ടു നോക്കുന്നതിനു പകരം മുമ്പിലുള്ളതിനുവേണ്ടി ആയുവാന്‍ സഹായിച്ചു: 'ഒന്നു ഞാന്‍ ചെയ്യുന്നു; പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു'' (വാ.13-14).

ക്രിസ്തുവിലുള്ള നമ്മുടെ വീണ്ടെടുപ്പ് അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സ്വതന്ത്രരാക്കി. നാം മുന്നോട്ടു യാത്ര തുടരുമ്പോള്‍ 'നമ്മുടെ കണ്ണാടിയിലെ വസ്തുക്കള്‍'' നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തരേണ്ട കാര്യം ഇനിയില്ല.