Month: ആഗസ്റ്റ് 2019

ബുള്‍ഡോഗും സ്പ്രിംഗ്ലറും

വേനല്‍ക്കാലത്തെ മിക്ക പ്രഭാതങ്ങളിലും ഞങ്ങളുടെ വീടിന്റെ പുറകിലുള്ള പാര്‍ക്കില്‍ ആഹ്ലാദകരമായ ഒരു നാടകം അരങ്ങേറാറുണ്ട്. ഒരു സ്പ്രിംഗ്ലറും ഒരു ബുള്‍ഡോഗും ആണ് അതിലെ കഥാപാത്രങ്ങള്‍. ഏതാണ്ട് 6.30 ഓടുകൂടി സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അധികം താമസിക്കാതെ ഫിഫി എന്ന ബുള്‍ഡോഗ് (ഞങ്ങള്‍ അവള്‍ക്കിട്ട പേര്) എത്തുന്നു.

ഫിഫിയുടെ ഉടമസ്ഥന്‍ അവളെ അഴിച്ചുവിടുന്നു. നായ സര്‍വ്വശക്തിയുമെടുത്തു സമീപത്തെ സ്പ്രിംഗ്‌ളറിന്റെ അടുത്തേക്ക് ഓടുന്നു. വെള്ളം അവളുടെ മുഖത്തേക്ക് ചീറ്റുമ്പോള്‍ അവള്‍ അതിനെ ആക്രമിക്കുന്നു. സ്പ്രിംഗ്ലറിനെ തിന്നാന്‍ അവള്‍ക്കാകുമെങ്കില്‍ ഫിഫി അത് ചെയ്യുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അത്യധികം സന്തോഷം തരുന്ന കാഴ്ചയാണത്. ആ വെള്ളത്തില്‍ എത്ര നനഞ്ഞു കുതിര്‍ന്നാലും അതിനു മതി വരുന്നില്ല.

ബൈബിളില്‍ ബുള്‍ഡോഗോ സ്പ്രിംഗ്ലറോ ഇല്ല. എങ്കിലും ഒരു വിധത്തില്‍ എഫെസ്യര്‍ 3-ലെ പൗലൊസിന്റെ പ്രാര്‍ത്ഥന എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഫിഫിയെയാണ്. എഫെസ്യ വിശ്വാസികള്‍ ദൈവത്തിന്റെ സ്‌നേഹത്താല്‍ നിറയപ്പെടണമെന്നും 'സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്‌നേഹത്തെ അറിയുവാനും പ്രാപ്തരാകുകയും' ചെയ്യണമെന്ന് പൗലൊസ് പ്രാര്‍ത്ഥിക്കുന്നു. അവര്‍ 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം' എന്നും അവന്‍ പ്രാര്‍ത്ഥിക്കുന്നു (വാ. 18-19).

ഇന്നും, നമുക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമായ അനന്തമായ സ്‌നേഹത്തിന്റെ ഉറവിടമായ ഒരു ദൈവത്തെ അനുഭവിച്ചറിയാനും അവന്റെ നന്മയാല്‍ കുതിര്‍ക്കപ്പെടുവാനും പൂരിതമാകുവാനും സമ്പൂര്‍ണ്ണ തൃപ്തി പ്രാപിക്കാനും നമ്മെ ക്ഷണിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാന്‍ കഴിയുന്ന ഒരേയൊരുവനുമായുള്ള ബന്ധത്തില്‍ നമ്മെത്തന്നെ ഏല്പിക്കുവാനും സന്തോഷിക്കുവാനും ആഹ്ലാദഭരിതരാകുവാനും സ്‌നേഹത്തിലും അര്‍ത്ഥപൂര്‍ണ്ണമായും സോദ്ദേശ്യപരമായും ജീവിക്കുവാനും നമുക്കു കഴിയും.