
പ്രാര്‍ത്ഥിക്കാനുള്ള പ്രേരണ
'വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെക്കൂടെ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുമായിരുന്നു, എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.'
എന്റെ പഴയ സ്‌നേഹിതയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം അവള്‍ ബൈബിളില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പിന്റെ ഫോട്ടോയും ഉണ്ടായിരുന്നു: 'ജെയിംസിനുവേണ്ടി പ്രാര്‍ത്ഥിക്കുക. മനസ്സിനെയും ചിന്തകളെയും വാക്കുകളെയും മൂടുക.' എന്റെ പേരിനൊപ്പം അവള്‍ മൂന്നു വ്യത്യസ്ത വര്‍ഷങ്ങളും രേഖപ്പെടുത്തിയിരുന്നു.
ആ വര്‍ഷങ്ങള്‍ നോക്കിയപ്പോള്‍ എന്റെ ശ്വാസം നിലച്ചു. ഏതു മാസത്തിലാണ് അവള്‍ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. 'ജൂലൈയോടടുത്താണ്' അവളുടെ മറുപടി ലഭിച്ചു.
ഞാന്‍ വീടു വിട്ട് വിദേശത്തു പഠിക്കാന്‍ പോയ മാസമായിരുന്നു അത്. അപരിചിതമായ ഒരു സംസ്‌കാരവും ഭാഷയും ഞാന്‍ നേരിടുകയും മുമ്പൊരിക്കലും സംഭവിക്കാത്തവിധം എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസരമായിരുന്നു അത്. ആ കുറിപ്പിലേക്കു ഞാന്‍ നോക്കിയപ്പോള്‍, ഔദാര്യമായ പ്രാര്‍ത്ഥനയുടെ വിലപ്പെട്ട സമ്മാനം എനിക്കു ലഭിച്ചിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
എന്റെ സ്‌നേഹിതയുടെ ദയ, പ്രാര്‍ത്ഥിക്കാന്‍ 'പ്രേരിപ്പിക്കപ്പെട്ട'' മറ്റൊരാളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു: തന്റെ യുവ മിഷനറി സുഹൃത്തായ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ നിര്‍ദ്ദേശം: 'എന്നാല്‍ സകല മനുഷ്യര്‍ക്കും ... വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യണം എന്നു ഞാന്‍ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു'' (1 തിമൊഥെയൊസ് 2:1). 'സകലത്തിനും മുമ്പെ'' എന്ന പ്രയോഗം ഉയര്‍ന്ന മുന്‍ഗണനയെ ആണു സൂചിപ്പിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥന സുപ്രധാനമാണ് എന്നു പൗലൊസ് വിശദീകരിക്കുന്നു, കാരണം, 'സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും (യേശുവിനെക്കുറിച്ചുള്ള) സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും'' ദൈവം ആഗ്രഹിക്കുന്നു (വാ. 4).
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുവാനും ദൈവം നിരവധി മാര്‍ഗ്ഗങ്ങളില്‍ വിശ്വസ്തമായ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. ഒരാളെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ അയാളുടെ സാഹചര്യം നമുക്കറിയില്ലായിരിക്കാം, എന്നാല്‍ ദൈവത്തിനറിയാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ആ വ്യക്തിയെ സഹായിക്കുന്നു.