Month: ഒക്ടോബർ 2020

ക്രിസ്തുവിനെ എങ്ങനെ പ്രതിഫലിപ്പിക്കും

ലിസ്യൂസിലെ തെരേസെ (സഭയിലെ പ്രധാന അംഗമായിരുന്ന ഫ്രഞ്ച് കന്യാസ്ത്രീ), നാലാമത്തെ വയസ്സില്‍അവളുടെ അമ്മ മരിക്കുന്നതുവരെ സന്തോഷവതിയും ഒന്നിനെക്കുറിച്ചും ആകുലതകളില്ലാത്തവളുമായ ഒരു കുട്ടിയായിരുന്നു. അമ്മയുടെ മരണത്തോടെ അവള്‍ ഭീരുവും എളുപ്പത്തില്‍ ഭയപ്പെടുന്നവളുമായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ക്രിസ്മസ് തലേന്ന് അതെല്ലാം മാറി. അവളുടെ സഭാംഗങ്ങളോടൊപ്പം യേശുവിന്റെ ജനനം ആഘോഷിച്ചതിനു ശേഷം, ദൈവം അവളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്തു. സ്വര്‍ഗ്ഗം വിട്ട് ഒരു മനുഷ്യനായി, യേശുവായിത്തീര്‍ന്ന ദൈവം തന്നില്‍ വസിക്കുന്നതിലൂടെ ഉളവായ ദൈവത്തിന്റെ ശക്തിയാണ് ഈ മാറ്റത്തിനു കാരണം എന്ന് അവള്‍ പറയുന്നു.

ക്രിസ്തു നമ്മുടെ ഉള്ളില്‍ വസിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? അതൊരു മര്‍മ്മമാണെന്ന് കൊലൊസ്യ സഭയോടു പൗലൊസ് പറഞ്ഞു. ദൈവം ''പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും' മറച്ചുവെച്ചിരുന്ന ഒന്നാണ് (കൊലൊസ്യര്‍ 1:26) അതെന്നു പൗലൊസ് പറയുന്നു. എന്നാല്‍ അവന്‍ അത് തന്റെ ജനത്തിനു വെളിപ്പെടുത്തി. ദൈവം ഈ മഹത്വത്തിന്റെ മഹത്തായ സമ്പത്ത് 'മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു' (വാ. 27) എന്നത് വെളിപ്പെടുത്തി. ക്രിസ്തു ഇപ്പോള്‍ കൊലൊസ്യരില്‍ വസിച്ചിരുന്നതിനാല്‍, പുതിയ ജീവിതത്തിന്റെ സന്തോഷം അവര്‍ അനുഭവിച്ചു. പാപത്തിന്റെ പഴയ സ്വയത്തിന് അവര്‍ ഇനിമേല്‍ അടിമകളല്ല.

നമ്മുടെ രക്ഷകനായി യേശുവിനെ നാം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍, അവന്‍ നമ്മില്‍ വസിക്കുന്നു എന്ന ഈ മര്‍മ്മം നാമും ജീവിച്ചുകാണിക്കുകയാണ്. തെരേസിനെ മോചിപ്പിച്ചതുപോലെ അവിടുത്തെ ആത്മാവിലൂടെ അവനു നമ്മെയും ഭയത്തില്‍ നിന്ന് മോചിപ്പിക്കാനും സന്തോഷം, സമാധാനം, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള അവന്റെ ആത്മാവിന്റെ ഫലം നമ്മില്‍ വളര്‍ത്താനും കഴിയും (ഗലാത്യര്‍ 5:22-23).

ക്രിസ്തു നമ്മില്‍ വസിക്കുന്നു എന്ന അത്ഭുതകരമായ മര്‍മ്മത്തിന് നമുക്കു നന്ദി പറയാം.