നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി ബോഷര്‍ പൈ

സിംഹത്തിന്റെ ഗുഹയിൽ നിന്നും

താഹെറും ഭാര്യ ഡോനിയയും യേശുവിൽ വിശ്വസിച്ചപ്പോൾ, തങ്ങളുടെ മാതൃരാജ്യത്ത് പീഡനം നേരിടേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു. വസ്തുനിഷ്ഠമായി, ഒരു ദിവസം താഹെർ കണ്ണുകൾ കെട്ടപ്പെട്ടു, കൈകൾ കൂട്ടിക്കെട്ടി തടവിലാക്കപ്പെട്ടു, വിശ്വാസത്യാഗം ആരോപിക്കപ്പെട്ടു. വിചാരണയ്ക്ക്  ഹാജരാകുന്നതിനുമുമ്പ്, അദ്ദേഹവും ഡോനിയയും യേശുവിനെ തള്ളിപ്പറുകയില്ലെന്ന് സമ്മതിച്ചു.

 

ശിക്ഷാവിധിയിൽ സംഭവിച്ചത് അദ്ദേഹത്തെ  അത്ഭുതപ്പെടുത്തി. "എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ തിമിംഗലത്തിന്റെയും സിംഹത്തിന്റെയും വായിൽ നിന്ന് താങ്കളെ പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് ജഡ്ജി പറഞ്ഞു. അപ്പോൾ താഹെർ "ദൈവം പ്രവർത്തിക്കുകയാണെന്നു" അറിഞ്ഞു; ബൈബിളിലെ രണ്ട് ഭാഗങ്ങൾ പരാമർശിക്കുന്ന ജഡ്ജിയെ മറ്റൊരു തരത്തിൽ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല(യോനാ 2, ദാനിയേൽ 6 കാണുക). താഹെറിനെ ജയിലിൽ മോചിതനാക്കുകയും കുടുംബം പിന്നീട് മറ്റൊരിടത്തേക്ക്  നാടുകടത്തപ്പെടുകയും ചെയ്തു.

 

താഹെറിന്റെ ആശ്ചര്യകരമായ മോചനം ദാനിയേലിന്റെ കഥയെ പ്രതിധ്വനിപ്പിക്കുന്നു. വിദഗ്ദ്ധനായ ഒരു ഭരണാധികാരി, അവനു സ്ഥാനക്കയറ്റം ലഭിക്കാൻ പോവുകയാണ്, അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ അസൂയപ്പെടുത്തി (ദാനിയേൽ 6:3-5). അവന്റെ പതനത്തിന് ഗൂഢാലോചന നടത്തി, രാജാവിനോടല്ലാതെ  മറ്റാരോടും പ്രാർത്ഥിക്കുന്നതിനെതിരെ ഒരു നിയമം പാസ്സാക്കാൻ  അവർ ദാര്യാ​വേശ്‌ രാജാവിനെ പ്രേരിപ്പിച്ചു - ദാനിയേൽ അത് അവഗണിച്ചു. സിംഹങ്ങളുടെ അടുത്തേക്ക് അവനെ എറിയുകയല്ലാതെ ദാര്യാ​വേശ്‌ രാജാവിന് മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. (വാക്യം 16). എന്നാൽ ദൈവം ദാനിയേലിനെ "രക്ഷിച്ചു" മരണത്തിൽ നിന്ന് അവനെ വിടുവിച്ചു (വാ. 27), ജഡ്ജിയിലൂടെ  താഹെറിനെ രക്ഷിച്ചതുപോലെ.

 

ഇന്ന് അനേകം വിശ്വാസികൾ യേശുവിനെ അനുഗമിച്ചതിന്റെ പേരിൽ കഷ്ടപ്പെടുന്നു, ചിലപ്പോൾ അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. പീഡനങ്ങൾ നേരിടുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വഴികൾ ദൈവത്തിനുണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് നമ്മുടെ വിശ്വാസത്തെ ആഴത്തിലാക്കാൻ കഴിയും. താങ്കൾ അഭിമുഖീകരിക്കുന്ന ഏത് യുദ്ധത്തിലും അവൻ താങ്കളോടൊപ്പമുണ്ടെന്ന് അറിയുക.

ദൈവത്തിന്റെ കരം

1939-ൽ, ബ്രിട്ടനെതിരെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ സമയത്ത്, ജോർജ്ജ് ആറാമൻ രാജാവു തന്റെ ക്രിസ്തുമസ് ദിന റേഡിയോ പ്രക്ഷേപണത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും പൗരന്മാരെ ദൈവത്തിൽ ആശ്രയിക്കാനായി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. തന്റെ മാതാവു വിലയേറിയതായി കരുതിയിരുന്ന ഒരു പദ്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “അന്ധകാരത്തിലേക്കു ഇറങ്ങിപ്പോകുക, ദൈവത്തിന്റെ കരങ്ങളിൽ നിങ്ങളുടെ കരങ്ങൾ വെയ്ക്ക. / അതു നിങ്ങൾക്കു വെളിച്ചത്തേക്കാൾ മികച്ചതും അറിയാകുന്ന വഴിയേക്കാൾ സുരക്ഷിതവുമാണ്.” പുതുവർഷത്തിൽ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഉത്കണ്ഠാകുലമായ ദിവസങ്ങളിൽ ദൈവം അവർക്കു “വഴികാട്ടുമെന്നും മുറുകെപ്പിടിക്കുമെന്നും” അദ്ദേഹം വിശ്വസിച്ചു.  

യെശയ്യാവിന്റെ പുസ്തകത്തിലുൾപ്പെടെ വേദപുസ്തകത്തിൽ പലയിടത്തും ദൈവത്തിന്റെ കൈയുടെ ബിംബം പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ജനത്തിന്റെ, “ആദ്യനും… അന്ത്യനും” (യെശയ്യാവ് 48:12) ആയ സ്രഷ്ടാവാണെന്നും തന്റെ ജനത്തിന്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കും എന്നും വിശ്വസിക്കാൻ ഈ പ്രവാചകനിലൂടെ ദൈവം തന്റെ ജനത്തോടു വിളിച്ചുപറഞ്ഞു. അവൻ പറയുന്നതുപോലെ, “എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു” (യെശയ്യാവ്  48:13). അവർ അവനിൽ വിശ്വാസമർപ്പിക്കുകയും, ശക്തി കുറഞ്ഞവരെ നോക്കാതിരിക്കയും വേണം. എല്ലാത്തിനുമുപരി, അവൻ “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ” (വാക്യം 17) ദൈവമാകുന്നു.

പുതുവർഷത്തിലേക്കു നോക്കുന്ന ഈ വേളയിൽ, നമ്മെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും, ജോർജ്ജ് രാജാവിന്റെയും യെശയ്യാ പ്രവാചകന്റെയും പ്രോത്സാഹനം പിൻപറ്റിക്കൊണ്ട്, ദൈവത്തിൽ പ്രത്യാശയും വിശ്വാസവും അർപ്പിക്കാൻ നമുക്കു കഴിയും. അപ്പോൾ നമ്മെ സംബന്ധിച്ചും നമ്മുടെ “സമാധാനം നദിപോലെയും” നമ്മുടെ “നീതി സമുദ്രത്തിലെ തിരപോലെയും’’ (വാ. 18) ആകും.

പ്രകടമായ സ്നേഹം

ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ സുഹൃത്ത്‌ മാർഗരറ്റിന്റെ അരികിൽ ഞാൻ ഇരിക്കുമ്പോൾ, മറ്റ് രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സന്ദർശകരുടെയും തിരക്കും പ്രവർത്തനവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. രോഗിയായ മാതാവിനൊപ്പം അടുത്തിരുന്ന ഒരു യുവതി മാർഗരറ്റിനോടു ചോദിച്ചു, “നിങ്ങളെ നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം ആരാണ്?” “എന്റെ സഭാകുടുംബത്തിലെ അംഗങ്ങളാണ് അവർ!” അവൾ പ്രതികരിച്ചു. ഇതുപോലൊന്നു താൻ കണ്ടിട്ടില്ലെന്നു യുവതി അഭിപ്രായപ്പെട്ടു; പല സന്ദർശകരും “പ്രകടമായ സ്നേഹം ചൊരിഞ്ഞതുപോലെ” എന്ന് അവൾക്ക് തോന്നി. മാർഗരറ്റ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ഇതെല്ലാം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നു വരുന്നതാണ്!”

തന്റെ അവസാന വർഷങ്ങളിൽ സ്നേഹം നിറഞ്ഞുകവിയുന്ന മൂന്നു ലേഖനങ്ങൾ എഴുതിയ ശിഷ്യനായ യോഹന്നാനെ തന്റെ പ്രതികരണത്തിൽ മാർഗരറ്റ് പ്രതിധ്വനിപ്പിച്ചു. തന്റെ ആദ്യ ലേഖനത്തിൽ അവൻ പറഞ്ഞു, “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16). അതായത്, “യേശു ദൈവപുത്രൻ” (വാ. 15) എന്നു അംഗീകരിക്കുന്നവരിൽ “തന്റെ ആത്മാവിലൂടെ” ദൈവം വസിക്കുന്നു (വാ. 13). എപ്രകാരം നമുക്കു മറ്റുള്ളവരെ സ്നേഹപൂർവം പരിപാലിക്കാൻ കഴിയും? “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” (വാ. 19).

ദൈവസ്നേഹം എന്ന ദാനം നിമിത്തം, മാർഗരറ്റിനെ സന്ദർശിക്കുന്നത് എനിക്കോ ഞങ്ങളുടെ സഭയിലെ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. തന്റെ രക്ഷകനായ യേശുവിനെക്കുറിച്ചുള്ള അവളുടെ സൗമ്യമായ സാക്ഷ്യം ശ്രവിക്കുന്നതിലൂടെ, മാർഗരറ്റിൽ നിന്ന് മാത്രമല്ല മറ്റുള്ളവരിൽനിന്നും, ഞാൻ നൽകിയതിനേക്കാൾ കൂടുതൽ എനിക്ക് ലഭിച്ചു. ഇന്നു ദൈവം എങ്ങനെ നിങ്ങളിലൂടെ മറ്റുള്ളവരെ സ്നേഹിക്കും?

ജീവിതത്തിനായുള്ള സുഹൃത്തുക്കൾ

ഞങ്ങളെല്ലാം തീൻ മേശയ്ക്കു ചുറ്റു ഇരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ഒമ്പത് വയസ്സുള്ള കൊച്ചുമകൻ പുഞ്ചിരിയോടെ “ഞാൻ മുത്തശ്ശിയെപ്പോലെയാണ്. എനിക്കു വായിക്കാൻ ഇഷ്ടമാണ്!” എന്നു പറഞ്ഞത്‌. അവന്റെ വാക്കുകൾ എന്റെ മനസ്സിൽ സന്തോഷം നിറച്ചു. കഴിഞ്ഞ വർഷം അവൻ അസുഖം ബാധിച്ചു സ്കൂളിൽ നിന്നു വിട്ടു നിന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു. ഒരു നീണ്ട മയക്കത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു ഇരുന്നു വായിച്ചു. എന്റെ മാതാവിൽ നിന്ന് എനിക്കു ലഭിച്ച പുസ്തകങ്ങളോടുള്ള സ്നേഹം എന്ന പാരമ്പര്യം അടുത്ത തലമുറയിലേക്കും കൈമാറിയതിൽ ഞാൻ സന്തോഷവതിയാണ്.  

എന്നാൽ എന്റെ കൊച്ചുമക്കൾക്കു കൈമാറാൻ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൈതൃകം അതല്ല. എന്റെ മാതാപിതാക്കളിൽ നിന്ന് എനിക്കു ലഭിച്ച്, എന്റെ മക്കൾക്കു കൈമാറിയ വിശ്വാസത്തിന്റെ പൈതൃകം എന്റെ പേരക്കുട്ടികളെ വിശ്വാസത്തിലേക്കുള്ള തങ്ങളുടെ യാത്രയിൽ സഹായിക്കുമാറാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

ദൈവഭക്തയായ അമ്മയുടെയും വലിയമ്മയുടെയും പാരമ്പര്യം തിമൊഥെയൊസിന് ഉണ്ടായിരുന്നു. അതുകൂടാതെ അപ്പൊസ്തലനായ പൗലൊസ് എന്ന ആത്മീയ ഉപദേഷ്ടാവും അവനുണ്ടായിരുന്നു. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു” (2 തിമൊഥെയൊസ് 1:5) എന്നു  അപ്പൊസ്തലൻ എഴുതിയിരിക്കുന്നു.

മറ്റുള്ളവർക്ക് ഒരു മികച്ച മാതൃകയാക്കാൻ തക്കവിധം നമ്മുടെ ജീവിതം സാധകാത്മകമല്ലെന്നു നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, നമുക്കു കൈമാറിക്കിട്ടിയ പൈതൃകം നല്ല ഒന്നായിരിക്കില്ല. എന്നാൽ നമ്മുടെ കുട്ടികളിലേക്കും പേരക്കുട്ടികളിലേക്കും അല്ലെങ്കിൽ ഏതെങ്കിലും കുട്ടിയുടെ ജീവിതത്തിലേക്കും വിശ്വാസത്തിന്റെ ഒരു പൈതൃകം കെട്ടിപ്പടുക്കാനുള്ള സമയം ഒരിക്കലും വൈകിയിട്ടില്ല. ദൈവത്തിന്റെ സഹായത്താൽ നാം വിശ്വാസത്തിന്റെ വിത്തുകൾ പാകുന്നു. അവനാണ് വിശ്വാസം വളരുമാറാക്കുന്നത് (1 കൊരിന്ത്യർ 3:6-9).

ചുരണ്ടിയ വെണ്ണ

ജെ. ആർ. ആർ. ടോൾകീയന്റെ ദി ഫെല്ലോഷിപ്പ് ഓഫ് ദി റിംഗ്സ് എന്ന പുസ്തകത്തിൽ, അന്ധകാര ശക്തികളുള്ള ഒരു മാന്ത്രിക മോതിരം ആറു പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്നതിന്റെ ഫലങ്ങൾ ബിൽബോ ബാഗിൻസ് കാണിക്കാൻ ആരംഭിക്കുന്നു. സാവധാനത്തിൽ നശിപ്പിക്കുന്ന അതിന്റെ സ്വഭാവത്താൽ ഭാരപ്പെട്ട അവൻ മാന്ത്രികനായ  ഗാൻഡാൽഫിനോടു പറയുന്നു, “എന്തുകൊണ്ടാണ് ഞാൻ മെലിഞ്ഞുവരുന്നതായി എനിക്കു തോന്നുന്നത്. എന്നെ വലിച്ചുനീട്ടുന്നതുപോലെ തോന്നുന്നു. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നവെന്നു ഞാൻ കരുതുന്നു. ചുരണ്ടിയ വെണ്ണ വളരെക്കൂടുതൽ റൊട്ടിയിൽ തേച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ.” “സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാൻ, ബന്ധുക്കൾ ഒരുപാടു ചുറ്റിത്തിരിയാത്ത” ഇടത്തേക്കു വിശ്രമം തേടി തന്റെ വീടു വിടാൻ അവൻ തീരുമാനിക്കുന്നു.

ടോൾകീയന്റെ കഥയിലെ ഈയൊരു വശം ഒരു പഴയനിയമ പ്രവാചകന്റെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഈസേബെലിൽ നിന്നുള്ള ഓട്ടത്തിനും കള്ളപ്രവാചകന്മാരുമായുള്ള യുദ്ധത്തെത്തുടർന്നുണ്ടായ ഞെരുക്കത്തിനും ശേഷം ഏലീയാവിന് അൽപ്പം വിശ്രമം അത്യാവശ്യമായിരുന്നു. തന്റെ ബലം ചോർന്നുപോയതായി അനുഭവപ്പെട്ടപ്പോൾ, “ഇപ്പോൾ മതി, യഹോവേ” (1 രാജാക്കന്മാർ 19:4) എന്നു പറഞ്ഞുകൊണ്ടു തന്നെ മരിക്കാൻ അനുവദിക്കണമെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. അവൻ ഉറങ്ങിപ്പോയപ്പോൾ, അവനു ഭക്ഷിക്കാനും കുടിക്കാനും കഴിയേണ്ടതിനു ദൈവദൂതൻ അവനെ വിളിച്ചുണർത്തി. അവൻ വീണ്ടും ഉറങ്ങി. എന്നിട്ടു ദൂതൻ നൽകിയ ഭക്ഷണം ധാരാളമായി കഴിച്ചു. ദൈവത്തിന്റെ പർവതത്തിലേക്കുള്ള നാല്പതു ദിവസത്തെ നടത്തത്തിന് ആവശ്യമായ ഊർജ്ജം അവനു ലഭിച്ചു.

മുന്നോട്ടു നീങ്ങാൻ കഴിയാത്തവിധം അശക്തരായി തോന്നുമ്പോൾ, യഥാർത്ഥ നവോന്മേഷത്തിനായി നമുക്കും ദൈവത്തിലേക്കു നോക്കാം. അവന്റെ പ്രത്യാശ, സമാധാനം, വിശ്രമം എന്നിവയാൽ നമ്മെ നിറയ്ക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ നാം നമ്മുടെ ശരീരത്തെ പരിപാലിക്കേണ്ടതുണ്ട്. ദൂതൻ ഏലിയാവിനു ശുശ്രൂഷ ചെയ്തതുപോലെ, ദൈവം തന്റെ ഉന്മേഷദായകമായ സാന്നിധ്യം നമ്മിൽ പകരുമെന്നു നമുക്കു വിശ്വസിക്കാം (മത്തായി 11:28 കാണുക).

 

യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

അഫ്ഗാനിസ്ഥാനിലെ ഒരു വെല്ലുവിളി നിറഞ്ഞ പര്യടനത്തെത്തുടർന്ന്, ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സർജന്റായ സ്കോട്ട് മാനസികമായി തളർന്നുപോയിരുന്നു. അദ്ദേഹം ഓർത്തു: “ഞാൻ ഒരു ഇരുണ്ട സ്ഥാനത്തായിരുന്നു.” എന്നാൽ അദ്ദേഹം “യേശുവിനെ കണ്ടെത്തി അവനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ” അദ്ദേഹത്തിന്റെ ജീവിതത്തിൽ സമൂലമായ മാറ്റം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കിടാൻ ശ്രമിക്കുന്നു. പ്രത്യേകിച്ച്, അംഗഭംഗം സംഭവിച്ചവരും പരിക്കേറ്റവരുമായ സായുധ സേന സൈനികർക്കും മുൻസൈനികർക്കുമായി നടത്തുന്ന ഇൻവിക്റ്റസ് ഗെയിംസ് എന്ന അന്താരാഷ്ട്ര പരിപാടിയിൽ, താൻ മത്സരിക്കുന്നവരുമായി അദ്ദേഹം സുവിശേഷം പങ്കുവയ്ക്കുന്നു.

സ്കോട്ടിനെ സംബന്ധിച്ചിടത്തോളം, മത്സരത്തിനു പോകുന്നതിനു മുമ്പു വേദപുസ്തകം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും ആരാധാന ഗീതങ്ങൾ കേൾക്കുന്നതും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന്, അവിടെ മത്സരിക്കുന്ന സഹപ്രവർത്തകരോടു “യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനും ദയയും സൗമ്യതയും കൃപയും കാണിക്കാനും” ദൈവം അദ്ദേഹത്തെ സഹായിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ വിശ്വാസികൾക്ക് എഴുതിയ ആത്മാവിന്റെ ഫലങ്ങളിൽ ചിലതു സ്കോട്ട് ഇവിടെ പറയുന്നു. ദുരുപദേഷ്ടാക്കളുടെ സ്വാധീനത്തിൻകീഴിൽ അവർ വൈഷമ്യം അനുഭവിച്ചതിനാൽ, “ആത്മാവിനെ അനുസരിച്ചുനടന്നുകൊണ്ട്” (ഗലാത്യർ 5:18) ദൈവത്തോടും അവന്റെ കൃപയോടും വിശ്വസ്തരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ്‌ ശ്രമിച്ചു. അപ്രകാരം ചെയ്യുന്നതിലൂടെ, അവർ ആത്മാവിന്റെ ഫലം - “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (വാ. 22-23) - പുറപ്പെടുവിക്കും.

ദൈവാത്മാവു നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, ആത്മാവിന്റെ നന്മയും സ്നേഹവും നമ്മിൽ നിന്നും പ്രവഹിക്കും. നമുക്കു ചുറ്റുമുള്ളവരോടു നാമും സൗമ്യതയും ദയയും കാണിക്കും.

തിരഞ്ഞു രക്ഷിക്കുക

കൊടുങ്കാറ്റിനുള്ള സാധ്യത അറിയിച്ചുകൊണ്ടുള്ള കാലാവസ്ഥ പ്രവചനം മാറുമെന്ന പ്രതീക്ഷയിൽ ചില സുഹൃത്തുക്കൾ ഇംഗ്ലീഷ് ചാനലിലൂടെ വള്ളത്തിൽ യാത്ര പോയി. എന്നാൽ കാറ്റ് ഉയർന്നു, തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടു അവരുടെ വള്ളത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തി. അതിനാൽ അവർ RNLIലേക്ക്  (റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) സഹായത്തിനായി റേഡിയോ സന്ദേശമയച്ചു. പ്രക്ഷുബ്ധമായ ചില നിമിഷങ്ങൾക്ക് ശേഷം, തങ്ങളുടെ രക്ഷാപ്രവർത്തകരെ അവർ ദൂരെയായി കാണുകയും തങ്ങൾ ഉടൻതന്നെ സുരക്ഷിതരാകുമെന്ന് ആശ്വാസത്തോടെ മനസ്സിലാക്കുകയും ചെയ്തു. “വ്യക്തികൾ കടലിന്റെ നിയമങ്ങൾ അവഗണിച്ചാലും ഇല്ലെങ്കിലും, RNLI ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വരുന്നു” എന്ന് എന്റെ സുഹൃത്തു പിന്നീടു നന്ദിനിറഞ്ഞ ചിന്തയോടെ പറയാൻ ഇടയായി.

അവൻ ഈ കഥ വിവരിക്കുമ്പോൾ, ദൈവത്തിന്റെ തിരച്ചിൽ-രക്ഷാദൗത്യം എങ്ങനെ യേശു നയിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. നമ്മളിൽ ഒരാളായി ജീവിക്കുന്ന മനുഷ്യനാകാനാണ് അവൻ ഭൂമിയിലേക്ക് വന്നത്. നമ്മുടെ പാപവും അനുസരണക്കേടും നമ്മെ ദൈവത്തിൽ നിന്നു വേർപെടുത്തിയപ്പോൾ, തന്റെ മരണ-പുനരുത്ഥാനത്തിലൂടെ അവൻ നമുക്ക് ഒരു രക്ഷാപദ്ധതി പ്രദാനം ചെയ്തു. ഗലാത്യ സഭയ്ക്ക് എഴുതിയപ്പോൾ ഈ സത്യം പൗലൊസ് ഊന്നിപ്പറയുകയുണ്ടായി: “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു...” (ഗലാത്യർ 1:3,4). അനുദിനം ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി, യേശുവിന്റെ മരണത്തിലൂടെ അവർക്കു ലഭിച്ച പുതുജീവന്റെ ദാനത്തെക്കുറിച്ച് പൗലൊസ് ഗലാത്യരെ ഓർമ്മിപ്പിച്ചു. 

നാം നഷ്ടപ്പെട്ടുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കാനായി നമ്മുടെ രക്ഷകനായ യേശു മനസ്സോടെ മരണത്തിന് ഏല്പിച്ചുകൊടുത്തു. അവൻ അപ്രകാരം ചെയ്തതിനാൽ, നമുക്കു ദൈവരാജ്യത്തിൽ ജീവിതമുണ്ട്. ആ നന്ദിയോടെ നമ്മുടെ സമൂഹത്തിലുള്ളവരുമായി ജീവൻ രക്ഷിക്കുന്ന ആ വാർത്തകൾ നമുക്കു പങ്കിടാൻ കഴിയും.

ദൈവത്തെ മുറുകെപ്പിടിക്കുക

ജോനി എറിക്സൺ ടാഡ തന്റെ സുഹൃത്തായ റിക്കയെക്കുറിച്ചു പറയുമ്പോൾ, “ആഴമേറിയതും സമയത്തെ അതിജീവിച്ചതുമായ അവളുടെ ദൈവവിശ്വാസത്തെയും” ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗാവസ്ഥയിൽ ജീവിക്കുമ്പോൾ അവൾ വളർത്തിയെടുത്ത നൈരന്തര്യത്തെയും എടുത്തുകാണിക്കുന്നു. നീണ്ട പതിനഞ്ചു വർഷത്തിലേറെയായി, തന്റെ മുറിയിലെ ചെറിയ ജനാലയിലൂടെ ചന്ദ്രനെ കാണാൻ പോലും കഴിയാതെവണ്ണം റിക്ക കിടപ്പിലാണ്. പക്ഷേ അവൾക്കു പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ല; അവൾ ദൈവത്തിൽ ആശ്രയിക്കുന്നു, വേദപുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. ജോനി വിവരിക്കുന്നതുപോലെ, “അധൈര്യപ്പെടുത്തിലിന് എതിരെയുള്ള കടുത്ത പോരാട്ടങ്ങളിൽ എങ്ങനെ ഉറച്ചുനിൽക്കണമെന്ന് അവൾക്കറിയാം.” 

റിക്കയുടെ മുറുകെപ്പിടുത്തത്തെയും സ്ഥിരോത്സാഹത്തെയും ഫെലിസ്ത്യരിൽ നിന്നു ഓടിപ്പോകാൻ വിസമ്മതിച്ച ദാവീദ് രാജാവിന്റെ കാലത്തെ സൈനികനായിരുന്ന എലെയാസാറിന്റേതിനോടു ജോനി ഉപമിക്കുന്നു. ഓടിയൊളിച്ച സൈന്യത്തോടൊപ്പം ചേരുന്നതിനുപകരം, “അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി” (2 ശമൂവേൽ 23:10). ദൈവത്തിന്റെ ശക്തിയാൽ, “അന്നു യഹോവ വലിയോരു ജയം നല്കി” (വാ. 10). ജോണി നിരീക്ഷിക്കുന്നതുപോലെ, എലെയാസർ ദൃഢനിശ്ചയത്തോടെ വാൾ മുറുകെപ്പിടിച്ചതുപോലെ, “ദൈവവചനം എന്ന ആത്മാവിന്റെ വാൾ” (എഫെസ്യർ 6:17) റിക്കയും മുറുകെപ്പിടിക്കുന്നു. അവിടെ, ദൈവത്തിൽ, അവൾ അവളുടെ ശക്തി കണ്ടെത്തുന്നു.

മികച്ച ആരോഗ്യത്തിലാകട്ടെ വിട്ടുമാറാത്ത രോഗാവസ്ഥയിൽ അധൈര്യപ്പെട്ടു പോരാടുമ്പോളാകട്ടെ, നമ്മുടെ പ്രത്യാശയുടെ കലവറ വർദ്ധിപ്പിക്കാനും ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനും നമുക്കും ദൈവത്തിങ്കലേക്കു നോക്കാം. ക്രിസ്തുവിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.

യേശുവിനെ ശുശ്രൂഷിക്കുക

1800-കളുടെ തുടക്കത്തിൽ, ലണ്ടൻ വനിതാ ജയിലിലെ അവസ്ഥ എലിസബത്ത് ഫ്രൈയിൽ അമ്പരപ്പുളവാക്കി. സ്ത്രീകളും അവരുടെ കുട്ടികളും തിങ്ങിനിറഞ്ഞ ആ ജയിലിൽ അവർ തണുത്ത കൽത്തറക ളിലാണ് ഉറങ്ങിയിരുന്നത്‌. അവർക്കു കിടക്ക നൽകിയിരുന്നില്ലെങ്കിലും, ഒരു ടാപ്പിൽ നിന്നു മദ്യവും ലഭിക്കുമായിരുന്നു. വർഷങ്ങളോളം ഫ്രൈ ജയിൽ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകുകയും സ്കൂൾ ആരംഭിക്കുകയും വേദപുസ്തകം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, അവരുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രത്യാശയുടെ വ്യക്തമായ സന്ദേശങ്ങളുമാണ് അവരുടെ ഏറ്റവും വലിയ സ്വാധീനമായി പലരും കണ്ടത്. 

അവരുടെ പ്രവർത്തനങ്ങളിൽ, ദരിദ്രരായവരെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണം അവർ പിന്തുടർന്നു. ഉദാഹരണത്തിന്, യുഗാന്ത്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഒലിവു മലയിലായിരിക്കുമ്പോൾ ക്രിസ്തു പങ്കുവച്ചു. അതിലൊന്നായിരുന്നു “നീതിമാന്മാരെ നിത്യജീവങ്കലേക്കു” (മത്തായി 25:46) സ്വാഗതം ചെയ്യുന്ന കഥ. ഈ കഥയിൽ, രാജാവു നീതിമാന്മാരോടു, അവർ തനിക്കു കുടിക്കാൻ നൽകി, തന്നെ ചേർത്തുകൊണ്ടു, തടവിൽ തന്നെ കാണ്മാൻ വന്നു (വാ. 35-36) എന്നിങ്ങനെ പറയുന്നുണ്ട്. തങ്ങൾ അങ്ങനെ ചെയ്തതു ഓർത്തെടുക്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ രാജാവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (വാക്യം 40).

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ, നാം യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണത്. എന്തൊരു അത്ഭുതമാണത്! നമുക്ക് എലിസബത്ത് ഫ്രൈയുടെ മാതൃക പിന്തുടരാം. മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയോ ധൈര്യം പകരുന്ന സന്ദേശങ്ങൾ അയക്കുന്നതിലൂടെയോ നമുക്കു വീട്ടിൽ നിന്നു ശുശ്രൂഷിക്കാം. നമ്മുടെ ആത്മീയ വരങ്ങളും കഴിവുകളും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ടു തന്നെ സ്നേഹിക്കാൻ യേശു നമ്മെ സ്വാഗതം ചെയ്യുന്നു.

 

വിനീതനായ ജോൺ

പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോർണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ  ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം  ഫലം പുറപ്പെടുവിക്കുകയും ചെയ്തു.

താൻ സേവിക്കുന്നവരെ സ്‌നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌ത അപ്പോസ്‌തലനായ പൗലോസിന്റെ മാതൃകയാണ്‌ ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് "ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ" നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി "പ്രകാശിപ്പിക്കണമെന്നും" പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.

ജോർണും, അപ്പോസ്‌തലനായ പൗലോസും, തങ്ങൾ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്‌തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാം.