അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, സൈന്യത്തില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള ശിക്ഷ മരണമായിരുന്നു. എന്നാല്‍ യൂണിയന് സൈന്യം ഒളിച്ചോടിയവരെ അപൂര്‍വ്വമായി മാത്രമേ വധിച്ചിരുന്നുള്ളു, കാരണം അവരുടെ സൈന്യാധിപനായ ഏബ്രഹാം ലിങ്കണ് ഏതാണ്ട് എല്ലാവര്ക്കും മാപ്പുനല്കി. ഇത് യുദ്ധ സെക്രട്ടറിയായ എഡ്വിന് സ്റ്റാന്റ്റണെ പ്രകോപിപ്പിച്ചു, ലിങ്കന്റെ വിട്ടുവീഴ്ച ഉപേക്ഷിച്ചു പോകാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ ധൈര്യം കെട്ടവരും യുദ്ധത്തിന്റെ ചൂടില്‍ അവരുടെ ഭയത്തിന് അടിമപ്പെട്ടുപോയവരുമായ സൈനികരോട് ലിങ്കണ് സഹാനുഭൂതി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹാനുഭൂതി അദ്ദേഹത്തെ പടയാളികള്‍ക്ക് പ്രിയങ്കരനാക്കി. അവര്‍ തങ്ങളുടെ ‘പിതാവായ അബ്രഹാമിനെ” സ്നേഹിച്ചു, അവരുടെ വാത്സല്യം ലിങ്കനെ കൂടുതല്‍ ശക്തമായി സേവിക്കാന്‍ സൈനികരെ പ്രേരിപ്പിച്ചു.
‘ക്രിസ്തുയേശുവിന്റെ നല്ല ഭടനായി’ കഷ്ടം സഹിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ വിളിക്കുമ്പോള്‍ (2 തിമൊഥെയൊസ് 2:3), കഠിനമായ തൊഴിലിലേക്കാണ് അവനെ വിളിക്കുന്നത്. ഒരു സൈനികന് പൂര്‍ണ്ണമായും സമര്‍പ്പിതനും കഠിനാധ്വാനിയും നിസ്വാര്‍ത്ഥനുമായിരിക്കണം. അവന് തന്റെ കമാന്‍ഡിംഗ് ഓഫീസറായ യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ സേവിക്കണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അവന്റെ നല്ല സൈനികരാകുന്നതില്‍ നാം ചിലപ്പോള്‍ പരാജയപ്പെടുന്നു. നാം എല്ലായ്പ്പോഴും അവനെ വിശ്വസ്തതയോടെ സേവിക്കുന്നില്ല. അതിനാല്‍ പൗലൊസിന്റെ പ്രാരംഭ വാക്യം പ്രധാനമാണ്: ‘ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക” (വാ. 1). നമ്മുടെ രക്ഷകന് കൃപ നിറഞ്ഞവനാണ്. അവന് നമ്മുടെ ബലഹീനതകളോട് സഹതപിക്കുകയും നമ്മുടെ പരാജയങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നു (എബ്രായര്‍ 4:15). യൂണിയന് പട്ടാളക്കാര്‍ ലിങ്കന്റെ അനുകമ്പയാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുപോലെ, യേശുവിന്റെ കൃപയാല്‍ വിശ്വാസികളും ശക്തിപ്പെടുന്നു. അവിടുന്ന് നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്കറിയാമെന്നതിനാല്‍ നാം അവനെ കൂടുതല്‍ കൂടുതല്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നു.
ക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അവനെ സേവിക്കാനുള്ള കരുത്തിന്റെ ഉറവിടമായിത്തീരുന്നതെങ്ങനെ? യേശുവിനുവേണ്ടി കഷ്ടം സഹിക്കുക എന്നതിന് നിങ്ങളെ സംബന്ധിച്ച് എന്തര്‍ത്ഥമാണുള്ളത്?
പ്രിയ ദൈവമേ, ഞാന്‍ ക്രിസ്തുവിനെ വിശ്വസ്തതയോടെ സേവിക്കുന്നതിനായി അവന്റെ കൃപയാല്‍ എന്നെ ശക്തിപ്പെടുത്തണമേ.