സാക്ഷി അടയാളങ്ങൾ
“ഇത് കണ്ടോ?” ക്ലോക്ക് നന്നാക്കുന്നയാൾ ഞങ്ങളുടെ വീട്ടിലുള്ള ആ പുരാതന ക്ലോക്കിന്റെയുളളിൽ കണ്ട ഒരു അടയാളം ചൂണ്ടിക്കൊണ്ട് ചോദിച്ചു. “നൂറ്റാണ്ട് മുമ്പ് ആരോ ഈ ക്ലോക്ക് റിപ്പയർ ചെയ്തപ്പോൾ ഇട്ട ഒരു അടയാളമാണിത്. ഇതിന് വിറ്റ്നെസ് മാർക്ക് എന്ന് പറയും. അത് കണ്ടാൽ ഇതെങ്ങനെ ഫിറ്റ് ചെയ്യാം എന്ന് എനിക്ക് മനസ്സിലാകും.”
ഇന്നുള്ളതുപോലെ ഹാൻഡ് ബുക്കുകളോ റിപ്പയർ മാനുവലോ ഒന്നുമില്ലാതിരുന്ന പണ്ടു കാലത്ത്, യന്ത്രങ്ങളുടെ ചലിക്കുന്ന ഭാഗങ്ങളൊക്കെ എങ്ങനെ കൃത്യമായി ഫിറ്റ് ചെയ്യാം എന്നതിന് പ്രത്യേക അടയാളങ്ങൾ (witness mark) ഇട്ട് വെക്കുന്നതായിരുന്നു രീതി. ഇത് പിന്നീട് ഇതിന്മേൽ ജോലി ചെയ്യുന്നവർക്ക് സമയം ലാഭിക്കാൻ ഇടയാക്കുന്നു എന്നത് മത്രമല്ല, അവരോട് കാണിക്കുന്ന ഒരു ദയയും കൂടിയാണ്.
ഇതുപോലെ, ഈ തകർന്ന ലോകത്തിൽ മററുളളവരെ സേവിച്ചുകൊണ്ട് ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നാമും നമ്മുടെ “സാക്ഷ്യത്തിന്റെ അടയാളങ്ങൾ“ അവശേഷിപ്പിക്കണമെന്ന് ബൈബിൾ പറയുന്നു. പൗലോസ് റോമിലെ സഭക്ക് എഴുതി: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ; നന്മക്കായി ആത്മിക വർധനക്കു വേണ്ടി പ്രസാദിപ്പിക്കണം” (റോമർ 15:2). നമുക്ക് “സ്ഥിരതയും ആശ്വാസവും നൽകുന്ന” (15:6) ദൈവം കാണിച്ചു തരുന്ന മാതൃകയാണിത്. സ്വർഗത്തിന്റെയും ഭൂമിയുടെയും ഒരു നല്ല പൗരൻ ഇങ്ങനെയാകണം.
നമ്മുടെ “വിറ്റ്നെസ് മാർക്ക്“ വളരെ ചെറിയ കാര്യമായി തോന്നാം, എന്നാലത് മറ്റാരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയേക്കാം. ഒരു നല്ല വാക്ക്, ഒരു സാമ്പത്തിക സഹായം, കേൾക്കാനുള്ള മനസ്സ്—ഇതൊക്കെ വലിയ സ്വാധീനം ചെലുത്തുന്ന കരുണയായിത്തീരാം. മറ്റുളളവരുടെ ജീവിതത്തിൽ ദൈവികമായ അടയാളങ്ങൾ ഇടാൻ ദൈവം സഹായിക്കട്ടെ.