വിശ്വാസത്തിന്റെ വിത്തുകൾ
കഴിഞ്ഞ വസന്തകാലത്ത്, ഞങ്ങളുടെ പുൽത്തകിടി എയ്‌റേറ്റ് (മണ്ണിനടിയിൽ വായുസഞ്ചാരം കൂട്ടുന്നതിനുള്ള പ്രക്രിയ) ചെയ്യുന്നതിന്റെ തലേദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഞങ്ങളുടെ മേപ്പിൾ മരത്തിൽ നിന്നുള്ള വിത്തുകൾ നിലത്തു മുഴുവനും ചിതറിവീണു. പിറ്റേന്ന്, എയ്‌റേറ്റ് യന്ത്രം മണ്ണിളക്കിയപ്പോൾ, മേപ്പിൾ വിത്തുകളെല്ലാം മണ്ണിനടിയിലായി. രണ്ടാഴ്ചയ്ക്കു ശേഷം എന്റെ പുൽത്തകിടിയിൽ ഒരു മേപ്പിൾ വനം വളരാനാരംഭിച്ചു!
ഞാൻ (നിരാശയോടെ) പുൽത്തകിടിയിൽ മാറ്റിസ്ഥാപിക്കപ്പെട്ട സസ്യജാലങ്ങളെ നോക്കി നടക്കുമ്പോൾ, ഒരു വൃക്ഷം മുളപ്പിച്ച പുതുജീവന്റെ സമൃദ്ധി എന്നെ ഞെട്ടിച്ചു. ഓരോ മിനിയേച്ചർ മരവും, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുമായി എനിക്ക് പങ്കിടാൻ കഴിയുന്ന ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ ചിത്രമായി മാറി. നമ്മുടെ ജീവിതത്തിനിടയിൽ '[നമുക്ക്] ഉള്ള പ്രത്യാശയുടെ കാരണം പറയാൻ'' (1 പത്രൊസ് 3:15) നമുക്ക് ഓരോരുത്തർക്കും എണ്ണമറ്റ അവസരങ്ങളുണ്ട്.
യേശുവിലുള്ള പ്രത്യാശയോടെ നാം 'നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുമ്പോൾ' (വാ. 14), അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകുകയും ദൈവത്തെ ഇതുവരെ വ്യക്തിപരമായി അറിയാത്തവർക്ക് അത് ഒരു കൗതുകമായി മാറുകയും ചെയ്‌തേക്കാം. നമ്മൾ തയ്യാറാണെങ്കിൽ, അവർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ജീവൻ പുറപ്പെടുവിക്കുന്ന വിത്ത് നമുക്ക് പങ്കുവെക്കാം. ഏതെങ്കിലും തരത്തിലുള്ള ആത്മീയ കാറ്റിൽ എന്നപോലെ നാം അത് എല്ലാവരുമായും ഒരേസമയം പങ്കിടേണ്ടതില്ല. മറിച്ച്, വിശ്വാസത്തിന്റെ വിത്ത് അത് സ്വീകരിക്കാൻ തയ്യാറായ ഒരു ഹൃദയത്തിലേക്ക് നാം സൗമ്യമായും ആദരവോടെയും ഇടുന്നു.