യേശുവിനെ അനുഗമിക്കുന്നത് മൂല്യവത്താണ്
മതവിശ്വാസികളെങ്കിലും അക്രൈസ്തവ കുടുംബത്തിൽ നിന്നാണ് റോണിത് വന്നത്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചർച്ചകൾ ശുഷ്‌കവും അക്കാദമികവുമായിരുന്നു. ''ഞാൻ എല്ലാ പ്രാർത്ഥനകളും പ്രാർത്ഥിച്ചിരുന്നു,'' അവൾ പറഞ്ഞു, ''എന്നിട്ടും ഞാൻ ദൈവശബ്ദം കേട്ടില്ല.''
അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. സാവധാനം, സ്ഥിരതയോടെ, അവൾ മശിഹായെന്ന നിലയിൽ യേശുവിലുള്ള വിശ്വാസത്തിലേക്കു വന്നി. റോണിത് ആ നിർണ്ണായക നിമിഷത്തെ വിവരിക്കുന്നു: ''എന്റെ ഹൃദയത്തിൽ വ്യക്തമായ ഒരു ശബ്ദം ഉപ്രകാരം ഞാൻ കേട്ടു, ‘“നീ ആവശ്യത്തിനു കേട്ടു. നീ ആവശ്യത്തിനു കണ്ടു. വിശ്വസിക്കാനുള്ള സമയമാണിത്.''' എന്നാൽ റോണിതിന് ഒരു വലിയ പ്രശ്‌നത്തെ നേരിടേണ്ടി വന്നു: അവളുടെ പിതാവ്. “ഒരു പർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെയായിരുന്നു എന്റെ ഡാഡി,'' അവൾ സ്മരിച്ചു.
യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ജനക്കൂട്ടം അവനെ അനുഗമിച്ചു (ലൂക്കൊസ് 14:25). അവർ എന്താണ് അന്വേഷിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ല, പക്ഷേ അവൻ ശിഷ്യന്മാരെ അന്വേഷിക്കുകയായിരുന്നു. അതു ചിലവേറിയതാണ്. “അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 26). ഒരു ഗോപുരം പണിയുന്നതിനെപ്പറ്റി അവൻ ഒരു ഉപമ പറഞ്ഞു. ''ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ . . . ?’’ യേശു ചോദിച്ചു (വാ. 28). കുടുംബത്തെ അക്ഷരാർത്ഥത്തിൽ വെറുക്കണമെന്നല്ല യേശു അർത്ഥമാക്കിയത്, മറിച്ച്, മറ്റെല്ലാറ്റിനേക്കാളുമുപരി നാം അവനെ തിരഞ്ഞെടുക്കണം എന്നാണ്. അവൻ പറഞ്ഞു, “തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 33).
റോണിത് അവളുടെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്നു, എന്നിട്ടും അവൾ പറഞ്ഞു, “എന്തായാലും അത് മൂല്യവത്താണെന്നു ഞാൻ മനസ്സിലാക്കി.’’ യേശു നിങ്ങളെ നയിക്കുമ്പോൾ അവനെ അനുഗമിക്കുന്നതിന് നിങ്ങൾ എന്താണ് ഉപേക്ഷിക്കേണ്ടിയിരിക്കുന്നത്?